Saturday, September 21, 2019

സിനിമ കാണുമ്പോഴും കാണാതിരിക്കുമ്പോഴും

ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്ത്, സ്കൂളില്‍ സിനിമാപ്രദര്‍ശനമുണ്ടെന്ന അറിയിപ്പു കിട്ടുന്നു. സിനിമാ പ്രദർശനവുമായി സ്കൂളുകളിൽ വരുന്ന ആളുകളുണ്ട്. കുട്ടികളിൽനിന്ന് അമ്പതു പൈസയോ ഒരു രൂപയോ മറ്റോ ആയിരിക്കും പിരിവ്. തീയേറ്ററിൽ പോയിക്കാണുന്നവർ തീരെ കുറവാണ്. എല്ലായ്പോഴും പോകാൻ ആവില്ല. ഉത്സവസമയത്തോ, വെക്കേഷൻ സമയത്തോ പോയാലായി.  പിക്‌നിക് എന്ന സിനിമയാണ് പ്രദർശിപ്പിക്കുന്നതെന്ന് ബോർഡിൽ എഴുതി വച്ചിരുന്നത് വൈകീട്ട് സ്കൂൾ വിട്ടു വരുമ്പോൾ കണ്ടു. 1975-ല്‍ ഇറങ്ങിയ ചിത്രമാണ്. എട്ടോ ഒന്‍പതോ വര്‍ഷങ്ങള്‍ക്കുശേഷമാണ് അതേ സിനിമ സ്കൂളിലെത്തിയിരിക്കുന്നത്. കാഴ്ചയെന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഓർക്കുക. അതേ സംഭവങ്ങളൊക്കെ പലപ്പോഴായി കണ്ടിട്ടുണ്ട്. 16എംഎം പ്രൊജക്ടർ ലഭ്യമാണ് എന്ന ബോർഡ്. 16എംഎമ്മിന്റെ(?) പ്രൊജക്ഷനിലാണ്  സിനിമ സ്കൂളിലെത്തുന്നത്. ഹാളിന്റെ ഏറ്റവും മുന്നില്‍ വലിച്ചുകെട്ടിയ സ്ക്രീനില്‍ സിനിമ തെളിയുന്നതു കാണാന്‍ എല്ലാ ക്ലാസില്‍ നിന്നും കുട്ടികള്‍ വരിവരിയായെത്തുന്നു. തറയില്‍ നിരന്നിരിക്കുന്നു.
പ്രേംനസീറും ലക്ഷ്മിയുമായിരുന്നു പ്രധാന താരങ്ങള്‍. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ത്തന്നെ പ്രേതം പ്രേതം എന്നൊക്കെപ്പറഞ്ഞ് കുറേപ്പേര്‍ തറയിലേക്കു പതിഞ്ഞു. കുറേപ്പെരെങ്കിലും ഇതൊക്കെയെത്ര കണ്ടതാണെന്ന ഭാവത്തില്‍ കണ്ണു തുറന്നുപിടിച്ചിരിക്കുന്നു. പിക്‌നികിനു പോകുന്നതിനു വേണ്ടി എത്രയും പെട്ടെന്നു വലുതാവണം എന്നു കരുതിയിരിക്കുമ്പോഴാണ് പിന്നീടൊരിക്കല്‍ എറണാകുളത്തേക്കുള്ള വിനോദയാത്രയെക്കുറിച്ച് ടീച്ചര്‍ ക്ലാസില്‍ പറഞ്ഞത്.

പല സ്ഥലങ്ങളിലേക്കും പല സന്ദര്‍ഭങ്ങളിലും വീട്ടുകാരോടൊപ്പം പോകേണ്ടി വന്നിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു യാത്ര ആദ്യമാണ്. ഇതേവരെ സ്കൂളില്‍നിന്ന് ടൂറു പോവുകയുണ്ടായിട്ടില്ല. പണച്ചിലവുള്ള കാര്യമായതിനാല്‍ ആരുമത്ര താല്പര്യം കാണിക്കാറുമില്ല. കുടിക്കാനുള്ള വെള്ളം, തിന്നാനുള്ള ബിസ്ക്റ്റ്, ചിപ്സ്, നേന്ത്രപ്പഴം തുടങ്ങിയ ബാഗില്‍ കരുതിയാണ് യാത്ര. വഴിയിലൊരിടത്ത് സ്കൂളിലെ ടീച്ചറുടെ വീട്ടില്‍ച്ചെന്ന് തൊടിയിലും മുറ്റത്തും വീട്ടിലും ഓടി നടന്ന് ഭക്ഷണം കഴിച്ചും റിഫ്രഷ് ആയും സന്തോഷിച്ചു.

ബോട്ടുജെട്ടി കണ്ടതും, സന്ദര്‍ശകര്‍ക്കുവേണ്ടിയുള്ള കപ്പലില്‍ കയറിയതും പാര്‍ക്കില്‍ പോയതും മാത്രമേ ഓര്‍മ്മയിലുള്ളൂ. തീവണ്ടിച്ചക്രങ്ങള്‍ക്ക് എന്തൊരു വലിപ്പമാണെന്ന് നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയുടെ അടുത്തുകൂടി പോയപ്പോള്‍ തോന്നി. അന്നത്തെ എന്റെ ചെറുപ്പമാണതിനു കാരണമായതെന്ന് പിന്നീട് മനസ്സിലായി. ചെറുപ്പത്തില്‍ നടന്ന വഴികള്‍, മരങ്ങള്‍, കാഴ്ചകള്‍, മതിലുകള്‍, പുഴ, പാറക്കൂട്ടം തുടങ്ങിയവയെല്ലാം ഇന്ന് അന്നത്തേക്കാള്‍ ചെറുതായിട്ടാണ് തോന്നുക. കയ്യെത്തിച്ച് നോക്കി നിന്നിരുന്ന അമ്പലത്തിന്റെ മതിലില്‍ കയറിയിരിക്കാനാവുമെന്ന് പിന്നീടൊരിക്കല്‍ കാണുമ്പോഴാണ് മനസ്സിലാവുക. വളര്‍ച്ചാക്കാലത്ത് കണ്ടുകൊണ്ടേയിരിക്കുമ്പോള്‍ അങ്ങനെ തോന്നണമെന്നുമില്ല.

എങ്കിലും സിനിമയെന്ന മഹത്തായ കലയിലെ കയറ്റിറക്കങ്ങള്‍ കണ്ടുകൊണ്ടേയിരിക്കുന്ന നമുക്ക് തീയേറ്ററില്‍പ്പോയി സിനിമ കാണാനാവുമോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവണം. തീയേറ്ററില്‍ പോയി സിനിമ കാണുകയെന്നത് നിലനില്ക്കുന്ന ഒരു കലയെ സപ്പോര്‍ട്ടു ചെയ്യുക എന്ന തലത്തില്‍ മാത്രമാണ് ശരി. അതല്ലാതെ എത്രയോ സംവിധാനങ്ങള്‍ വികസിക്കപ്പെട്ടിരിക്കുന്നു. അവയെക്കൂടി ഉപയോഗപ്പെടുത്തുന്ന തരത്തില്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയാവണം വേണ്ടത്. വലിയ സ്ക്രീനില്‍, വളരെ വലിയ മുഖങ്ങളും കൈകാലുകളുമായി അമാനുഷികരായി കടന്നുവരുന്ന കഥാപാത്രങ്ങളെ സാധാരണ സന്ദര്‍ഭങ്ങളില്‍വരെ സൃഷ്ടിച്ചെടുക്കുന്ന സിനിമ എന്നുമൊരു കൗതുകക്കാഴ്ചയാണ്. ഷോട്ടുകളില്‍നിന്ന് സീക്വന്‍സുകളിലേക്കും സീനുകളിലേക്കും വികസിച്ച് കഥ പറച്ചിലിന്റെ ദൃശ്യതലത്തെ ശബ്ദത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന സിനിമ അതിന്റെ സാങ്കേതികതലത്തില്‍ ആരംഭകാലത്തേക്കാളേറെ വളര്‍ന്നിരിക്കുന്നു. സാധാരണ കാഴ്ചകളെ അസാധാരണമാംവിധം തിരശ്ശീലയില്‍ കാണാനുള്ള കൗതുകത്തില്‍നിന്ന് ജോര്‍ജെ മെലിസിന്റെ കഥാചിത്രങ്ങളിലേക്ക് എത്തപ്പെടുകയായിരുന്നല്ലോ സിനിമ. കാലങ്ങളേറെ കഴിഞ്ഞു. തലമുറകള്‍ മാറി മാറി വന്നു. സിനിമ കണ്ടെത്തിയ കാലത്തെ ആരും തന്നെ ഇന്നില്ല. സാങ്കേതികവിദ്യയിലും സംവിധാനകുശലതയിലും ഒക്കെ അടിമുടി മാറി. എന്നിട്ടും, തീയേറ്ററില്‍ മാത്രം പ്രദര്‍ശിപ്പിക്കപ്പെടുന്നതിനു വേണ്ടി ചിലരെങ്കിലും വാശി പിടിക്കുന്നതു കാണുമ്പോള്‍, അതിന്റെ സ്വാഭാവികവളര്‍ച്ചയെ തടയാനുള്ള ശ്രമമായിട്ടേ തോന്നാറുള്ളൂ.

സിനിമ കാണുന്നതിലുള്ള കൗതുകത്തിന് പിക്‌നിക് എന്ന സിനിമയില്‍ നിന്നും ഇക്കാലത്തെ സിനിമയിലേക്കെത്തുമ്പോഴും മാറ്റമൊന്നും ഉണ്ടായിട്ടില്ല. എപ്പോഴെങ്കിലും ഒരു സിനിമ കാണുക എന്നതില്‍നിന്നും എപ്പോഴും സിനിമ കാണുന്ന തലത്തിലേക്ക് നാം വളര്‍ന്നിരിക്കുന്നു. തീയേറ്ററിലെ സ്ക്രീനില്‍ നിന്നു മാത്രമല്ല, ടെലിവിഷനും, ഇന്റര്‍നെറ്റും, സ്മാര്‍ട്ട്ഫോണുമുള്ള ലോകത്തേക്ക് നിരന്തരം കടന്നുവരുന്ന സിനിമകളെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ട്രെയ്‌ലറുകളിലും ട്രോളുകളിലും ടീസറുകളിലും നല്കുന്ന അറിയിപ്പുകള്‍, കളിയാക്കലുകള്‍... ചര്‍ച്ചകള്‍. സിനിമ കാണാത്തതുകൊണ്ടല്ല, ഊതിപ്പെരുപ്പിച്ച കണക്കുകളും മൂഢവിശ്വാസങ്ങളും ചിലവുമാണ് സിനിമയെ തകർക്കുന്നത്. കഥ പറയുക, കാഴ്ചക്കാരെ ആകർഷിക്കുക എന്നതിലുപരിയായി സിനിമയുമായി ബന്ധപ്പെടുത്തി വികസിപ്പിച്ചെടുക്കുന്ന ഊതിപ്പെരുപ്പിച്ച പശ്ചാത്തലമാണ് അതിനെ ഇല്ലാതാക്കുന്നത്. സിനിമ എല്ലാവർക്കും ഇഷ്ടമാണെന്നതിൽ തർക്കമേയില്ല.
---

No comments: