(2008-2009
കാലത്ത് എഴുതിയതും പ്രസിദ്ധീകരിക്കാന്‍ സാധിക്കാതെ പോവുകയും പിന്നീട്
മറന്നുപോയതുമായ ഈ ലേഖനത്തെക്കുറിച്ച് ഈയിടെ ഓര്‍ക്കേണ്ടിവന്നു. കമ്പ്യൂട്ടറിന്റെ
മെമ്മറി ചതിക്കാതിരുന്നതുകൊണ്ട് തിരികെക്കിട്ടി. സമ്പത്തുള്ളവന്റെ കൈയില്‍ അധികാരം
കിട്ടുന്നതിനെക്കുറിച്ചുള്ള പ്രസ്താവന, എത്രമാത്രം അരാഷ്ട്രീയമാണെന്ന് കാണുമ്പോള്‍
ഇതൊക്കെ അന്നേ വ്യക്തമായിരുന്നല്ലോ എന്ന വിചാരത്തോടെ വെബ് ലോകത്ത് പോസ്റ്റു
ചെയ്യുന്നു.)
-ഇപ്പോള്‍ ഇതിനെന്തെങ്കിലും പ്രസക്തിയുണ്ടോ എന്നതിലല്ല, ഇങ്ങനെയും ചിന്തിച്ചിരുന്നുവെന്ന് പറയുകയാണ്...
You can’t get spoiled if you
do your own ironing.
- Meryl Streep,
Film Year Book 1985.
For years
I’d been popular in America not because of my talent but because I was famous.
- Cher, Los
Angeles Times, 5th December 1982.
സിനിമ ഒരു ഭാഷയാകുന്നത്
അതിന് ഉയര്‍ന്നതലത്തിലുള്ള സംവേദനശേഷി കൈവരുമ്പോഴാണ്. ഈ ഭാഷ സൈദ്ധാന്തികതലത്തില്‍ അപഗ്രഥിക്കുന്നതോടെയാണ്
അതിന്റെ വിനിമയമൂല്യം വിലയിരുത്തപ്പെടുന്നത്. മലയാളസിനിമാവ്യവസായം തകര്‍ച്ചയുടെ വക്കിലെത്തുമ്പോഴും
വിനിമയമൂല്യം കൊണ്ട് സിനിമയെ പിടിച്ചുനിര്‍ത്താനായ വ്യക്തിത്വമാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ
സിനിമകള്‍ മാര്‍ക്കറ്റില്‍ ഏറെ മൂല്യമുള്ളതും വിനിമയസാധ്യതകളുടെ ചെപ്പടിവിദ്യകള്‍ കൈവശമാക്കിയവയുമാണ്.
സിനിമയിലുള്ള ശ്രീനിവാസന്റെ ഇടപെടലുകളെ അക്കമിട്ടു നിരത്തുകയാണെങ്കില്‍ താഴെപ്പറയുന്നവയായിരിക്കും
അദ്ദേഹത്തിന്റെ സാധ്യതകളെന്ന് ഉറപ്പിക്കാവുന്നതാണ്.
1. നര്‍മ്മഭാഷണത്തോടെ എന്തിനെയും നേരിടുന്ന രീതി.
2. വേഷഭൂഷാദികളിലോ, ആലങ്കാരികപ്രയോഗങ്ങളിലോ വിശ്വസിക്കാത്ത
പ്രകൃതം.
3. പുത്തന്‍സാങ്കേതികവിദ്യകളുടെ പ്രയോഗവൈഭവങ്ങളില്ലാത്ത പ്രമേയാവതരണം.
4. സങ്കീര്‍ണ്ണമല്ലാത്ത പ്രമേയ പ്രശ്‌നപരിസരങ്ങള്‍.
5. യാന്ത്രികമല്ലാത്ത വിവരണരീതി.
6. സംഭാഷണങ്ങളില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ-സാമൂഹിക വിമര്‍ശനം.
7. ഏറ്റവും പുതിയ പ്രശ്‌നങ്ങളിലുള്ള ഇടപെടല്‍.
8. ഗുണപാഠമെന്നോണം പ്രേക്ഷകനെ ചിന്തിപ്പിക്കുന്നതിനുള്ള ശ്രമം.
ഈ രീതിയില്‍ മലയാളസിനിമാരംഗത്ത്
തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസനെ വിലയിരുത്തേണ്ടത് ഒരനിവാര്യതയായിരിക്കുന്നു.
മേല്‍പ്പറഞ്ഞ മുദ്രകള്‍ക്കകത്ത് തെളിഞ്ഞു കാണാന്‍ കഴിയുന്ന ശ്രീനിവാസന്‍ മലയാളസിനിമയ്ക്ക്
നല്‍കിയ സംഭാവനകള്‍ പരിശോധിക്കുമ്പോള്‍ ഓജസ്സറ്റ, നിര്‍ജ്ജീവമായ
ഒരു ചലച്ചിത്രരീതി തെളിഞ്ഞു വരുന്നതുകാണാം. മാത്രമല്ല, സിനിമാ
ചരിത്രത്തിലേക്ക് മൂല്യനിര്‍ണ്ണയസ്വഭാവത്തോടെ പഠനവിധേയമാക്കേണ്ട എന്തെല്ലാം മാധ്യമക്കാഴ്ചകളാണ്
അദ്ദേഹം നല്‍കിയിട്ടുള്ളതെന്നു പരിശോധിക്കുമ്പോള്‍ ഇല്ലായ്മകള്‍ ഏറെക്കാണാം.
നര്‍മ്മത്തിലൂടെ/ഹാസ്യത്തിലൂടെ
തെളിയുന്ന ചിന്തകളാണ് ശ്രീനിവാസന്റേത് എന്നാണ് പൊതുധാരണ. ഹാസ്യത്തിന്റെ പ്രകടനത്തെ
സൂചിപ്പിക്കുന്ന ഹ്യൂമര്‍ എന്ന പദം നിര്‍വ്വചനക്ഷമമല്ലെന്നും അതിന് ശ്രമിക്കുന്നതുതന്നെ
ഹാസബോധത്തിന്റെ അഭാവമാണ് കാണിക്കുന്നതെന്നും ജി.കെ.ചെസ്റ്റര്‍ട്ടണ്‍ അഭിപ്രായപ്പെടുന്നുണ്ട്.
എങ്കിലും ഹാസം ആവിഷ്‌കരിക്കുന്നതിന്റെ സൈദ്ധാന്തികതലത്തെ വിലയിരുത്തുന്നത് ശ്രീനിവാസന്റെ
ഇടപെടലുകളെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്.
യഥാര്‍ഥത്തില്‍
സംഭവിക്കുന്നത്
ഒന്നുമേയറിയാത്ത പാവത്തിനെപ്പോലെ,
എല്ലാമൊളിപ്പിച്ചുവെക്കുന്ന കള്ളന്‍...
ലോകത്തിന്റെ സാധാരണകര്‍മ്മമണ്ഡലങ്ങളിലെ
നിശ്ശബ്ദസാക്ഷ്യങ്ങളെ തന്റെ എഴുത്തിലൂടെയും അറിവിലൂടെയും ജീവസ്സുള്ളതാക്കിത്തീര്‍ക്കുന്നയാളാണ്
എഴുത്തുകാരന്‍. ആ രചന ഏതു മാധ്യമത്തിലൂടെയായിരുന്നാലും വിലപ്പെട്ടതെന്തെങ്കിലും പറയാനുണ്ടാകുമ്പോള്‍
മാത്രമാണ് അത് കാലഘട്ടങ്ങളെ അതിജീവിക്കുന്നതും. വെറുതെ എന്തെങ്കിലും പറയുന്നവര്‍ സ്വയം
ചമയ്ക്കുന്ന ചായക്കൂട്ടുകള്‍ക്കകത്ത് വെളിച്ചത്തിനും ഇരുട്ടിനും ഇടയിലെ ആരും ശ്രദ്ധിക്കാത്ത
മങ്ങിയ പ്രകാശമായി നിന്നുപോകും. തെളിച്ചമുള്ള സ്‌ക്രീനില്‍ തിരശ്ശീലയ്ക്കപ്പുറത്തുനിന്നല്ല,
മുന്നില്‍ നിന്നുതന്നെ കഥകളുടെ പ്രൊജക്ഷന്‍ ആരംഭിക്കുമ്പോള്‍ കഥയിലില്ലാത്ത
ചില പാത്രങ്ങള്‍ തുറന്ന കണ്ണുകളോടെയും വായയോടെയും ഇരിപ്പുണ്ടാകുമെന്ന് ആരും ഓര്‍ക്കുകയില്ല.
ഓര്‍ക്കേണ്ടതുമില്ല. ഒന്നുമറിയാത്ത പാവത്തെപ്പോലെ എല്ലാം ഒളിപ്പിച്ചുവെക്കുകയല്ല ആരും.
പ്രത്യേകിച്ച് കഥ പറയുന്ന സന്ദര്‍ഭത്തില്‍. എന്നാല്‍ കഥ പറയുമ്പോള്‍ എന്ന സിനിമയിലൂടെ
പ്രശസ്തമായ ഗാനത്തിലെ വരികള്‍ക്കിടയിലെ വായനയില്‍ തെളിയുന്നത് ഈ കള്ളത്തരം തന്നെയെന്ന്
സ്വയമറിയാതെ വിളിച്ചുപറയുകയാണ് ശ്രീനിവാസന്‍.
ഭൗതികമായ എല്ലാത്തരം പ്രതിസന്ധികളെയും
തിരിച്ചറിയുകയും, അതിന് പരിഹാരം കാണുകയും ചെയ്യുന്നതിലൂടെ പ്രതിഭാവിശേഷം
തെളിയിക്കുന്നവരുണ്ട്. എന്നാല്‍ ഭൗതികമായതൊന്നും ആത്മാവിനെ തെല്ലിടപോലും സ്പര്‍ശിക്കാന്‍
അനുവദിക്കാതെ തികച്ചും ബുദ്ധിപരമായ കരുനീക്കങ്ങളിലൂടെ വേറിട്ടുനില്‍ക്കുന്നയാളെന്ന്
ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നവരെക്കുറിച്ച് അറിയേണ്ടിയിരിക്കുന്നു. അതുകൊണ്ട് ശ്രീനിവാസന്റെ
സിനിമകളിലെ ബൗദ്ധികജാട അല്ലെങ്കില്‍ ശ്രീനിവാസന്‍ സ്വയമൊരു ബുദ്ധിമാനായി മാറുന്നത്
മലയാളി പ്രേക്ഷകരെ എത്രത്തോളം കബളിപ്പിച്ചുകൊണ്ടാണ് എന്നുള്ള വാസ്തവം തിരിച്ചറിയേണ്ടതുണ്ട്.
വ്യക്തിയ്ക്ക് സമൂഹത്തോടുള്ള
ഉത്തരവാദിത്തം എല്ലാക്കാലത്തും ചര്‍ച്ചാവിഷയമായിട്ടുണ്ട്. വ്യക്തി ഒരിക്കലും സമൂഹത്തില്‍
നിന്ന് വേറിട്ടുനില്‍ക്കുന്നില്ല. സമൂഹം വ്യക്തിയോടു പുലര്‍ത്തുന്ന മനോഭാവത്തെ ശരിയായി
തിരിച്ചറിയുന്നതിലും പ്രതികരിക്കുന്നതിലുമാണ് ഈ ഉത്തരവാദിത്തം നിലകൊള്ളുന്നത്. സമൂഹത്തോട്
യാതൊരു ആദരവും പുലര്‍ത്താത്ത ഒരാള്‍ക്ക് വിമര്‍ശിക്കാനുള്ള അര്‍ഹതയേക്കാള്‍ വിമര്‍ശിക്കപ്പെടാനുള്ള
അര്‍ഹതയാണുള്ളതെന്ന് കാലം തെളിയിച്ചുകഴിഞ്ഞതാണ്. സിനിമകളിലെ ശ്രീനിവാസന്റെ ഇടപെടലുകള്‍
പ്രകടിപ്പിക്കുന്ന ദുരഭിമാനവും അഹന്തയും ഒരിക്കല്‍ യഥാര്‍ഥ ചലച്ചിത്രാസ്വാദകന് തിരിച്ചറിയാനാവും.
അന്ന് സിനിമയിലൂടെ, ചലച്ചിത്രഭാഷയിലൂടെ ശരിയായ രീതിയില്‍ സംവദിക്കാന്‍
ഒരിക്കലും കഴിഞ്ഞിട്ടില്ലാത്ത ശ്രീനിവാസന്റെ ഇടപെടലുകള്‍ നിറഞ്ഞ സിനിമകള്‍ നടത്തിപ്പോന്നിട്ടുള്ള
സത്യാന്വേഷണത്തിന്റെ പുറംപൂച്ചുകള്‍ മിഥ്യാവാദങ്ങളായി വിലയിരുത്തപ്പെടും.
പാവം പാവം രാജകുമാരന്‍,
ആനവാല്‍ മോതിരം, തലയണമന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ഉദയനാണ് താരം, അറബിക്കഥ, കഥ പറയുമ്പോള്‍ മുതലായ ചലച്ചിത്രലോകത്ത് ലബ്ധപ്രതിഷ്ഠ
നേടിയവ എന്ന് വിശ്വസിക്കപ്പെടുന്ന ഏതു കഥകളെടുത്താലും ചലച്ചിത്രഭാഷയുടെ കാര്യത്തിലുള്ള
പ്രതിഭാദാരിദ്ര്യത്തിന്റെ വിളക്കിക്കൂട്ടലുകളാണ് അവയെന്ന് വ്യക്തമാണ്. മാത്രമല്ല,
ശ്രീനിവാസന്‍ അഭിനയിച്ചതില്‍ ഭൂരിപക്ഷവും അങ്ങനെത്തന്നെയാണുതാനും. അഴകിയ
രാവണനിലെ കഥാകൃത്ത്, സന്ദേശത്തിലെ കമ്മ്യൂണിസ്റ്റ്, മിഥുനത്തിലെ വേലക്കാരന്‍, തേന്മാവിന്‍ കൊമ്പത്ത്,
മേഘം, ഒരു മറവത്തൂര്‍ കനവ്, ഫ്രണ്ട്‌സ്, കിളിച്ചുണ്ടന്‍ മാമ്പഴം, മഴയെത്തും മുന്‍പേയില്‍ പാട്ടുപാടുന്ന പ്രൊഫസര്‍ തുടങ്ങി നാടോടിക്കാറ്റിലും
പട്ടണപ്രവേശത്തിലും കണ്ട വിജയനെന്ന കഥാപാത്രത്തിന്റെ ഏച്ചുകെട്ടലുകള്‍ മാത്രമാണ് എല്ലാമെന്ന്
സൂക്ഷ്മനിരീക്ഷണത്തില്‍ വ്യക്തമാവും. വ്യത്യസ്തതയുള്ള വേഷങ്ങളെന്നു തോന്നിക്കുന്നവയില്‍
പോലും തന്റെ കൈയിലുള്ള മരുന്ന് പണ്ടത്തെ ഗവണ്‍മെന്റാശുപത്രിയിലെ പാരസെറ്റാമോള്‍ പോലെത്തന്നെ
രുചിച്ചും ചവര്‍പ്പു പ്രകടിപ്പിച്ചും, തുപ്പാനും ഇറക്കാനും വയ്യാത്ത
അവസ്ഥയില്‍ വെച്ചുകെട്ടുകയാണ് ശ്രീനിവാസന്‍.
താന്‍ സ്വയം ഒരു കോമാളി
ആണ് എന്ന വേഷംകെട്ടലിന്റെ തനിയാവര്‍ത്തനങ്ങള്‍ മാത്രമാണ് ശ്രീനിവാസന്റെ സിനിമകള്‍.
അല്ലാതെ സിനിമയുടെ വ്യാകരണമോ, സിനിമയുമായി ബന്ധപ്പെട്ട തത്വവിചാരങ്ങളോ
അപഗ്രഥിച്ച് കഥാസാരത്തിലേക്ക് കടക്കുന്ന ഒന്നല്ല അത്. കോമാളിത്തത്തിന്റെ അങ്ങേയറ്റത്ത്
വിശ്രമിക്കുകയും അവയെല്ലാം തന്റെ തിരിച്ചറിവുകളുടെ, കാഴ്ചപ്പാടുകളുടെ
പ്രത്യക്ഷപ്രതിഫലനങ്ങളാണ് എന്ന വിശ്വസിക്കുകയും ചെയ്യുന്ന രീതികളെക്കുറിച്ച് ഹാ!
.... കഷ്ടം! എന്നല്ലാതെ എന്തുപറയാനാവും.
സിനിമയിലൂടെ അവതരിപ്പിക്കുന്ന
സംഭാഷണങ്ങളിലും പൊട്ടിച്ചിരികളിലും തുള്ളിക്കളികളിലും നാട്ടുക്കൂട്ടത്തിലെ വെടിക്കെട്ട്
പോലെ ചില നര്‍മ്മങ്ങള്‍ പൊട്ടിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ആളായി മാറുകയാണ്
ശ്രീനിവാസന്‍. സാമാന്യധാരണയും ബോധവുമുള്ള ആരും ഇത്തരം സന്ദര്‍ഭങ്ങളില്‍ പറയുന്ന വിലകുറഞ്ഞ
ഹാസ്യപരിപാടികള്‍ ആവിഷ്‌കരിക്കുക മാത്രമാണ് ഇദ്ദേഹം ചെയ്യുന്നത്. അതിന് ഒരു ക്യാമറയുടെയും
കഥയുടെയും മേമ്പൊടി ചേര്‍ത്തുന്നുവെന്നു മാത്രം.
മാധ്യമങ്ങളും മറ്റും പുലര്‍ത്തുന്ന
ബൗദ്ധികജാടകള്‍ക്കൊപ്പം സംസാരിക്കാന്‍ തുടങ്ങിയതോടുകൂടി ശ്രീനിവാസന്‍ ഇന്ന് ഒരു ബുദ്ധിരാക്ഷസന്‍
ആയിത്തീര്‍ന്നിരിക്കുന്നു. എല്ലാവരും ശ്രീനിവാസന്റെ സവിശേഷമായ ആഖ്യാനരീതികളെക്കുറിച്ച്
പറയുന്നു. ഉയര്‍ത്തിക്കാട്ടുന്നു. കൂടുതല്‍ ഉയരത്തില്‍ നിന്നുള്ള വീഴ്ചയിലെ ഹാസ്യം
ഓര്‍ത്തിട്ടാവണം മാധ്യമങ്ങള്‍ ഇവ ആഘോഷിക്കുന്നത്. അല്ലെങ്കില്‍ ജനപ്രീതിയിലെ വിടവുകള്‍
നികത്തുന്നതിനുള്ള ശ്രമം. ആ ശ്രമങ്ങളാണ് ടെലിവിഷനിലും മറ്റുമായി പുറത്തുവരുന്ന ഇന്റര്‍വ്യൂ,
ചലച്ചിത്രവിശകലനം എന്നിവ. അവ തെറ്റിദ്ധരിപ്പിക്കുന്നത് പുതിയൊരു സിനിമ
കാണേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. മകന്റെ അച്ഛന്‍ എന്ന സിനിമയെക്കുറിച്ചുള്ള
പരിപാടികളും അനുബന്ധ ടോക് ഷോകളും മറ്റും മഹത്തായ ഒന്നിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള
ശ്രമമായി വിലയിരുത്തേണ്ടി വരും. അതിനു കാരണവുമുണ്ട്. ആ സിനിമ പുതിയതൊന്നും പറയുന്നില്ല
എന്നതുതന്നെ. വിളക്കിച്ചേര്‍ത്തതുപോലെയുള്ള കഥാഗതി. അച്ഛനും മകനുമിടയില്‍ എതിര്‍ലിംഗമായി
മാത്രം നില്‍ക്കുന്ന സര്‍വംസഹയായ അമ്മ.
ഇത്തരമൊരു സാഹചര്യത്തില്‍
എന്തര്‍ഥത്തിലാണ് ഇദ്ദേഹം മലയാളസിനിമയിലെ ഒരു മുടിചൂടാമന്നനായിത്തീര്‍ന്നത്. ഏത് രീതിയിലാണ്
ഇദ്ദേഹം സിനിമയെ വളര്‍ത്തി എന്നു പറയുന്നത്. കച്ചവടസിനിമയുടെ കെട്ടുപാടുകള്‍ക്കകത്ത്
നിന്നുകൊണ്ട്, അവ പുലര്‍ത്തുന്ന സാങ്കേതികമേന്മയോ, സംവിധാനവൈഭവങ്ങളോ പോലും അവകാശപ്പെടാനാവാതെ കോമാളികളെ മാത്രം പടച്ചുവിടുന്ന
ശ്രീനിവാസന്‍ ബുദ്ധിമാനാകുന്നത്, മലയാളികളെയാകെമാനം വിഡ്ഢിവേഷം
കെട്ടിക്കുന്നതിലാണ്. തന്റെ വിഡ്ഢിവേഷങ്ങളില്‍, പ്രതിഭാസ്പര്‍ശം
തിരിച്ചറിയാന്‍ ശ്രമിക്കുന്ന മലയാളികളുടെ നിഷ്‌കളങ്കതയെ മുതലെടുക്കുകയാണ് ശ്രീനിവാസന്റെ
ഇടപെടലുകളില്‍ കാണാന്‍ കഴിയുന്നത്.
അടൂര്‍ ഗോപാലകൃഷ്ണനോ,
ടി.വി.ചന്ദ്രനോ, അരവിന്ദനോ, ഷാജി എന്‍. കരുണോ മലയാളസിനിമയ്ക്ക് നല്‍കാത്ത എന്തു പ്രത്യേകതയാണ് സിനിമയെന്ന
കലാരൂപത്തിന്റെ സംവേദനശേഷിയുടെ സാധ്യതകളില്‍ ഇടപെട്ടുകൊണ്ട് ശ്രീനിവാസന്‍ നല്‍കിയിട്ടുള്ളത്.
അവര്‍ സിനിമയ്ക്കു നല്‍കിയതുപോലെ എന്തെങ്കിലും ദൃശ്യപരമായ, അല്ലെങ്കില്‍
പ്ലോട്ടിന്റെ ട്രീറ്റ്‌മെന്റില്‍ വൈയക്തികത പുലര്‍ത്തുന്ന സവിശേഷതകള്‍ ശ്രീനിവാസന്
അടയാളപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടോ. അടൂരിന്റെ കൊടിയേറ്റത്തില്‍ ദൃശ്യസവിശേഷതകളുടെ
വിന്യാസം ഏറെ പ്രകടമാണല്ലോ. രാത്രിയില്‍ സഞ്ചരിക്കുന്ന ലോറിയിലേക്ക് കടന്നുവരുന്ന കൊച്ചുവെളിച്ചങ്ങളും
റേഡിയോ ശബ്ദങ്ങളും നല്‍കുന്ന ദൃശ്യമാനം മലയാളി പ്രേക്ഷകര്‍ അമ്പരപ്പോടെയും അഭിമാനത്തോടെയുമാണ്
തിരിച്ചറിഞ്ഞത്. ഷാജിയാവട്ടെ, പിറവി എന്ന ഒറ്റച്ചിത്രത്തിലൂടെ
തന്നെ ലോകത്തിന്റെ നെറുകയില്‍ കൊടി നാട്ടി.
ടി.വി.ചന്ദ്രന്റെ ഡാനിയാവട്ടെ,
നര്‍മ്മത്തിന്റെ തലത്തിലായാലും, മമ്മൂട്ടി എന്ന
പ്രതിഭാശാലിയായ നടന്റെ അഭിനയശേഷിയുടെയും ആക്ഷേപഹാസ്യാവിഷ്‌കരണത്തിന്റെ ഔന്നത്യത്തിലായാലും
മികച്ചു നില്‍ക്കുന്നു. നര്‍മ്മം ആവിഷ്‌കരിക്കാന്‍ ജഗതി ശ്രീകുമാറിനോ, മമ്മൂട്ടിക്കോ സാധിക്കുന്നതുപോലെ മലയാളത്തില്‍ ഇന്ന് മറ്റാര്‍ക്കും സാധിക്കുമെന്നു
തോന്നുന്നില്ല. അതിന് അവതരണശേഷിയും അഭിനയമികവും മുഖത്തും ശരീരഭാഷയിലും ഉണ്ടാവണം. ശ്രീനിവാസന്
അതൊട്ടും ഇല്ലല്ലോ. ഇല്ലെന്നു സ്വയം സമ്മതിക്കുകയും ഇല്ലാത്തതിനെ പെരുപ്പിച്ച് കാണിച്ച്
സ്വയം കോമാളിയെന്നു വിളിച്ചു പറയിപ്പിക്കുകയുമാണ് ശ്രീനിവാസന്‍. കണ്‍കെട്ടുവിദ്യപോലെ
ഇല്ലാത്ത ഒന്നിനെ പ്രകടിപ്പിക്കാന്‍/അതിനെ ന്യായീകരിക്കാന്‍ അദ്ദേഹത്തിന് സമവാക്യങ്ങളുടെ
സ്ഥിരം ഏര്‍പ്പാടുകളും ഉണ്ട്. ഇത് ചലച്ചിത്രപ്രതിഭകളുടെ, ബൗദ്ധികസമവാക്യങ്ങളുടെ
മേഖലയില്‍ ശ്രീനിവാസന് ഒരിടം നല്‍കുന്നുമില്ല. ബാലചന്ദ്രമേനോന്‍ തന്റെ കഷണ്ടി കയറുന്ന
തലയുടെ മറവ് തലക്കെട്ടില്‍ ഊന്നി പ്രഖ്യാപിക്കുകയും അതിനെ വാണിജ്യതന്ത്രമായി സ്വീകരിക്കുകയും
ചെയ്തിരുന്നു, ഒരുകാലത്ത്. പക്ഷെ, അദ്ദേഹം
അഭിനയിച്ച, നാഷണല്‍ അവാര്‍ഡുനേടിയ സമാന്തരങ്ങള്‍ അഭിനയപ്രതിഭയെ
എടുത്തുകാണിക്കുകയും ചെയ്തു. അത്തരമൊരു ശേഷി ഈ ജന്മത്തില്‍ ശ്രീനിവാസന് ഒരവസരം നല്‍കിയാലും
പ്രകടിപ്പിക്കാനാവില്ല. ആ കുറവിനെ വീണ്ടും വീണ്ടും സൃഷ്ടിക്കുകയും മുതലെടുക്കുകയും
പരിമിതികള്‍ക്കുമാത്രം ഇണങ്ങുന്ന കഥാപാത്രങ്ങളെ രൂപപ്പെടുത്തുകയും മാത്രമാണ് ശ്രീനിവാസന്‍
ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് സിനിമാചരിത്രത്തില്‍ ശ്രീനിവാസന് ഇടമില്ലാതെ പോകുന്നത്.
ഇത്തരം വാണിജ്യതന്ത്രങ്ങള്‍ മാത്രം ആപ്തവാക്യമായി സ്വീകരിക്കുന്നതുകൊണ്ടാണ് ശ്രീനിവാസനെ
ചരിത്രത്തിന് അംഗീകരിക്കാന്‍ കഴിയാതെ പോകുന്നതും.
ഇപ്പോള്‍
മാധ്യമങ്ങളില്‍ സംഭവിക്കുന്നത്
വ്യാവസായികവിപ്ലവത്തോടെ
ഉല്‍പ്പന്നത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ച് മാര്‍ക്കറ്റില്‍ നിലനിര്‍ത്തേണ്ടതിന്റെ
ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ബോധ്യമാവുകയായിരുന്നു. പൊതുസമൂഹത്തില്‍ പ്രിയമുള്ളവ കൂടുതല്‍
എളുപ്പത്തില്‍ കച്ചവടം ചെയ്യപ്പെടുമെന്നും അതിന് ഉല്‍പ്പന്നത്തിന്റെ നിലവാരവും ആകര്‍ഷകത്വവും
വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്നും തീര്‍ച്ചയാക്കപ്പെട്ടു. ജനപ്രിയമായവയായിരിക്കണം ഇത്തരം
ഉല്‍പ്പന്നങ്ങളെല്ലാംതന്നെ. ഈ ജനപ്രിയത കലാരൂപത്തിന്റെ കാര്യത്തില്‍ കുടുതല്‍ മികവുള്ളത്
എന്നതിനേക്കാള്‍ കൂടുതല്‍ ആകര്‍ഷകത്വമുള്ളത് എന്ന അര്‍ഥത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.
ആദ്യസിനിമാനിര്‍മ്മാതാക്കളായ ലൂമിയര്‍ സഹോദരന്മാര്‍പോലും ദൃശ്യകൗതുകം എന്ന നിലയില്‍
നിന്ന് സിനിമയക്ക് ആളുകളെ ആകര്‍ഷിക്കത്തക്ക മറ്റു ഗുണങ്ങളിലേക്ക് വളരേണ്ടിവരുമെന്ന്
അറിയാമായിരുന്നു. ഈ അറിവാണ് എഡിസണ്‍ സിനിമാട്ടോഗ്രാഫിയുടെ സാങ്കേതികവിദ്യ ലൂമിയര്‍
സഹോദരന്മാര്‍ക്ക് കൈമാറാന്‍ വിസമ്മതിച്ചതിന്റെ പിന്നിലുമുള്ളത്.
മാധ്യമങ്ങള്‍ എന്ന നിലയില്‍
വികസിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ഓരോ കണ്ടെത്തലുകളും ഇത്തരത്തില്‍ ആകര്‍ഷകത്വത്തെക്കുറിച്ച്
ബോധ്യപ്പെട്ടുകൊണ്ടായിരുന്നു സമൂഹത്തില്‍ ഇടം നേടിയത്. അതിന് സാധ്യമായ എല്ലാ വഴികളും
സ്വീകരിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ ജനപ്രിയമായവയെ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതില്‍
കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്യും. ഈ ശ്രദ്ധ വേട്ടക്കാരനും ഇരകളും എന്ന നിലപാടുകളിലേക്ക്
പരിവര്‍ത്തിപ്പിക്കുകയാണെങ്കില്‍ മാധ്യമങ്ങളുടെ ചര്‍ച്ചാവിഷയങ്ങളില്‍ കുറെ ഇരകള്‍ വേണ്ടിവരും. ആ ഇരകളെ കണ്ടെത്തുന്നത്
കൂടുതലും ജനപ്രിയതയുടെ മറവില്‍ നിന്നുകൊണ്ടായിരിക്കും. അപ്പോള്‍ ജനപ്രിയനായ ഒരു സിനിമാക്കാരന്‍
പ്രധാനപ്പെട്ടയാളായിത്തീരുന്നു. ഈ പ്രാധാന്യമാണ് മലയാളത്തില്‍ ശ്രീനിവാസനെയും ഉറപ്പിച്ചുനിര്‍ത്തുന്നത്.
ശ്രീനിവാസന്‍ പറയുന്ന സോഷ്യലിസം, ശ്രീനിവാസന്‍ പറയുന്ന ചരിത്രം
മുതലായ തലക്കെട്ടുകളിലേക്ക് ഫീച്ചറുകളെ പരിവര്‍ത്തിപ്പിക്കുന്ന ജാലവിദ്യകളിലേക്കുവരെ
അത് കൂടുമാറുന്നു. മാര്‍ക്‌സിന്റെ മൂലധനത്തിന്റെ ഒരു കോപ്പി കൈയില്‍ പിടിച്ചുകൊണ്ട്
ചര്‍ച്ചയ്ക്ക് കൊഴുപ്പേകുവാനും കഴിയും. ശേഷം ചാനലുകളിലെ റേറ്റിംഗ് പോലെ വായനക്കാരുടെ
കത്തുകളും. ഈ കത്തുകളുടെ തുടര്‍ച്ചയെന്നോണം ചില ചര്‍ച്ചകളും പ്രതികരണങ്ങളും. ഇത്തരം
ചര്‍ച്ചകളെത്തന്നെ മുന്‍കൂട്ടിത്തയ്യാറാക്കിയ ഒരു തിരനാടകം പോലെ ഓരോ മാധ്യമങ്ങളും അവരവര്‍ക്കാവശ്യമായ
അഭിപ്രായരൂപീകരണത്തിലേക്ക് വഴിതിരിച്ചുവിടുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഈ തന്ത്രങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍ ശ്രീനിവാസന്‍ അമാനുഷനും, ബുദ്ധിരാക്ഷസനുമായി ചിത്രീകരിക്കപ്പെടുന്നു.
ദൃശ്യമാധ്യമങ്ങളുടെ ചര്‍ച്ചാ
പരിപാടികളില്‍ ബൗദ്ധികപരിവേഷത്തോടെയാണ് ശ്രീനിവാസന്‍ ചിത്രീകരിക്കപ്പെടാറുള്ളത്. മാത്രമല്ല,
നര്‍മ്മത്തിന്റെ നെറുകയില്‍ നില്‍ക്കുന്നുവെന്നു തോന്നിക്കുന്ന പ്രയോഗങ്ങള്‍
ബുദ്ധിപരിവേഷത്തോടെ ഇടയ്ക്കിടെ നടത്തുകയും ചെയ്യാറുണ്ട്. (ശരീരഭാഷയില്‍പ്പോലും ഈ പ്രത്യേകത
കടന്നുവന്നിട്ടുണ്ട്. കുലുങ്ങിച്ചിരിക്കുകയും ഉറക്കെ വര്‍ത്തമാനം പറയുകയും ചെയ്തിരുന്ന
ഇന്റര്‍വ്യൂകള്‍ ഇപ്പോള്‍ അടക്കിപ്പിടിച്ച ചിരിയും വര്‍ത്തമാനവും നിറഞ്ഞതായിത്തീര്‍ന്നിരിക്കുന്നു.)
എന്താണ്
ശ്രീനിവാസന്റെ ജനപ്രിയത
മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്ന
ഈ ജനപ്രിയത ശ്രീനിവാസന്‍ നേടിയെടുത്തിട്ടുള്ളത് എങ്ങനെയാണ്. സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍
സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത് തികച്ചും സാധാരണതലത്തില്‍ മാത്രമാണെന്ന്
വ്യക്തമാവും. ജനകീയസിനിമകള്‍ എന്ന മൂല്യം നല്‍കപ്പെടുന്നവയെല്ലാം തന്നെ ഒറ്റപ്പെട്ട
ചില സംഭവങ്ങളല്ല. അത് വര്‍ഷങ്ങളായി ആവര്‍ത്തിക്കപ്പെടുന്നവയാണ്. മനുഷ്യസാധാരണമായ ചെറിയ
പ്രശ്‌നങ്ങളും പൊട്ടിത്തെറികളും മാത്രം ഉയര്‍ത്തിക്കാണിച്ച് അതിന് വാലും തലയും കൈയും
കാലും മൂക്കും എല്ലാം വരച്ചുവെച്ച് ഒരു കാര്‍ട്ടൂണ്‍ പോലെ അവതരിപ്പിക്കുകയും ആ കാര്‍ട്ടൂണിന്റെ
നൈമിഷികത മാത്രം സിനിമകള്‍ക്ക് നല്‍കുകയും ചെയ്യുന്ന ആളായിരിക്കുന്നു ശ്രീനിവാസന്‍.
സാധാരണക്കാരന്റെ സാധാരണ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കപ്പെടേണ്ടവയാണ്. നമ്മുടെ ജീവിതത്തെ
നിലനിര്‍ത്തുകയും അര്‍ത്ഥസമ്പുഷ്ടമാക്കുകയും ചെയ്യുന്ന വിശേഷസംഭവങ്ങളൊക്കെത്തന്നെയാണ്
അവിടെ പലപ്പോഴും സംഭവിക്കാറുള്ളതും. പക്ഷേ, അവയോടുള്ള വീക്ഷണകോണ്‍
ശ്രീനിവാസനെ സംബന്ധിച്ചിടത്തോളം തികച്ചും നെഗറ്റീവാണ്. ഓരോ സംഭവങ്ങളെയും സാമാന്യബോധമില്ലാത്തവരുമായി
ബന്ധപ്പെടുത്തി നെഗറ്റീവായ തലത്തില്‍ മാത്രം കാണുകയും സമൂഹത്തോടുള്ള നിലപാടുകളെ പോസിറ്റീവായ
ഒന്നമില്ലാത്ത അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിച്ച് അവതരിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്.
വടക്കന്‍കേരളത്തിന്റെ തനതുഭാഷാശൈലി
കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്കു തോന്നിയേക്കാവുന്ന നര്‍മ്മത്തിന്റെ നിഷ്‌കളങ്കത
ഉപയോഗിച്ച് മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ചോദ്യങ്ങളെയും ഉത്തരങ്ങളെയും നേരിട്ടതുപോലെ,
തന്റെ വര്‍ത്തമാനത്തിലെ നിഷ്‌കളങ്കതയെന്നു തോന്നിക്കുന്ന അംശങ്ങളെ കച്ചവടം
ചെയ്ത് കൊഴുപ്പിക്കാന്‍ കഴിയുന്ന സമര്‍ഥനാണ് ശ്രീനിവാസന്‍.
തൊഴിലാളിവര്‍ഗ്ഗത്തിന്റെ
പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ വളരെ ആത്മാര്‍ഥതയുള്ളവനും ബുദ്ധിപരമായ തീരുമാനങ്ങളെടുക്കാന്‍
കഴിവുള്ളവനുമായ നേതൃസ്ഥാനത്തുള്ളയാളാണ് അറബിക്കഥ എന്ന സിനിമയിലെ പ്രധാന കഥാപാത്രം.
ഈ കഥാപാത്രത്തെ ഗള്‍ഫ് രാജ്യങ്ങളില്‍ പോയി സ്വയം വിഡ്ഢിയാവുകയും വിഡ്ഢിത്തങ്ങള്‍ മാത്രം
പുലമ്പുകയും ചെയ്യുന്ന ഒരാളാക്കി മാറ്റുകയും (അറബി മുതലാളിയുടെ മുമ്പില്‍ മുദ്രാവാക്യം
വിളിക്കുക മുതലായവ) ഒടുവില്‍ ചില സത്യങ്ങളൊക്കെ തിരിച്ചറിഞ്ഞു എന്ന തോന്നലിലേക്ക് കൊണ്ടെത്തിക്കുകയും
ചെയ്യുന്ന ശ്രീനിവാസന്‍ മാര്‍ക്‌സിസത്തിന് ഇന്നുണ്ടായ അപചയത്തെ പരിഹസിക്കുകയാണ് ചെയ്യുന്നത്
എന്നും മറ്റും ചര്‍ച്ചകളുണ്ടാവുകയും ചെയ്തു. ആക്ഷേപഹാസ്യത്തിന്റെ തലങ്ങളിലാണ് സിനിമ
സംവദിക്കപ്പെടുന്നത് എന്ന വ്യാജബോധത്തെയാണ് ശ്രീനിവാസന്‍ ഇവിടെ സമര്‍ത്ഥമായി ഉപയോഗിക്കുന്നത്.
യഥാര്‍ഥപ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ അനുവദിക്കാതിരിക്കുക എന്ന കേഡര്‍ സ്വഭാവത്തിനെ
മൃദുവായി തലോടുകയും ഇന്നത്തെ പ്രശ്‌നങ്ങള്‍ സിനിമയില്‍ വിലയിരുത്തപ്പെടുന്നുവെന്നും
അതുമാത്രമാണ് തിരിച്ചറിയേണ്ടതെന്നും വിശ്വസിപ്പിക്കുന്ന ബാലിശതന്ത്രമാണ് ശ്രീനിവാസന്‍
അവിടെ പയറ്റിയത്. മാര്‍ക്‌സിസത്തിന്റെ അപചയത്തിന്റെ കേന്ദ്രബിന്ദു ഉപരിതലസ്പര്‍ശികളാണ്.
അവ യഥാര്‍ഥപ്രശ്‌നങ്ങളിലേക്ക് ശരിയായ വിലയിരുത്തലുകളോടെ പോയി തീരുമാനമെടുക്കുന്നതിനുപകരം
ഒരു ചെറിയപക്ഷത്തിന്റെ മാത്രം അഭിപ്രായത്തോടു ചേര്‍ന്നു നില്‍ക്കുന്നതിന്റെ അനന്തരഫലങ്ങളാണ്.
സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി തെറ്റിദ്ധരിപ്പിക്കുന്നവരെ വിശ്വസിക്കുകയും നടപടികളിലേക്ക്
കടക്കുന്നതുമാണ്. ഭരണത്തിനപ്പുറം ചിന്തിക്കാന്‍ കഴിയേണ്ട ഒരു മൂല്യബോധത്തില്‍ അധിഷ്ഠിതമായ
നടപടികളാവണം ഉണ്ടാവേണ്ടത്. മാര്‍ക്‌സിസത്തില്‍ വിശ്വസിക്കുന്നവരെപ്പോലെത്തന്നെ മറ്റുള്ളതില്‍
വിശ്വസിക്കുന്നവരെയും സമഭാവനയോടെ, സഹിഷ്ണുതയോടെ കാണാന്‍ കഴിയണം
എന്നും മറ്റും തുറന്നു പറയാന്‍ ശ്രീനിവാസന്‍ ഇഷ്ടപ്പെടുന്നില്ല. പകരം സിനിമയിലൂടെ മാര്‍ക്‌സിസത്തെ
പരിഹസിക്കുകയാണ് ചെയ്യുന്നത്. അപചയങ്ങളുടെ ഒരു കോമാളിക്കൂട്ടമാണ് സിനിമയിലെ മാര്‍ക്‌സിസ്റ്റ്
നേതാക്കന്മാര്‍. പ്രധാനകഥാപാത്രമായ ശ്രീനിവാസനാവട്ടെ അപചയങ്ങളില്‍ നിന്നും അപചയങ്ങളിലേക്ക്
നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു. അതിന് സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൂട്ടിരിക്കുകയും
ചെയ്യുന്നു. ചൈനക്കാരിയെന്നാല്‍ കമ്മ്യൂണിസത്തിന്റെ മുദ്രയണിഞ്ഞവളായിരിക്കുമെന്ന വങ്കത്തത്തിലേക്ക്
വളരാന്‍ ഈ കഥാപാത്രത്തിനുണ്ടെന്നു വിശ്വസിക്കാവുന്ന നിലവാരം വെച്ചുകൊണ്ട് ഒരിക്കലും
കരുതാനാവില്ല. കോമാളിത്തരവും പ്രണയസ്വപ്നങ്ങളും മാത്രമായി അരങ്ങുതകര്‍ക്കുകയാണ് സിനിമ.
പ്രത്യയശാസ്ത്രപരമായ പ്രശ്‌നങ്ങളെ വിലയിരുത്തുന്ന രൂപകങ്ങളൊന്നും സിനിമയിലെവിടെയും
കടന്നുവരുന്നില്ല.
കഥ പറയുമ്പോള്‍ എന്ന സിനിമയില്‍
ഒരു ബാര്‍ബറാണ് കേന്ദ്രകഥാപാത്രം. വ്യത്യസ്തനായ ഒരു ബാര്‍ബര്‍. ഈ വ്യത്യസ്തത ബാര്‍ബറെ
ചില നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന വ്യക്തിയെന്ന നിലയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നുണ്ട്.
ബാക്കിയെല്ലാം നമ്മുടെ നാട്ടില്‍ സംഭവിക്കുന്നതിന്റെ തോത് അതിശയോക്തിപരമാണ്. സിനിമയിലെ
മറ്റൊരു ബാര്‍ബറാവട്ടെ ബിസിനസ്സില്‍ വിജയിച്ചയാളാണ്. പക്ഷേ, മറ്റുതരത്തിലുള്ള
പെരുമാറ്റങ്ങളിലെല്ലാം തികച്ചും പരിഹാസ്യനാണ്. കവിയായ സലിംകുമാര്‍ തന്റെ കവിതകള്‍ സ്വയം
ആസ്വദിക്കുകയും മറ്റുള്ളവരുടെ പരിഹാസങ്ങളൊന്നും മനസ്സിലാക്കുകയും ചെയ്യാത്ത ആളാണ്.
മുതലാളിയായി പ്രത്യക്ഷപ്പെടുന്ന ഇന്നസെന്റും കൂട്ടാളികളും പമ്പരവിഡ്ഢികളാണ്. ഒടുവില്‍
പ്രത്യക്ഷപ്പെടുന്ന സൂപ്പര്‍താരമാവട്ടെ കണ്ണീരില്‍ അവസാനിപ്പിക്കുകയും കഥ മുഴുവന്‍
പറഞ്ഞുതീര്‍ക്കുകയുമാണ് ചെയ്യുന്നത്. ഒരു സൂപ്പര്‍താരം പെട്ടെന്നു വന്ന് സാധാരണക്കാരനായ
ഒരാളുടെ ചങ്ങാത്തം പ്രഖ്യാപിക്കുകയാണെങ്കില്‍, എന്തൊക്കെ സംഭവിക്കും
എന്ന നിരീക്ഷണവും മൂഢസ്വപ്നങ്ങളുമാണതില്‍. അത് സാക്ഷാത്കരിക്കപ്പെടുമ്പോള്‍ പ്രേക്ഷകരില്‍
ഉണ്ടാകാവുന്ന ദുര്‍ബലവികാരങ്ങളുടെ പൂര്‍ത്തീകരണം മാത്രമാണ് ശ്രീനിവാസന്‍ ഉദ്ദേശിച്ചതും.
സിനിമാപഠനങ്ങളുടെ കേന്ദ്രസ്ഥാനത്തുനില്‍ക്കുന്ന മനോവിശ്ലേഷണനിരീക്ഷണങ്ങളിലെല്ലാം തന്നെ
സൈദ്ധാന്തികര്‍ സിനിമയെ വ്യാഖ്യാനം ചെയ്തത് ഇച്ഛയുടെ പൂര്‍ത്തീകരണം എന്ന മാനസികതലത്തില്‍
വെച്ചുകൊണ്ടാണ്.
ഈ അര്‍ഥത്തില്‍ ശ്രീനിവാസന്‍
'പുലി'യാണ്. ബുദ്ധിജീവിയാണ്. മലയാളിയുടെ
മുന്‍പില്‍ സൃഷ്ടിച്ചെടുത്തിട്ടുള്ള ബൗദ്ധികപരിവേഷത്തെ നിലനിര്‍ത്തിക്കൊണ്ട് ചൂഷണം
ചെയ്യേണ്ടതെങ്ങനെയെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് സംവിധായകനാണ് സിനിമയുടെ മര്‍മ്മം
എന്ന് സൂപ്പര്‍താരത്തെക്കൊണ്ടുതന്നെ പറയിക്കുന്നതിലും അദ്ദേഹം വിജയിക്കുന്നു. സിനിമ
വിഭാവനം ചെയ്യുന്ന ആളെന്ന നിലയില്‍ തനിക്കുള്ള പങ്കിനെക്കുറിച്ച് സ്വയം ബോധ്യപ്പെടുത്തുന്നതിനാണ്
ശ്രീനിവാസന്‍ ശ്രമിക്കുന്നതിവിടെ. മാത്രമല്ല, ആ സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന
മറ്റു കഥാപാത്രങ്ങളെല്ലാം വിഡ്ഢികളെപ്പോലെയാണ് പെരുമാറുന്നതും. ബാര്‍ബറായ ജഗദീഷ്,
മുതലാളിയായ ഇന്നസെന്റ്, കവിയായ സലിംകുമാര്‍ മുതലായ
വിഡ്ഢികളുടെ ഒരു ലോകം സൃഷ്ടിച്ച് അക്കൂട്ടത്തിലെ ബുദ്ധിമാനായി, മൗനിയായി, കാലത്തിനൊപ്പം മാറാന്‍ ശ്രമിക്കാത്ത നിഷ്‌കളങ്കനെന്നു
തോന്നിക്കുന്ന ഒരാളെ കാണിച്ചു തരികയാണ് അദ്ദേഹം. ഫ്യൂഡല്‍ ബോധത്തിന്റെ നര്‍മ്മരസങ്ങളും
കീഴടങ്ങല്‍ ചിഹ്നങ്ങളുമാണ് ഇവിടെ അണിയറയില്‍ വര്‍ത്തിക്കുന്നത്. ഒരു സമൂഹത്തിലെ മൊത്തം
ആളുകളും വിഡ്ഢിത്തങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുന്ന അതിശയോക്തിപരമായ ഘടനാക്രമമാണിത്.
സാമൂഹ്യക്രമത്തിലെ പ്രത്യക്ഷമായ
പുരുഷകേന്ദ്രീകൃത കുടുംബവ്യവസ്ഥയെ സ്ഥാപിക്കുകയാണ് ചിന്താവിഷ്ടയായ ശ്യാമള. ഇതിലാവട്ടെ
സിനിമാസംവിധായകനാകാന്‍ അവശ്യം വേണ്ട അറിവ് കട്ട്-ആക്ഷന്‍-ക്യാമറ എന്നു പറയുകയാണെന്ന
വിഡ്ഢിത്തത്തെ അവതരിപ്പിക്കാനുള്ള ശ്രമവും. അത്രയും സാമാന്യധാരണയില്ലാത്തയാളായിരിക്കണം
ഒരു അധ്യാപകന്‍ കൂടിയായ പ്രധാനകഥാപാത്രം. സംവിധായകനാവുക എന്ന ഘട്ടത്തിനടുത്തുവരെ എത്തിയിട്ടും
ഒരു ചര്‍ച്ച പോലും ഇല്ലാതെ നേരെ യൂണിറ്റിലേക്കിറങ്ങുന്ന ഒരാളെ അവതരിപ്പിക്കുന്നിടത്തുതന്നെ
സിനിമയുടെ ബലതന്ത്രം പരാജയപ്പെടുകയാണ്. യാതൊരു സാമാന്യബോധവുമില്ലാത്ത, ജനപ്രിയമായ ഒരു കലയുടെ അടിസ്ഥാനരീതികളെക്കുറിച്ച് ഒന്നുമറിയാത്ത ഒരു അധ്യാപകനായ
പൊട്ടനായി തന്നെത്തന്നെ അവതരിപ്പിക്കുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിന്
പ്രേരകമായ ചില സംഭവങ്ങള്‍ അയാളെ എത്തിക്കുമ്പോഴും വിഡ്ഢിത്തങ്ങളുടെ പെരുംകൊട്ടല്‍ മാത്രം
കാണിച്ചുതരികയാണ് സിനിമ. ശബരിമലയിലേക്കു പോയി വന്നതിനുശേഷം ഭക്തിമാര്‍ഗ്ഗത്തിലേക്ക്
പ്രതികാരവാഞ്ചയോടെ പ്രവേശിക്കുന്നിടത്ത് സിനിമ സത്യത്തിലേക്കുള്ള ഒരടി വെയ്ക്കുന്നുണ്ട്.
ഇതൊരു മാനസികപ്രശ്‌നമത്രേ. തനിക്ക് എതിര്‍ക്കാനും പ്രവര്‍ത്തിക്കാനും പറ്റാതെ വരുന്ന
സന്ദര്‍ഭത്തില്‍ മറ്റുള്ളവരോട് പ്രതിഷേധിക്കാന്‍ അവര്‍തന്നെ ചൂണ്ടിക്കാണിച്ച മാര്‍ഗ്ഗത്തെ
ആഭാസകരമായി ഉപയോഗിക്കുക. അവിടെയും ജീവിതനിഷേധത്തിലേക്ക് പോകുന്ന കഥാപാത്രത്തെയാണ് നര്‍മ്മരസത്തോടെ
അവതരിപ്പിക്കുന്നത്. ഇതൊരു ചലച്ചിത്രകാരന്റെ വീക്ഷണത്തിലേക്ക് പരിവര്‍ത്തിക്കുമ്പോള്‍
ഹാസ്യത്തെ അപനിര്‍മ്മിക്കുകയാണ് ശ്രീനിവാസന്‍ ചെയ്യുന്നത്. സറ്റയര്‍ എന്നു വ്യവഹരിക്കുന്ന
കാവ്യശാഖയെ വെറും നേരമ്പോക്കാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നതെന്ന് അവസാനരംഗം ശ്രദ്ധിച്ചാല്‍
മനസ്സിലാക്കാന്‍ സാധിക്കും. ഇവിടെ കൂട്ടുകാരെല്ലാവരും ശബരിമലയിലേക്കും ശ്രീനിവാസനും
കുടുംബവും സന്തുഷ്ടരായും പോകുമ്പോള്‍ എതിരെ കടന്നു വരുന്ന ഒരു ജാഥയും ചിത്രീകരിച്ചിരിക്കുന്നു.
ജാഥയുടെ വ്യവസ്ഥയോ, കൂട്ടുകാരുടെ ശബരിമലയാത്രയോ തികച്ചും സന്തുഷ്ടമായ
ഒരു കുടുംബത്തിനകത്ത് ഉണ്ടാക്കിയെടുക്കാന്‍ സാധ്യതയുള്ള രൂപകസൃഷ്ടി അസ്ഥാനത്തുള്ളതായി
പ്രേക്ഷകന് തോന്നുമ്പോള്‍ പരാജയപ്പെടുന്നത് സംവിധായകന്റെ ധര്‍മ്മമാണ്. ഇങ്ങനെ ന്യായീകരിക്കാനാവാത്ത,
ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് വ്യാഖ്യാനിക്കാനാവാത്ത കഥാപാത്രങ്ങളുടെ
വിഷണ്ണതകളെ മുതലെടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
പരസ്യങ്ങളുടെ പ്രത്യേകതകൊണ്ടുമാത്രം
ബോക്‌സ് ഓഫീസില്‍ വിജയിച്ച ഒരു ചിത്രമാണ് വടക്കുനോക്കിയന്ത്രം. തളത്തില്‍ ദിനേശന്‍
എന്ന കഥാപാത്രം പരസ്യങ്ങളിലൂടെ ഒരുപാട് പുതുമകള്‍ അവതരിപ്പിച്ചിരുന്നു. ഒടുവില്‍ സംസ്ഥാനസര്‍ക്കാരിന്
അവാര്‍ഡു കൊടുക്കേണ്ടിവന്നത് സിനിമയുടെ മേന്മയെക്കാള്‍ അതിന്റെ പ്രചാരം നല്‍കിയ തെറ്റിദ്ധാരണകള്‍
മൂലമായിരിക്കണം. കാരണം നെടുമുടി വേണുവിന്റെ പ്രതികരണത്തില്‍ത്തന്നെയുണ്ടായിരുന്നു.
ഇത്തരം സിനിമകളും അവാര്‍ഡുകിട്ടേണ്ടവയാണെന്നോ മറ്റോ. അവാര്‍ഡുസിനിമകള്‍ എന്ന പ്രത്യേക
വിഭാഗം മലയാളത്തില്‍ വേരോടിയതിനോട് ഉണ്ടായ അമര്‍ഷമാവണം അത്തരം പ്രതികരണങ്ങള്‍ക്കു പിന്നില്‍.
തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തിന് പതിച്ചുകിട്ടിയ പ്രത്യേകതകള്‍ മാത്രമല്ലാതെ
സിനിമയുടെ ചരിത്രത്തിലേക്ക് ഒരു പാഠമായിത്തീരാന്‍ മാത്രം യോഗ്യതയുണ്ടായിരുന്നില്ല വടക്കുനോക്കിയന്ത്രത്തിന്.
അവാര്‍ഡു ലഭിക്കുന്ന സിനിമകളെല്ലാം പാഠപുസ്തകങ്ങളാകണമെന്നല്ല, പക്ഷേ, ഇവിടെ നടക്കുന്ന അവകാശവാദങ്ങളെല്ലാം അത്തരം ഒരു
ബൗദ്ധികപ്രതിഭാസത്തെ അടയാളപ്പെടുത്തുന്നുവെങ്കില്‍ സിനിമാ ചരിത്രത്തിലെ റഫറന്‍സായി
അതെന്തേ തീര്‍ന്നില്ല എന്ന ചോദ്യം മാത്രം.
തന്റെ ഭാര്യയെ ബോധിപ്പിക്കാന്‍
വേണ്ടി വിഡ്ഢിവേഷങ്ങള്‍ മാത്രം കെട്ടുകയും വിഡ്ഢിത്തങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുകയും
ചെയ്യുന്ന ഒരു കഥാപാത്രത്തെ അതിശയോക്തിപരമായി അവതരിപ്പിക്കുകയാണ് ശ്രീനിവാസന്‍ ചെയ്യുന്നത്.
ജീവിതവുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ ആവാത്ത ഒരുപാടു സന്ദര്‍ഭങ്ങള്‍ ഹാസ്യത്തിനുവേണ്ടി
മാത്രം തിരുകിക്കയറ്റിയതായി സൂക്ഷ്മപരിശോധനയില്‍ വ്യക്തമാണ്. ഒരു ഗ്ലാസ് ബ്രാണ്ടി എന്ന
നിഷ്‌കളങ്കതയും, ഫോട്ടോയ്ക്കുമുന്നില്‍ ഭാര്യയുടെ ഉയരത്തോടൊപ്പം
ഒന്നെത്തിച്ചുനോക്കാനുള്ള ശ്രമവും, ആഴ്ചപ്പതിപ്പിലെ തമാശ വായിച്ചുകേള്‍പ്പിക്കാനുള്ള
ശ്രമവും നടത്തുന്നത് ഒരു പ്രസ്സ് നടത്തിക്കൊണ്ടുപോകാന്‍ ശേഷിയുള്ള ഒരു കഥാപാത്രമാണ്.
മാത്രമല്ല, എല്ലാത്തരത്തിലും വിഡ്ഢിയാവാന്‍ ശേഷിയുള്ള ആളുകള്‍
നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കാന്‍ സാധ്യത കുറവുമായിരിക്കും. അതിലുപരിയായി,
ഇത്തരം കഥാപാത്രങ്ങള്‍ മാത്രമത്രെ, ശ്രീനിവാസന്റെ
എളിയ സംഭാവന. ഇവരെ ഉപയോഗിച്ച് അതിശയോക്തിപരമായ പൊട്ടത്തരങ്ങളുടെ ഹാസ്യാത്മകതയില്‍ മാത്രം
ശ്രദ്ധവെക്കുകയും പിന്നീട് അവര്‍ എല്ലാത്തരം പൊട്ടത്തരങ്ങളില്‍ നിന്നും മുക്തി പ്രാപിച്ച്
സത്യങ്ങള്‍ മാത്രം തിരിച്ചറിയുന്ന ആളുകളായി മാറുകയും ചെയ്യുന്നു. താന്‍ എന്തോ വ്യാഖ്യാനം
നടത്തി ലോകത്തെ സമുദ്ധരിക്കാന്‍ എന്തൊക്കെയോ ചെയ്തിരിക്കുന്നു എന്ന മട്ടില്‍ അവതരിപ്പിക്കുകയാണ്
ഇവിടെ ശ്രീനിവാസന്‍.
ഒരു സിനിമയ്ക്കും ഒരു കലയ്ക്കും
ആ രീതിയില്‍ സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെയെങ്കില്‍
ഇവിടെ എന്തൊക്കെയോ പരിവര്‍ത്തനങ്ങള്‍ എന്നേ വരുമായിരുന്നു. (ശ്രീനിവാസന്‍ തന്നെ ഇങ്ങനെയെല്ലാം
പറയുകയും ചെയ്യുന്നുണ്ട്.) മാത്രമല്ല, സമൂഹവുമായി ബന്ധപ്പെട്ട
അത്തരം പ്രശ്‌നങ്ങളെക്കുറിച്ച് പറയാന്‍ ശ്രീനിവാസന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സാധാരണ
സമ്പ്രദായങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് കൂടി കഥ പറയുകയാണ് വേണ്ടത്.
സിനിമ എന്നത് തികച്ചും വ്യക്ത്യധിഷ്ഠിതമായ,
ആശയപ്രകാശനസൗകര്യമുള്ള ഒരു കലാരൂപമാണ്. കലാകാരനായ വ്യക്തി എന്നാല്‍ സമൂഹത്തിലെ
പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നവനാണ്. ഒന്നുകില്‍ ആ പ്രശ്‌നങ്ങളോട് അവന് പുറംതിരിഞ്ഞുനില്‍ക്കാം.
അല്ലെങ്കില്‍ അവയ്‌ക്കെതിരെ പ്രതികരിക്കാം. ആ പ്രതികരണം ഭീഷ്മര്‍ക്കുമുന്നില്‍,
ഭീഷ്മരെ മറച്ചു നിന്ന് യുദ്ധം ചെയ്ത ശിഖണ്ഡിയെപ്പോലെ, വ്യാജമായിത്തീര്‍ന്നാല്‍ ചരിത്രം അതിനെ പരിഹസിക്കും. പ്രതികരണമെന്നത് തമാശക്കളിയല്ല.
തമാശ കളിക്കുന്നതുപോലെ കളിച്ച് കഥ പറയാന്‍ ശ്രമിക്കുന്ന ശ്രീനിവാസന്റെ ബൗദ്ധികജാടകള്‍
തിരിച്ചറിയപ്പെടുകയാണിപ്പോള്‍. കാരണം, ഇന്ന് കേരളത്തില്‍ ശ്രീനിവാസന്‍
വലിയ കാര്യങ്ങള്‍ പറയുന്ന നല്ല സിനിമകള്‍ മാത്രം സൃഷ്ടിക്കുന്ന ഒരു പ്രതിഭാസമായി ചര്‍ച്ച
ചെയ്യപ്പെടുകയാണ്. #ിഎന്നാല്‍ ഏതൊരു സദസ്സിലും സ്വതസിദ്ധമായതെന്നു
വിശ്വസിക്കുന്ന നര്‍മ്മഭാഷണം നടത്താനാണ് ശ്രീനിവാസന്‍ പലപ്പോഴും തുനിയാറ്. ഈ നര്‍മ്മഭാഷണമാവട്ടെ,
സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും തന്റെ പ്രതികരണം എന്ന നിലയില്‍ ചില
വേദികളില്‍ ചെലുത്താന്‍ കഴിയുന്ന ഒന്നുമാത്രം. സ്വയം ഉന്നതിയില്‍ തന്നെ പ്രതിഷ്ഠിക്കുന്ന
ഏതൊരാള്‍ക്കും പറയാന്‍ കഴിയുന്ന ചില തമാശകള്‍. ഇത്തരം തമാശകളെ പൊലിപ്പിച്ചു കാണിക്കുന്ന
ശ്രീനിവാസന്‍ നാട്യത്തോടെയാണ് ഇടപെടുന്നതും. ഏതൊക്കെ ആശയങ്ങളെയാണ് അദ്ദേഹം തന്റെ കൈകളിലെടുത്ത്
അമ്മാനമാടുന്നത്. ചിന്താവിഷ്ടയായ ശ്യാമളയിലെ അവസാനരംഗത്തെക്കുറിച്ച് മുമ്പു സൂചിപ്പിച്ചുവല്ലോ.
അവിടെ ശബരിമലയിലേക്ക് പോകുന്നവരുടെ കൂട്ടത്തില്‍ തന്റെ സഹകളിക്കാരായി, ചീട്ടുകളിക്കും കള്ളുകുടിക്കും മാത്രം വന്നിരുന്നവരെ കാണിക്കുകയും അതോടൊപ്പം
മുദ്രാവാക്യം വിളിച്ചുകൊണ്ട് നടന്നുപോകുന്നവരെയും ഇതിലൊന്നും തനിക്ക് ബന്ധമില്ല എന്ന്
കാണിച്ചുകൊണ്ട് നടന്നുപോകുന്ന വിജയനെയും ഭാര്യയെയും മക്കളെയും കാണിക്കുകയുമാണ് ചെയ്യുന്നത്.
മുമ്പൊരിക്കല്‍ മദ്യക്കുപ്പിയുമായി കൂട്ടുകാരുടെയടുത്ത് ചെല്ലുന്ന അമ്മായിയച്ഛനെ കാണിക്കുന്നുമുണ്ട്.
ഇയാള്‍ തന്നെയാണ് ശബരിമലയില്‍ പോകാന്‍ ആവശ്യപ്പെട്ടതും. ശബരിമലയിലെ ശരിയിലാണോ,
മദ്യക്കുപ്പിയിലെ ശരിയിലാണോ ശ്രീനിവാസന്‍ ജീവിതത്തിന്റെ അര്‍ഥത്തെ തിരഞ്ഞത്.
വസ്തുനിഷ്ഠയാഥാര്‍ത്ഥ്യങ്ങളുടെ
പ്രതിഫലനമോ, ചിന്താപദ്ധതികളുടെ ആവിഷ്‌കാരങ്ങളോ, സാമ്പ്രദായിക മൂല്യവ്യവസ്ഥകളോടുള്ള എതിര്‍പ്പുകളോ ആയിരിക്കണം കലാരൂപം എന്ന
അവകാശവാദങ്ങള്‍ക്ക് പ്രസക്തിയില്ലായിരിക്കാം. സുവ്യക്തവും സുഘടിതവുമായ കലാപരത പുലര്‍ത്തുന്ന
സാമൂഹ്യലക്ഷ്യമുള്ളവയായിരിക്കണം ആവിഷ്‌കാരപരമായ ഔന്നത്യം പുലര്‍ത്തുന്നവ. ഈ രീതിയില്‍
സിനിമയുടെ സവിശേഷചാരുതകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നവര്‍ ആര്‍ട്ട് സിനിമയുടെ വക്താക്കളില്‍
മാത്രമല്ല, കൊമേഴ്‌സ്യല്‍ സിനിമയിലുമുണ്ട്. ആര്‍ട്ട്-കൊമേഴ്‌സ്യല്‍
വിഭജനമൊക്കെ ഇല്ലാതായി എന്ന വാദം ഇടക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു. പക്ഷേ,
സിനിമയുടെ ചട്ടക്കൂടുകള്‍ വെച്ചു പരിശോധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും
ഇത്തരം വേര്‍തിരിവ് സാധ്യമാണെന്നു കാണാം. ആര്‍ട്ടും വില്പനയും തമ്മില്‍ പൊരുത്തപ്പെടാത്തതിരുന്നത്
കള്ളനാണയങ്ങള്‍ പെരുകിയ സമയത്തു മാത്രമാണ്. ആര്‍ട്ടെന്ന വ്യാജേന മലയാളത്തിലുണ്ടായ ചില
അനുകരണങ്ങള്‍, അഥവാ തെറ്റിദ്ധാരണകളില്‍ നിന്നു ജന്യമായ ചില അറിവുകളോടെ
സിനിമയെ സമീപിച്ചവര്‍ ഉണ്ടാക്കിയെടുത്ത വിരസക്കാഴ്ചകള്‍. അവയെ അത്തരം ഒരു ആര്‍ത്ഥികപരിസരത്തില്‍
വെച്ചുകൊണ്ട് വിമര്‍ശനത്തിനുവിധേയമാക്കുമ്പോള്‍ നേരിട്ടു കണ്ടെത്താന്‍ കഴിയുകയും ചെയ്യും.
എന്നാല്‍ ഇത്തരമൊരു കള്ളനാണയത്തിന്റെ ശ്രമം പോലുമല്ല ശ്രീനിവാസനിലുള്ളത്. അത് വിചാരധാരകളുടെ
വൈകാരികരീതികള്‍ പോലുമല്ല. ബൗദ്ധികജാടയുടെ ആനന്ദനൃത്തമാണത്. എല്ലാവരും വിഡ്ഢികളാണ്
എന്നു ചിന്തിക്കാന്‍ മാത്രം കഴിയുന്ന ഒരു ധാരണയില്‍ നിന്നും രൂപപ്പെടുത്തിയെടുക്കുന്ന
ഫോര്‍മുലയുടെ പ്രയോഗം.
ഏതു ചിത്രമെടുത്തു പരിശോധിച്ചാലും
സാമാന്യബുദ്ധികളില്‍ നിന്നു വേറിട്ടുനിന്നുകൊണ്ട് ചില മായക്കാഴ്ചകള്‍ അവതരിപ്പിക്കാനുള്ള
ശ്രമം മാത്രമാണുള്ളത്. സിനിമയുടെ വ്യാകരണപരമായ സാധ്യതകളെക്കുറിച്ച് ബോധ്യം വരാത്ത നിര്‍മ്മിതികളാണവ.
പസ്സോളിനിയോ, റോബര്‍ട്ടോ ബനീഞ്ഞിയോ, ടോം
ടെയ്ക് വാറോ, കുറസോവയോ, മറ്റും ചെയ്തതുപോലെ
വ്യാകരണപരമായ അംശത്തെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രീനിവാസന് കഴിഞ്ഞിട്ടില്ല. ആ രീതിയില്‍
സംവേദനശേഷിയെ സ്പര്‍ശിക്കാന്‍ ഒരിക്കല്‍പ്പോലും സാധിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ ഭാഷയുടെ
അതിര്‍വരമ്പുകള്‍ പോലും അന്യംനിന്നുപോകുന്ന ചലച്ചിത്രസമവാക്യങ്ങളിലേക്ക് സാധ്യതകളെ
ഉയര്‍ത്തിക്കാട്ടാന്‍ ശ്രീനിവാസന് കഴിഞ്ഞേനെ. എങ്കിലും നല്ല സിനിമയുടെ വക്താവായിത്തീര്‍ന്നിരിക്കുന്നു
ശ്രീനിവാസന്‍. ഒരു ബുദ്ധിമാനായ സിനിമാക്കാരനായി മാറിയിരിക്കുന്നു. ബുദ്ധിമാന്‍ തന്നെ.
വാണിജ്യപരമായ തന്ത്രങ്ങള്‍ മാത്രം അഭ്യസിച്ച കളരിക്കാരന്‍. തന്റേതായ ശരിയുടെ ശൈലി പ്രകടിപ്പിക്കാന്‍
സാധിക്കും എന്നു പറയാനുള്ള ഒരു ബുദ്ധി. ആ ബുദ്ധി ശരിയായി ചൂഷണം ചെയ്യാന്‍ ശ്രീനിവാസന്
അറിയാം. അവനവന്‍ സ്വയം പ്രകടിപ്പിക്കാന്‍ സാധ്യതയുള്ള സംഭവങ്ങളെ തിരിശ്ശീലയില്‍ കൊണ്ടുവന്ന്
നിങ്ങളുടെ രഹസ്യങ്ങള്‍ മുഴുവന്‍ ഞാനിതാ പറയുന്നു എന്ന മട്ടില്‍ എല്ലായ്‌പോഴും അവതരിപ്പിച്ചാല്‍
അതൊരിക്കലും ഉത്തമകലയുടെ ലക്ഷണമാവില്ല. ഇവിടെ പ്രേക്ഷകന്‍ കണ്ടു മറന്നുപോവാനുള്ള,
കുറച്ചുനേരം തമാശകള്‍ പൊട്ടിക്കുവാനുള്ള ഒരു സംഭവത്തെ മാത്രമേ ശ്രീനിവാസന്‍
സ്വീകരിക്കുന്നുള്ളൂ.
ചാര്‍ലി ചാപ്ലിന്റെ ദ് ഗ്രേറ്റ്
ഡിക്‌ടേറ്ററോ, ടൈം മെഷീനോ തമാശയുടെ മാത്രം തലത്തില്‍ നിന്ന് ഏറെ
ഉയര്‍ന്നു നില്‍ക്കുന്നവയാണ്. ഒരു തമാശക്കളിക്കാരനായി മാത്രം ചാപ്ലിനെ കാണാന്‍ ആര്‍ക്കും
സാധിക്കില്ലല്ലോ. രൂപത്തിലോ വേഷത്തിലോ കാര്യമായ വ്യത്യാസം വരുത്താതെ തന്നെ കഥാപാത്രങ്ങളുടെ
വ്യത്യസ്തത അവതരിപ്പിക്കാന്‍ സാധിച്ചയാളാണ് അദ്ദേഹം. ശ്രീനിവാസനാവട്ടെ പ്രകടമായി വേഷത്തില്‍
മാത്രം വ്യത്യാസം കൊണ്ടുവരികയും കഥാപാത്രങ്ങളെക്കൊണ്ടെല്ലാം ഒറ്റയച്ചില്‍ വാര്‍ത്തതുപോലെ
പ്രകടനം നടത്തിക്കുകയുമാണ് ചെയ്യുന്നത്.
ഒരു വിനോദോപാധി എന്ന നിലയില്‍
മാത്രം സിനിമയെ കാണുന്നവരാണ് ഏറെയും. സിനിമയെ അങ്ങനെ മാത്രം കണ്ടാല്‍ മതിയാവില്ല. ഇരുപതാംനൂറ്റാണ്ടിലെ
ഏറ്റവും ശക്തമായ കലയെന്ന് സിനിമയെ വിശേഷിപ്പിച്ച ലെനിന്‍ അതിന്റെ ആവിഷ്‌കാരപരമായ ശേഷിയെയാണ്
സൂചിപ്പിച്ചത്. വിനോദം മാത്രമല്ല, കലയുടെ മര്‍മ്മപ്രധാനമായ ധര്‍മ്മ(function)ചിന്തകളുടെ സവിശേഷത. കല കലയ്ക്കുവേണ്ടിയായാലും ജീവിതത്തിനുവേണ്ടിയായാലും തര്‍ക്കങ്ങള്‍ക്ക്
സാധൂകരണം ലഭിക്കുന്നത് വിനോദമെന്നതിലുപരിയായി ഒരാശയം അതിനെ ഇണക്കുമ്പോഴാണ്. റോബര്‍ട്ട്
ഫ്രോസ്റ്റ് പറയുന്നു. Poetry provides the one permissible way of
saying one thing and meaning another. രൂപപരമായ നിര്‍മ്മിതികള്‍ നടത്തുന്ന ഭാഷയെയാണ് ഫ്രോസ്റ്റ്
ഉദ്ദേശിച്ചത്. അതല്ലാതെ നേരിട്ട് സംഭവങ്ങള്‍ വിശദീകരിക്കുന്ന ഒരു ഭാഷയല്ല സാഹിത്യത്തിന്റേത്.
സിനിമയെ വിനോദോപാധിയായി മാത്രം കാണുന്നയാളാണ് ശ്രീനിവാസന്‍. ചിലപ്പോള്‍ നേരിട്ടുള്ള
വിശദമായ ഉപദേശസൂക്തങ്ങളും. മാത്രമല്ല, ഇവയൊക്കെക്കൊണ്ട് ഇദ്ദേഹം
സിനിമയുടെ മര്‍മ്മമറിഞ്ഞ ഒരാളായി വാഴ്ത്തപ്പെടുന്നു. ആ മര്‍മ്മമേതെന്ന് പ്രേക്ഷകരുടെ
പ്രശ്‌നങ്ങള്‍ക്കു മുഴുവന്‍ പരിഹാരമെന്നോണം അവരെ വിഡ്ഢികളാക്കിക്കൊണ്ട് സിനിമയെടുക്കുന്ന
ശ്രീനിവാസനറിയാം. സാമ്പ്രദായിക രീതികളില്‍ നിന്നു വ്യത്യസ്തമായി ഒരു വിഷയത്തെ ചിത്രീകരിക്കാന്‍
കഴിയുന്നിടത്താണ് സിനിമ ഒരു പാഠമാകുന്നത്. പക്ഷേ ഇവിടെ വിനോദോപാധി എന്ന നിലയിലാണെങ്കില്‍പ്പോലും
വ്യത്യസ്തമായ ഒന്നും കൊണ്ടുവരാന്‍ കഴിയാതെ, ഒരു തരത്തിലല്ലെങ്കില്‍
മറ്റൊരു തരത്തിലുള്ള വിഡ്ഢികളെ മാത്രം അവതരിപ്പിക്കുകയാണ് ശ്രീനിവാസന്‍ ചെയ്യുന്നത്.
മാത്രമല്ല, സംവിധായകന്റെ പങ്കും വിയര്‍പ്പും മറ്റും കണ്ടറിയണമെന്ന
(ഉദയനാണ് താരം, കഥ പറയുമ്പോള്‍) ഉപദേശവും. ഈ രീതിയില്‍ പ്രേക്ഷകരെ കബളിപ്പിക്കുകയാണെന്ന ബോധ്യത്തോടെ
സിനിമ അവതരിപ്പിക്കുന്ന അദ്ദേഹത്തിന് സിനിമയെടുത്തതിനുശേഷം ബൗദ്ധികജാടയുടെ പരിവേഷമണിഞ്ഞുകൊണ്ട്,
അവയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നത് സാമാന്യധാരണകള്‍ കൊണ്ട് അളന്നുപരിശോധിക്കാന്‍
വിഷമമാണ്. അല്ലെങ്കില്‍ അവയുടെ പേരില്‍ ശ്രീനിവാസന്‍ എല്ലാ മാധ്യമങ്ങളിലും മറ്റുചര്‍ച്ചകള്‍ക്ക്
ഇരുന്നു കൊടുക്കുന്നത് അത്ഭുതകരം തന്നെ.
No comments:
Post a Comment