Saturday, July 11, 2020

ആഖ്യാനചാതുരിയും മാമ്പഴവും - ചെറുകുറിപ്പ്

അങ്കണത്തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ-
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരി കത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ളാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലേ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?
പൈതലിൻ ഭാവം മാറി, വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ


വാങ്മയമെന്നൊക്കെ പറയുന്നതിനേക്കാൾ രസകരമായിത്തോന്നിയിട്ടുള്ളത് കഥയുടെ ആന്തരികഭംഗി വെളിവാക്കുന്ന അക്ഷരക്കൂട്ടുകളുടെ മേളനമായിട്ടാണ്. മാമ്പഴമെന്ന കവിത ആളുകൾക്ക് ഇത്രമാത്രം ഇഷ്ടമായതും അതുകൊണ്ടുതന്നെയാവണം. ഏതോ കാലത്ത് ഏതോ സമയത്ത് കേട്ടതും ചൊല്ലിയതുമായ വരികൾ ഇന്നും ഹൃദിസ്ഥമായിരിക്കുന്നതുപോലെ കവികൾ ദീർഘദർശികളായി നമ്മുടെ മുന്നിൽ നിൽക്കുകയാണ്. 

വൈലോപ്പിള്ളി തന്നെ എഴുതിയ വരികളിൽ അവയുണ്ട്. കുട്ടികളേക്കാൾ കവികളുടെ ഈ സിദ്ധി തന്നെയാണ് വായനക്കാരെ എക്കാലവും അമ്പരപ്പിച്ചിട്ടുള്ളതും.

വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ

ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെപ്പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു

ചിത്രങ്ങൾ... ചിത്രങ്ങൾ...

ആഖ്യാനചാതുരിയെ വാങ്മയചിത്രമെന്നൊക്കെയെഴുതി അതിൽ മാത്രമൊതുക്കാൻ തോന്നില്ല. അങ്ങനെയാണ് പറയാറെങ്കിലും അതിലുമേറെയായി പകരം വയ്ക്കാൻ മറ്റൊരു വാക്കില്ലാത്തവിധം ഇണങ്ങി നിൽക്കുകയാണവ ഓരോന്നും. ഈ സൗന്ദര്യമാണ് നാം ഇഷ്ടപ്പെടുന്നതും. അതുകൊണ്ടുതന്നെയാണ് എന്നുമെന്നും അത് ശക്തമായ ആവിഷ്കാരമായി നിലനിൽക്കുന്നതും. 

No comments: