Sunday, June 28, 2020

കമ്പ്യൂട്ടർ കണ്ടുപിടിച്ചത് ചാൾസ് ബാബേജ് തന്നെയോ...

ഏറെക്കാലം മുമ്പ് എസ് ടി ഡി – ഐ എസ് ഡി ബൂത്തുകൾ നാട്ടിലെല്ലായിടത്തും ഉണ്ടായിരുന്നു. ആളുകൾ ഫോൺ വിളിക്കാനായി ബൂത്തുകൾക്കു മുന്നിൽ ക്യൂ നിന്നിരുന്നു. നിരവധി ആളുകൾക്ക് തൊഴിൽ നല്കിയിരുന്ന ഒരു മേഖലയായിരുന്നു അത്. എന്നാൽ മൊബൈൽ ഫോൺ പ്രചാരത്തിലെത്തിയതോടെ ഈ മേഖല നഷ്ടക്കച്ചവടമായിത്തീർന്നു. കുറേക്കാലം കൂടി പലരും പിടിച്ചുനിന്നു. പലരും പിന്മാറി. റെയിൽവെ സ്റ്റേഷൻ പോലുള്ള ഇടങ്ങളിൽ മാത്രമായി പബ്ലിക് ടെലിഫോൺ ബൂത്ത് ചുരുങ്ങി. ഇങ്ങനെയൊരു സംവിധാനം കൊണ്ടുവന്ന് ബിസിനസ് സാധ്യത നല്കി പിന്നെയത് ഇല്ലാതാക്കിയ വ്യവസ്ഥയെ ആരും കുറ്റം പറഞ്ഞു നിന്നിട്ടില്ല. മുന്നോട്ടായിരുന്നു എല്ലാവരും. തൊഴിൽമേഖലയിൽ മാറ്റങ്ങൾ സ്വാഭാവികമാണ്. അവിടെയുണ്ടാകുന്ന മാറ്റം എതിർസ്വരങ്ങളുയർത്തും. കമ്പ്യൂട്ടർ വരുമ്പോഴുള്ള തൊഴിൽനഷ്ടം പ്രവചനാതീതമായിരുന്നു, അഥവാ അതിനെ സംബന്ധിക്കുന്ന ധാരണ അങ്ങനെയായിരുന്നു. പത്രങ്ങളിലും ഇതരസാങ്കേതികവിദ്യകളിലും എല്ലാം കമ്പ്യൂട്ടർ നിയന്ത്രിത ഉപകരണങ്ങളാണ് ഇന്നുള്ളത്.
ഇന്നു നമ്മൾ ഈ കാണുന്ന തരത്തിലുള്ള എഐയും സ്മാർട്ട്ഫോണും കമ്പ്യൂട്ടർ നിയന്ത്രിത മെഷീനുകളുമൊക്കെ അന്ന് സങ്കല്പിക്കാൻ പോലുമായിരുന്നില്ല. ബ്ലാക്ക് ആന്റ് വൈറ്റ് മൊബൈൽ കണ്ടുപിടിച്ചവർ പൊട്ടന്മാരായതുകൊണ്ടല്ല കളറുള്ള ടച്ച് സ്ക്രീൻ കണ്ടെത്താതിരുന്നത്. അതായത് ഇവയെല്ലാം ഒരു സുപ്രഭാതം കൊണ്ട് ഉണ്ടായതല്ല. എത്രപേർക്ക് കമ്പ്യൂട്ടറെന്താണെന്നറിയും? എസ് ടി ഡി ബൂത്തിനു മുന്നിൽ കമ്പ്യൂട്ടറൈസ്‌ഡ് മൊബൈൽ ബുത്തെന്ന് എഴുതിയിരുന്നു. ബില്ലടിക്കുന്ന സംവിധാനത്തിനാണ് അങ്ങനെ പറഞ്ഞിരുന്നത്. ബസ്സിലെ കണ്ടക്ടറുടെ കൈയിലുള്ളതും അങ്ങനെയെങ്കിൽ കമ്പ്യൂട്ടറാണ്. ഡ്രൈവർ തന്നെ ടിക്കറ്റ് കൊടുക്കുന്ന വിദ്യയിലേക്കു വരുമ്പോൾ കണ്ടക്ടർ എന്ന തൊഴിൽ ഇല്ലാതാകും. അത് നിലവിൽ ആ ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടാകും. അങ്ങനെയുള്ളവർ പുറത്തുപോകട്ടെ എന്ന നിലപാട് എടുക്കാനാവാത്തവർ അതിനെ എതിർക്കും. അത് സ്വാഭാവികം. അതിനുപകരമായി മനുഷ്യൻ പുറത്തു പോകട്ടെ ടെക്നോളജി വരട്ടെ എന്നു പറയാൻ മനുഷ്യവിരുദ്ധർക്കുമാത്രമേ കഴിയൂ. എന്തിലും ചാരക്കണ്ണുമായി നടക്കുന്നവരോട് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല.  ഇരുട്ടും കൊണ്ട് ഓട്ടയടയ്ക്കുന്നവർക്ക് അതൊട്ടും മനസ്സിലാകില്ല. കമ്പ്യൂട്ടർവല്ക്കരണം കാലത്തിന്റെ ആവശ്യകതയായിത്തീരുമെന്ന മുൻധാരണയുള്ളതുകൊണ്ടല്ല, പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമ്പോഴുള്ള കച്ചവടസാധ്യത കണ്ടിട്ടാണ് പലരും അതിനു കുടപിടിച്ചത്. പലപ്പോഴും പറയുന്നതുകേട്ടാൽത്തോന്നും കമ്പ്യൂട്ടർ കണ്ടുപിടിച്ചത് അവരാണെന്ന്. ദയവായി മനസ്സിലാക്കുക, കമ്പ്യൂട്ടർ കണ്ടു പിടിച്ചത് ചാൾസ് ബാബേജാണ്.
ടിവി പ്രചാരം നേടിയ കാലത്ത് അതിന്റെ ദോഷവശങ്ങളെക്കുറിച്ചും ഡിഷ് ടിവി വന്നപ്പോൾ അതു കൊണ്ടുവരാൻ പോകുന്ന വിദേശചാനലുകളുടെ അതിപ്രസരവും മൊബൈൽഫോൺ വന്നപ്പോൾ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും എല്ലാവരും ചർച്ച ചെയ്തിട്ടുണ്ട്. എന്തിനേറെപ്പറയുന്നു കാറ് കണ്ടുപിടിച്ചതിനുശേഷം ആദ്യമായി അത് റോഡിലേക്കിറക്കിയപ്പോൾ ഇംഗ്ലണ്ടിൽ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനുകാരണം ധാരാളം കുതിരവണ്ടികൾ ഓടുന്ന റോഡിൽ അത് അപകടമുണ്ടാക്കുമെന്ന ഭീതിയായിരുന്നു. ഒടുവിൽ കാറിനു മുന്നിൽ ചുവന്ന കൊടിയുമായി ഒരാൾ നടക്കണമെന്ന നിയമം വന്നു. ഇന്നിപ്പോൾ കുതിരയും കുതിരവണ്ടിയും അപൂർവ്വമായി. മോട്ടോർ വാഹനങ്ങളാകട്ടെ അന്തരീക്ഷമലിനീകരണത്തിലൂടെ ആളെക്കൊല്ലിയുമായി. കാലം മാറുമ്പോൾ അഭിരുചികളും മാറും. സാങ്കേതികവിദ്യ എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അതിനെ സമീപിക്കുന്നതിൽ ആളുകൾക്ക് പാർട്ടി-പ്രായഭേദമില്ലാതെ ഭയമുണ്ടാകും. പുരോഗമനപക്ഷത്തേക്കുള്ള ചുവടുകൾ വെല്ലുവിളികൾ നിറഞ്ഞതാണ്. പുരോഗമനം നടിക്കുന്നവർ പഴയതു മാന്തിക്കൊണ്ടിരിക്കും. അതിന്റെ പേരിൽ ഇന്നില്ലാത്ത മേനി നടിക്കാൻ ശ്രമിക്കുകയും ചെയ്യും. കല്ലച്ചിൽ അച്ചടിച്ചിരുന്ന കാലത്തുനിന്ന് എത്രയോ വളർന്നിരിക്കുന്നു. ഓഫ്സെറ്റ് പ്രസ്സും ഡിടിപിയും വന്നപ്പോൾ പഴയ പ്രസ്സ് സങ്കല്പം തന്നെ പാളിപ്പോയി. അക്ഷരങ്ങൾ പെറുക്കിനിരത്തുന്ന (അച്ചുനിരത്തൽ) കമ്പോസിറ്റർമാർ -ഹാന്റ് കമ്പോസിംഗ്- ഇല്ലാതായി. അന്നൊരു യൂണിഫോമിറ്റി അക്ഷരങ്ങൾക്കുണ്ടായിരുന്നു. കൃത്യമായ ധാരണകളോടെ നിർമ്മിച്ചെടുത്ത മലയാള അക്ഷരങ്ങൾ. അത് ഡിടിപിയിലേക്കു മാറി. എല്ലാ പ്രൊസസും എളുപ്പമായി. വളരെ വളരെ എളുപ്പവും ഭംഗിയും വൃത്തിയും. പക്ഷെ അക്ഷരത്തെറ്റുകളുടെയും വ്യവസ്ഥയില്ലായ്മയുടെയും കൂമ്പാരമാണത്. (പ്രൂഫ് റീഡർമാരും കോപ്പി എഡിറ്റർമാരും ഇല്ലാത്ത മലയാള അച്ചടിയും പ്രസാധനവുമായി - ഉണ്ടെങ്കിൽത്തന്നെ... സംശയമാണ്.) അക്ഷരത്തെറ്റില്ലാതെ വരുന്ന പ്രിന്റുകൾ ഒന്നോ രണ്ടോ ശതമാനം. അച്ചടിപ്പിശകു പോട്ടെ, ലിപി വ്യവസ്ഥ. അങ്ങനെയൊന്നില്ല. ഓരോ ഡിടിപിക്കാരും അവർക്കിഷ്ടമുള്ളതുപോലെ ഏതെങ്കിലുമൊക്കെ സോഫ്റ്റ്‌വേറുപയോഗിക്കും. കാര്യം നടത്തും. ഇത്തരം കാര്യങ്ങളെ ദീർഘവീക്ഷണത്തോടെ കാണുന്നതിനുള്ള സാഹചര്യമാണ് ടെക്നോളജി പലപ്പോഴും ഇല്ലാതാക്കിയത്. അത് ഓരോ തവണയും അപ്ഡേറ്റുകളായി മാത്രമേ പുറത്തുവരൂ. അത് കണ്ടുപിടിക്കപ്പെടുന്നത് അങ്ങനെയാണ്. ന്യൂട്ടന്റെ തലയിൽ മാത്രമല്ലല്ലോ ആപ്പിൾ വീണിട്ടുള്ളത്. എന്തായാലും ഡിഫൻസ്മെക്കാനിസമായി കമ്പ്യൂട്ടർ സമരത്തെ കൊണ്ടുവരുന്നവർ സ്വയമറിയാതെ പുരോഗമനപക്ഷത്തുനിന്നും മാറിപ്പോവുകയാണ്. ഓർക്കുക, മണ്ണാങ്കട്ടയും കരിയിലയും കാശിക്കാണു  പോയത്. മറ്റെവിടെക്കുമല്ല. അർത്ഥത്തിന്റെ നിരവധി തലങ്ങൾ അതിലുണ്ട്. അതു കാണാതെ പോകരുത്.


No comments: