Friday, June 05, 2020

കാലത്തിനിണങ്ങുന്ന കവിതകൾ


.... ഭരണകൂടം ആകാശക്കാഴ്ചകളില്‍ അധിഷ്ഠിതമാകുവാന്‍ അധികനേരം എടുത്തില്ല. ഒരുദിവസം പെരുമാള്‍ ദിവാനോടു പറഞ്ഞു. മുകളില്‍ നിന്ന് നോക്കിയാല്‍ നമ്മുടെ റോഡുകള്‍ക്ക് ഒരു ഭംഗിയും ഇല്ല. വളഞ്ഞും പുളഞ്ഞും കൊക്രിച്ചും. ചീഫ് എന്‍ജിനീയര്‍ വഴികള്‍ നേര്‍വരകളാക്കുവാന്‍ കെട്ടിടങ്ങള്‍ ഇടിച്ചു വീഴ്ത്തി.
ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോഴും പൊങ്ങുമ്പോഴും ഉണ്ടാകുന്ന കൊച്ചു ചുഴലിക്കാറ്റുകളടിച്ച് പക്ഷികള്‍ പരിഭ്രമിച്ചു. ചിലപ്പോള്‍ ഹെലികോപ്റ്ററിന്‍റെ നീണ്ട വിശറിച്ചിറകുകളില്‍ ചോരയുടെ പാടും, പപ്പും പൂടയും കണ്ടിരുന്നു. താമസിയാതെ പക്ഷികള്‍ക്കു മടുത്തു. അവ മസൂറി വിട്ട് പോകാന്‍ തുടങ്ങി. കാഷ്ഠത്തിന്‍റെ അടരുകള്‍ നേര്‍ത്ത് കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ കാണുവാന്‍ തുടങ്ങി. .....
(വിലാപങ്ങള്‍-എന്‍.എസ്.മാധവന്‍)-ഹിഗ്വിറ്റ, പുറം 92. (1993)

എഴുത്തു് സമൂഹനിര്‍മ്മിതിയാണെന്നു വിശ്വസിക്കുന്നവര്‍ക്ക് സമൂഹത്തോട്, രാഷ്ട്രത്തോട് ഉത്തരവാദിത്തമുണ്ടാകുമ്പോള്‍ പ്രതികരണങ്ങള്‍ക്ക് ശക്തി കൂടും. അതിന് എല്ലാക്കാലത്തും പ്രസക്തിയുണ്ടാവുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് പുതിയ കാലത്തിന്റെ കവിത പ്രതികരിക്കുന്നതെങ്ങനെയാണെന്നും അത് ഏതു സാമൂഹികസാഹചര്യവുമായി ബന്ധപ്പെട്ടാണ് വികസിക്കുന്നതെന്നും പരിശോധിക്കേണ്ടത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നത്.

വര്‍ഗീയത, ഫാസിസം മുതലായ കാര്യങ്ങള്‍ വളരെയേറെ പ്രസക്തമായിത്തീര്‍ന്നിരിക്കുന്ന ഒരു സാഹചര്യത്തില്‍ പുതിയ നിലപാടുകളെ പരിശോധിക്കുന്നതിനാണ് പലപ്പോഴും ഊന്നല്‍ നല്കാറുള്ളത്.
എഴുപതുകളിലെ സാംസ്കാരികവും സാമൂഹികവുമായ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായ നിലപാടുകളുണ്ടാവേണ്ടതുണ്ട്. കവിയ്ക്കു മാത്രമായിട്ടല്ല ഓരോ വ്യക്തിയ്ക്കും മാറ്റങ്ങളോടുള്ള പ്രതികരണം എങ്ങനെയായിരിക്കും എന്നും അറിയേണ്ടതുണ്ട്. അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രവും അക്കിത്തത്തിന്‍റെ ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസവും കൊണ്ടുവന്ന മാറ്റത്തെ ആധുനികതയുമായി ചേര്‍ത്തുവെച്ച് പരിശോധിക്കുകയും പഠിക്കുകയും ചെയ്തതാണ്. മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം. 1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില. എന്നാല്‍ പല കവിതകളും അവയുടെ സ്വരൂപത്തില്‍ മറ്റു പലതിന്റെയും ഉള്ളടക്കങ്ങളെ കാണിക്കുന്നുണ്ടെന്നാണ് തോന്നുക. സാംസ്കാരികാവസ്ഥയോടുള്ള പ്രതികരണം, സാമൂഹികകാര്യങ്ങളിലുള്ള ഇടപെടല്‍ശേഷി എന്നിവയാണ് കവികളെ പുതിയ പലതിലേക്കും തിരിച്ചുവിടുന്നതെന്നും സാമാന്യമായി പറയാവുന്നതാണ്.
കെ.ജി.ശങ്കരപ്പിള്ളയുടെ മൗനത്തിന്റെ ശമ്പളം മരണം എന്ന കവിത
കൂട്ടുകാരാ, ഭീരുത്വം മൂലം – ഒരിക്കലും ഒരു പട്ടി കുരയ്ക്കാതിരിക്കുന്നില്ല – ഇതാ കാലന്‍, ഇതാ കള്ളന്‍, ഇതാ ബോറന്‍ – ഇതാ ജാരന്‍, ഇതാ പോസ്റ്റ്മാന്‍ – ഇതാ പിരിവുകാരോ വിരുന്നുകാരോ വരുന്നെന്ന്  – പട്ടി എപ്പോഴും സ്വന്തം ദര്‍ശനം അപ്പാടെ വിളിച്ചു പറയുന്നു. – ഒരു ദൈവത്തിന്റെയും വാഹനമല്ലാത്തവന്‍ – കൂട്ടുകാരാ പറയേണ്ടതു പറയാതെ – ഒരു പട്ടി പോലുമല്ലാതെ – വാലു പോലുമില്ലാതെ – നരകത്തില്‍പ്പോലും പോകാതെ – ഈ സൗധങ്ങളില്‍ നാം ചീഞ്ഞു നാറുന്നു. (കഷണ്ടി)
ഈ കവിത വാട്സ് ആപ്പില്‍ ഇപ്പോള്‍ പ്രചരിക്കുന്നതിന്‍റെ അര്‍ത്ഥവിശേഷം എന്തായിരിക്കുമെന്ന് പറയാതെ തന്നെ ഊഹിക്കാന്‍ കഴിയും. എതിരഭിപ്രായങ്ങള്‍ ഉണ്ടാവാം. അവയെ സ്വാഗതം ചെയ്യുന്നു. പുതിയ കാലത്തോടോ ചരിത്രത്തോടോ ലോകത്തോടുതന്നെയോ സംവദിക്കാതെ ഒരാള്‍ക്ക് എങ്ങനെയാണ് കവിതയെഴുതാന്‍ സാധിക്കുക. വികാരങ്ങളുടെ പ്രകാശനമാണു കവിതയെന്നു വാദിക്കുന്നവര്‍ക്ക് വൈകാരികത എന്തിനോടാണുള്ളതെന്ന ചോദ്യം മാത്രം ബാക്കിയാക്കി നിര്‍ത്താവുന്നതാണ്. അതാതു കാലത്തെ സന്പ്രദായങ്ങളുമായി ചേര്‍ന്നു നില്ക്കുകയും അവയെ വെല്ലുവിളിക്കുകയും ചെയ്യുന്നതില്‍ത്തന്നെയാണ് ഈ വൈകാരികതയും കുടികൊള്ളുന്നത്.
ചങ്ങമ്പുഴയും കുമാരനാശാനും വള്ളത്തോളും വൈലോപ്പിള്ളിയും ഉള്ളൂരുമെല്ലാം അതാതു കാലത്തിന് അനുസൃതമായിട്ടാണ് എഴുതിയത്. ഇവയൊന്നും തന്നെ കാലത്തിനോ ദേശത്തിനോ അപ്പുറത്തു നിന്നുകൊണ്ട് സംവദിക്കപ്പെടുന്നില്ല. കാലാതിവര്‍ത്തിയായി നില്ക്കുകയും ഓരോ കാലത്തിനും അനുസൃതമായ ധ്വനിവിശേഷങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് വള്ളത്തോള്‍ ദേശസ്നേഹിയായ കവിയായും ചങ്ങമ്പുഴ കാല്പനികന്‍ മാത്രമായും തീരുന്നത്. സച്ചിദാനന്ദനോ, കെ ജി ശങ്കരപ്പിള്ളയോ ഗോപീകൃഷ്ണനോ ഒക്കെത്തന്നെ പുതിയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വീരാന്‍കുട്ടിയുടെ നാവ് എന്ന കവിത അച്ചടിച്ചു വരികയുണ്ടായി.

അദ്ദേഹത്തിന്‍റെ മറ്റൊരു കവിത
പാറ്റയും വിളക്കും
പ്രണയത്തെപ്പറ്റി
വിനിമയം ചെയ്തതത്രയും
താഴെ വച്ച പാത്രത്തിലെ വെള്ളത്തിൽ
ശേഖരിക്കാൻ നാം കാണിച്ച ശ്രമത്തെ
രാത്രി പരിഹസിച്ചുകൊണ്ടിരുന്നു.
പകരം നിലത്താകെ ചിറകുകൾകൊണ്ട്
പ്രാചീനമായ ഏതോ ലിപിയിൽ
അവരെഴുതിയിട്ടത് നമുക്ക് മനസ്സിലായതുമില്ല.
"ജീവനിൽ കുറഞ്ഞ
ഒരു വാഗ്ദാനവുമില്ല പ്രണയത്തിൽ"
എന്നത് അതിലെ ആദ്യവാക്യമായിരുന്നിട്ടും.
ഇവിടെ പുതിയ കാലവും വരുംകാലവും പോയകാലവുമുണ്ട്. അതിലുപരി ശാസ്ത്രമുണ്ട്. ചരിത്രത്തിന്‍റെ ഗതിവിഗതികളോരോന്നോരോന്നായി കവി എടുത്തു പറയുന്നുമുണ്ട്.
എസ്. ജോസഫിന്റെ കവിതയെക്കുറിച്ചുള്ള നിരീക്ഷണം നോക്കുക.
'മുനപോയ ഉളികൊണ്ടു പണിയുന്ന
ആശാരിയാണ്‌ കവി.
ആലയില്ലാത്ത കൊല്ലന്‍.
ചുറ്റികയും കരണ്ടിയുമില്ലാത്ത കല്‍പ്പണിക്കാരന്‍.
പണി നടന്നേ പറ്റൂ.'
ഇവിടെ കവിക്ക് കവിയെക്കുറിച്ചുള്ള തിരിച്ചറിവാണുള്ളത്. ഇതു പുതിയ കാലത്തിന്‍റെ നേരു പറച്ചിലാണ്. കവിതയെക്കുറിച്ചുള്ള വീക്ഷണമാണ്. കവിത സാധാരണക്കാരനോട് സംവദിക്കുന്നതിന്‍റെ നേര്‍ചിത്രമാണിത്.
തീവണ്ടിയില്‍ കടന്നുപോകുമ്പോള്‍
ഒരു മിന്നായം പോലെ ആ ഷാപ്പു കാണുന്നു.
ഉണ്ടൊരു ചന്തം
പാടി നില്‍ക്കുന്നു
മാടി വിളിക്കുന്നു
കൂടെപ്പാടാന്‍. (ഷാപ്പ്, എസ്. ജോസഫ്)
കവിത നൈമിഷികമായ ഒരനുഭവമായിത്തീരുന്നുവെന്ന ആക്ഷേപങ്ങള്‍ കണ്ടിട്ടുണ്ട്. കാലത്തെയും ലോകത്തെയും അടയാളപ്പെടുത്തുന്നുവെന്നതു തന്നെയാണ് അതിനുള്ള മറുപടിയെന്നു തോന്നുന്നു. ചില നേരനുഭവങ്ങള്‍ - അവ കുറച്ചു നേരത്തേക്കുമാത്രം ത്രസിപ്പിക്കുന്ന ഒരനുഭവമാകുന്നു, അതിനപ്പുറം അതു മറയുന്നു എന്ന തരത്തിലുള്ള നിരീക്ഷണങ്ങളാണേറെയും. അത്തരം കവിതകള്‍ ഇല്ലയെന്നല്ല, പക്ഷേ, അവ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞോട്ടെ, മറയാതെ നില്ക്കുന്ന ഉത്തരാധുനികകവിതയുടെ പുതിയ മുഖമായി കുറേപ്പേരെയെങ്കിലും കണ്ടെത്താനാവും.
പി.എന്‍ ഗോപീകൃഷ്ണന്‍റെ കവിത കാണുക.
നീയപ്പോള്‍ പത്രത്തിന്റെ നാലാം പേജ് എത്തിയിരുന്നു മരിച്ചവരുടെ താളില്‍ എന്റെ പേര് വായിക്കാൻ അല്പം കൂടി സമയമെടുക്കും. അടുപ്പിൽ പാല് തിളച്ചു തൂവിയില്ലെങ്കില്‍ 3നിമിഷം. “ചായ താ”എന്നാരെങ്കിലും കല്പിച്ചില്ലെങ്കില്‍ 5നിമിഷം. മോട്ടോര്‍ വെള്ളമെടുത്തില്ലെങ്കിൽ 1മണിക്കൂര്‍. അല്ലെങ്കില്‍ രാത്രിയാകും. മൈഗ്രേയ്നില്‍ തല ചായ്ച്ച ദിവസമെങ്കിൽ വായിക്കുകയേ ഇല്ല. നീ വായിച്ച നാലു താളുകളിലെ വില്ലൻ നായകനായി. മുകേഷ് അംബാനിയുടെ അറ്റാദായം നാലിരട്ടിയായി. പിഴുത വനം വീണ്ടും പിഴുതെടുത്ത് കോര്‍പ്പറേറ്റുകൾ ബോക്സൈറ്റ് കയറ്റി അയച്ചു
ഒരു ഭാഷ വെട്ടിമുറിച്ച് അവര്‍ രണ്ടു ഭാഷകളുണ്ടാക്കി. സൂര്യനെ വിട്ട് ഉരുളുന്ന ഒരു നാണയത്തിനു പുറകേ ഭൂമി ഉരുളാന്‍ തുടങ്ങി. നന്ദി. അന്ന് നീയെന്റെ ചരമവാര്‍ത്ത വായിക്കാതെ പോയതിനാല്‍ അത്രമേല്‍ പ്രണയിക്കാൻ ഞാന്‍ ജീവനോടിരിയ്ക്കുന്നു. അതെ. ആരും തിരിഞ്ഞുനോക്കാത്ത ഒരു അര്‍ദ്ധഗോളത്തിലാണ് ഇന്ന് ലോകം പ്രസന്നമായ് ഉരുണ്ടിരിക്കുന്നത്. ഞാന്‍ നിന്നിലെന്ന പോലെ…
രാഷ്ട്രീയസംഭവവികാസങ്ങളോട് വെറുതെ പ്രതികരിക്കുന്പോള്‍ കവിതയുണ്ടാകുന്നില്ല. ഈ പ്രതികരണത്തില്‍ കവിതയുള്ളത് അത് ജീവിതത്തിലെ സംഭാവ്യതകളെക്കൂടി കവി ചിന്തിക്കുന്നതു കൊണ്ടാണ്. കവിത പിറക്കുന്നത് അന്നുമിന്നും ഒരേ സാഹചര്യത്തിലാണെന്നു പറയാവുന്നതാണ്. ഈ സാഹചര്യത്തെയാണ് പലപ്പോഴും വൃത്തവും താളവും കൊണ്ട് ചര്‍ച്ച ചെയ്യുന്നത്. പദ്യരൂപത്തില്‍ മാത്രമുള്ളതല്ലല്ലോ കവിത.
നീയിന്നാ മേഘരൂപന്‍റെ ഗോത്രത്തില്‍ ബാക്കിയായവന്‍ ഏതോ വളകിലുക്കം കേട്ടലയും ഭ്രഷ്ടകാമുകന്‍ - ആറ്റൂര്‍.
ബിംബകല്പനകളില്‍ കാലത്തെയും യാഥാര്‍ത്ഥ്യത്തെയും ചേര്‍ത്തുവെയ്ക്കുന്പോള്‍ കവിതയുടെ സൗന്ദര്യം വര്‍ദ്ധിക്കുകയും അതു വിമര്‍ശനങ്ങളുടെ നോട്ടമായിത്തീരുകയും ചെയ്യും. മേഘരൂപനെയും അതിന്‍റെ അപരത്തെയും തിരിച്ചറിയുകയും പരസ്പരപൂരകങ്ങളായി നില്ക്കുന്ന സ്വഭാവസവിശേഷതകളെ ആശ്ലേഷിക്കുകയുമാണ് ആറ്റൂരിവിടെ ചെയ്യുന്നത്. അതുകൊണ്ടാണ് ചങ്ങമ്പുഴയില്‍നിന്നും കവി കടം കൊള്ളുന്നില്ലെന്നു പറയുന്നതും. മലരൊളിതിരളും മധുചന്ദ്രികയില്‍ മഴവില്‍ക്കൊടിയുടെ മുന മുക്കി എഴുതാനുഴറീ കല്പന ദിവ്യമൊരഴകിനെ എന്നെ മറന്നൂ ഞാന്‍ എന്നു കവി തികച്ചും കാല്പനികമായാണ് പാടുന്നത്. എന്നാല്‍ വിത്തനാഥന്‍റെ ബേബിക്കുപാലും നിര്‍ദ്ധനച്ചെറുക്കന്നുമിനീരും ഈശ്വരേച്ഛയാകിലമ്മട്ടുള്ളീശ്വരനെച്ചവിട്ടുക നമ്മള്‍ എന്നും കവി പാടുന്നുണ്ട്. കാലവുമായി ബന്ധപ്പെടുന്ന കവിയുടെ പ്രതികരണമാണിത്. ഇതു രാഷ്ട്രീയം പറച്ചിലല്ല, സാമൂഹികതയ്ക്കെതിരെയുള്ള വാചാടോപങ്ങളല്ല, അതിലുപരിയായി കവിതയിലൂടെയുള്ള പ്രതികരണമാണ്. ഈ പ്രതികരണത്തില്‍ കവിതയുണ്ടാകുന്നത് അതു വെറുതെ പറയുന്നിടത്തല്ല. വാക്കും വരികളും വൃത്തവും താളവും ഒപ്പിച്ചു പാടുന്നിടത്തുമല്ല. കവിതയുടെ കാലവുമായുള്ള ചേര്‍ന്നു നില്ക്കലാണത്. അതുകൊണ്ടുതന്നെയാണ് എന്നിട്ടും വന്നീലെന്‍ കണ്ണീര്‍തുടയ്ക്കുവാനെന്നാത്മ നായകന്‍ തോഴീ എന്നെഴുതിയതും. റഫീക്ക് അഹമ്മദാവട്ടെ അധരമാം ചുംബനത്തിന്റെ മുറിവു നിന്‍ മധുരനാമ ജപത്തിനാല്‍ കൂടുവാന്‍ പ്രണയമേ, നിന്നിലേയ്ക് നടന്നൊരെന്‍ വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍ അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നി- വന് പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍ മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ എന്ന രീതിയിലാണ് പുതിയ കാലത്ത് ഇതവതരിപ്പിക്കുന്നത്. ഇവിടെ പ്രണയം വറ്റുകയോ മരിക്കുകയോ ചെയ്തിട്ടില്ല, അതു കാലാനുസൃതമായി പരിഷ്കരിക്കപ്പെടുകയാണ്. അതുകൊണ്ടാണ് ഈ വരികള്‍ സിനിമയുടെ ദൃശ്യവിശേഷങ്ങള്‍ക്കനുസൃതമായി കണ്ണി ചേര്‍ക്കപ്പെട്ടതും.
കാലം മാറുന്നതോടെ കവിതയിലുണ്ടാകുന്ന ദൃശ്യസവിശേഷതകളെക്കുറിച്ചാണ് ഈ പ്രബന്ധം. ഇവിടെ കാലവുമായോ സമൂഹവുമായോ ചേര്‍ന്നുനിന്നുകൊണ്ടല്ലാതെ വികസിക്കപ്പെടാത്ത ദൃശ്യരൂപങ്ങളെയാണ് കാണുന്നത്. ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന കാലത്തോട് ഉത്തരാധുനികമായ പ്രവണതകളോട് കവിയ്ക്ക് പുറംതിരിഞ്ഞു നില്ക്കാനാവില്ല. കവി കാലത്തിനപ്പുറത്തേക്കു സഞ്ചരിക്കുന്നവനാണ്. ഓരോ കാലത്തെയും മാറ്റങ്ങളെ കാണുകയും സാങ്കേതികതയിലുണ്ടാകുന്ന വ്യത്യാസങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിനാല്‍ കവിതയ്ക്ക് പ്രയാസങ്ങളുണ്ടാകില്ല. വെറുതെ പറയുകയല്ല കവി, തുറന്നുപറയുകയാണ്. വെറുതെ കാണുകയല്ല കവി, നോക്കിക്കാണുകയാണ്, വെറുതെ വരച്ചിടുകയല്ല, അമര്‍ത്തിക്കോറുകയാണ്. ഈ കോറലില്‍ പുതിയ സാങ്കേതികതയുമുണ്ട്. അതുകൊണ്ടാണ് സൈബര്‍കവിതകളുണ്ടാകുന്നത്. സൈബര്‍ലോകത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കുന്നത്. എഴുത്താണിയില്‍നിന്നും പാപ്പിറസ് ചുരുളുകളിലേക്കും അച്ചടിമഷിയിലേക്കും എഴുത്തു മാറിയതുപോലെ ഡിജിറ്റലായ ശബ്ദങ്ങള്‍ക്കും മേലെ വര്‍ണ്ണപ്രപഞ്ചങ്ങള്‍ക്കും മേലെ ഉയര്‍ന്നുനില്കവാനും വളരുവാനും കവിതയ്ക്ക് കഴിയുന്നത് അതിനു കടുംകാലത്തെ മാത്രമല്ല അതിനപ്പുറത്തുള്ളതിനോടും പ്രതികരിക്കാനാവും എന്നതു കൊണ്ടുതന്നെയാണ്.
എങ്ങനെയാണ് പുതിയ കവിതകള്‍ പഴയതില്‍നിന്നു വ്യത്യസ്തമാകുന്നത്? ഈ ചോദ്യത്തിന് പ്രസക്തിയില്ലെന്നു പറയേണ്ടിവരും. കാരണം പഴയകാലം പുതിയകാലത്തിലേക്കു മാറുന്നിടത്ത് പുതിയ കാലത്തിന്‍റെ രീതികളിലേക്ക് ശബ്ദവും ദൃശ്യവും ക്രമീകരിക്കപ്പെടുന്നത് സ്വാഭാവികമാണെന്നതുപോലെ യാത്രയിലും വേഷത്തിലും ചിന്തകളിലും പുതുമയുണ്ടാകുന്നതു പോലെ സ്വാഭാവികമായും, പൂ വിടരുന്നതുപോലെ സ്വാഭാവികമായി മാറ്റമുണ്ടാകുന്നു. ഈ മാറ്റം കുമാരനാശാന്‍ ചാരുചിത്രപടഭംഗിപോലെ കണ്ട അറിവു തന്നെയാണ്. കൊച്ചുതൊമ്മനിലെ അന്തരീക്ഷസൃഷ്ടിപോലെത്തന്നെയാണ്. കാലത്തോട് ചേര്‍ന്നുനില്ക്കുന്ന മാറ്റങ്ങള്‍. അതേയുള്ളൂ, അതുമാത്രമേയുള്ളൂ. അതൊരിക്കലും നേരത്തേയറിഞ്ഞതും പഠിച്ചതുമായ ചരിത്രപാഠങ്ങളെയും ഇതിഹാസസാന്നിധ്യത്തെയും മറക്കുന്നില്ല. മാറിനില്ക്കുന്നുമില്ല.
അതുകൊണ്ടാണ് അയ്യപ്പപ്പണിക്കരുടെ ഗോപികാദണ്ഡകത്തില്‍ "അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍ മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍ ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍ ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ് അറിയുന്നു ഗോപികേ നിന്നെ ഞാന്‍ അറിയുന്നു ഗോപികേ..” എന്നു കവി പാടുന്നതും.
സവിശേഷമായ ബിംബകല്പനകളിലൂടെ കയ്പുനിഞ്ഞ ജീവിതാനുഭവങ്ങളെ ആവിഷ്കരിച്ച എ. അയ്യപ്പന്‍, കാപട്യങ്ങളുടെ മുഖാവരണം മാറ്റുന്നതിലൂടെ കപടഭക്തിയെ വെളിപ്പെടുത്തുന്ന കവിതയിലെ വരികള്‍ ഇങ്ങനെ. - ചങ്ങാതി തലവച്ചപാളത്തിലൂടെ ഞാന്‍ തീര്‍ത്ഥാടനത്തിനുപോയി യമുന നിറയെ കണ്ണുനീര്‍ ഗംഗാജലത്തിനു ശവത്തിന്റെ രുചി
ഹിമാലയത്തില്‍ രക്തം ഘനീഭവിച്ച മഞ്ഞുകട്ടകള്‍'. വിശപ്പാവട്ടെ ആവിഷ്കരിക്കപ്പെട്ടത് ഇങ്ങനെയും. - 'കാറപകടത്തില്‍ പെട്ടുമരിച്ച വഴിയാത്രക്കരന്റെ ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്ന അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്‍
ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍ എന്റെ കുട്ടികള്‍;വിശപ്പ്‌ എന്ന നോക്കുകുത്തികള്‍
ഇന്നത്താഴം ഇതുകൊണ്ടാവാം "
ഇവിടെ തെളിഞ്ഞുനില്ക്കുന്ന ചിത്രങ്ങള്‍ വ്യക്തിപരതയുടേതാണ്. അത് സമകാലികമായ എല്ലാ വേദനകളേയും കരുണ വറ്റിച്ചുതീര്‍ക്കുന്ന സാഹചര്യങ്ങളേയും ഓര്‍മ്മിപ്പിക്കുന്നു.
വരേണ്യഭാഷാപ്രയോഗങ്ങളെയും നടപ്പുകാവ്യരീതികളെയും നിരാകരിച്ചുകൊണ്ട് ഉയര്‍ന്നു കേള്‍ക്കുന്ന സ്വരം എല്‍. തോമസ്‌കുട്ടിയുടേതാണ്. പുതിയ രീതിയില്‍ പുതിയ ഭാഷയില്‍ ആരും കേള്‍ക്കാത്ത പലതിനെയും കവി കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. കവിതയുടെ ശീര്‍ഷകത്തില്‍ത്തന്നെ അതുണ്ട്. 'ന്ഥ','ങും','15-01-2010','ഉം','+','ശ്‌സ്','ക്ഷ-റ','ഛെ','കാക്ക-ശ്ശെ','ഭൂമി+ചെരുപ്പ്=ദുജ്', 'ഉള്ളി-ല്‍','നര-ന്‍',' തുടങ്ങിയ ഉദാഹരണങ്ങള്‍ നോക്കുക.  'സാമൂഹ്യപാഠം ഏഴാം തരം' എന്നതൊരു പാരഡി കവിതയാണ്. കൊളോണിയല്‍ മനസ്സു നിര്‍മ്മിച്ച ചരിത്രബോധത്തെ അപഹസിക്കുകയാണത്.
ആലുംമൂട്ടിലെ വീട്ടിലിരുന്നു അക്ഷരം പഠിച്ച മലയാളി കൊളമ്പസ് പാണന്‍ തോടു മുറിച്ച് കൊതുകുവള്ളത്തില്‍ ഏറി വിശറി പിടിപ്പിച്ച് കാവുംതുറ ദ്വീപിലിറങ്ങി. എന്തെങ്കിലും കണ്ടുപിടിച്ചേ തീരൂന്ന് പൂതി.
പ്രണയരഹിതമായ ജീവിതം മരണമാണെന്നു പറയുന്ന വീരാന്‍കുട്ടി കവിതയില്‍ ഇങ്ങനെ ചേര്‍ക്കുന്നു. "ദൈവമേ പ്രണയത്തില്‍ നിന്നും എന്നെ പുറത്താക്കാന്‍ പോവുകയാണെങ്കില്‍ നേരത്തെ ഒരു സൂചന തരണേ മരണത്തിനു മുമ്പ് എനിക്കു ചില തയ്യാറെടുപ്പുകള്‍ നടത്താനുണ്ട്!” പറയാതെ പറയാനാകുന്ന കവിതയുടെ ആഖ്യാനരീതി ഇവിടെ നഷ്ടംവന്നിട്ടില്ല. അതിലേറെ ദൃശ്യസവിശേഷതകളിലേക്കും ദൃശ്യാവിഷ്കാരത്തിലേക്കും കവിത തുറന്നു നില്ക്കുന്നത് "വെള്ളച്ചാട്ടം വരെ മാത്രമേ ഉള്ളില്‍ അടക്കി വച്ച പ്രണയത്തെ നദിക്കു രഹസ്യമാക്കി വെക്കാനാകൂ.” 
കാലം, ചരിത്രം, കാവ്യപാരന്പര്യം, സാങ്കേതികത എന്നിവയില്‍നിന്നു മാറി നിന്നുകൊണ്ടല്ല ഒരു കവിയും ദൃശ്യാഖ്യാനം നിര്‍വഹിക്കുന്നത്. ദൃശ്യസവിശേഷതകള്‍ വരച്ചു വെയ്ക്കുന്നിടത്ത് ഭാവുകത്വത്തിലുണ്ടാകുന്ന പരിണാമങ്ങള്‍കൂടി വിഷയമാകുന്നു. ആസ്വാദകന്‍റെ അറിവും ചുറ്റുപാടും ആശയവിനിമയത്തിന് അനിവാര്യമാണ് എന്നതിനാല്‍ സ്വപ്നത്തിലെ മരണത്തോടെ സ്വപ്നത്തിലെ ബന്ധുക്കളെയെല്ലാം ഉപേക്ഷിക്കുന്നുവെന്നു പറയുന്നതുപോലെ കവിതയൊരിക്കലും സ്വപ്നദര്‍ശനമാവുകയോ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാതിരിക്കുകയോ ചെയ്യുന്നില്ല. ബൃഹദാഖ്യാനങ്ങളില്‍നിന്നു മാറി പുതുരൂപം സ്വീകരിക്കുകയും ചെറിയ ചെറിയ വൈകാരികഭാവമായി ഉള്ളില്‍ത്തട്ടിപ്പറയുന്ന നൊന്പരമായി, വിമര്‍ശനമായി, ഓര്‍മ്മയായി കവിത മാറിയിരിക്കുന്നു. അപ്പോഴും പരന്പരാഗതധാരണകളെയും സാമൂഹ്യബോധത്തേയും മാറ്റിനിര്‍ത്തിക്കൊണ്ടല്ല കവികള്‍ സംസാരിക്കുന്നത്. അതൊരിക്കലും തരളിതഭാവങ്ങള്‍ക്കു മാത്രം ഊന്നല്‍ നല്കിയ കാല്പനികത പോലെയോ, ഭാവാര്‍ദ്രതയെ വെല്ലുവിളിച്ച ആധുനികതയേയോ പോലെയല്ല. ദൃശ്യരൂപങ്ങളില്‍ കൊച്ചു കൊച്ചു ഖണ്ഡങ്ങള്‍ കൂട്ടിച്ചേര്‍ത്ത കൊളാഷെന്നതുപോലെ അസംഖ്യം ചേര്‍ച്ചയും ചേര്‍ച്ചയില്ലായ്മയും ദര്‍ശിക്കാനാവും. ഇവയുടെ സമവായമായിത്തീരുന്നതില്‍ പുതിയ കവിതയുണ്ട്. കവിയുണ്ട്.


No comments: