ദേശീയതയുടെ പേരിലാണ് ഇന്ന് പല ചർച്ചകളും നടക്കുന്നത്, നടന്നുകൊണ്ടിരിക്കുന്നത്. വ്യക്തിയുടെ പ്രാധാന്യം നഷ്ടപ്പെടുകയും അത് ആൾക്കൂട്ട കേന്ദ്രിതമാവുകയും ചെയ്യുന്നിടത്താണ് ദേശീയത കരുത്താർജ്ജിക്കുന്നത്. വ്യക്തിതാല്പര്യങ്ങൾ ദേശീയതയോടു സമരസപ്പെടുന്നത് ആനുകൂല്യങ്ങളുടെ ലഭ്യതയ്ക്കനുസരിച്ചാണ്. നിർമമമോ നിർവ്യാജമോ നിഷ്പക്ഷമോ ആയ ദേശീയത എന്നൊന്നില്ല. ജനിച്ച സ്ഥലത്തെ ആസ്പദമാക്കി നിർണയിക്കപ്പെടുന്ന പൗരത്വം അവിടെ നിലനില്ക്കുന്ന വ്യവസ്ഥകളെ സ്വീകരിച്ചുകൊണ്ട്, പൊരുത്തപ്പെട്ടുകൊണ്ട്
ചേർന്നുനില്ക്കുന്നു. ഇത്തരത്തിൽ ചേർന്നു നില്ക്കുന്ന ദേശീയതയെ മറ്റു വിശ്വാസങ്ങളുടെ പേരിൽ മുറിപ്പെടുത്തുന്നതിനോ പരിഷ്കരിക്കുന്നതിനോ ശ്രമിക്കുമ്പോൾ ഒരേ ദേശീയതയിലെ പല തരത്തിലുള്ള അംഗങ്ങളെയും വേറിട്ടു കാണുകയാണ് എന്ന് അർത്ഥമാക്കേണ്ടിവരും.
പലരും വിഭിന്ന ചിന്താഗതികളോടെ വേർതിരിഞ്ഞു നില്ക്കുന്നതായി തോന്നുകയും ചെയ്യും.
ചേർന്നുനില്ക്കുന്നു. ഇത്തരത്തിൽ ചേർന്നു നില്ക്കുന്ന ദേശീയതയെ മറ്റു വിശ്വാസങ്ങളുടെ പേരിൽ മുറിപ്പെടുത്തുന്നതിനോ പരിഷ്കരിക്കുന്നതിനോ ശ്രമിക്കുമ്പോൾ ഒരേ ദേശീയതയിലെ പല തരത്തിലുള്ള അംഗങ്ങളെയും വേറിട്ടു കാണുകയാണ് എന്ന് അർത്ഥമാക്കേണ്ടിവരും.
പലരും വിഭിന്ന ചിന്താഗതികളോടെ വേർതിരിഞ്ഞു നില്ക്കുന്നതായി തോന്നുകയും ചെയ്യും.
ഇന്ത്യയുടെ പൗരാണികതയും വിശ്വാസങ്ങളും താല്പര്യങ്ങളും ഒരു പ്രത്യേക കാലത്തിൻറേതുമാത്രമായി അടയാളപ്പെടുത്തുകയും അവയുടെ അടിസ്ഥാനത്തിൽ ഇതരകാലങ്ങളിലെ വ്യവസ്ഥകളേയും ആളുകളേയും തള്ളിക്കളയുകയും ചെയ്യുന്നത് ഒട്ടും ആശാസ്യമല്ല. മാത്രമല്ല, ഇവിടെ പലപ്പോഴും സംഭവിക്കുന്നത് പല ഭാഗങ്ങളെയും സംസ്കാരത്തെയും കണ്ടില്ലെന്നു നടിക്കലാണ്. ബഹുസ്വരതയെ അംഗീകരിക്കുകയും പ്രകൃതിയുടെ ഭാഗമായി എല്ലാത്തിനെയും കണ്ടുകൊണ്ട് മനുഷ്യാദ്ധ്വാനത്തിന് മൂല്യം കല്പിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഇന്നു നേരിടുന്ന പല പ്രശ്നങ്ങളും അവസാനിപ്പിക്കാനാവും. പശു പോലുള്ളവയിലേക്കു കേന്ദ്രീകരിക്കുന്ന ചർച്ചകൾ ബഹുദൂരം പുറകോട്ടു നടത്തുന്നവയാണെന്നതിൽ സംശയമില്ല. പകരം പശുക്കൾക്ക് വിഹരിക്കാനാവശ്യമായ പ്രകൃതിവിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തട്ടെ. കാടും മേടും പുഴകളും സംസ്കാരത്തിൻറെ ഭാഗമാവുകയും വൃന്ദാവനങ്ങൾ കഥകളിൽനിന്നും നഗര-ഗ്രാമസംസ്കാരത്തിൻറെ ഭാഗമായി രൂപപ്പെടുകയും ചെയ്യട്ടെ. എല്ലായിടത്തും വൃന്ദാവനമുണ്ടാകുന്നതാകട്ടെ മുഖ്യ അജണ്ട. കോൺക്രീറ്റിൻറെ കൊടുംചൂടിൽനിന്ന് കുളിർത്തെന്നലിലേക്ക് അടുത്ത കാലം ചുവടു വയ്ക്കട്ടെ.
എത്ര മനോഹരമായ കല്പനയാണ് വൃന്ദാവനത്തിൻറേത്. പ്രകൃതിയോടു ചേർന്നുനില്ക്കുന്ന മനുഷ്യൻറെ പരമാനന്ദത്തിൻറെ ഉദാത്തമായ കല്പനയായി അതിനെ കാണാനാവും. അതൊരു ലക്ഷ്യമായെടുത്താൽ വരുംതലമുറയുടെ പരിസ്ഥിതിപ്രശ്നങ്ങളെയും മലിനീകരണപ്രശ്നങ്ങളെയും പരിഹരിക്കാൻ തീർച്ചയായും സാധിക്കും.

No comments:
Post a Comment