ലങ്കാലക്ഷ്മി എന്ന പ്രസിദ്ധമായ നാടകത്തിൽ രാവണൻ പറയുന്നുണ്ട് - (ഇന്ദ്രജിത്തിനെ സമീപിച്ച്) 'മകനേ! രാവണൻ ഒരല്പായുസ്സിൽ അറ്റുപോകുന്ന പൂമ്പാറ്റയല്ല. രാവണൻ പരമ്പരയാണ്. ഇന്നലെയും ഇന്നും നാളെയും ഉള്ളതാണ്. ഹേതിപുത്രൻ, വിദ്യുൽകേശൻ, തൽപുത്രൻ, സുകേശൻ, സുകേശന്റെ പുത്രൻ സുമാലി, സുമാലിയുടെ പൗത്രൻ രാവണൻ, രാവണന്റെ പുത്രൻ മേഘനാദൻ...'
ഇതിഹാസങ്ങൾ വ്യക്തിത്വത്തെ പ്രത്യേക അടരുകളിൽ സൂക്ഷിക്കുന്നവയാണ്.
പുനർവായനകളുടെ അർത്ഥവ്യാപ്തികളിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവയാണ്. ബൗദ്ധികശീലങ്ങളിലേക്ക്
പുതുമയുടെ പ്രകാശം ചൊരിയുന്നവയാണ്. അവയെ തിരിച്ചറിയുകയും ആശ്ലേഷിക്കുകയും ചെയ്യുന്നവർ
വരുംകാലത്തിനും വരുംകുലത്തിനും പുതുസന്ദേശങ്ങൾ നൽകുന്നവരുമാണ്. രാക്ഷസകുലത്തെ സംബന്ധിച്ചു
മാത്രമല്ല, മനുഷ്യകുലത്തെ
സംബന്ധിച്ചും രാവണന്റെ പരാമർശം പ്രസക്തമാണ്.