ആഴത്തിലറിയുക എന്നൊന്നുണ്ട്. എന്താണത് എന്ന ചോദ്യത്തിന്
കൂടുതല്‍ നന്നായി മനസ്സിലാക്കുക എന്നായിരിക്കും മറുപടി. ആഴത്തിലേക്കിറങ്ങി
അന്വേഷിക്കലാണത്. അതായത് പുഴയുടെ ആഴത്തിലേക്ക് ഇറങ്ങുകയും അവിടെ തിരയുകയും
ചെയ്യുക. ഇങ്ങനെ സാധാരണയായി കേള്‍ക്കുന്ന ഒരു സംഗതിയെ ശബ്ദതാരാവലിയോ ശൈലീ പുസ്തകമോ
ഒന്നും നോക്കാതെ അവതരിപ്പിക്കാനാവും. ഇനി ഇതിന്റെ നിരുക്തിയിലേക്കു
പോവുകയാണെങ്കില്‍ ആഴം എന്ന പദം എങ്ങനെയുണ്ടാകുന്നു, അത് മലയാളത്തില്‍ വന്നതെങ്ങനെ?
ഏതു സാഹചര്യത്തിലാകും ഉപയോഗിക്കപ്പെട്ടിരിക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍
ഇതുമായി ബന്ധപ്പെടുത്തി അന്വേഷിക്കാന്‍ സാധിക്കും.
നന്നായി
വായിച്ചു മനസ്സിലാക്കുക എന്നു പറയുന്നതിനേക്കാള്‍ സൗന്ദര്യം ഇതിനുണ്ട്. കുറേക്കൂടി
സാഹിത്യഭംഗിയുണ്ട്. വെറുതെ ഭംഗിവാക്കു പറയുന്നതുപോലെയല്ല, പണ്ഡിതസമാനമായ എന്തോ ഒരു
സംഗതി കേട്ട അനുഭൂതിയാണ് മറ്റൊരാള്‍ ഇങ്ങനെ നമ്മളോട് പറയുമ്പോള്‍ ഉണ്ടാവുക.
ആഴത്തിലറിയുന്നതിന്
നെഗറ്റീവായ അര്‍ത്ഥവും ഒരുപക്ഷേ കണ്ടേക്കാം. നെഗറ്റീവ് എന്നല്ല, ദ്വയാര്‍ത്ഥം
എന്നൊക്കെ വിചാരിക്കാവുന്നതാണ്. മറ്റെന്തെങ്കിലും ധ്വനിയിലാണെങ്കില്‍ സന്ദര്‍ഭാനുസരണം
ചിരിയും വരും.
