പദം genre എന്നാണ്. ഉച്ചാരണത്തിന്റെ കാര്യത്തിൽ പലതും കേൾക്കാറുണ്ട്. ഴാനറെന്ന് എഴുതുന്നവരും ജോണറിനെ സ്നേഹിക്കുന്നവരും ജാനറിനെ മാത്രം ഉച്ചരിക്കുന്നവരും - അങ്ങനെയേറെപ്പേർ. ആശയക്കുഴപ്പമൊന്നും ഇക്കാര്യത്തിലില്ല. ജനുസ്സെന്ന പ്രയോഗത്തിന് സ്പീഷിസുമായുള്ള ബന്ധം ആലോചിക്കുമ്പോൾ genre-നെ അങ്ങനെ തന്നെ കൈകാര്യം ചെയ്താൽ മതിയോ എന്നൊരു തോന്നൽ വന്നുചേരും. സാഹിത്യരൂപമെന്നും പ്രരൂപമെന്നും തനിമലയാളത്തിൽ എഴുതിക്കാണിക്കുന്നവരുമുണ്ട്. സാഹിത്യപ്രരൂപത്തെക്കുറിച്ചാവുമ്പോൾ അതിനെ മറ്റു മേഖലയുമായി ബന്ധിക്കാൻ പ്രയാസം തോന്നും.
ഫ്രഞ്ചുപദം സ്വീകരിക്കുമ്പോൾ ഫ്രഞ്ചിലെ ഉച്ചാരണം അതേപടി സ്വീകരിക്കണമെന്ന് നിർബന്ധമില്ലാത്തതുകൊണ്ട് ഇംഗ്ലീഷിൽ - ഇംഗ്ലീഷെന്നു പറയുമ്പോൾ അമേരിക്കൻ, ബ്രിട്ടീഷ്, ഇന്ത്യൻ തുടങ്ങി അനവധി ഭേദങ്ങളോടെ അത് ഉച്ചരിക്കപ്പെടുന്നുവെന്നുള്ള വസ്തുതയെ കാണണം. ഇന്റർനെറ്റിന്റെ കാലമായതുകൊണ്ട് അങ്ങനെയൊരു വഴി നോക്കുമ്പോൾ അതു തന്നെയാണ് കാണാനാവുക. ഒരു വഴിയടയുമ്പോൾ നിരവധി വഴികൾ തെളിയും എന്നൊക്കെയാണ് പറയാറ്. ഇവിടെയിപ്പോൾ ഒരു വഴിയേ ഉള്ളൂവെന്നല്ല, ആ ഒരു വഴി മാത്രമേ എളുപ്പത്തിൽ പ്രാപ്യമാക്കാറുള്ളൂ. ഓക്സ്ഫോർഡിന്റെ നിഘണ്ടുവോ വെബ്സ്റ്ററോ ഏതൊക്കെ നോക്കിയാലും ഉച്ചാരണകാര്യത്തിൽ ചില സാമ്പ്രദായികരീതികൾ പിന്തുടരുന്നതായും കാണാം.