ഒരു നോർമൽ ഫോണ്ടിൽ കാര്യങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ പലതരം സംശയങ്ങളാണ്. ഇത് ഇങ്ങനെത്തന്നെ മതിയോ ഫോണ്ടിനെന്തെങ്കിലും മാറ്റമുണ്ടായാൽ നന്നാവുമോ. രൂപത്തിലാണോ ഭാവത്തിലാണോ കാര്യം. അതോ രണ്ടും ഒരുപോലെ ഗുണപ്രദമായിരിക്കുമോ. സ്മാളസ്റ്റ്, സ്മാൾ, നോർമൽ, ലാർജ്, ലാർജസ്റ്റ് തുടങ്ങി, മദ്യഷാപ്പിലെ കണക്കുപോലെ പലതരത്തിലാണ് ഫോണ്ടുകൾ. കാർത്തിക, രേവതി, അശ്വതി, ഗോപിക, ഇന്ദുലേഖ, ഗിരിജ തുടങ്ങി വ്യത്യസ്തപേരുകളിലുള്ള രൂപങ്ങളും. ഗോപികയാണ് കൂട്ടത്തിൽ സുന്ദരി.
രേവതിക്ക് വല്ലാത്ത ഒരു ആഢ്യത്വമുണ്ട്. ഭക്ഷണകാര്യത്തിൽ പിശുക്കുകാണിക്കാത്ത ഒരു സമ്പന്നയുടെ ഭാവമാണ് ഇന്ദുലേഖയ്ക്ക്. പലപ്പോഴും ബോൾഡാക്കിയെടുക്കേണ്ട കാര്യമേയില്ല. അശ്വതി ഒരു നാണംകുണുങ്ങിയാണ്. അവൾ പലപ്പോഴും ഉപകാരപ്പെടില്ല. കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചാലും വേർപെട്ടു തന്നെ നിൽക്കും. കാർത്തിക വടിവൊത്ത് നിൽക്കും. ദരിദ്രയില്ലത്തെ യവാഗുപോലെ നീണ്ടിട്ടിരിക്കും നയനദ്വയത്തിയാണവൾ.