Thursday, February 20, 2025

ക്ലൗഡ് മ്യൂസിക് (കഥ)

“ഇപ്പോത്തന്നെ ആമസോണ്‍ മ്യൂസിക്കുണ്ടല്ലോ, അത് പ്രൈം അക്കൗണ്ടല്ലേ. ഇനിയൊരു പ്രീമിയം വെര്‍ഷന്‍ എടുത്തു കേള്‍ക്കാന്‍ വയ്യ” എന്നു പറഞ്ഞപ്പോള്‍, രാത്രി എട്ടു മണിക്കുശേഷം പതിവായി വാട്സാപ്പ് വീഡിയോയില്‍ വരുന്ന മകളാണ് സൗണ്ട് ക്ലൗഡ് എടുക്കാന്‍ പറഞ്ഞത്. അതൊരു ജര്‍മ്മന്‍ ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണത്രേ. ഉപഭോക്താക്കള്‍ക്ക് അപ്‌ലോഡിനും പ്രമോട്ടിനും ഷെയറിനും സൗകര്യമുണ്ടാക്കുന്ന ഓണ്‍ലൈന്‍. പത്തുപതിനഞ്ചു വര്‍ഷത്തിലധികം പ്രായമുള്ള പ്ലാറ്റ്ഫോമായിട്ടും ഇതേവരെ ഉപയോഗിക്കാന്‍ തോന്നിയില്ലല്ലോ എന്ന ചിന്ത അലോസരപ്പെടുത്തി. ഏതാണ്ട് അവളേക്കാള്‍ രണ്ടോ മൂന്നോ വയസ്സിനിളപ്പമുള്ള കമ്പനി.

പുതിയൊരു ഓപ്ഷന്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ആദ്യം മൗനമായിരുന്നു എന്റെ മറുപടി. പിന്നെ, കുറച്ചുനേരം ആലോചിച്ചു. ടീപ്പോയിലെ പത്രത്തിനു മുകളിലിരുന്ന ടിവിയുടെയും ഹോം തീയേറ്ററിന്റെയും സെറ്റ്ടോപ്പ് ബോക്സിന്റെയും റിമോട്ടുകളില്‍ തിരഞ്ഞു. ടിവിയുടെ റിമോട്ടെടുത്ത്, ഫോണ്‍ സംഭാഷണത്തിലെ തടസ്സമൊഴിവാക്കാന്‍ മ്യൂട്ടാക്കി വെച്ചിരുന്ന ചാനല്‍ വെറുതെ മാറ്റി. ചലിച്ചുകൊണ്ടിരുന്നെങ്കിലും നിശ്ശബ്ദമായിരുന്ന പരസ്യങ്ങളില്‍നിന്ന് ശബ്ദകാലത്തെ വീണ്ടെടുക്കാന്‍ ശ്രമിച്ചു. ഓര്‍മ്മയില്‍ പരസ്യവാചകങ്ങള്‍ക്കൊപ്പം സംഗീതവും സംഭാഷണവും തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. മകള്‍ മൊബൈല്‍ സ്ക്രീനിലേക്കുതന്നെ നോക്കി മുഖഭാവം ശ്രദ്ധിക്കുന്നുണ്ട്. അവളുടെ നോട്ടം കണ്ടപ്പോള്‍ പതുക്കെ പറഞ്ഞു.