Wednesday, April 29, 2020

കഥയുടെ ആദിരൂപം


സിനിമ ദൃശ്യാഖ്യാനവും സമൂഹത്തിന്റെ പരിച്ഛേദവുമാകുമ്പോൾ പോപ്പുലർ കൾച്ചറിന് അവിടെ ഇടപെടാനാവില്ല. പോപ്പുലർ കൾച്ചർ സമൂഹത്തിന്റെ ഭാഗമാണെന്നിരിക്കെ അത് ജീവിതാനുഭവങ്ങളെയും നാനാവിധ കാഴ്ചപ്പാടുകളെയും നോക്കിക്കാണുന്ന രീതിയാണ് ഇങ്ങനെ പലപ്പോഴും പറയിക്കുന്നത്.   സനൽകുമാർ ശശിധരന്റെ ചോല(2019) എന്ന സിനിമ മലയാളിയുടെ പോപ്പുലർ സംവേദനശീലത്തിന് ഒരിക്കലും വിധേയപ്പെടുന്നില്ല. സിനിമയുടെ സാധാരണ കാഴ്ചയിൽനിന്നും എത്രയോ ഉയരത്തിലാണ് ആ സിനിമയും കഥാപാത്രങ്ങളും തങ്ങളുടെ സ്വത്വത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. കഥാപരിണാമത്തിലേക്കുള്ള ഒറ്റ സൂചന പോലുമില്ലാതെ, മറ്റു സമാനതകൾ നിലനിർത്തിക്കൊണ്ടുതന്നെ, നിസ്സഹായതയുടെ സ്ത്രീയവസ്ഥയും വേട്ടക്കാരനോടുള്ള ഇരയുടെ വിധേയത്വവും സമൂഹം കല്പിച്ച മാനസികഭാവമാണെന്ന സൂചനയെ ക്യാമറയുടെ കാഴ്ചയിലൂടെയാണ് സംവിധായകൻ പറഞ്ഞുവയ്ക്കുന്നത്. ഭീതി നിറഞ്ഞു നിൽക്കുന്ന ഈ അവസ്ഥയിലേക്ക് എത്തിക്കുന്നതാവട്ടെ കഥ പറച്ചിലിന്റെ ആദിരൂപത്തോടു ചാർച്ച കാണിക്കുന്ന തുടക്കവും ഒടുക്കവും തന്നെ. 
മെഴുകുതിരിവെട്ടത്തിൽ ശബ്ദമായി നിൽക്കുന്ന കഥയുടെ ആദിരൂപത്തെ ജീപ്പെന്ന യന്ത്രത്തിന്റെ പരുക്കൻ ഭാവത്തെ ശരീരത്തിൽ ആവാഹിച്ച വില്ലനിലേക്കും പ്രകൃതിയെ വന്യമാക്കിത്തീർക്കുന്ന വശ്യതയിലേക്കും എത്തിക്കുകയാണ് ചെയ്യുന്നത്. കൊല ആസൂത്രണം ചെയ്യാതെ തന്നെ ചെറുകല്ലുകൾ അടുക്കിവച്ച് അതിനിടയിൽ ഉറങ്ങിപ്പോകുന്ന കഥയിലെ രാജകുമാരിയാണ് ചോലയിലുള്ളത്. കഥയിലല്ല കാര്യം. കഥയേക്കാൾ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ ആഖ്യാനചാതുരി തന്നെ. സിനിമയുടെ കഥപറച്ചിൽ വ്യവസ്ഥയെ ആദിമ/പ്രാകൃതവാസനയോട് ബന്ധിക്കാനുള്ള ശ്രമം, എത്രത്തോളം വിധേയപ്പെട്ടുകൊണ്ടാണ് എതിർപ്പുകളെ സ്വീകരിക്കാനുള്ള മാനസികഭാവത്തിലേക്ക് പരിവർത്തിക്കപ്പെടുന്നതെന്ന് വ്യക്തമാക്കാൻ ''എന്നിട്ട്?'' എന്ന ഒറ്റച്ചോദ്യത്തിനു കഴിയുന്നു. കഥയിൽ ആ ചോദ്യത്തെ ഉണ്ടാക്കിയെടുക്കുന്ന ആകാംക്ഷ അനിവാര്യമാണല്ലോ. 
ഹൈറേഞ്ചിലൂടെ ഇറങ്ങിവരുന്ന ജീപ്പാണ് ഇവിടെ പ്രധാന കഥാപാത്രമായിത്തീരുന്നത്. ജീപ്പ് ഒരു രൂപകമാണ്. തുറന്നു നില്ക്കുന്ന അതിന്റെ ശരീരഘടന എളുപ്പത്തിൽ വീഴ്ത്തുവാനോ, രക്ഷപ്പെടുവാനോ ഉള്ള വഴികളേറെ ഉള്ളതാണെങ്കിലും ബലവത്തായ അതിന്റെ കയറ്റിറക്കങ്ങൾ ആരെയും പുറത്തേക്കിറക്കില്ല. അതിന്റെ പരുക്കൻ ശബ്ദത്തിൽനിന്ന് കുതറിമാറാനോ നിലവിളിക്കാനോ ആവില്ല. ഈ രൂപകമാണ് പ്രതിനായകനെ ഉച്ചസ്ഥായിയിൽ ഉറപ്പിക്കുന്നത്. യാന്ത്രികതയിൽ അഭിരമിക്കുന്ന വ്യക്തി ജീപ്പിന്റെ മുരൾച്ചയിലും അതിനേക്കാൾ ഉച്ചത്തിൽ ആജ്ഞാപിക്കുന്ന ഡ്രൈവറിലും നിന്ന് പ്രകൃതിയുടെ വന്യതയിലേക്ക് എത്തിപ്പെടുമ്പോൾ നിസ്സഹായരായിത്തീരുന്ന രണ്ടു പേർ പ്രതികരണശേഷി ഇല്ലാത്തവരായി സ്വയം വിധേയപ്പെടുകയാണ്. ഹൈവേയുടെ അരികിൽ പാർക്കു ചെയ്ത് നിൽക്കുമ്പോഴാണ് നിർണ്ണായകമായ ആ വഴിത്തിരിവിലേക്ക് യാത്ര മാറ്റിത്തീർക്കപ്പെടുന്നത്. റോഡരികിൽ നിർത്തിയതിനുശേഷം സംഭാഷണം തീർന്ന് ജീപ്പ് യാത്ര തുടരുന്നതുവരെ ക്യാമറ പുറത്തുനിന്ന് വീക്ഷിക്കുകയാണ്. ഇരുട്ടു കൂടി വരുന്നു. വാഹനങ്ങളിൽ ലൈറ്റുകൾ തെളിയുന്നു. അസാധാരണമായ പരിവർത്തനത്തെ ഇതിലേറെ ഭംഗിയായി അവതരിപ്പിക്കാനാവില്ല. കഥാപാത്രങ്ങളുടെ സമീപദൃശ്യത്തിലെ മുഖഭാവങ്ങൾക്ക് പ്രസക്തിയില്ലാതായിത്തീരുന്നത് അതിലേറെ ആലോചനകളിലേക്കാണ് പ്രേക്ഷകനെ എത്തിക്കുന്നത്. വില്ലൻ അതിവേഗത്തിൽ രക്ഷകനായിത്തീരുകയും കൂടെയുള്ളവർ ആജ്ഞാനുവർത്തികളുമായിത്തീരുന്നു. പിന്നെ, മനുഷ്യന്റെ രൗദ്രഭാവത്തിലേക്ക്, ദയയോ തരളതയോ ഒട്ടുമില്ലാതെ ലക്ഷ്യത്തിലേക്കുമാത്രം കുതിക്കുന്ന സാമൂഹ്യഭാവത്തിലേക്ക് അത് കടന്നുചെല്ലുകയാണ്. പ്രകൃതിയുടെ മുരൾച്ചയിലും മനുഷ്യന്റെ നിസ്സഹായതയുടെയും അർമാദത്തിന്റെയും നിലവിളിയിലും അതൊടുങ്ങുകയും ചെയ്യുന്നു. പ്രകൃതിയുടെ സ്വാഭാവികതയെ മനുഷ്യന്റെ ഇടപെടലാണ് വന്യമാക്കിത്തീർക്കുന്നത്. ചോലയെ ചോരയാക്കിത്തീർക്കുന്ന ഇടപെടലുകളെ ഇതിലും ഭംഗിയായി ആവിഷ്കരിക്കാനാവുന്നതെങ്ങനെ?

No comments: