Monday, March 02, 2020

ചലച്ചിത്രചിഹ്നനവും ഭാഷാശാസ്ത്രവും

ഭാഷയെന്നാൽ ചിഹ്നവ്യവസ്ഥയിലധിഷ്ഠിതമായ ആശയവിനിമയപ്രക്രിയയാണ്. ഈ വ്യവസ്ഥ ചിന്തകളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള ഉപാധിയാണ്. ആശയം പ്രകടിപ്പിക്കുന്നയാളും അതു സ്വീകരിക്കുന്നയാളും തമ്മിലുള്ള ഒരു ഉടമ്പടിയാണിത്. രണ്ടുകൂട്ടരും ഭാഷാവ്യവസ്ഥയെക്കുറിച്ച് അറിവുള്ളവരായിരുന്നാൽ മാത്രമേ, ആശയവിനിമയപ്രക്രിയ പൂർത്തിയാകുന്നുള്ളൂ. ഒരു ഭാഷാവ്യവസ്ഥയിൽ സൂചകങ്ങളും സൂചിതങ്ങളും ഉൾപ്പെടുന്ന അർത്ഥതലം മാത്രമല്ല ഉള്ളത്. നേരിട്ട് ഭാഷയിലേക്ക് കടന്നുവരാത്ത ആംഗ്യങ്ങൾ ഉൾപ്പെടെ പലതും ആശയവിനിമയപ്രക്രിയയിൽ ഇടപെടുന്നു. സിനിമയിലും ഇതങ്ങനെത്തന്നെയാണ്. സിനിമയിലെ സംഭാഷണം മാത്രമല്ല, ഷോട്ടുകളും ആംഗിളുകളും പ്രകാശക്രമീകരണവും കഥാപാത്രസ്വരൂപവുമെല്ലാം സിനിമയുടെ ആശയവിനിമയപ്രക്രിയയിൽ ഉൾപ്പെടുന്നു. എന്നാൽ സിനിമ നിർമ്മിക്കുന്നതിനുപയോഗിച്ച ഭാഷാരീതിയിലല്ല സിനിമയുടെ വിശകലനം നടക്കുക. എഴുത്തുഭാഷയാണ് പൊതുവെ ഇതിനുള്ള മാധ്യമം.
ആസ്വാദകന് പ്രതികരിക്കുന്നതിനുള്ള ഉപാധി സിനിമ എന്ന മാധ്യമത്തിൽനിന്നു വ്യത്യസ്തമാണ്.
ക്രിസ്ത്യൻ മെറ്റ്‌സ് പറയുന്നത് സിനിമ സ്വയം ഒരു ഭാഷയായിത്തീർന്നാണു പ്രേക്ഷകരിലെത്തുന്നത് എന്നാണ്. അത് ഒരു ഭാഷാസമൂഹത്തെ സൃഷ്ടിക്കുന്നില്ല. നേരിട്ട് സിനിമയുടേതായ ഉപാധികളിലൂടെ പ്രേക്ഷകരിലെത്തുന്ന സിനിമ പലപ്പോഴും ഭാഷാപരമായ അതിർത്തികളെയും അതിലംഘിച്ച് ആശയവിനിമയം നടത്തുന്നതായി കാണാം. ആശയപ്രകടനത്തിനുതകുന്ന ഒരു കൂട്ടത്തെ ഭാഷ എന്നു പറയുന്നതനുസരിച്ച്, മെറ്റ്‌സ് സൂചിപ്പിക്കുന്നത്, സിനിമയുടെ ഭാഷ ഒരു കൂട്ടം സന്ദേശങ്ങളാണെന്നും അതിന്റെ ആശയപ്രകടനോപാധി അഞ്ചുതരത്തിലുള്ള ട്രാക്ക് അഥവാ ചാനലിലൂടെയാണ് എന്നുമാണ്. ചലിക്കുന്ന ഫോട്ടോഗ്രാഫിക് ദൃശ്യം, സംഭാഷണം, മറ്റു വിവിധതരം ശബ്ദങ്ങൾ, സംഗീതം, എഴുത്തുകൾ എന്നിവയാണ് അവ. അങ്ങനെ സിനിമ സാങ്കേതിക-ബൗദ്ധികതലത്തിലുള്ള ഒരു ഭാഷയാകുന്നു. അതാവട്ടെ, ഇന്ദ്രിയാനുഭവമെന്ന നിലയിൽത്തന്നെ സൃഷ്ടിക്കപ്പെട്ടതുമാണ്. സാഹിത്യത്തിന്റെ നിർവ്വചനങ്ങളുമായി ബന്ധിച്ചു ചലച്ചിത്രഭാഷയെ സങ്കീർണ്ണമാക്കേണ്ട ആവശ്യമില്ല. കാരണം, രണ്ടിന്റെയും പ്രകടനോപാധികൾ തികച്ചും വ്യത്യസ്തമാണ്.
സാഹിത്യവും സാഹിത്യവിമർശനങ്ങളും വാക്കുകളെന്ന ഒരേവാഹകം തന്നെ ഉപയോഗിക്കുമ്പോൾ സിനിമയും സിനിമാപഗ്രഥനങ്ങളും അങ്ങനെയല്ല. സിനിമയെന്ന മാധ്യമത്തിൽനിന്നു തികച്ചും വ്യത്യസ്തമാണ് സിനിമയുടെ വിമർശനങ്ങളും അപഗ്രഥനങ്ങളും. അതായത്, സിനിമയിൽ നേരത്തേ പറഞ്ഞ അഞ്ചു ട്രാക്കുകൾ ശ്രദ്ധിക്കണം. ദൃശ്യം, ഡയലോഗ്, ശബ്ദം, സംഗീതം, എഴുത്ത് മുതലായവ. എന്നാൽ വിമർശനങ്ങൾക്കാവട്ടെ വാക്കുകൾ എന്ന എഴുത്തുരീതിയോ, ദൃശ്യമാധ്യമങ്ങളിലൂടെ വരുന്ന ദൃശ്യസങ്കലിതമായ വാക്കുകളുടെ രീതിയോ മാത്രമേ ഉള്ളൂ. സിനിമയിൽ ഉപയോഗിക്കുന്ന ദൃശ്യമാധ്യമത്തിന്റെ ഭാഷയിൽ വിമർശനങ്ങൾ 'സാധാരണയായി' നടക്കാറുമില്ല. അതായത്, ഒന്നോ രണ്ടോ ട്രാക്കിൽ മാത്രം ഒതുങ്ങുന്ന വിമർശനരീതിയാണ് ഇവിടെയുള്ളത്. വിമർശനത്തിന്റെ ഭാഷ ചിലപ്പോൾ സിനിമയുടെ ഘടനയ്ക്കു വഴങ്ങുന്ന രീതിയിലാവില്ല. മികച്ച സിനിമ എപ്പോഴും അതിന്റെ ഘടകങ്ങളിലൊന്നായ ഭാഷയിൽനിന്നും രക്ഷപ്പെടാനുള്ള ശ്രമമാണു നടത്താറ്. (കമ്പോളപ്രധാനമായ സിനിമകളിലും മറ്റുള്ളവയിലും പലപ്പോഴും ഡയലോഗുകളുടെ അതിപ്രസരമുണ്ടാവാറുമുണ്ട്.) അതുകൊണ്ട് ഏറ്റവും ശരിയായ രീതിയിൽ സിനിമയോട് പ്രതികരിക്കണമെങ്കിൽ അതിന്റെ പ്രതികരണമാധ്യമമായി മറ്റൊരു സിനിമ സൃഷ്ടിക്കേണ്ടി വരും. (ചിറകൊടിഞ്ഞ കിനാവുകൾ, 2015 എന്ന സിനിമ സമഗ്രസിനിമാവിമർശനമായി വരികയും സിനിമയല്ലാതെ പോവുകയും ചെയ്തത് ഓർക്കുക. ഇതൊരിക്കലും സിനിമാവിമർശനമല്ല, സിനിമയെന്ന ആഖ്യാനം മാത്രമാണ് എന്ന കാര്യം സംവിധായകൻ മറന്നുപോയി.) സംവിധായകൻ സ്വീകരിച്ച അതേരീതിയിൽ കഥയുടെ വിവിധവശങ്ങളിലേക്കോ മാതൃകയിലേക്കോ പോയി വിമർശനം നടത്തുക സാധ്യമല്ല. നാടകത്തിന്റെ വിമർശനം നാടകമെഴുതിക്കൊണ്ടു നടത്താറില്ല. എന്നാൽ മറുപടി/പ്രതികരണനാടകങ്ങൾ ഉണ്ടാകാറുമുണ്ട്. എന്തായാലും പ്രേക്ഷകനെ കുഴക്കുന്ന പ്രശ്‌നപരിസരങ്ങളിലേക്കു കൊണ്ടുചെന്നെത്തിക്കുകയായിരിക്കും ഇത്തരം പഠനരീതികൾ ചെയ്യുക. സിനിമയുടെ വിമർശനമായി ഓരോരുത്തരും സിനിമയെടുക്കാൻ തുടങ്ങിയാൽ എന്തുസംഭവിക്കും? ഇത് എളുപ്പത്തിൽ സാധ്യമായ കാര്യമല്ല. എന്നാൽ ഈ അഭിപ്രായത്തിന് ഇണങ്ങുന്ന രീതിയിലല്ലെങ്കിലും ചില ഒറ്റപ്പെട്ട ശ്രമങ്ങൾ ടെലിവിഷൻ ചാനലുകൾ നടത്തുന്നുണ്ട്. ഇത്തരം വിമർശനങ്ങളും പഠനങ്ങളും കുറച്ചുകൂടി ആസ്വാദ്യകരമായ മറ്റൊരു രീതിയിൽ, എങ്ങനെയാണോ സാഹിത്യം അതിന്റെ വിമർശനത്തിന് പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തിയത്, അതുപോലെ, സിനിമയെന്ന മാധ്യമത്തെ പൂർണ്ണമായും വിഷ്വലൈസ് ചെയ്യാവുന്ന മറ്റൊരു സരണി (സമ്പ്രദായം) ഉണ്ടാവേണ്ടിയിരിക്കുന്നു. അപ്പോൾ മാത്രമാണ് ആഴ്ചപ്പതിപ്പുകളിലും പത്രമാസികകളിലും സിനിമയുടെ വിമർശനങ്ങൾ എന്നപേരിൽ ഉണ്ടാകുന്ന പഠനസമ്പ്രദായങ്ങൾക്ക് പുതിയ ചട്ടക്കൂട് ലഭ്യമാവുക. ഭാഷയിലും പ്രയോഗത്തിലും സാഹിത്യത്തെ കൂട്ടിപ്പിടിക്കുന്ന പതിവുരീതികളും സിനിമാക്കഥ ലേഖനമായി അവതരിപ്പിക്കുന്ന വിവരണസമ്പ്രദായവും മറ്റും അവസാനിപ്പിക്കുകയും അതിനു ബദലായി ഉയർത്തിക്കാണിക്കാനാവുന്ന ഒരു രീതി വികസിക്കുകയുമാണ് വേണ്ടത്. ഒറ്റപ്പെട്ട ശ്രമങ്ങൾ അവിടവിടെയായി കാണാറുണ്ടെങ്കിലും സിനിമാക്കഥയുടെ വിവരണത്തോടെ അവയിൽ പലതും സ്വയം അവസാനിക്കുകയും ചെയ്യാറുണ്ട്.
സാധാരണ വ്യവഹാരസമ്പ്രദായങ്ങളിലൂടെ ഒരു സിനിമയോടു പ്രതികരിക്കുന്നതിനുള്ള പ്രയാസം പരിഹരിക്കാൻ ചിഹ്നവിജ്ഞാനീയ(ടലാശീശേര)െത്തെ അടിസ്ഥാനമാക്കിയാൽ സാധിക്കുമെന്നതിൽ തർക്കമില്ല. കൂടുതൽ വ്യക്തമായി സെമിയോട്ടിക് പഠനങ്ങൾ നടത്തുന്നതും അവയുടെ ചലച്ചിത്രസമവാക്യങ്ങൾ സൃഷ്ടിക്കുന്നതും ചലച്ചിത്രനിരൂപണത്തിനുള്ള പുതിയ സമ്പ്രദായങ്ങൾ കൊണ്ടുവരും. ചലച്ചിത്ര ചിഹ്നവിജ്ഞാനീയം ദൃശ്യഭാഷയെയും സമ്പ്രദായങ്ങളെയും പഠിക്കുന്നതിനു സഹായകമാണ്. അതിന്റെ മാർഗ്ഗത്തിലൂടെ സിനിമയുടെ പ്രതിനിധാനസ്വഭാവം മനസ്സിലാക്കാൻ കഴിയും. സിനിമയ്ക്കു സംസ്‌കാരത്തെയും സാമൂഹികബന്ധങ്ങളേയും പ്രതിനിധീകരിക്കുന്നതിനുള്ള കഴിവു പരിശോധിക്കുന്നത് ഉദാത്തമായ ഒരാശയസംഹിതയെ രൂപപ്പെടുത്തുന്നു. അതായത്, കലാരൂപത്തിനു സമൂഹത്തോടുള്ള പ്രതിബദ്ധത കണ്ടെത്തുന്നതിനുള്ള സമവാക്യങ്ങൾ സമൂഹത്തിൽനിന്നുതന്നെ സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടതാണ്. ചിഹ്നവ്യവസ്ഥയുടെ സങ്കീർണ്ണതയേക്കാൾ അതിന്റെ ലാളിത്യത്തെയാണ് സ്വീകരിക്കേണ്ടത്. അതെങ്ങനെ സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നുവെന്ന് പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വർഗ്ഗീകരിക്കുകയുമാണ് വേണ്ടത്.
ചലച്ചിത്രനിർമ്മാണത്തിൽ ധാരാളം ഇടപെടലുകളുണ്ട്. സിനിമയുടെ സംവിധായകന് ആവശ്യമായരീതിയിൽ കഥയെ ക്രമപ്പെടുത്തിയെഴുതാൻ സഹായിക്കുന്നയാളാണു തിരക്കഥാകൃത്ത്. സംഭാഷണരചയിതാവു നിർവ്വഹിക്കുന്ന പങ്കും ചെറുതല്ല. മലയാളസിനിമയിൽ പലപ്പോഴും തിരക്കഥാകൃത്തിന് നൽകുന്ന പ്രാധാന്യമേറെയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ദൃശ്യാവിഷ്‌കാരം നടത്തുക മാത്രം ചെയ്യുന്ന സംവിധായകരെയും കാണാം. ആദ്യകാലത്ത് കഥ പറഞ്ഞിരുന്ന രീതിയിൽനിന്നു വ്യത്യസ്തമായി ക്യാമറയുടെ ആംഗിളിലും ചലനത്തിലും ചടുലതയിലും മാറ്റം സംഭവിച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ വിഷ്വലൈസ് ചെയ്യപ്പെടുന്ന ഇമേജിനെ ക്രോഡീകരിക്കുന്നതും അവതരിപ്പിക്കുന്നതുമെല്ലാം പഴയതുപോലെത്തന്നെ. ക്രെയിൻ ഷോട്ടുകളിൽനിന്ന് ആകാശഷോട്ടുകളിലേക്ക് പരിണമിച്ച സിനിമയുടെ കാഴ്ച മാത്രമാണിത്. കെ.മധുവിന്റെ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്(1998) എന്ന സിനിമ പൂർണ്ണമായും കഥാവസ്തുവിനെ കേന്ദ്രീകരിച്ചാണെന്നതിൽ തർക്കമില്ല. കലാപരമായ സ്ഥാനം ക്യാമറയ്ക്കുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഏതാനും വർഷങ്ങൾക്കുശേഷം അതിന്റെ അടുത്ത ഭാഗമായി പുറത്തുവന്ന സേതുരാമയ്യർ സി.ബി.ഐ(2004)യിൽ വന്ന മാറ്റം പ്രധാന നടന്റെ ചർച്ചകൾ പലപ്പോഴും കാറിനുള്ളിലായിത്തീർന്നു എന്നതാണ്. അതിലുപരി, അവ ലോംഗ്‌ഷോട്ടുകളും ഏതെങ്കിലും വലിയ ഹൈവേയിലൂടെയുള്ള വേഗതയേറിയ യാത്രയുമായി. അതാണ് ആ സിനിമയുടെ ആവിഷ്‌കാരത്തിൽ വന്നിട്ടുള്ള മാറ്റം. കഥാതന്തുവിനെമാത്രം കേന്ദ്രീകരിച്ച ആദ്യത്തെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ലെന്നു ചുരുക്കം. ഇന്നിപ്പോൾ സ്ലോമോഷൻ സങ്കേതത്തെ സ്വീകരിക്കുന്നതിലും മാറ്റമുണ്ടായിരിക്കുന്നു. സാങ്കേതികതയെ സ്വീകരിക്കുന്നതിലുപരി സങ്കേതത്തെ അമിതമായി ആശ്രയിക്കുകയാണ് പലപ്പോഴും. സ്ലോമോഷനെന്നത്, സ്മൂത്ത് സ്ലോ മോഷനും സ്റ്റക്ക് ഇൻ മോഷനും മറ്റുമായിത്തീരുമ്പോൾ കാഴ്ചയുടെ സൗന്ദര്യത്തിലുപരി കഥപറച്ചിലിൽ അതിനുള്ള സ്ഥാനത്തെയല്ലേ പരിഗണിക്കേണ്ടത്. അല്ലെങ്കിൽ, ഇതൊരിക്കലും ദൃശ്യഭാഷയുടെ പ്രയോജനപ്പെടുത്തലാവില്ല. ലെറ്റർപ്രസ്സിൽ നിന്ന് ഓഫ്‌സെറ്റിലേക്കും മൾട്ടികളറിലേക്കുമുള്ളതുപോലെ ഒരു മാറ്റം മാത്രം.
സിനിമ ഒരിക്കലും ഒരു ഭാഷാവ്യവസ്ഥ അല്ല, കാരണം, ഭാഷാശാസ്ത്രപരമായ സൂചകങ്ങൾ മുഴുവൻ സിനിമയിൽ കൊണ്ടുവരുന്നത് അതിന്റെ മാധ്യമസ്വഭാവത്തിന് യോജിച്ചതല്ല. ഭാഷാപ്രയോഗം എന്നതിൽത്തന്നെ ഉറച്ചുനിൽക്കുന്നതാണ് ഭാഷാശാസ്ത്രപരമായ സൂചകങ്ങൾ. അതുകൊണ്ട്, സിനിമയിലെ സൂചക-സൂചിതബന്ധങ്ങൾ സാഹിത്യഭാഷയിൽനിന്നു വ്യത്യസ്തമായിരിക്കും. അതായത്, സിനിമയിലെ ഷോട്ടുകൾ ഭാഷയിലെ വാക്കുകൾക്ക് സമമായി കണക്കാക്കാൻ പ്രയാസമാണ്. കാരണം, ഭാഷയിൽ ഉപയോഗിക്കുന്ന വാക്കുകൾ സാധുതയുള്ളതും ബോധമനസ്സിൽ നിലനിൽക്കുന്നതും സമൂഹത്തിൽ സാധ്യതയുള്ളതുമായിരിക്കും. എന്നാൽ സിനിമയിലെ ഷോട്ടുകളാവട്ടെ സംവിധായകന്റെ സൃഷ്ടിയാണ്. ഭാഷയിലെ വാക്കുകൾ ഒരുപരിധിവരെയെങ്കിലും എണ്ണിത്തിട്ടപ്പെടുത്താനാവും. (ഓരോ കാലത്തും വാക്കുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും). എന്നാൽ ഷോട്ടുകളാവട്ടെ അനന്തമാണ്. മാത്രമല്ല, അവയ്ക്ക് നല്കാൻ കഴിയുന്ന കൽപ്പനകൾ അനന്തസാധ്യതകൾ ഉൾക്കൊള്ളുന്നവയാണ്. പുതിയ വിവരങ്ങൾ തികച്ചും വ്യത്യസ്തമായ രീതിയിൽ അവയിൽ കണ്ടെത്താൻ കഴിയും. അവ മുന്നോട്ടുവയ്ക്കുന്ന അർത്ഥത്തിന് സന്ദർഭാനുസരണം മാറ്റങ്ങളുണ്ടാവുകയും ചെയ്യും. വാക്കുകളെപ്പോലെ വ്യാകരണപരമായ പരസ്പരബന്ധത്തിലൂടെ മാത്രമല്ല ഷോട്ടുകൾ അർത്ഥം നൽകുന്നത്. ചില പ്രത്യേകതരം ക്രമപ്പെടുത്തിലിലൂടെയാണ് ഷോട്ടുകൾ അർത്ഥത്തെ ഉൾക്കൊള്ളുന്നത്. മാത്രമല്ല, എല്ലാ അവസരത്തിലും പ്രയോഗിക്കത്തക്ക രീതിയിലുള്ള സങ്കേതത്തെപ്പോലെയുള്ള ഒരു ഭാഷ സിനിമ സൃഷ്ടിക്കുന്നില്ല എന്നും പറയാവുന്നതാണ്. മാതൃഭാഷ ഉപയോഗിക്കുന്ന ഏതൊരാൾക്കും ഭാഷയിലെ വിവിധ പ്രയോഗങ്ങൾ സംഭാഷണത്തിലോ നിത്യജീവിതസന്ദർഭങ്ങളിലോ പ്രയോജനപ്പെടുത്താനാവുന്നതുപോലെ, ചലച്ചിത്രാത്മകമായ സ്വനിമസവിശേഷതകളെ ഒരേപോലെ ഉപയോഗിക്കാനാവില്ല. അത് പ്രതിഭയുടെ അളവുകോലിൽവച്ചുകൊണ്ടുമാത്രമാണ് നിർണ്ണയിക്കുക. സാഹിത്യവും അങ്ങനെയാണ്. ഭാഷാപ്രയോഗം മാത്രമല്ല അത്; വാച്യാർത്ഥത്തേക്കാൾ വ്യംഗ്യാർത്ഥങ്ങളും വാക്കുകൾക്കിടയിൽനിന്നു കണ്ടെടുക്കേണ്ട അർത്ഥകല്പനകളും ചേർന്നതാണല്ലോ സാഹിത്യം.
പദങ്ങൾ കൂട്ടിച്ചേർത്ത് ഭാഷയിൽ വാക്യങ്ങൾ സൃഷ്ടിക്കുന്നു. സിനിമയാവട്ടെ, ഇമേജുകളും ശബ്ദങ്ങളും പരസ്പരപൂരകമായി കൂട്ടിച്ചേർത്ത് അർത്ഥസൃഷ്ടി നടത്തുകയാണ്. എഡിറ്റിംഗിലൂടെയാണിത് സാക്ഷാത്കരിക്കപ്പെടുന്നത്. സിനിമ സംവേദനം ചെയ്യാൻ ഉദ്ദേശിക്കുന്ന കഥാതന്തുവിനെ ഇമേജുകളുടെ സംയോജനത്തിലൂടെ ലഭ്യമാക്കാവുന്നതേയുള്ളൂ. കഥാപാത്രങ്ങൾ തിരശ്ശീലയിൽ പ്രത്യക്ഷപ്പെടുന്നത് എങ്ങനെയാവണമെന്നു തീരുമാനിക്കുന്നത് സംവിധായകനാണ്. എന്നാൽ സംവിധായകനു പ്രേക്ഷകരുടെ പ്രതികരണരീതിയെക്കുറിച്ചും അവരുടെ ആസ്വാദനനിലവാരത്തെക്കുറിച്ചുമുള്ള ബോധത്തിൽ നിന്നുമാത്രമേ ഈ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ. കാരണം, സിനിമകളേറെയും താരങ്ങളുടെ പ്രാധാന്യം കണക്കിലെടുത്താണു കഥ അവതരിപ്പിക്കുന്നത്. ഇവിടെ മനശ്ശാസ്ത്രപരമായ വിശകലനം കൂടി പരിഗണിക്കേണ്ടതുണ്ട്. പ്രേക്ഷകൻ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നുവെന്ന കണ്ടെത്തലാണ് അത്. പ്രേക്ഷകബോധത്തിലെ സവിശേഷതകളെ സിനിമയിൽ കാണുന്ന ആശയങ്ങളുമായി കൂട്ടിവായിക്കുന്നുവെന്നാണു മനശ്ശാസ്ത്രാപഗ്രഥനരീതികൾ പറയുന്നത്. ഭാഷയുടെ കാര്യത്തിലും അതായത്, ആശയവിനിമയം എന്ന നിലയിലുള്ള ഭാഷയുടെ പ്രത്യേകത പരിശോധിക്കുമ്പോഴും ഇതു കാണാൻ കഴിയുന്നു. ആശയോദ്ഭവം, സങ്കേതനം, ആശയസഞ്ചാരം, വിസങ്കേതനം, ആശയസ്വീകരണം തുടങ്ങിയ ആശയവിനിമയത്തിന്റെ അഞ്ചു ഘടകങ്ങളിൽ ആശയസ്വീകരണം നടക്കുന്ന പ്രാപ്യസ്ഥാനത്തിന്, മസ്തിഷ്‌കത്തിന്റെ അപഗ്രഥനപാടവംകൂടി ആവശ്യമാണ്. അത് ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ആശയവിനിമയപ്രക്രിയയെ ഇങ്ങനെ വിശദീകരിക്കാം: ആദ്യമായി വക്താവിൽ ആശയോദ്ഭവം ഉണ്ടാകണം. ഇതു വക്താവിന്റെ മനസ്സിൽ നടക്കുന്ന പ്രവർത്തനമായതിനാൽ അതിനു രൂപമില്ല. അമൂർത്തമായതിനാൽ അതിനെ സഞ്ചാരയോഗ്യമാക്കണം. ഈ പ്രവർത്തനമാണു സങ്കേതനം. ഉച്ചാരണാവയവങ്ങൾ അതിനു സഹായിക്കും. അതായത് ആശയചിഹ്നങ്ങൾ സൃഷ്ടിക്കപ്പെട്ട്, അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് ശ്രോതാവിന്റെ ചെവികളിലെത്തുന്നു. പ്രാപ്യസ്ഥാനത്തെത്തുന്നത് ആശയങ്ങളല്ല, ശബ്ദതരംഗങ്ങളാണ്. ശബ്ദതരംഗങ്ങളെ വീണ്ടും ആശയങ്ങളാക്കി മാറ്റുന്നതു മസ്തിഷ്‌കമാണ്. ഈ പ്രവർത്തനമാണു വിസങ്കേതനം. മസ്തിഷ്‌കത്തിന് ഇതു സാധ്യമാകണമെങ്കിൽ കേട്ട ശബ്ദങ്ങളെ മനസ്സിലാക്കാൻ കഴിയണം. അതായത് ആശയവിനിമയം നടക്കണമെങ്കിൽ ഉത്ഭവസ്ഥാനത്തും പ്രാപ്യസ്ഥാനത്തും കൃത്യമായി അർത്ഥം നിർണ്ണയിക്കപ്പെടണം. ഇതിൽ ബൗദ്ധികവ്യാപാരവും ഉൾപ്പെടും. ഭാഷ ആശയവിനിമയത്തിനുള്ള ഉപാധിയാണെങ്കിൽ സിനിമയിലും ഇതിനു പ്രസക്തിയുണ്ട്. അതിനാൽ, ഭാഷാശാസ്ത്രപരവും ചിഹ്നവിജ്ഞാനീയപരവുമായ ചലച്ചിത്രാപഗ്രഥനത്തിലൂടെ സിനിമയുടെ സംവേദനശേഷി, അവതരണശൈലി എന്നിവ വിലയിരുത്താൻ കഴിയും.

No comments: