Saturday, January 25, 2020

ഭാഷാസ്നേഹം എന്ന ആഢംബരം!

ഇതര ഭാഷാപദങ്ങൾ സ്വീകരിക്കാൻ മടി കാണിക്കാത്ത ഭാഷയാണ് ഇംഗ്ലീഷ്. ഇതൊരു ലോകഭാഷയാണോ അല്ലയോ എന്നൊക്കെയുള്ള ചർച്ചകൾ അവിടെ നിൽക്കട്ടെ. അഞ്ഞൂറു വർഷത്തോളം പരിചയിച്ച ഭാഷയെ പത്തോ എഴുപതോ വർഷംകൊണ്ട് (ചില തലങ്ങളിൽ) തള്ളിക്കളയാൻ പ്രയാസമുണ്ടായിരിക്കും. അതെളുപ്പമാവുകയുമില്ല. എന്നാൽ മലയാളത്തിന്റെ സ്വത്വം* നിലനിർത്തണ്ടേ എന്നു ചോദിച്ചാൽ വേണമെന്നേ പറയാനാവൂ. ഇംഗ്ലീഷ് മാത്രമല്ലല്ലോ
പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, പേർഷ്യൻ, ഉറുദു, ഹിന്ദി, മറാത്തി അങ്ങനെയങ്ങനെ എത്രയെത്ര ഭാഷകളിൽനിന്നും കടംകൊണ്ട വാക്കുകൾ. എന്നാൽ കളിയാക്കലിനും വിലയിരുത്തലിനും മാത്രമായി മലയാളത്തിന്റെ വിവർത്തനരൂപങ്ങളെ ഉപയോഗിക്കുന്നതു കാണുമ്പോൾ പലപ്പോഴും ഓരോരുത്തരിലും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന അവജ്ഞയുണ്ടല്ലോ, അതു പറഞ്ഞറിയിക്കാനാവില്ല. സ്വിച്ചിന്റെ മലയാളമെന്നു പറഞ്ഞ് ഏതോ ഒരു വിദ്വാൻ പ്രചരിപ്പിച്ച വൈദ്യുതാഗമനനിയന്ത്രണയന്ത്രം എന്ന വാക്ക് വിവർത്തനത്തിനുള്ള ശ്രമങ്ങളെ പാടെ കളിയാക്കിക്കളഞ്ഞു. മലയാളത്തിലിറങ്ങിയ സിംഹവാലൻ മേനോൻ എന്ന സിനിമയിൽ “ഹാപ്പി ബർത്ത് ഡേ ടു യൂ” എന്നത് “സന്തോഷജന്മദിനം കുട്ടിക്ക്” എന്നാക്കി ആർത്തു ചിരിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ മലയാളി കളിയാക്കിയത് മലയാളത്തിന്റെ കോംപ്ലക്സിനെത്തന്നെയാണ്. ഇംഗ്ലീഷ് പറയാനറിയുക/അറിയാതിരിക്കുക എന്ന നിലയിലുള്ള കോംപ്ലക്സല്ല, മലയാളത്തെ മലയാളിയെപ്പോലെ ഉപയോഗിക്കാനറിയണം എന്നറിയിക്കാനുള്ള ശ്രമങ്ങളെയാണ് അത് കളിയാക്കിയത്. മായാവി എന്ന സിനിമയിലും നിരവധി ‘മലയാളപദങ്ങൾ’ തമാശരൂപേണ
കടന്നുവരുന്നുണ്ട്. വലിയ ധാരണയില്ലാത്തവർ അയാൾ ഭയങ്കര മലയാളമാണ് എന്ന് അത്ഭുതപ്പെടുന്നുമുണ്ട്. ഭാഷ നന്നായി പ്രയോഗിക്കാനറിയുന്നത് മനസ്സിലാക്കുന്നവർ അഭിനന്ദിക്കുക മാത്രമേ ചെയ്യൂ. ഒരിക്കലും കളിയാക്കില്ല. (സിനിമ മറ്റൊരു തലത്തിൽ ഇതിനെ കാണുന്നുണ്ടെങ്കിലും).

റോഡുകളിൽ വേഗത നിയന്ത്രിക്കാനുപയോഗിക്കുന്ന ഹമ്പിന് തമിഴിൽ വേഗത്തട എന്നാണ് പറയാറ്. സാധാരണ സംഭാഷണത്തിൽ അതുപയോഗിച്ചു കാണാറുമുണ്ട്. തടയൽ, കുറയ്ക്കൽ എന്ന അർത്ഥത്തിലെല്ലാം തടയെ സ്വീകരിക്കാനും അതിനെ വേഗതയോട് കൂട്ടിച്ചേർക്കാനും തമിഴിൽ സാധിക്കുന്നുണ്ടെങ്കിൽ മലയാളത്തിനും സാധിക്കും എന്നതിൽ തർക്കമില്ല. വേഗത്തടം എന്ന് തടം എന്ന മലയാളപ്രയോഗത്തെ ആസ്പദമാക്കി ചിന്തിക്കുന്നതിൽ തെറ്റില്ല. തെങ്ങിന് തടമെടുക്കുന്നവരാണല്ലോ നമ്മൾ. എന്നാൽ അവിടെയൊക്കെ ഇംഗ്ലീഷ് തന്നെ ഉപയോഗിക്കുന്നതായിരിക്കും നല്ലത് എന്ന അഭിപ്രായക്കാരേറെയുണ്ട്. വിവർത്തനത്തിനുവേണ്ടി വിവർത്തനം ചെയ്യാൻപോയാൽ സംഭവിക്കുന്ന പ്രശ്നമാണ് സ്വിച്ച് എന്ന പദത്തിനുണ്ടായത്. ഉപകരണത്തെയല്ല, ഉപയോഗത്തെയാണ് അവിടെ വിവർത്തനം ചെയ്തത്.

ഭാഷയിൽ വിവർത്തനരൂപങ്ങളായി ഉപയോഗിക്കുന്ന ധാരാളം രൂപങ്ങൾ കാണാനാവും. അവയെല്ലാം യഥാർത്ഥത്തിലുള്ള അർത്ഥത്തിൽനിന്ന് എത്രയോ കാതം മാറിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും തികച്ചും വസ്തുതയായി അത് നിലനിൽക്കുകയും ചെയ്യുന്നു. തീവണ്ടി എന്ന പദം നോക്കുക. തീയുമായി വരുന്ന വണ്ടിയായിരുന്നു അത്. പാളത്തിലൂടെയായിരുന്നു അതു വന്നത്. വണ്ടിയുടെ ടെക്നോളജിയൊക്കെ പല രീതിയിൽ മാറിക്കഴിഞ്ഞു. പേരിന് മാറ്റമില്ല, അത് പുതിയ രീതിയെക്കൂടി സാമാന്യാർത്ഥത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

നിങ്ങളിതു കാണുക** (കടപ്പാട്). ഓക്സ്ഫോർഡ് നിഘണ്ടുവിൽ ചക്കയും കൊപ്രയുമുണ്ട്. അതിന്റെ റഫറൻസിൽ മലയാളത്തിൽനിന്നും വന്നത് എന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്. ചക്കയെ ജാക്ക് ആയി സ്വീകരിക്കാനും കൊപ്രയെ അതേപടി സ്വീകരിക്കുവാനും ഇംഗ്ലീഷിന് കഴിയുന്നുണ്ടെങ്കിൽ നാം നിത്യേന ഉപയോഗിക്കുന്ന പദങ്ങൾ, പ്രത്യേകിച്ച് മറ്റൊരു ഭാഷയിൽനിന്നുവന്നവ അതേപടി (സ്വീകാര്യമായവ) ഉപയോഗിക്കുന്നതിനെക്കുറിച്ചുമാത്രമേ ആലോചിക്കേണ്ടതുള്ളൂ. അതല്ലാതെ, കാരുണ്യം, ഭൂതദയ, മഹത്വം അങ്ങനെ തുടങ്ങി മനസ്സിൽപ്പോലും കടന്നുവരാത്ത പലതിനെയും അതുമായി കൂട്ടിയിണക്കി പ്രതിപാദിക്കാൻ ശ്രമിച്ചാൽ ഭാഷയോടുള്ള സ്നേഹം വഴിഞ്ഞൊഴുകുകയില്ല. ഭാഷ ആശയവിനിമയത്തിനുള്ളതാണെന്നും അതിന് കാലാകാലങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചേ മതിയാകൂ എന്നും വിചാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ. അതല്ലെങ്കിൽ വർത്തമാനപ്പുസ്തകം മുതൽ കേരളപാണിനീയംവരെയുള്ളവയെ, കണ്ടാലും കണ്ടില്ലെന്നു നടിക്കുന്നവയെ ഏച്ചുകെട്ടാൻ ശ്രമിച്ചാൽ മുഴച്ചിരിക്കും.

ഭാഷയെ അതിന്റെ സ്വാഭാവികതയ്ക്കു വിടുക. ഒന്നും സംഭവിക്കാനില്ല. മാതൃഭാഷ എന്ന പ്രയോഗത്തിന്റെ മനോഹാരിതയെ കാവ്യാത്മകമായി കാണുക. അതിൽത്തന്നെ മതി എല്ലാം എന്നു ശഠിച്ചാൽ വഴങ്ങില്ല. ഭാഷയിൽ ഉപയോഗിക്കുന്ന അസംഖ്യം അശ്ലീലപദങ്ങൾ ‘മാതൃ’ഭാഷയിൽ എങ്ങനെ സഹിക്കാനാവും?
നിത്യോപയോഗത്തിൽ അടിപൊളി കടന്നുവരുമ്പോൾ അടിപൊളിയുടെ യഥാർത്ഥ അർത്ഥത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാറില്ല. സംഗതി സംഭവംതന്നെ എന്ന അർത്ഥത്തിൽ തികഞ്ഞ excitement-ഓടെ ഉപയോഗിക്കുകതന്നെ. എന്നാൽ ചിലയിടങ്ങളിലെങ്കിലും ശ്രദ്ധിച്ചാൽ അരോചകം എന്നു തോന്നുന്ന ഭയങ്കരത്തെ പ്രയോഗിക്കാറുണ്ട്. അപ്പോഴും അർത്ഥം ആരും പരിഗണിക്കാറില്ല. ഭയങ്കര ഇഷ്ടം എന്നൊക്കെ പ്രയോഗിക്കുന്നത് ഭയംജനിപ്പിക്കുന്നത് എന്ന അർത്ഥത്തിലല്ല എന്ന് അറിയാമെങ്കിലും ആവർത്തിച്ചാവർത്തിച്ച് പലരും വേദികളിൽപ്പോലും ഉപയോഗിക്കുന്നതായി കാണാറുണ്ട്.  കൊടുക്കൽ വാങ്ങലുകളിലൂടെ വികസിക്കുന്നതാണ് ഭാഷ. അതുകൊണ്ടുതന്നെ ഭാഷയെ സംബന്ധിച്ച് വിഷമിക്കത്തക്കതൊന്നും ഇല്ലെന്നുറപ്പിക്കുക.

നല്ല കൃതികൾ, നല്ല സിനിമകൾ, നല്ല കലകൾ എന്നിവ എത്രപേർ കാണുന്നുണ്ട്? എന്നാൽ കുറേയേറെപ്പേർ അതിനെ ഇഷ്ടപ്പെടുന്നു. അത് നിലനിൽക്കുകയും ചെയ്യുന്നു. എല്ലാക്കാലത്തും സംഗതികൾ അങ്ങനെയൊക്കെത്തന്നെ. എഴുത്തച്ഛന്റെ രാമായണം എത്രപേർ പൂർണ്ണമായി വായിച്ചിട്ടുണ്ട്? എന്നിട്ടും അതു നിലനിൽക്കുന്നുണ്ട്. അതിനെക്കുറിച്ചുള്ള കാല്പനിക മെസേജുകൾ (കാല്പനിക സന്ദേശം എന്നുപയോഗിക്കുമ്പോൾ കിട്ടുന്ന അർത്ഥമല്ല കാല്പനിക മെസേജ് എന്നുപയോഗിക്കുമ്പോൾ കിട്ടുക - ആലോചനയ്ക്കു വിടുന്നു...) പങ്കിടുക എന്നതല്ലാതെ അതൊരിക്കലും വായിച്ചുനോക്കണം എന്ന് ആരും വിചാരിക്കില്ല. എങ്കിലും ചില കാര്യങ്ങളിലെങ്കിലും അതു നിലനിൽക്കുന്നുണ്ട്. നിലനിൽക്കുകയും ചെയ്യും.
സാങ്കേതികവിദ്യയുടെ സഹായമില്ലാതെ പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ച എത്രയെങ്കിലും കലാരൂപങ്ങൾ ഉണ്ട്. പുതിയ കാലത്ത് ശരീരത്തിനു കേടില്ലാത്ത നിറങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവ കുറേക്കൂടി എളുപ്പത്തിൽ സംഘടിപ്പിക്കാനും ഉപയോഗിക്കാനും കഴിയുമ്പോൾ പാരമ്പര്യമായി ഉപയോഗിക്കുന്നവ മാത്രമേ ഉപയോഗിക്കാൻ പാടൂ എന്നു വിചാരിക്കുന്നതിലെ വിഡ്ഢിത്തം കാണാതിരുന്നുകൂടാ. പലപ്പോഴും നിറത്തിന്റെ ലഭ്യതയിൽ കുറവു വരുമ്പോൾ, കണ്ടെത്താൻ പ്രയാസമുണ്ടാകുമ്പോൾ, പാരമ്പര്യനിറങ്ങൾ ഇല്ലാത്തതിനാൽ അവതരിപ്പിക്കാതെയിരുന്നാൽ അത് ആ കലയുടെ തന്നെ ഉദ്ദേശ്യശുദ്ധിയെത്തന്നെ ബാധിക്കും. അതൊക്കെ സംഘടിപ്പിക്കുന്നതു പ്രയാസമാണെന്നുവരികിൽ ആളുകൾ അതിനെ ഉപേക്ഷിച്ചുതുടങ്ങും.

താളിയോലയിലെ കൃതികൾ വായിച്ചിരുന്ന കാലത്തേക്ക് അച്ചടിവിദ്യയും കടലാസും വന്നപ്പോൾ ഉണ്ടായിരുന്ന പ്രതിഷേധം പോലെ, കടലാസിൽനിന്ന് ഇലക്ട്രോണിക് പ്രതലത്തിലേക്ക് വരുമ്പോൾ കടലാസാണ് പാരമ്പര്യം എന്നു ശഠിക്കുന്നത് എത്രമാത്രം വിഡ്ഢിത്തമാണ്. കടലാസിന്റെ നിർമ്മാണത്തിനായി അസംഖ്യം മരങ്ങൾ വെട്ടിമാറ്റുന്നതെങ്കിലും കുറയ്ക്കാനാവും, നാമൊന്ന് ഇരുത്തിച്ചിന്തിക്കുകയാണെങ്കിൽ. ഇലക്ട്രോണിക് കുപ്പയുടെ കാര്യമൊക്കെ അവിടെ നിൽക്കട്ടെ. അതിനുള്ള വഴിയും നാംതന്നെ കണ്ടെത്തണം. അതല്ലാതെ മാലിന്യത്തെക്കുറിച്ചോർത്ത് സാങ്കേതികവിദ്യയെ തള്ളിക്കളയുവാൻ സാധ്യമല്ല. പ്രകൃതിദത്ത ഇന്ധനങ്ങളിൽനിന്നും മാറിച്ചിന്തിക്കുന്ന വാഹനവിപണിയുടെ കാലത്ത് പ്രകൃതിദത്ത ടൂളുകൾ മാറ്റിനിർത്തേണ്ട സാഹചര്യമുണ്ടെങ്കിൽ അതങ്ങനെത്തന്നെയാവണം. അവിടെ സ്വന്തം ഭാഷ തടസ്സമില്ലാതെ ഉപയോഗിക്കുന്നതിനുള്ള സാഹചര്യം കൂടി ഉണ്ടാക്കണം. അതിലേക്ക് കടുംപിടുത്തം പിടിക്കുന്നതിനുപകരം ഇതരഭാഷയെക്കൂടി ചേർത്തുനിർത്തണം. എങ്കിൽമാത്രമേ സ്ഥായിയായ വികസനവും ഭാഷാതാല്പര്യവും നിലനിർത്താനാവൂ. ആശയവിനിമയത്തിനുപരി മറ്റു ഭാഷകൾക്കില്ലാത്ത എന്തു മേന്മയാണ് മാതൃഭാഷയ്ക്കുള്ളത്? ജനിച്ചുവളർന്നു ശീലിച്ച ഭാഷ എളുപ്പത്തിൽ വഴങ്ങുമെന്നല്ലാതെ! (കൂടുതൽ താല്പര്യത്തോടെ ഉപയോഗിക്കുന്ന ഭാഷയാണ് കൂടുതൽ വഴങ്ങുക. അത് മാതൃഭാഷ തന്നെയാവണമെന്നുമില്ല.)
---------------------------------------
*ഭാഷാസ്വത്വം എന്നത് മനുഷ്യന്റെ വൈകാരികതയുമായി മാത്രം ബന്ധപ്പെട്ട് ചാർത്തിക്കൊടുക്കുന്ന ഒന്നായിത്തീർന്നിരിക്കുന്നു. ഭാഷയിലെ എടുത്തുകാണിക്കാനാവുന്ന നല്ല സവിശേഷതകളെയെല്ലാം സ്വന്തമാക്കി സംസാരിക്കാൻ ഇഷ്ടപ്പെടുന്ന സാധാരണക്കാരായ ആളുകൾ അവരവരുടെ പ്രാദേശികഭേദത്തിന്റെ പ്രത്യേകതകളെക്കുറിച്ച് അഭിമാനിക്കുന്നത് അതുകൊണ്ടാണ്. 
**കടപ്പാട് രേഖപ്പെടുത്താതിരിക്കാനാവില്ല. ഫുട്ബോൾ കമന്ററിയിലെ മാന്ത്രികൻ ഉപയോഗിച്ചതോടെ അതു രജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞു. ഭാഷയും ധ്വനിയുമൊക്കെ മറ്റെന്തൊക്കെയോ ആയിത്തീരുന്നത് ഇങ്ങനെയൊക്കെയായിരിക്കും!


No comments: