Wednesday, June 26, 2019

വിവാദങ്ങളൊന്നും പ്രാസവാദമാകുന്നില്ല

    കുറച്ചുനാള്‍ മുമ്പുള്ള ഒരു വാര്‍ത്തയാണ്: ലൈംഗികവിവാദത്തില്‍ ഉലഞ്ഞുപോയതിനാല്‍ രണ്ടായിരത്തി പതിനെട്ടാമാണ്ടിലെ സാഹിത്യത്തിനുള്ള നോബല്‍സമ്മാനം നല്‍കുന്നതു സംബന്ധിച്ച തീരുമാനം നീട്ടിവച്ചുവെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലൂടെയാണ് ഈ വിവരം അവരറിയിച്ചത്. പതിനെട്ടംഗ കമ്മിറ്റിയില്‍ ഏഴുപേരെയാണത്രേ സസ്പെന്‍റ് ചെയ്തിട്ടുള്ളത്. സംഗതി ലൈംഗികവിവാദമാണ്. ലൈംഗികാരോപണം നേരിട്ട ഉന്നതരായ അംഗങ്ങളോടുള്ള പ്രതിഷേധസൂചകമായി രാജിവച്ചവരുമുണ്ട്. സാഹിത്യപുരസ്കാരങ്ങളില്‍ പരമോന്നതമായി കാണുന്ന നോബല്‍ പുരസ്കാരംപോലും ഇത്തരം വിവാദങ്ങളില്‍നിന്ന് രക്ഷപ്പെടുന്നില്ലെങ്കില്‍ സാഹിത്യരംഗത്തെ മറ്റു വിവാദങ്ങളെയും അവയുടെ അടിയൊഴുക്കുകളെയും കുറിച്ച് ഏറെപ്പറയേണ്ടതില്ല.
    ഈയടുത്ത കാലത്ത് കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ വിവാദമാണ് എസ്. ഹരീഷിന്‍റെ മീശ എന്ന നോവലുമായി ബന്ധപ്പെട്ടത്. ഒരു വാരികയില്‍ മൂന്ന് അധ്യായങ്ങള്‍ പ്രസിദ്ധീകരിച്ച നോവല്‍ പിന്‍വലിക്കേണ്ടിവന്ന സാഹചര്യമെന്തെന്ന് വായനക്കാര്‍ക്കറിയാവുന്നതാണ്.