വരുംവരായകളുടെ ഓർമ്മകളിലെവിടെയോ കണ്ടുമറന്ന, കേട്ടുമറന്ന പ്രയോഗവിശേഷങ്ങൾ. പ്രകാശമൗനങ്ങളുടെ തിരത്തള്ളലിൽ വിറയ്ക്കുന്ന വിരൽത്തുമ്പ്. കരിമ്പനകൾ. പട്ടത്തണ്ടുകളിൽനിന്ന് താഴേക്കൂർന്നുവീണ മഴത്തുള്ളികളിൽ ഇരുണ്ടുതുടങ്ങിയ ഗ്രാമവീഥികൾ. അവിടങ്ങളിൽ കളിച്ചുതിമർത്ത് അലർച്ചകളവസാനിപ്പിക്കുന്ന കുട്ടികൾ. സന്ധ്യയിൽ വേവട പിടിപ്പിച്ച നരകപടത്തിനു മുന്നിലിരുന്നു കൊണ്ട് പീടികക്കാരൻ ഗ്ലാസുകൾ കലത്തിൽ മുക്കി കഴുകിവച്ച് നന്നാരി സർവത്തിന്റെ കുപ്പി തുറന്നു. പുതുവെള്ളത്തിന്റെ തണുപ്പാണ് പിന്നീട് അനുഭവിക്കാനാവുക. പുതുവെള്ളത്തിന്റെ ഗന്ധവും അഴകുമായിത്തീരുകയാണത്. ഒരു ദശാസന്ധിപോലെ ആ ചെറിയ പീടികകളുടെ നടുവിൽ വെട്ടുവഴി അവസാനിച്ചു എന്നാണ് വിജയൻ പറഞ്ഞുതുടങ്ങുന്നത്. അത് മലയാളത്തിലെ നോവലനുഭവങ്ങളുടെ വ്യത്യസ്തമായ ആരംഭമായിരുന്നു. വിജയന്റെ തന്നെ ചെറുകഥയിൽനിന്ന് നോവലിലേക്കുള്ള വളർച്ചയുടെ ദശാസന്ധിതന്നെയായിരുന്നു അത്.
ഒരു നോവൽ സ്ഥലപ്പെരുമയായിത്തീരുന്ന അപൂർവ്വം കാഴ്ചകളിലൊന്നാണ് ഖസാക്കിന്റെ ഇതിഹാസം പകർന്നുനല്കിയത്.
ഒരു നോവൽ സ്ഥലപ്പെരുമയായിത്തീരുന്ന അപൂർവ്വം കാഴ്ചകളിലൊന്നാണ് ഖസാക്കിന്റെ ഇതിഹാസം പകർന്നുനല്കിയത്.