Saturday, September 03, 2016

ഇതുകൊണ്ടൊക്കെയാണ് ചരിത്രത്തെക്കുറിച്ച് പറയേണ്ടിവരുന്നത്...

വിശപ്പിനെക്കുറിച്ച് പറയുമ്പോള്‍ അതനുഭവിക്കണമെന്ന് പറയാറുള്ളത് വെറുതെയല്ല. കാരണം, വിശന്നു തളരുന്ന ഒരാള്‍ ഒരു ബിംബമോ, പ്രതീകമോ അല്ല. അതൊരു വാസ്തവമാണ്. സൊമാലിയയെന്നോ, അട്ടപ്പാടിയെന്നോ, സൊനാഗച്ചിയെന്നോ ഒക്കെപ്പറയുമ്പോള്‍ അവ വിശപ്പുമായിച്ചേര്‍ത്ത് വായിക്കപ്പെടുന്നവയല്ലെന്ന് ഉറപ്പാണ്. ഐലാന്‍ കുര്‍ദിയെക്കുറിച്ചോ ഉനയെക്കുറിച്ചോ കളഹന്ദിയെക്കുറിച്ചോ സൂര്യനെല്ലിയെക്കുറിച്ചോ ഒക്കെപ്പറയുന്നതില്‍ മറച്ചുവെച്ചിട്ടുള്ള ചില മുന്‍വിധികളുണ്ട്. പലതും ഇത്തരം മുന്‍വിധികള്‍ കൊണ്ടുമാത്രമാണ് കൂടുതല്‍ വിശദീകരണങ്ങളിലേക്കോ അന്വേഷണങ്ങളിലേക്കോ എത്തിച്ചേരാത്തത്. ചരിത്രത്തെ ഇന്നു നാം കാണുന്ന തരത്തില്‍ മനസ്സിലാക്കുന്നത്, ചരിത്രവസ്തുതകളെക്കുറിച്ച് ഉറപ്പില്ലാത്തതിനാലാണ്. 

Friday, May 13, 2016

ഇരട്ടനീതികൾ നമ്മെ വേദനിപ്പിക്കും – ഇന്നല്ലെങ്കിൽ നാളെ...


സൊമാലിയൻ പരാമർശത്തിനെതിരെ പ്രതികരിച്ചതൊക്കെ കൊള്ളാം. അതു വൈറലായതും കൊള്ളാം. ഒറ്റക്കെട്ടായി, ഉറക്കെപ്പറയാനും ഐക്യപ്പെടാനുമുള്ള താല്പര്യമാണിത്. സോഷ്യൽമീഡിയയിൽ പൊങ്കാലയെന്നു പറഞ്ഞ് അതേറ്റെടുക്കാൻ കൂടുതലാളുകളും തയ്യാറായി. ജനാധിപത്യമെന്നത് അങ്ങനെ വെറുതെ തട്ടിക്കളിക്കാനുള്ളതല്ലെന്നും അതുമായി ബന്ധപ്പെട്ടു പ്രസ്താവനകൾ നടത്തുമ്പോൾ കുറഞ്ഞപക്ഷം റിയാലിറ്റിയെക്കുറിച്ച് ചിന്തിക്കണമെന്നും ഏതു വലിയ നേതാവിനെയും ഓർമ്മപ്പെടുത്തുന്ന സംഭവമാണത്. എന്നാൽ, പ്രതികരണങ്ങളോരോന്നിലും നമ്മുടെയുള്ളിലുള്ള ശത്രു ശക്തനായി പ്രത്യക്ഷപ്പെട്ടുവെന്നതിൽ നാം ഭയക്കേണ്ടിയിരിക്കുന്നു. ഓരോ പ്രതികരണവും വെറും തമാശ പറച്ചിലിന്റേതായിരുന്നില്ല. ഹാസ്യം ഇകഴ്ത്തലിലൂടെയാണുണ്ടാവുകയെന്ന കാര്യത്തിൽ സംശയമേതുമില്ല.  പക്ഷെ, പല ട്രോളുകളും വർണ്ണവെറിയുടേത് മാത്രമായി എന്ന തിരിച്ചറിവുണ്ടാകുന്നില്ലെങ്കിൽ ഒരു പക്ഷത്തിനും നമ്മെ രക്ഷിക്കാനാവില്ല, ലിംഗനീതിയെയും സമത്വത്തെയും വൈകാരികപ്രകടനങ്ങളോളം എത്തിച്ചവർ വിശാലചിന്താഗതിയുടെ വക്താക്കളായിരുന്നില്ല. അവരങ്ങനെയെങ്കിൽ ഞങ്ങളിങ്ങനെ-യെന്നാണെങ്കിൽ അവരും ഞങ്ങളും തമ്മിലെന്താണു വ്യത്യാസം? 

Saturday, February 20, 2016

സിനിമയും മാധ്യമങ്ങളും ചെയ്യുന്നത്

          നിത്യജീവിതത്തിൽ മാധ്യമങ്ങളുടെ ഇടപെടലും അതിനെ സംബന്ധിച്ച അവബോധവും തികച്ചും സുതാര്യമായ ഒരു വിഷയമാണ്. ഈ സുതാര്യത വളരെയെളുപ്പം അപഗ്രഥിക്കുവാനും വിലയിരുത്തുവാനും കഴിയുന്നത് പ്രേക്ഷകന്റെ/വായനക്കാരന്റെ ഉയർന്ന മാധ്യമസാക്ഷരതയും അവബോധവും കൊണ്ടുതന്നെയാണ്. എന്താണ് കാണുന്നതെന്നും കേൾക്കുന്നതെന്നും വായിക്കുന്നതെന്നും കൃത്യമായി മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഓരോരുത്തരും മാധ്യമങ്ങളോട് ഇടപെട്ടുകൊണ്ടിരിക്കുന്നതും പ്രതികരിക്കുന്നതും, ചില സന്ദർഭങ്ങളിലെങ്കിലും ചർച്ചകളിൽ ഉൾപ്പെടുത്തുന്നതും. സംസ്‌കാരരൂപീകരണത്തിലും പ്രചരണത്തിലും അവ വഹിക്കുന്ന പങ്കിനെപ്പറ്റി ധാരണയുണ്ടുതാനും. വൈവിധ്യവും വൈശിഷ്ട്യവും ഉൾച്ചേർന്ന വ്യത്യസ്തങ്ങളായ മാധ്യമസമീപനങ്ങളും അവയുടെ സ്വാധീനവും വ്യക്തിയെയും സമൂഹത്തെയും വേറിട്ടു കാണുന്നില്ല. സാമൂഹികപ്രശ്‌നങ്ങളോടും അവയുടെ ജനകീയവൽക്കരണത്തോടും മാധ്യമങ്ങൾ എല്ലാക്കാലത്തും പുലർത്തുന്ന സമീപനം പുനരുത്ഥാരണത്തിന്റെയോ, നവോത്ഥാനത്തിന്റെയോ ചുവടുപിടിച്ചുകൊണ്ടല്ല. അതു കൃത്യമായും കച്ചവടത്തിന്റെയും ലാഭത്തിന്റെയും വിതരണത്തിന്റെയും തോതിനെ ആശ്രയിച്ചു കൊണ്ടാണ്.

ആവൂ... ആവോയ്... (കഥ)

അനന്തന് വയസ്സ് മുപ്പത്തഞ്ചായി. മുപ്പത്തഞ്ചായെന്നു പറഞ്ഞാൽ ആരുമങ്ങോട്ടു വിശ്വസിക്കുമെന്നു തോന്ന്ണില്ല. എങ്ങനെയാണ്ടവനെ വിശ്വസിക്കുക. എനിക്ക് ഓർമവച്ച കാലം മൊതലേ അനന്തൻ ട്രൗസറിട്ടിട്ടന്നെയാണ് നടക്കണത്. ട്രൗസറെന്നു പറഞ്ഞാൽ കാക്കി ട്രൗസർ. മുഷിഞ്ഞ് മൂട് ഓട്ടയായിട്ടുണ്ടാകും പലപ്പളും. ട്രൗസറിന്റെ വള്ളിക്കുപ്പായത്തിന്റെ പൊറത്തുകൂടെ ആദ്യമൊക്കെ ഇട്ടിട്ടുണ്ടാർന്നെങ്കിലും ഇപ്പളൊക്കെ അകത്തിക്കാക്കി.
കാര്യമെന്തൊക്കെയാണെങ്കിലും കീറട്രൗസറിന്റെ എടേക്കൂടെ ഒന്നും കാണില്ല...ഒന്നും...
അനന്തന് കോലൻ മുടിയാണ്. കോലൻമുടിയുള്ള തലയാകട്ടെ സാധാരണേക്കാട്ടിലും വലുതും. ത്രികോണം കമത്തിവച്ചതുപോലെ, ഈജിപ്റ്റിലെ പിരമിഡ് കമത്തിവച്ചപോലെ. വലിയ തല. വീട്ടീന്ന് ഞാൻ പൊറത്തേക്കെറങ്ങുമ്പളൊക്കെ അനന്തൻ ട്രൗസറിനേക്കാൾ വലിയ പോക്കറ്റിൽ ഒരു കൈയിട്ട്, മറ്റേക്കൈയിൽ നരച്ച ബാഗും തൂക്കി, തേഞ്ഞ വള്ളിച്ചെരുപ്പുമിട്ട് (കൂട്ടത്തിൽ രസമുള്ള ഒരു കാര്യം കൂടി പറഞ്ഞോട്ടെ. - വള്ളിച്ചെരുപ്പിന് അനന്തൻ വള്ളിച്ചപ്പൽ എന്നാണ് പറയാറ്. വേറൊന്നും ചപ്പാൻ കിട്ടാത്തേനെക്കൊണ്ടാണെന്ന് ടെയ്‌ലർ ഷാപ്പിന് മുമ്പിൽ

Tuesday, February 09, 2016

നേരത്തോടു നേരം കഴിഞ്ഞപ്പോൾ (കഥ)


പുലർച്ചെ, ഒരു പക്ഷേ വളരെ നേരത്തേ സൂര്യവെളിച്ചം കടന്നെത്തുന്നതിനും മുമ്പേ നാട്ടുവഴിയുടെ അരണ്ട വെളിച്ചത്തിലേക്ക് ഇറങ്ങിയപ്പോഴാണ് റോഡുവക്കത്തെ വീട്ടിനകത്തേക്ക് റോഡരികിൽത്തന്നെ ഇരിക്കുകയായിരുന്ന ശ്രീകുമാരി കയറിപ്പോകുന്നതു കണ്ടത്. ശ്രീകുമാരിയോടൊപ്പം അവളുടെ അഴിഞ്ഞുലഞ്ഞ സാരിയുടെ തുമ്പും വാതിലുകൾക്കിടയിലേക്ക് അപ്രത്യക്ഷമാകുന്നതു കണ്ടു. അപരിചിതമായ ഏതോ വിശുദ്ധസ്വപ്നം പോലെ ശ്രീകുമാരിയുടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകൽ ഒരുപാടു വിചാരവികാരങ്ങൾക്ക് തീപ്പിടിപ്പിച്ചുവെന്ന് സുന്ദരേശന് തോന്നി. രാവിലെ നാലേമുപ്പതിന് നഗരത്തിലേക്ക് പോകുന്ന ആദ്യബസ്സിൽ കയറേണ്ട ഒരാവശ്യം വന്നതുകൊണ്ട് മാത്രമാണ് മകരമാസത്തിലെ ആ കുളിർത്ത രാവിൽ സുന്ദരേശൻ ആദ്യമായി പുറത്തിറങ്ങിയത്.
          വൈകുന്നേരം ചായക്കടയിൽ ചിലവഴിക്കുന്ന സമയങ്ങളിൽ മാത്രമേ ശ്രീകുമാരിയെ ഇതിനുമുമ്പ് സുന്ദരേശൻ കണ്ടിട്ടുള്ളൂ. ചായക്കടയുടെ എതിർവശത്തെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുകയും വീടിന് തൊട്ടടുത്തുതന്നെയുള്ള അബ്ദുള്ളാക്കയുടെ പീടികയിൽനിന്ന് എന്തെങ്കിലും വാങ്ങിക്കൊണ്ട് വീട്ടിലേക്കുതന്നെ കയറിപ്പോവുകയും ചെയ്യാറുണ്ടായിരുന്ന ശ്രീകുമാരിയിൽ അസാധാരണമായി ഒന്നുമുണ്ടെന്ന് സുന്ദരേശന് അതുവരെ തോന്നിയിട്ടുമില്ല. അങ്ങനെ തോന്നിക്കാൻ മാത്രം ശ്രീകുമാരിയെ ഇതേവരെ പുറത്തൊന്നും കണ്ടതായിട്ടോ

Tuesday, January 12, 2016

സിനിമയുടെ സാംസ്‌കാരികതലം

ഒരു പ്രത്യേക ജനവിഭാഗത്തിന്റെ അറിവ്, വിശ്വാസം, ആചാരമര്യാദകൾ, അനുഷ്ഠാനങ്ങൾ, കലാപ്രവർത്തനങ്ങൾ, സ്വഭാവരീതികൾ, അഭിലാഷങ്ങൾ ഇവയുടെയെല്ലാം ആകെത്തുകയെയാണ് സംസ്‌കാരമെന്ന അർത്ഥത്തിൽ വ്യവഹരിക്കുന്നത്. ജീവിതാനുഭവങ്ങളെ നിരീക്ഷിക്കുകയും വിശകലനവിധേയമാക്കുകയും ചെയ്യുന്നതിലൂടെ കണ്ടെത്താവുന്നതാണിത്. സാംസ്‌കാരികവ്യവഹാരത്തിന്റെ സാധ്യതകൾ ഒരുപക്ഷേ, ജനപരമ്പരകളുടെ തുടർച്ചയിലൂടെയോ, ഒരു വ്യക്തിയുടെ മാത്രം പ്രവർത്തനങ്ങളിലൂടെയോ കണ്ടെത്താനാവും. സംസ്‌കാരപഠനം മുഖ്യമായും ഊന്നൽ നല്കുന്നതെന്ത് എന്ന് അന്വേഷിക്കേണ്ടതിവിടെയാണ്. സാമൂഹികശാസ്ത്രത്തിന്റെ വിശകലനരീതികളിലൂടെ സംസ്‌കാരത്തെയും ജീവിതശൈലിയെയും വിശദമാക്കുന്ന രീതിയും ഉപയോഗത്തിലിരിക്കുന്ന ഉദാത്തമാതൃകകളെ ആസ്പദമാക്കി സാംസ്‌കാരികവിശകലനം നടത്തുന്ന രീതിയും നിലവിലുണ്ട്. എന്നാൽ പലപ്പോഴും നാം സ്വീകരിക്കുന്ന മാതൃക ഇതിൽനിന്നും തികച്ചും വ്യത്യസ്തമത്രേ. അതു വ്യത്യസ്തവിഷയങ്ങൾ ഒരേ സമയം കൈകാര്യം ചെയ്യുന്നതും അധികാരഘടനയുടെ താല്പര്യങ്ങളെക്കൂടി

Monday, January 04, 2016

കവിതയിലെ ഫ്രെയിമുകൾ

(പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കാശ്മീരി കവിയായ ബിൽഹണൻ എഴുതിയ കൃതിയാണ് ചൗരപഞ്ചാശിക. പാഞ്ചാലദേശത്തെ രാജാവായ മദനാഭിരാമന്റെ മകളായ യാമിനീപൂർണ്ണതിലകയെ അദ്ദേഹം സ്‌നേഹിച്ചു. ഇതറിഞ്ഞ രാജാവ് ബിൽഹണനെ തടവിലാക്കി. തടവിൽക്കിടന്ന് അദ്ദേഹം എഴുതിയതാണ് ചൗരപഞ്ചാശിക. വാമൊഴിയായിട്ടാണ് ഇതു പ്രചരിച്ചത്. അവയ്ക്ക് പല ദേശങ്ങളിലും വ്യത്യാസങ്ങളുമുണ്ടായിരുന്നു. എങ്കിലും, പിന്നീട് എഴുതപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്യന്മാർ ഈ കൃതി കണ്ടെടുത്തു. 1848ൽ ഇതിനു ഫ്രഞ്ചുവിവർത്തനമുണ്ടായി. കൂടാതെ,