Saturday, February 20, 2016

സിനിമയും മാധ്യമങ്ങളും ചെയ്യുന്നത്

          നിത്യജീവിതത്തിൽ മാധ്യമങ്ങളുടെ ഇടപെടലും അതിനെ സംബന്ധിച്ച അവബോധവും തികച്ചും സുതാര്യമായ ഒരു വിഷയമാണ്. ഈ സുതാര്യത വളരെയെളുപ്പം അപഗ്രഥിക്കുവാനും വിലയിരുത്തുവാനും കഴിയുന്നത് പ്രേക്ഷകന്റെ/വായനക്കാരന്റെ ഉയർന്ന മാധ്യമസാക്ഷരതയും അവബോധവും കൊണ്ടുതന്നെയാണ്. എന്താണ് കാണുന്നതെന്നും കേൾക്കുന്നതെന്നും വായിക്കുന്നതെന്നും കൃത്യമായി മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഓരോരുത്തരും മാധ്യമങ്ങളോട് ഇടപെട്ടുകൊണ്ടിരിക്കുന്നതും പ്രതികരിക്കുന്നതും, ചില സന്ദർഭങ്ങളിലെങ്കിലും ചർച്ചകളിൽ ഉൾപ്പെടുത്തുന്നതും. സംസ്‌കാരരൂപീകരണത്തിലും പ്രചരണത്തിലും അവ വഹിക്കുന്ന പങ്കിനെപ്പറ്റി ധാരണയുണ്ടുതാനും. വൈവിധ്യവും വൈശിഷ്ട്യവും ഉൾച്ചേർന്ന വ്യത്യസ്തങ്ങളായ മാധ്യമസമീപനങ്ങളും അവയുടെ സ്വാധീനവും വ്യക്തിയെയും സമൂഹത്തെയും വേറിട്ടു കാണുന്നില്ല. സാമൂഹികപ്രശ്‌നങ്ങളോടും അവയുടെ ജനകീയവൽക്കരണത്തോടും മാധ്യമങ്ങൾ എല്ലാക്കാലത്തും പുലർത്തുന്ന സമീപനം പുനരുത്ഥാരണത്തിന്റെയോ, നവോത്ഥാനത്തിന്റെയോ ചുവടുപിടിച്ചുകൊണ്ടല്ല. അതു കൃത്യമായും കച്ചവടത്തിന്റെയും ലാഭത്തിന്റെയും വിതരണത്തിന്റെയും തോതിനെ ആശ്രയിച്ചു കൊണ്ടാണ്.


          മാധ്യമങ്ങൾക്ക് നിത്യജീവിതത്തിലും സംസ്‌കാരത്തിലും നിരന്തരം ഇടപെടുന്നതിനും ധൈഷണിക വ്യവസ്ഥയിലേക്കും ചരിത്രബോധത്തിലേക്കും വെളിച്ചം വീശുന്ന കർതൃനിഷ്ഠമായ വൈവിധ്യങ്ങളെ ചൂഷണം ചെയ്യുന്നതിനാവശ്യമായ മാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിനും വളരെയെളുപ്പത്തിൽ സാധിക്കും. ഈ സാധ്യതയെയാണ് പഠനവിധേയമാക്കേണ്ടത്.
          സിനിമ, ടെലിവിഷൻ, വർത്തമാനപ്പത്രങ്ങൾ, ഇന്റർനെറ്റ് അധിഷ്ഠിത സംവിധാനങ്ങൾ മുതലായവയെല്ലാം തന്നെ ഉയർന്ന തോതിലുള്ള വിനിമയം സാധ്യമാക്കുന്നു. ഈ കഴിവാണ് അവയെ നിരന്തരം ജനങ്ങളോട് ഇടപെടുന്ന മാധ്യമങ്ങളാക്കിത്തീർത്തത്. ഈ ഭൗതികവ്യവസ്ഥയിൽ നിന്നു വ്യത്യസ്തമായി ഇവ നിലനിർത്തിപ്പോരുന്ന തികച്ചും യാഥാസ്ഥിതികമായ കാഴ്ചപ്പാടുകളെയും അവ രൂപീകരിക്കപ്പെട്ട സാഹചര്യങ്ങളെയുമാണ് ഇവിടെ വിലയിരുത്താൻ ശ്രമിക്കുന്നത്.
          എൺപതുകളോടെയാണ് ടെലിവിഷൻ പ്രചാരത്തിലെത്തുന്നത്. തൊണ്ണൂറുകൾ കഴിയുമ്പോൾ വ്യത്യസ്തതരം ചാനലുകളുടെ എണ്ണത്തിൽ റിക്കോർഡിടുന്ന തരത്തിൽ ടെലിവിഷൻ വ്യാപ്തി നേടുന്നു. സാറ്റലൈറ്റ് ചാനലുകളുടെ കടന്നുവരവോടെ അസാധ്യമെന്നു കരുതിയിരുന്ന പലതും സാധ്യമാവുകയും സിനിമയും, സ്‌പോർട്‌സും, പാട്ടും, വാർത്തകളും വ്യത്യസ്ത ചാനലുകളായി പ്രേക്ഷകർക്കു മുന്നിൽ ഒഴുകിയെത്തുവാനും തുടങ്ങി. വാർത്തകളുടെ ധാരാളിത്തത്തിലും പരിപാടികളുടെ വർണ്ണപ്പൊലിമയിലും സിനിമകളുടെ പുതുമയിലും മത്സരങ്ങൾ ആരംഭിച്ചു. ബ്ലോക് ബസ്റ്റർ ചലച്ചിത്രം എന്ന പ്രയോഗം നിത്യജീവിതത്തിൽ നിരന്തരം പിൻതുടർന്നുകൊണ്ടിരുന്നു. പലതും മിനിസ്‌ക്രീനിൽ ആദ്യമായി എന്ന പ്രയോഗത്തോടെയാണ് മത്സരങ്ങൾക്കു തുടക്കമിട്ടത്. പരസ്യവരുമാനം വർദ്ധിച്ചതോടെ പരിപാടികൾക്കിടയിൽ പരസ്യങ്ങളും പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകളിൽ അവയുടെ ആവർത്തനങ്ങളും സാധാരണമായി. ചാനലുകൾ പലതും പെയ്ഡായി. കാശു കൊടുക്കാമെങ്കിൽ കണ്ടാൽ മതി എന്നു പറയാനുള്ള ധൈര്യം ടെലിവിഷൻ ചാനലുകാർ കാണിച്ചു തുടങ്ങി.
          ഏതാണ്ട് എൺപതുകളുടെ അവസാനമാണ് രാമായണം, മഹാഭാരതം എന്നീ ജനപ്രിയസീരിയലുകൾ ഞായറാഴ്ചകളുടെ പ്രഭാതങ്ങൾക്ക് വരം നൽകിത്തുടങ്ങിയത്. ഗ്രാമ-നഗരഭേദമില്ലാതെ ജനങ്ങൾ ടെലിവിഷനു മുന്നിലേക്ക്, ദൂരദർശനെന്ന സർക്കാർ വക സംഗതിയിലേക്ക് എത്തിച്ചേർന്നു. ആദ്യത്തെയും അവസാനത്തെയും മിനിറ്റുകൾ പരസ്യങ്ങളുടെ ഘോഷയാത്ര. ടെലിവിഷന്റെ വില്പനയിൽ വർദ്ധനവ്. അയൽക്കാരന്റെ അസൂയ... അഭിമാനം തുടങ്ങിയ തലങ്ങളിലേക്കുള്ള അവയുടെ വളർച്ച*. വാർത്തകൾ വായിക്കുന്ന ആളിന്റെ കൺപീലികൾ പോലും വ്യക്തമായി കാണുന്നുവെങ്കിൽ അത് എന്ന തരത്തിൽ സാങ്കേതികതയുടെ സൂക്ഷ്മത പ്രകടമാക്കുന്ന പരസ്യങ്ങളിലേക്കുള്ള പ്രയാണം**. ഇതിഹാസകഥാപാത്രങ്ങൾ ഇതിഹാസമാക്കി മാറ്റിയ ടെലിവിഷൻ പരിപാടി. പത്രങ്ങളിലും മറ്റും ഷൂട്ടിംഗ് വിശേഷങ്ങൾ. പരിപാടിയുടെ തിരക്കഥ തന്നെ ചിത്രങ്ങളോടുകൂടി ഞായറാഴ്ചയുടെ പുലർച്ചകളിൽ എത്തിച്ചേർന്നു. ഇന്നത്തെ കഥാസാരമെന്ന പേരിൽ പല പത്രങ്ങളും രചനകൾ നടത്തി.
          ഞായറാഴ്ച വൈകുന്നേരം സിനിമ. ഉച്ചയ്ക്ക് പ്രാദേശികസിനിമയെന്ന പേരിൽ വ്യത്യസ്ത ഇന്ത്യൻഭാഷകളിലെ സിനിമകൾ ഓരോ ഞായറാഴ്ചയും. രണ്ടാം ശനിയാഴ്ചകളിൽ വൈകുന്നേരവും സിനിമ. സിനിമയ്ക്കിടയിൽ വാർത്ത. ഇതൊക്കെയായിരുന്നു ഒരനുഷ്ഠാനം പോലെ കുറേക്കാലം.
          സാറ്റലൈറ്റുകൾ മിഴി തുറന്നുതുടങ്ങിയതും ഉദാരവൽക്കരണവും വൻകുതിച്ചുകയറ്റ (ഇറക്കമോ)മാണ് നടത്തിയത്. വിദേശചാനലുകൾ ഇന്ത്യൻപതിപ്പുകളുമായി രംഗത്തിറങ്ങി. മഹത്തായ സീരിയലുകളും സിനിമകളുടെ ആവർത്തനങ്ങളും വെട്ടിമുറിക്കലുകളും ലൈവുകളും രംഗം കീഴടക്കിത്തുടങ്ങി.
          ഈ സന്ദർഭങ്ങളിലെല്ലാം തന്നെ നാട്ടിൻപുറവും നഗരവുമെന്ന ഭേദമില്ലാതെ സിനിമകൾ തകർത്തോടിക്കൊണ്ടിരുന്നു. സൂപ്പർസ്റ്റാറുകളും, സാധാരണ സ്റ്റാറുകളും മറ്റും മറ്റുമായി പുതിയ കഥകളും സംവിധാനവൈഭവങ്ങളും അരങ്ങു വാണു. തീയേറ്ററുകളിൽ കാണാൻ കഴിയാത്തവ പലതും കാസറ്റ് ലൈബ്രറികളിലെത്തി.
വീഡിയോ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്
          ഈ അറിയിപ്പ് എൺപതുകൾക്കിപ്പുറം സുപരിചിതം. കല്യാണവീട്ടിലും, യോഗസ്ഥലങ്ങളിലും മറ്റും ഇത് ആളുകളെ ആകർഷിച്ചിരുന്നു. ടി.വി.യും വി.സി.ആറും കാസറ്റും ഉണ്ടെങ്കിൽ സംഗതി ആരംഭിക്കാം. അധികം കോംപ്ലിക്കേഷൻസില്ലാതെ. പ്രൊജക്ടറിന്റെ പൊസിഷനോ സ്‌ക്രീനിന്റെ വലിപ്പപ്രശ്‌നമോ ഇല്ല. ഇരുപതിഞ്ചിലോ കൂടിപ്പോയാൽ ഇരുപത്തൊന്നിലോ ദൃശ്യാനുഭവം തയ്യാറായിരിക്കും. പരാതിയില്ല, പരിഭവമില്ല. വിശാലമായ സ്‌കൂൾ ഗ്രൗണ്ടിലോ, റോഡരികിലോ ആളുകൾ കൂടുന്നു... ചില കച്ചവടക്കാരും. ക്ലബ്ബുകൾക്ക് ടി.വി. നൽകുക, പൊതുസ്ഥലത്ത് ടി.വി. സ്ഥാപിക്കുക തുടങ്ങിയ ജനോപകാരപദ്ധതികൾക്ക് സർക്കാരുകളും ചുക്കാൻ പിടിച്ചിരുന്നു. ഇന്നിപ്പോൾ കമ്പ്യൂട്ടറിന്റെ പേരിൽ നടക്കുന്നതുപോലെ. കുറച്ചുകഴിയുമ്പോൾ ഇവയെല്ലാം സാർവത്രികമാകും. അങ്ങനെയായിത്തീരുന്നതിനുവേണ്ടിയാവണം അക്ഷയഖനികൾ തുറക്കപ്പെടേണ്ടതും.
          നേരത്തേ പറഞ്ഞതുപോലെ ഈ വിപ്ലവങ്ങൾക്കെല്ലാം ഒപ്പം സിനിമ സഞ്ചരിച്ചുകൊണ്ടേയിരുന്നു. താരങ്ങളും. സിനിമയേക്കാളേറെ താരങ്ങളെയും കഥാപാത്രങ്ങളുടെ ഡയലോഗുകളെയും ആരാധിച്ചിരുന്നതുകൊണ്ട് ശബ്ദരേഖ കേൾക്കൽ ഒരു വലിയ സംഭവമായിത്തീർന്നു. കാസറ്റുകൾ സിനിമകൾക്കുപുറകേ ശബ്ദരേഖയുമായി ഇറങ്ങി. തീയേറ്ററിനടുത്തു വീടുള്ളവരെപ്പോലെ കഥാപാത്രങ്ങളുടെ ഡയലോഗുകൾ കാമ്പസുകളിൽ മനഃപാഠമായിത്തീർന്നു. അണ്ടർവേൾഡ് പ്രിൻസ് എന്ന അധോലോകങ്ങളുടെ രാജകുമാരനും മറ്റും സ്‌കൂളുകളിൽ പ്രിയപ്പെട്ടവരായി. പുസ്തകച്ചട്ടകളിൽ ഏറ്റവുമധികം അച്ചടിക്കപ്പെട്ട ചിത്രം ഒരുപക്ഷേ മാമാട്ടിക്കുട്ടിയമ്മ എന്ന ബേബി ശാലിനിയാവണം. ജയന്റേയും നസീറിന്റെയും വെള്ളക്കുതിരകൾ, കറുത്തകുതിരകൾ എന്ന ചർച്ചയിൽനിന്നും ബ്രൂസ്‌ലിയുടെ സിനിമകളിലേക്കും കരാട്ടെയുടെയും കുങ്ഫുവിന്റെയും മാസ്മരികതകളിലേക്കും മലയാളസിനിമയിലെ സ്റ്റണ്ടിന്റെ താരതമ്യങ്ങളിലേക്കും എത്തി നിന്ന ചർച്ചകൾ. ശങ്കർ-മേനക എന്നൊക്കെ എഴുതിയിട്ട ചുമരുകളിൽ നിന്നും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ശരീരഘടനയെച്ചൊല്ലിയുണ്ടായിട്ടുള്ള തർക്കങ്ങളിലേക്കു വളർന്നെത്തിയ കൗമാരം. കാറിനുപുറകിൽ കെട്ടിവെച്ച പരസ്യപ്പലകയും പാറിപ്പറക്കുന്ന സിനിമാ നോട്ടീസും അവയുടെ കളക്ഷനും സമ്പന്നമാക്കിയ എൺപതുകളിൽ നിന്ന് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പരസ്യപ്രചരണത്തിലെത്തിനിൽക്കുന്ന മാധ്യമവിദ്യകളാണ് ചർച്ച ചെയ്യപ്പെടേണ്ടത്.
          ആത്യന്തികമായി മാധ്യമങ്ങൾ ഇവിടെയെല്ലാം വഹിച്ചത് ഒരേ ധർമ്മമാണ്. പ്രചരിപ്പിക്കൽ, പിടിച്ചെടുക്കൽ, സ്വാധീനിക്കൽ. പലവിധ സ്വാധീനങ്ങളുടെയും ഫലമായി തീയേറ്ററുകളിൽ നിന്ന് തീയേറ്ററുകളിലേക്ക് പോവുകയും പുതിയ പുതിയ കഥകളും പാട്ടുകളും സീനുകളും കണ്ടെത്തുകയും അവ ചർച്ചകളിൽ ഇടംപിടിക്കുകയും ചെയ്യും. ഈ അടയാളപ്പെടുത്തലിലാണ് സംവേദക്ഷമതയുടെ പുതിയ ചേർച്ചകൾ കണ്ടെത്തുകയും താരങ്ങളുടെ വിപണനമൂല്യത്തെ തിരിച്ചറിയുകയും ചെയ്യേണ്ടത്. ദൃശ്യമാധ്യമങ്ങൾ ആദ്യം മുതൽക്കേതന്നെ താരപ്പൊലിമയും താരസാന്നിദ്ധ്യവും അവയുടെ സാധ്യതയുമാണ് ചൂഷണം ചെയ്തുകൊണ്ടിരുന്നത്. നക്ഷത്രങ്ങൾ തിളക്കമാർന്നതാണ്. അവയുടെ തിളക്കം കുറേക്കാലത്തേക്ക് നിലനിൽക്കുകയും ഒടുവിൽ അസ്തമിച്ചൊടുങ്ങുന്നതോടെ പുതിയവ പ്രത്യക്ഷപ്പെടുകയും ചെയ്യും. താരമൂല്യം പോലെ. അതുകൊണ്ടുതന്നെയാണ് അവയെ താരങ്ങളെന്നു പറയുന്നത്. സ്റ്റാറുകളും സൂപ്പർ സ്റ്റാറുകളും കാലത്തെ അതിജീവിക്കുന്നവയല്ല. അവ കാലത്തിനൊത്ത് ഉയരുകയും എല്ലാ പ്രഭാവങ്ങളും ഏറ്റുവാങ്ങി ഉന്നതങ്ങളിലെത്തുകയും ഏറ്റവും അഗാധതകളിലേക്ക് നിപതിക്കുകയും ചെയ്യുന്നവയാണ്.
          ടെലിവിഷൻ ചാനലുകളുടെ പ്രചാരത്തോടുകൂടി സിനിമകളെ അധികരിച്ച് തയ്യാറാക്കുന്ന പരിപാടികളുടെ എണ്ണം വർദ്ധിച്ചു. താരങ്ങളെ കാണാനെത്തുന്നവരെക്കുറിച്ച് താരങ്ങൾ തന്നെ ബോധവാന്മാരായി. ഇലക്‌ട്രോണിക് മാധ്യമത്തിന്റെ വളർച്ചയോടെ അവയുടെ പ്രചാരം പതിന്മടങ്ങായി. അനുരാഗവിലോചനതയേക്കാൾ മോഹിതരാവുന്നവർക്ക് പ്രാധാന്യമേറുന്ന ചന്ദ്രന്മാരായി താരങ്ങൾ സ്വയം പ്രതിഷ്ഠിച്ചു. പലതും പുനർജനിച്ചു. പുനർജന്മങ്ങൾക്കു സഹായകമായത് ദൃശ്യമാധ്യമങ്ങളുടെ പ്രചാരം കൊണ്ടുതന്നെയാണ്. പഴയ കഥയും പഴയ സിനിമയും ഡൗൺലോഡിംഗുകളിലും അഭിമുഖങ്ങളിലും തരംഗങ്ങളും വാർത്തകളുമായിത്തീർന്നു. ഈ വാർത്താപ്രാധാന്യം തന്നെയാണ് പുതിയ പരീക്ഷണങ്ങളോടെ പഴയതിനെ പലതിനെയും തിരിച്ചെത്തിക്കുന്നത്.
          കഥയ്ക്ക് അനുയോജ്യമാണെങ്കിലും അല്ലെങ്കിലും താരങ്ങളുടെ ശരീരഭാഷയും ഭാഷാശൈലിയും തിരയിൽ അവരെ നിർണയിച്ചു. കഥയുടെ വലിപ്പച്ചെറുപ്പമോ, പുതുമയോ എന്നതിലുപരി അവർക്ക് ഇടപെടേണ്ടിയിരുന്നത് ഒരു മാസ് ഹിസ്റ്റീരിയയുടെ ഉത്പാദകരെന്ന ലേബലുകളോടായിരുന്നു. സിനിമയെന്നാൽ വിനോദോപാധി മാത്രമാവുകയും പ്രത്യേക പാറ്റേണുകളിൽ കൂട്ടിച്ചേർക്കുന്ന പാട്ടുകളുടെയും സ്റ്റണ്ടുകളുടെയും ക്ലൈമാക്‌സ്/ആന്റിക്ലൈമാക്‌സുകളുടെയും കൂട്ടമായിത്തീർന്നു. സന്ദർഭത്തിൽ നിന്നു വേർപെട്ട് പാട്ടുകൾ, പാട്ടുകൾക്കുവേണ്ടിയായിത്തീർന്നതോടെ പ്രേക്ഷകൻ ഇടവേളകളുടെ എണ്ണം വർദ്ധിപ്പിച്ചു. എന്നിട്ടും സിനിമ അവർക്കു വേണ്ടിയിരുന്നു. സിനിമയെ അവർക്കു വേണമായിരുന്നു. സ്‌നേഹവും ആരാധനയും കൂട്ടിക്കുഴച്ച് സിനിമയുടെ പിന്നാമ്പുറക്കഥകൾക്കുവേണ്ടി പുസ്തകങ്ങളുടെ പേജുകളിലേക്ക് പരതിയിരുന്നവർ ഇലക്‌ട്രോണിക്-സൈബർയുഗത്തിലും അവ തന്നെയാണ് കൂടുതലും പരതുന്നത്(സർഫു ചെയ്യുന്നത് എന്നും പറയാം).
          മാധ്യമങ്ങളുടെ വളർച്ച സിനിമയുടെ ഗതിവിഗതികളെ സ്വാധീനിക്കുന്നത് മുഖ്യമായും രണ്ടു തലങ്ങളിലാണ്. 1. സ്വയം ഒരു മാധ്യമമെന്ന നിലയിൽ സാങ്കേതികമായി സംഭവിക്കുന്ന മാറ്റങ്ങളെ സ്വീകരിക്കുന്ന തലവും 2. മറ്റു മാധ്യമങ്ങളുടെ പ്രചാരത്തെ വിപണിമൂല്യവുമായി കൂട്ടിച്ചേർത്ത് സിനിമയെ പരിചയപ്പെടുത്തുന്ന തലവും. അനിവാര്യമായ മാറ്റങ്ങളെ ഉൾക്കൊള്ളാതെ സാങ്കേതികതയുടെ സൃഷ്ടിയായ ഈ കലാരൂപത്തിന് നിലനിൽക്കാനാവില്ല. ഈ യാഥാർത്ഥ്യം ഉൾക്കൊള്ളുന്നതുകൊണ്ടാണ് ഡോൾബിയും ഡിജിറ്റലുമായ ശബ്ദവും സിനിമാസ്‌കോപ്പും ത്രിഡിയുമായ ദൃശ്യവും കടന്നുവരുന്നത്. അവയിപ്പോൾ വഴി മാറുന്നത് സാധാരണ തീയേറ്ററുകളിൽ നിന്ന് മൾട്ടിപ്ലക്‌സുകളിലേക്കാണ്. നഗരത്തിനപ്പുറം ഗ്രാമങ്ങളിലേക്കും ചിത്രങ്ങൾ റിലീസ് ചെയ്യുകയും ഏറ്റവും ആദ്യം തന്നെ കിട്ടാവുന്ന ധനം സമാഹരിക്കുകയും ചെയ്യേണ്ടിവരുന്നത് രണ്ടാമതു പറഞ്ഞതരത്തിലുള്ള മാധ്യമങ്ങളുടെ പ്രചാരശേഷി വർദ്ധിച്ചതുകൊണ്ടാണ്. പൈറസി എന്ന ഓമനപ്പേരിൽ കിൽ എന്നു പറഞ്ഞാലും നിർത്താനാവാത്ത തരത്തിൽ അവ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. മൊബൈലുകൾ മൾട്ടിമീഡിയ ക്ലിപ്പുകളുടെ രൂപത്തിലേക്ക് സിനിമയെ ചുരുക്കുകയും ടൊറന്റുകളാക്കി വ്യാപിപ്പിക്കുകയും ചെയ്യുന്നിടത്ത് സാങ്കേതികത പരിമിതികളില്ലാതെ പ്രവർത്തിക്കുകയാവണം. സാറ്റലൈറ്റ് അവകാശം പോലെ ഇന്റർനെറ്റ് അവകാശവും നേടിയെടുത്ത് വിനിമയം ചെയ്യപ്പെടുന്ന കാലത്തേക്ക് അവ വളരുകയാണ്. സോഷ്യൽ നെറ്റ് വർക്കുകളിൽ ലൈക്ക് അടിച്ച് പ്രചാരം വർദ്ധിപ്പിക്കുകയും പരസ്യങ്ങൾ നേടിയെടുക്കുകയും ചെയ്യേണ്ട കണക്കുകളുടെയും കണക്കുകൂട്ടലുകളുടെയും മേഖലയിലേക്ക് ചെന്നെത്തുകയാണ്. ഈ വളർച്ച മാധ്യമങ്ങളുടെ അപ്രമാദിത്വത്തെ വിളംബനം ചെയ്യുന്നതോടൊപ്പം സിനിമയെയും കൂടെക്കൂട്ടേണ്ട, വിട്ടുവീഴ്ചകൾക്കും വഴങ്ങിക്കൊടുക്കലുകൾക്കും നിന്നുകൊടുക്കേണ്ട ഒന്നായി മാത്രം കാണുന്നു. 1895 ഡിസംബർ 28 ന് പാരീസിലെ ഗ്രാന്റ് കഫേയിൽ ലൂമിയർ സഹോദരന്മാർ പ്രദർശിപ്പിച്ച ആദ്യചിത്രത്തിന്റെ അതേ കൗതുകക്കാഴ്ച പ്രേക്ഷകരിൽ നിലനിർത്തിക്കൊണ്ടുതന്നെ.
======================================
* ഒനിഡ ടിവിയുടെ പരസ്യം

** സോളിഡെയർ ടിവിയുടെ പരസ്യം (ഡയനോര ടിവി, ഈസി ടിവി, കെൽട്രോൺ ടിവി, അപ്‌ട്രോൺ ടിവി - കേരളസർക്കാരിന്റെ കെൽട്രോൺ പോലെ യുപി സർക്കാരിന്റേതായിരുന്നു അപ്‌ട്രോൺ -, ബിപിഎൽ ടിവി മുതലായ കമ്പനികൾ കൂട്ടത്തോടെ പരസ്യങ്ങളുമായി എത്തിയ കാലം)