Saturday, December 19, 2015

ബൗദ്ധികസ്‌നാനം ചെയ്യിച്ച സ്‌നാപകൻ

           
ലങ്കാലക്ഷ്മി എന്ന പ്രസിദ്ധമായ നാടകത്തിൽ രാവണൻ പറയുന്നുണ്ട് - (ഇന്ദ്രജിത്തിനെ സമീപിച്ച്) 'മകനേ! രാവണൻ ഒരല്പായുസ്സിൽ അറ്റുപോകുന്ന പൂമ്പാറ്റയല്ല. രാവണൻ പരമ്പരയാണ്. ഇന്നലെയും ഇന്നും നാളെയും ഉള്ളതാണ്. ഹേതിപുത്രൻ, വിദ്യുൽകേശൻ, തൽപുത്രൻ, സുകേശൻ, സുകേശന്റെ പുത്രൻ സുമാലി, സുമാലിയുടെ പൗത്രൻ രാവണൻ, രാവണന്റെ പുത്രൻ മേഘനാദൻ...'
          ഇതിഹാസങ്ങൾ വ്യക്തിത്വത്തെ പ്രത്യേക അടരുകളിൽ സൂക്ഷിക്കുന്നവയാണ്. പുനർവായനകളുടെ അർത്ഥവ്യാപ്തികളിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവയാണ്. ബൗദ്ധികശീലങ്ങളിലേക്ക് പുതുമയുടെ പ്രകാശം ചൊരിയുന്നവയാണ്. അവയെ തിരിച്ചറിയുകയും ആശ്ലേഷിക്കുകയും ചെയ്യുന്നവർ വരുംകാലത്തിനും വരുംകുലത്തിനും പുതുസന്ദേശങ്ങൾ നൽകുന്നവരുമാണ്. രാക്ഷസകുലത്തെ സംബന്ധിച്ചു മാത്രമല്ല, മനുഷ്യകുലത്തെ സംബന്ധിച്ചും രാവണന്റെ പരാമർശം പ്രസക്തമാണ്.

Thursday, December 10, 2015

പോർണോഗ്രഫി എന്ന തർക്കവിഷയം

          


അശ്ലീലം എന്ന പദത്തിന് ശ്ലീലമല്ലാത്തത് എന്നർത്ഥം. ഒരു സംഗതി ശ്ലീലമല്ലാതാകുന്നത് വ്യക്തി, കുടുംബം, സമൂഹം തുടങ്ങിയ അളവുകോലുകൾക്കനുസൃതമായിട്ടാണ്. Taboo എന്ന ഇംഗ്ലീഷ് പദം ശ്ലീലമല്ലാത്തവയെ സൂചിപ്പിക്കുന്നു. നിഘണ്ടുവിലെ അർത്ഥമാകട്ടെ, വ്യക്തികളെയും വസ്തുക്കളെയും ചോദ്യം ചെയ്‌വാൻ പാടില്ലാത്തവിധം പവിത്രമായി അവരോധിക്കുകയും മറ്റുചിലവയെ അപ്രകാരം തന്നെ വിലക്കുകയും ചെയ്യുന്ന ഒരു പുരാതന Polynesian മതാചാരം; പ്രസ്തുത ആചാരമനുസരിച്ച് വിലക്കപ്പെട്ട വ്യക്തിയോ വസ്തുവോ എന്നൊക്കെയാണ്. നിഷിദ്ധമായി പ്രഖ്യാപിക്കുകയെന്നു പറയുമ്പോൾ എന്തുകൊണ്ട് നിഷിദ്ധമാകുന്നു എന്നതിന്റെ ശാസ്ത്രീയതയാണ് വിശകലനം ചെയ്യപ്പെടുന്നത്. ശ്ലീലമല്ലാത്തവയെന്നത് ആപേക്ഷികമാണ്. ഓരോ സംസ്‌കാരത്തിനും സാഹചര്യത്തിനും അനുസൃതമായി

Thursday, November 19, 2015

കാലാവസ്ഥ മാറുന്ന പരസ്യങ്ങൾ

Advertising is legalized lying. - H G Wells

          An idea can change your life! എന്നു പറയുന്നത് ഏത് ഉല്പന്നത്തെക്കുറിച്ചാണെന്ന് സംശയമേതുമില്ലാതെ കൊച്ചുകുട്ടികൾ പോലും പറയും.
മൊബൈലാകുക എന്ന നല്ല ഐഡിയയെക്കുറിച്ച്, ഭയാശങ്കകളില്ലാതെ സംസാരിക്കാൻ സഹായിക്കുന്ന നെറ്റുവർക്കിന്റെ ലഭ്യതയെക്കുറിച്ച്, ഡാറ്റാ കണക്ഷന്റെ വേഗതയെയും സാധ്യതകളെയും കുറിച്ച്... അങ്ങനെയങ്ങനെ നിരന്തരം പത്രങ്ങളിലും വാരികകളിലും ടെലിവിഷനിലും റേഡിയോയിലും കൂറ്റൻ ഹോർഡിംഗുകളിലും മാത്രമല്ല, റെയിൽവെ സ്റ്റേഷന്റെ ചവിട്ടുപടികളിൽ വരെ പതിച്ചിരിക്കുന്ന പരസ്യങ്ങൾ. ഇങ്ങനെ നിറഞ്ഞു തിമർക്കുന്ന പരസ്യവിപണിയെ തട്ടാതെയും മുട്ടാതെയും സഞ്ചരിക്കാനാവില്ല. കടയിൽ പ്രദർശിപ്പിച്ചിരിക്കുന്ന വ്യത്യസ്ത ഉല്പന്നങ്ങൾ കാണുമ്പോൾ അതിൽ ചിലതെങ്കിലും ഇതേവരെ കേട്ടിട്ടില്ലാത്തതെന്ന് അത്ഭുതത്തോടെ പറയാനും അതുകൊണ്ടുതന്നെ, അതുവേണ്ടെന്ന് നിസ്സംശയം പ്രഖ്യാപിക്കാനും ഉപഭോക്താവു ശ്രദ്ധിക്കുന്നു. സൂപ്പർമാർക്കറ്റിലായാലും നാട്ടിൻപുറത്തെ കടയിലായാലും വില്പനയ്ക്കു തയ്യാറായി നിൽക്കുന്ന ഉല്പന്നത്തോടൊപ്പം തന്നെ ഡിസ്‌കൗണ്ട്

Wednesday, October 14, 2015

വെളിച്ചത്തെ വെളിച്ചത്തിലേക്കു ചേർക്കുമ്പോൾ...

(സുകുമാര്‍ അഴീക്കോടിന്റെ ഭാരതീയത എന്ന കൃതിയുടെ വായന)

തമേവ ഭാന്തം അനുഭാതി സർവ്വം*
(എപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കുന്ന അതിനെ ആശ്രയിച്ച് മറ്റുള്ളവ തുടർന്നു പ്രകാശിച്ചുകൊണ്ടിരിക്കുന്നു)

          ഭാരതീയത പലമട്ടിലും നമ്മെ ചേർത്തുനിർത്തുകയും ജന്മാന്തരസൗഹൃദങ്ങളുടെ തീക്ഷ്ണഭാവങ്ങളെ ഉദ്‌ഘോഷിക്കുകയും ചെയ്യുന്നുണ്ട്. ഈ സൗഹൃദം സ്വച്ഛന്ദസുന്ദരമായ ഗ്രാമങ്ങളും തെളിനീലവാനവും പച്ചപ്പുനിറഞ്ഞ വനപ്രദേശങ്ങളുമായി മാത്രമല്ല, ഇതിഹാസപുരാണാദികളും ഉപനിഷദ് വചനങ്ങളും ആയുർവ്വേദസംഹിതകളും നമ്മുടെ ഇന്ദ്രിയസംവേദനക്ഷമതയെയാകെത്തന്നെ നിയന്ത്രിച്ചു നിർത്താനുതകുന്ന നവം നവങ്ങളായ ഒരുകൂട്ടം ദർശനങ്ങളുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന ഒന്നാണ്. ഇരുട്ടിൽനിന്നു പ്രകാശത്തിലേക്കാനയിക്കുന്ന തമസോ മാ ജ്യോതിർഗമയ എന്ന പ്രാർത്ഥനയെ (ബൃഹദാരണ്യകോപനിഷത്ത്, 1/3/28) വസുധൈവകുടുംബകം എന്ന സങ്കല്പത്തിലേക്കു വിവർത്തനം ചെയ്ത്

Tuesday, February 10, 2015

വിശുദ്ധന്‍ സിനിമയ്ക്കൊരു കുറിപ്പ്

സംവിധായകൻ കൈയൊപ്പു ചാർത്തിയ വിശുദ്ധൻ

          സിനിമ സംവിധായകന്റേതാവുന്നത് അതിന്റെ കൈയൊതുക്കവും വിഷയത്തോടുള്ള സമീപനത്തിൽ പുലർത്തുന്ന പക്വതയും കൊണ്ടുതന്നെയാണ്. വിശുദ്ധനെന്ന സിനിമയുടെ സംവിധായകൻ വൈശാഖിനാണ് ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ മാർക്കു്. കഥയെന്തുമാവട്ടെ, അതെങ്ങനെ പറയുന്നു എന്നതിലാണ് സിനിമ മികവു കാണിക്കുന്നതു്. പ്രമേയത്തെ അതിന്റെ ഗൗരവത്തിൽ സമീപിക്കുകയും പശ്ചാത്തലദൃശ്യങ്ങളെ പരമാവധി പ്രേക്ഷകരുടെ കാഴ്ചയെന്ന അനുഭവത്തിലേക്ക് ഇണക്കുകയും ചെയ്യുന്നുവെന്നതാണ് ചിത്രത്തിന്റെ മേന്മ. ഛായാഗ്രഹണത്തിൽ ഷെഹ്നാദ് ജലാൽ മറ്റാരേക്കാളും മികച്ചുനില്ക്കുന്നു. തന്റെ മുൻകാല സിനിമകളെയെല്ലാം (പോക്കിരിരാജ, മല്ലൂസിംഗ്, സീനിയേഴ്സ്, സൗണ്ട് തോമ) അപ്രസക്തമാക്കുന്ന സംവിധാനമികവാണ് ഈ സിനിമ പ്രകടിപ്പിക്കുന്നതു്. മല്ലൂസിംഗിലെ മനോഹരരംഗങ്ങൾ വിസ്മരിച്ചുകൊണ്ടല്ല ‌ഇതുപറയുന്നതു്.
          വിശുദ്ധനിൽത്തെളിയുന്ന കഥയ്ക്കു് മനസ്സിന്റെ മൂന്നു തലങ്ങളുമായി ബന്ധമുണ്ടു്. വ്യക്തിയെന്ന നിലയിൽ അനുഭവിക്കുന്ന സംഘർഷങ്ങളുടെ ചിത്രമാണിത്. വികാരിയെന്ന നിലയിൽ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബൻ അഭിനയമികവുകൊണ്ട് ശ്രദ്ധേയനാകുന്നു. കഥയുടെ തുടക്കം മുതൽ സമാന്തരമായി സഞ്ചരിക്കുന്ന കഥയുടെ മറ്റൊരു തലം സിനിമയെ ശ്രദ്ധേയമായ അനുഭവമാക്കുന്നു. ഓരോ ഷോട്ടും വളരെ കരുതലോടെ നിർവഹിച്ചിരിക്കുന്നു. കള്ളുഷാപ്പിലെത്തുന്ന അച്ചന്റെ കൺവെട്ടത്തുനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ, ക്യാമറയുടെ കാണാക്കാഴ്ചയായി അവതരിപ്പിക്കുന്നതു രസകരമായിട്ടുണ്ട്. വാതിൽഗ്ലാസിൽ തെളിയുന്ന മുഖവും അതിലെ ആകാംക്ഷയും പകർത്തണമെന്നും, സ്വന്തം മകളുടെ കുഴിമാടം വെട്ടേണ്ടി വരുമ്പോൾ പ്രതികരണം എന്തായിരിക്കുമെന്നും തോന്നിപ്പിക്കുന്നത് സംവിധായകൻ ഏതേതംശങ്ങളിൽ കണിശത പുലർത്തുന്നുവെന്നതിനെ കാണിക്കുന്നു. മുകളിൽ നിന്നു തുടങ്ങുന്ന ആദ്യഷോട്ട്, ഇരുട്ടിൽ കല്ലെടുത്തു കുത്തുന്നതിന്റെ മീഡിയം ഷോട്ട്, അനുമോളുടെ ബാംഗ്ലൂരിലെ മുറിയിൽ വ്യത്യാസപ്പെടുന്ന ചിത്രക്കാഴ്ച, സെന്റ് ജോർജ്ജിന്റെ കുന്തമെടുത്തു കുത്തിച്ചീറ്റിക്കുന്ന ചോര, ചാനൽക്കാഴ്ച എന്നിവ മാത്രം മതി കഥയുടെ അനുഭവസാക്ഷിയായി പ്രേക്ഷകനെ കൂടെ നിർത്തുന്നതിനു്.
          മനുഷ്യനും ദൈവവും ചെകുത്താനും ഒരേസമയം തിരശ്ശീലയിൽ കടന്നുവരികയാണ്. ദൈവപുത്രനും മനുഷ്യനും തമ്മിലുള്ള അതിർവരമ്പുകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ സംഭാഷണത്തിൽ പുലർത്തുന്ന നിഷ്ഠതയുടെ തെളിവാണ്. സഭയ്ക്കു പുറത്തേക്കു പോകേണ്ടിവരുന്ന അച്ചനെയും കന്യാസ്ത്രീയേയും തികച്ചും ന്യായീകരിക്കത്തക്ക തലത്തിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ മികവു കാട്ടിയിട്ടുണ്ട്. ഓരോ രംഗവും അതിനുപയുക്തമായ രീതിയിലാണ് കൂട്ടിച്ചേർത്തിട്ടുള്ളത്. എഡിറ്റിംഗിലെ മഹേഷ് നാരായണന്റെ വിരുത് പലയിടത്തും സഹായകമായി വർത്തിക്കുന്നു.
(അപൂർണം)