Tuesday, May 18, 2021

ഭാഷ അപൂര്‍ണ്ണമാകുന്നോ?

വര്‍ത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കൈയിലാണ് നമ്മുടെ ഭാവി എന്ന് പഞ്ചാബി ഹൗസ് എന്ന സിനിമയില്‍ കൊച്ചിന്‍ഹനീഫ ഹരിശ്രീ അശോകനോട് പറയുന്നതുകേട്ട് (അത്ഭുതം കൊണ്ട്) കിളി പോയിരുന്നിട്ടുണ്ട്.
കിളി പോയി
എട്ടിന്റെ പണി
കിടുക്കി
പൊങ്കാല
Pwoli

എന്നിവയൊക്കെയാണല്ലോ ഭാഷാഫാഷന്‍!
സംഭാഷണത്തില്‍ ഭാഷ കൊണ്ടുള്ള ലീല കേട്ടാല്‍ അതിഗംഭീരമെന്ന് അഭിനന്ദിക്കാതിരിക്കാനാവുന്നതെങ്ങനെ?
എത്രയെത്ര ഉദാഹരണങ്ങള്‍...
ഇതേ സിനിമയില്‍ത്തന്നെയുള്ള നിരവധി ഡയലോഗുകള്‍ ശ്രദ്ധിച്ചാലറിയാം ഭാഷാലീലകള്‍.
മായാവി എന്ന സിനിമയില്‍
ബസ് സ്റ്റോപ്പില്‍ നിന്നാല്‍ ബസ്സുവരും, ഫുള്‍സ്റ്റോപ്പില്‍ നിന്നാല്‍ ഫുള്ളു വരുമോ? പോട്ടെ ഒരു പൈന്റെങ്കിലും?
ഇതേ രീതിയില്‍ വാഗ്‍വൈഭവം കണ്ടിട്ടുള്ളത് ജഗതി ശ്രീകുമാറിന്റെ അവതരണത്തിലാണ്.
മൂക്കിന്റെ കാര്യം പിന്നെ പറയാനേയില്ല..
അതെന്താ മൂക്കില്ലേ? – എന്ന മറുചോദ്യം കിലുക്കത്തില്‍ കിടുക്കി.
മധുരരാജയില്‍ മമ്മൂട്ടി ഇംഗ്ലീഷ് ഭാഷാ വിദഗ്ധനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.
Take Jumping Zero Clever – വിവര്‍ത്തനം അദ്ദേഹം തന്നെ പറയുന്നുമുണ്ട്. എടുത്തുചാട്ടം ബുദ്ധിശൂന്യതയാണ്.
സിനിമകള്‍ ഈ വിധത്തില്‍ നമ്മുടെ ഭാഷയെ സൂക്ഷ്മമായി പരിശോധിക്കുമ്പോഴും മലയാളഭാഷയുടെ അപചയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെയുണ്ട്. അപചയമെന്നത് ഭാഷയിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലായ്മയെ കാണിക്കുന്ന മാടമ്പിത്തരമായി മാറുന്നുവെന്ന തോന്നലാണ് ഈ കുറിപ്പിനാധാരം.

Wednesday, May 12, 2021

ഏട്ടിലെ പശു പുല്ലു തിന്നില്ല

സമകാലിക വാര്‍ത്താമാധ്യമങ്ങളിലെ നവമാധ്യമങ്ങള്‍ എന്ന മേഖലയില്‍ വരുന്ന  സോഷ്യല്‍ മീഡിയ അടക്കമുള്ള എല്ലാത്തരം മാധ്യമങ്ങളും – അതായത് വര്‍ത്തമാനപ്പത്രങ്ങളുടെ ഇന്റര്‍നെറ്റ് എ‍ഡിഷന്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ - അഭിപ്രായസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്നവയാണ്. വെബ് സ്പേസിനെ പരസ്പരം ഇടപെടുന്നതിനുള്ള (interactive) ഏറ്റവും വലിയ സാധ്യത നല്‍കുന്ന ഒന്നായിട്ടാണ്  പൊതുവെ വിലയിരുത്തുന്നത്. എന്നാല്‍ ഈ സൈബറിടത്തെ ഭാഷാപ്രയോഗങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കൗതുകകരമായ പല വസ്തുതകളും കണ്ടെത്താനാവും.
    തള്ള് എന്ന പ്രയോഗം അതിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയില്‍ - എല്ലാത്തരം അര്‍ത്ഥവ്യത്യാസങ്ങളോടെയും – വിരാജിക്കുന്ന ഒന്നാണ്. തള്ളുക, തള്ളല്‍, തള്ളിമറിച്ചു തുടങ്ങിയ ക്രിയാരൂപങ്ങള്‍ മാത്രമല്ല തള്ള് നാമരൂപത്തില്‍ വരെ സ്ഥായിയായ അസ്തിത്വം നേടിക്കഴിഞ്ഞിരിക്കുന്നു. അവന്‍/അവള്‍ തള്ളാണ് എന്നു പറയുന്നടത്തും അവന്‍/അവള്‍ തള്ളല്ലേ എന്നു പറയുന്നിടത്തും ഇത് വ്യക്തമാണ്. വീഡിയോ രൂപത്തിലും ചിത്രസഹിതമുള്ള (മീം) പ്രയോഗങ്ങളിലും തള്ളിന്റെ ആശാന്മാരായി സിനിമയില്‍നിന്നും വന്നവരെ അവതരിപ്പിക്കുന്നതും

Monday, May 10, 2021

അച്ഛനും മകനും – right meow!

വെറുതെ കിടന്നു കരയല്ലേ... കഥയിപ്പോള്‍ പറയാം. പറഞ്ഞു തീര്‍ന്നാല്‍ ഉറങ്ങാന്‍ കിടക്കണം, ഉറപ്പാണല്ലോ?
ഉം... കുഞ്ഞുമോന്‍ ചിണുങ്ങിക്കൊണ്ട് പറഞ്ഞു. ഒറങ്ങാം... ആദ്യം കഥ പറയ്...
ശരി, ശരി... കഥയൊന്നാലോചിക്കട്ടെ. നല്ല വൃത്തിയായിട്ട് പറയണ്ടേ. കുഞ്ഞുമോന് കഥ കേട്ടുറങ്ങേണ്ടതല്ലേ... – അച്ഛന്‍ അവനെ ഇക്കിളിയാക്കിക്കൊണ്ടു പറഞ്ഞു.
പൂച്ചയുടെ കഥയായാലോ?
ഉം...
വലിയ രണ്ടു പൂച്ചകളുടെ കഥ.
ഉം... അതു തന്നെ മതി. മാര്‍ജ്ജാരന്മാര്‍ ഭയങ്കര വൃത്തിയുള്ളവരല്ലേ? എപ്പോഴും തലയും കൈയും കാലുമൊക്കെ നക്കി വൃത്തിയാക്കി നല്ല സെറ്റപ്പിലിരിക്കുന്നവര്‍.
അതേ, അതു തന്നെ.
രണ്ടുതരം പൂച്ചകളുണ്ട്, ഈ കഥയില്‍. ഫെലിസ് കാറ്റസ് എന്ന് ശാസ്ത്രീയനാമമുള്ള വീട്ടിലൊക്കെ സാധാരണയായി കാണുന്ന പൂച്ചകള്‍.
പിന്നെ?
പിന്നെ... വന്‍പൂച്ചകള്‍, വലിയ ശരീരമുള്ള പൂച്ചകള്‍. പോക്കാന്‍ എന്നു ചില സ്ഥലങ്ങളിലൊക്കെ പറയും. ഫെലിഡെ എന്നാണ് ശാസ്ത്രീയനാമം.
സംഗതി കൊള്ളാമല്ലോ. ഫെലിസ് കാറ്റസും ഫെലിഡെയും! കുഞ്ഞുമോന്‍ ആഹ്ലാദത്തോടെ പറഞ്ഞു. നല്ല രസമുണ്ടല്ലേ? ഈ പേരൊക്കെ പറയാന്‍.
അതു മാത്രമല്ല, ഫീലിംഗ് എന്ന വാക്കില്ലേ. അത് പൂച്ച അതിന്റെ ഉടമയോട് കാണിക്കുമ്പോള്‍ ഫെലൈന്‍ അതായത് F, E, L, I, N, E എന്നറിയപ്പെടുന്നു. ക്യാറ്റ് വാക്ക് എന്നൊക്കെ പറയുന്നതുപോലെ. പൂച്ച എന്തിനെയെങ്കിലും പിടിക്കുമ്പോള്‍ Cat-ch എന്നൊരു പ്രയോഗവും നടത്താന്‍ പറ്റും.  Meow എന്നതിനെ Now എന്നതിനു പകരമായും ഉപയോഗിക്കും.
ഹോ... എന്തൊക്കെ കാര്യങ്ങള്‍? എന്തുമാത്രം പഠിക്കാനുണ്ട്, ഈ പൂച്ചകളെക്കുറിച്ച്.
കുഞ്ഞുമോന്റെ അത്ഭുതം തീരുന്നുണ്ടായിരുന്നില്ല. അവന്‍ പിന്നെയും പിന്നെയും പൂച്ചയെക്കുറിച്ച് തന്നെ ആലോചിച്ചു.

Sunday, May 09, 2021

അത്ര സിമ്പിളല്ല കാര്യങ്ങള്‍!

ഇവിടെ ലിങ്കില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ എത്രമാത്രം ഉത്തരവാദിത്തമില്ലായ്മയാണ് മാധ്യമങ്ങള്‍ കാണിക്കുന്നതെന്ന് മനസ്സിലാകും. ഓരോ കാര്യത്തിലും അങ്ങനെയാണ്. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും പലതും കണ്ടതാണ്. അതിലെ അപകടം ശ്രദ്ധിക്കേണ്ടതുമാണ്. വാര്‍ത്തയുണ്ടാക്കുന്നവര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ശല്യമായിത്തീരുന്ന ഈ പ്രവണതയെക്കുറിച്ച്...

കെഎസ്ആര്‍ടിസിയില്‍ 'ഇഷ്ടിക'യ്ക്ക് വിലക്ക്

ആക്സിലേറ്ററില്‍ ചുടകട്ട കണ്ടെത്തിയതില്‍ അന്വേഷണം

ഇതാണ് വാര്‍ത്തയുടെ തലക്കെട്ട്.

ഈ വാര്‍ത്താശൈലി അപകടമാണ്. പത്രങ്ങള്‍ സ്വയം കുഴി തോണ്ടുകയാണ്. മൊബൈല്‍ സ്ക്രീനില്‍ വിരല്‍ തോണ്ടുന്നവര്‍ക്ക് എളുപ്പത്തില്‍ വായിച്ചു പോകാന്‍, വായിപ്പിക്കാന്‍ എഴുതിവിടുന്നവ പോലെ ആയിത്തീരുമ്പോള്‍ അതു മാത്രം ഇനിയങ്ങോട്ടു പോരേ എന്ന് വായനക്കാരെ തോന്നിപ്പിക്കുന്നത്. നിലവാരമില്ലാത്തത് എന്നു വേണമെങ്കില്‍ ആക്ഷേപിക്കാവുന്നത്. ആക്സിലേറ്ററില്‍ ഇഷ്ടിക കയറ്റിവച്ച് വലിയ ഹൈവേകളില്‍ ലോറി ഓടിച്ചു എന്ന കഥ കേട്ടിരിക്കാന്‍ സാധ്യതയുള്ള റിപ്പോര്‍ട്ടറുടെ തോന്നല്‍. കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍ക്ക് അങ്ങനെയൊരു സംഗതി കഥയായിപ്പോലും ഉണ്ടാവണമെന്നില്ല. വസ്തുനിഷ്ഠമായി വാര്‍ത്ത അവതരിപ്പിച്ചുകൂടേ? തലക്കെട്ടു കണ്ട് വായിക്കാന്‍ പ്രേരിപ്പിക്കുക മാത്രമല്ല ഉദ്ദേശ്യമാവേണ്ടത്. ഡ്രൈവറുടെ കാബിനില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് അവസാനം പറയുന്നു. സ്വയം ക്രമീകരിക്കാന്‍ കഴിയാത്ത സീറ്റിന്റെ പ്രശ്നമാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നതെന്നും സൂചിപ്പിക്കുന്നു. സത്യത്തില്‍ അതല്ലേ ഹൈലൈറ്റ്. ഇത് സാധാരണക്കാരായ ആളുകള്‍ക്ക് കെഎസ്ആര്‍ടിസി ജീവനക്കാരോട് വിരോധം തോന്നിക്കുന്ന തരത്തില്‍ ഉള്ള പടച്ചുവിടലാണ്. വാര്‍ത്തകള്‍ സത്യസന്ധമാവണം, അതല്ലെന്നു തോന്നിക്കുന്ന ഒന്നും ഇതിലില്ല എന്നാല്‍ ധ്വനിസമ്പൂര്‍ണ്ണമായി - മറ്റൊന്നു മനസ്സില്‍ തോന്നിക്കണേ എന്നു കരുതി എഴുതുന്ന ഈ പ്രവണത നിര്‍ത്തണം.