Friday, November 27, 2020

കുന്തളിപ്പും ചിന്തയും

നിവർ ചുഴലിക്കാറ്റ് തമിഴ്‌നാടിനെ ഞെട്ടിച്ചു. 24 മണിക്കൂർ ചാനലുകളിൽ വാർത്ത ആവർത്തിച്ചുകൊണ്ടേയിരുന്നു. കാറ്റ്, മഴ, വേഗത, കടൽ അങ്ങനെയങ്ങനെ. കൂട്ടത്തിൽ കൗതുകകരമായി ശ്രദ്ധിച്ച വാക്കാണ് കടൽ കുന്തളിച്ചു എന്നത്. ഒറ്റക്കേൾവിയിൽ കടൽ കൂന്തൽ അഴിച്ചിട്ടാടി എന്നുതോന്നി. മുടിയഴിച്ചാടുന്ന, കളംമായ്ച്ച്, തലയാട്ടി, മുടിയാട്ടി, വട്ടംചുറ്റിക്കുന്ന കാഴ്ച. വാക്കിനും ശബ്ദത്തിനുമപ്പുറം അർത്ഥത്തിന് അടരുകളേറെയുണ്ടെന്നു തോന്നിച്ച പ്രയോഗം. ഉല്പത്തിയെക്കുറിച്ചോ നിഷ്പത്തിയെക്കുറിച്ചോ ഒന്നുമോർക്കാനില്ല. ശരിതെറ്റുകളെക്കുറിച്ചും. വാക്ക്, അതങ്ങനെ ഭയാനകമായ ഒന്നായി മനസ്സിൽത്തങ്ങി. ഈ ശബ്ദത്തിന് മലയാളത്തിലും അർത്ഥമൊക്കെയുണ്ട്. നെഗളിക്കുക എന്നൊക്കെപ്പറയും. കാൽവിരലിൽക്കുത്തി നടക്കുകയെന്ന് ഒരർത്ഥവും കണ്ടു. കടൽ കുന്തളിക്കുക എന്ന് മലയാളത്തിൽ പറഞ്ഞു കേട്ടിട്ടില്ല. ഇനി ഉണ്ടോ എന്നറിയില്ല. എന്നാൽ അങ്ങനെയൊന്ന് കേൾക്കുമ്പോഴോ നാനാവിധ വ്യാഖ്യാനങ്ങൾ നൽകാനാവുന്ന പ്രയോഗമായി അത് മാറുന്നു.

Monday, November 16, 2020

കളങ്കഥ - ആഖ്യാനാനുഭവം

ചെസ് ബോർഡിലെ കരുക്കൾ കൊണ്ടൊരു മാസ്മരവിദ്യ, കൂടാതെ ഡ്രൈവിംഗ് സെറിമണി. വേഗതന്ത്രങ്ങളുടെ കരുക്കൾക്ക് യന്ത്രവിദ്യയുടെ മുന്നൊരുക്കം. ഫ്രാൻസിസ് നൊറോണയുടെ കളങ്കഥ എന്ന കഥ 2020 നവംബർ ലക്കം ഭാഷാപോഷിണിയിൽ… 64 കളങ്ങളിലെ കല കളങ്കഥയല്ലാതെ മറ്റെന്ത്? സത്യാനന്തരകാലത്തെ മനുഷ്യർ വസ്തുതകളേക്കാൾ വിവരണങ്ങളിലെ ആപേക്ഷികതകളിൽ മാത്രം ഊന്നുമെന്നതിന് ഇതിൽപ്പരമെന്തു തെളിവുവേണം. "സംശയിക്കേണ്ട നിങ്ങൾ ഉദ്ദേശിച്ചതുതന്നെയാണ് ഞാൻ ചെയ്തത്" എന്നൊരു പെരുമഴപ്പെയ്ത്തിൽ അതൊടുങ്ങുന്നു. 

കഥയെഴുത്ത് ഒരനുഭവത്തിന്റെ സാക്ഷാത്കാരമാണ്. ഒറ്റയനുഭവം. ഒറ്റവീർപ്പിൽ പറയാവുന്നത്. 

സന്ദർഭത്തെയും സംഭവത്തെയും ഒക്കെച്ചേർത്ത് പണ്ടേക്കുപണ്ടേ നിരൂപകർ കഥയെ നിർവചിച്ചിരുന്നു. കഥാപ്രപഞ്ചത്തിലെ വൈകാരികമുഹൂർത്തമെന്ന്. വൈകാരികാവസ്ഥയെ ഉണർത്തിവിടുന്ന സവിശേഷസന്ദർഭമായി കഥയെ കാണാനാവുമെന്നും മറ്റും. അങ്ങനെ ഒരവസ്ഥയെ പ്രാപിക്കുന്ന കഥകൾ ഏറെയൊന്നും കാണാനാവില്ല. കാണുന്നെങ്കിൽത്തന്നെ ഏറെയൊന്നും നിറഞ്ഞു നിൽക്കാറുമില്ല. കുറേയൊക്കെ, എഴുത്തിന്റെ നീളംകൊണ്ട് അവസാനിപ്പിക്കുന്നതെങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലേക്ക് മുറ്റിനിൽക്കും, വായനയിൽ എല്ലായിടത്തും. പലപ്പോഴും തീരുന്നതെപ്പോഴെന്ന് മറിച്ചുനോക്കിക്കൊണ്ടേയിരിക്കും. എന്നാൽ ചില