Saturday, November 16, 2019

വെറുംവാക്കുകളല്ലാത്ത സംഭാഷണം

അതിഭാവുകത്വം കച്ചവടസിനിമയുടെ കൂടപ്പിറപ്പാണ്. അസംഭവ്യമല്ലേ പലതുമെന്നു ചോദിച്ചാൽ സിനിമയിൽ അങ്ങനെയാവാം എന്നായിരിക്കും മറുപടി. വലിയ തിരശ്ശീലയിൽ അസാധാരണമാംവണ്ണം വലിപ്പത്തിൽ മനുഷ്യർ പ്രത്യക്ഷപ്പെടുമ്പോൾ അസ്വാഭാവികതകൾക്ക് സ്ഥാനം നൽകിയില്ലെങ്കിൽ അതിന് പ്രസക്തിയില്ലെന്നാണ് പലപ്പോഴും എഴുത്തുകാരും കാഴ്ചക്കാരും ധരിച്ചുവച്ചിട്ടുള്ളത് എന്നു തോന്നുന്നു. സിനിമയെന്ന സംരംഭത്തിൽ മുടക്കുമുതൽ പ്രധാന ഘടകമായിത്തീരുന്നതുകൊണ്ടാണ് അതങ്ങനെയായിത്തീരുന്നതെന്നു കരുതണം. 
സ്വാഭാവികമായും ആളുകൾക്കു രസിക്കാവുന്നതിനേക്കാൾ കൂടിയ അളവിലുള്ള രസക്കൂട്ടുകൾ ചേർത്ത് ഓരോ സംഭവത്തെയും ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുക. പ്രേക്ഷകരുടെയും മറ്റും ഭാവുകത്വത്തിൽ വന്നിട്ടുള്ള പരിണാമത്തെ നേരത്തേ സൂചിപ്പിച്ച അതിഭാവുകത്വവുമായി കൂട്ടിച്ചേർത്ത് വിലയിരുത്തേണ്ടിയിരിക്കുന്നു. കലാപരമായ മാറ്റത്തേക്കാൾ സാങ്കേതികവിദ്യയിലുണ്ടായിട്ടുള്ള മാറ്റം തന്നെയാണ് ഇതിനു കാരണം. ഇത്തരം മാറ്റങ്ങളെ പരിഗണിക്കുമ്പോൾത്തന്നെ സിനിമ ആദ്യമേതന്നെ സ്വീകരിച്ചിട്ടുള്ള നാടകസങ്കേതങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് കഥ പറയാൻ ശ്രമിക്കുന്നതെന്നു വിലയരുത്താനാവും. മലയാളത്തിൽ പൊതുവെ കണ്ടുവരുന്ന പ്രവണതകളെ മാറ്റിനിർത്തിക്കൊണ്ട് ഒരു സംരംഭം മുന്നോട്ടു ചലിപ്പിക്കാൻ കച്ചവടസിനിമകൾക്കു കഴിയാറില്ല. ലൂസിഫർ എന്ന സിനിമ കച്ചവടവിജയം നേടി എന്നു പറയുമ്പോൾ മനസ്സിലാക്കാനാവുക

Friday, November 15, 2019

ഫോക്‌ലോര്‍ സങ്കല്‌പവും സിനിമയും


ചില വ്യവസ്ഥകള്‍ക്കു വിധേയമായിട്ടാണ്‌ ഏതു കലയും രൂപപ്പെടുന്നത്‌. വ്യക്ത്യാധിഷ്‌ഠിതമോ, സാമ്പ്രദായികമായി രൂപപ്പെടുത്തപ്പെട്ട ധാരണയോ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു. മനുഷ്യന്‍ പണിയെടുത്തു ജീവിച്ചുതുടങ്ങിയ കാലം മുതല്‌ക്കേ വിശ്രമവേളകളും അവയുടെ വിനിമയരീതികളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിശ്രമവേളകളിലെ നേരംകൊല്ലല്‍ തന്നെ ജീവിതോപാധിയായിത്തീരുന്ന വൈരുദ്ധ്യവും ഉണ്ടായി. ഈ വൈരുദ്ധ്യത്തെ കലയെന്നും കലയുടെ പ്രാധാന്യമെന്നും കലയുടെ വ്യത്യസ്‌ത മാര്‍ഗ്ഗങ്ങളെന്നും മറ്റും ചര്‍ച്ച ചെയ്യുന്ന തലത്തിലേക്ക്‌ ചിന്തകളെത്തിച്ചേര്‍ന്നു. ഈ പശ്ചാത്തലത്തെക്കുറിച്ചാണ്‌ ഇവിടെ പഠനവിധേയമാക്കാന്‍ ഉദ്ദേശിക്കുന്നത്‌.
ഫോക്‌ലോര്‍ പഠനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യമുണ്ടായ ഒരു നൂറ്റാണ്ടിനിപ്പുറം കലകളെ സ്വാധീനിക്കുന്ന സാങ്കേതികവിദ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്‌ക്കിപ്പുറം ഇവയെ വിശകലനം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടേയിരുന്നു. ഈ ശ്രമങ്ങള്‍ കലാരൂപത്തെ

Sunday, November 10, 2019

പുരാവൃത്തങ്ങളും പരിസ്ഥിതിയും: സമകാലികവിചാരം

വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും നാം ഉയര്‍ത്തിക്കൊണ്ടുവരുന്ന മൂല്യങ്ങളെ സംബന്ധിച്ച്‌ വിചാരണ നടത്തേണ്ട സന്ദര്‍ഭം അതിക്രമിച്ചിരിക്കുകയാണ്‌. ഉന്നതരംഗത്ത്‌ നേട്ടങ്ങളുണ്ടാകുമ്പോഴും നിലവാരമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുമ്പോഴും അതില്‍ ഉള്‍പ്പെട്ട
മലയാളിയെക്കുറിച്ചു പറയുന്നതിനാണ്‌ മാധ്യമങ്ങള്‍ പ്രാധാന്യം നല്‌കുന്നത്‌. അപകടത്തില്‍ നൂറുപേര്‍ മരിക്കുമ്പോഴും അതിലുള്‍പ്പെട്ട രണ്ടു മലയാളിയെക്കുറിച്ച്‌ പ്രാധാന്യത്തോടെ പറയുന്നതായിട്ടാണ്‌ കണ്ടുവരുന്നത്‌. കേരളമെന്ന പ്രാദേശികതയെ ഊന്നിയാണ്‌ പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. മലബാറിലെ ആളെന്നോ കൊച്ചിക്കാരനെന്നോ തിരുവിതാകൂറുകാരനെന്നോ പറയുന്നതരത്തിലുണ്ടായിരുന്ന അതിര്‍ത്തി വിഭജനങ്ങളില്‍ നിന്ന്‌ കുറെയെങ്കിലും മോചിപ്പിക്കപ്പെടുകയും അത്‌ മലയാളിസ്വത്വമെന്ന