Tuesday, February 09, 2016

നേരത്തോടു നേരം കഴിഞ്ഞപ്പോൾ (കഥ)


പുലർച്ചെ, ഒരു പക്ഷേ വളരെ നേരത്തേ സൂര്യവെളിച്ചം കടന്നെത്തുന്നതിനും മുമ്പേ നാട്ടുവഴിയുടെ അരണ്ട വെളിച്ചത്തിലേക്ക് ഇറങ്ങിയപ്പോഴാണ് റോഡുവക്കത്തെ വീട്ടിനകത്തേക്ക് റോഡരികിൽത്തന്നെ ഇരിക്കുകയായിരുന്ന ശ്രീകുമാരി കയറിപ്പോകുന്നതു കണ്ടത്. ശ്രീകുമാരിയോടൊപ്പം അവളുടെ അഴിഞ്ഞുലഞ്ഞ സാരിയുടെ തുമ്പും വാതിലുകൾക്കിടയിലേക്ക് അപ്രത്യക്ഷമാകുന്നതു കണ്ടു. അപരിചിതമായ ഏതോ വിശുദ്ധസ്വപ്നം പോലെ ശ്രീകുമാരിയുടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകൽ ഒരുപാടു വിചാരവികാരങ്ങൾക്ക് തീപ്പിടിപ്പിച്ചുവെന്ന് സുന്ദരേശന് തോന്നി. രാവിലെ നാലേമുപ്പതിന് നഗരത്തിലേക്ക് പോകുന്ന ആദ്യബസ്സിൽ കയറേണ്ട ഒരാവശ്യം വന്നതുകൊണ്ട് മാത്രമാണ് മകരമാസത്തിലെ ആ കുളിർത്ത രാവിൽ സുന്ദരേശൻ ആദ്യമായി പുറത്തിറങ്ങിയത്.
          വൈകുന്നേരം ചായക്കടയിൽ ചിലവഴിക്കുന്ന സമയങ്ങളിൽ മാത്രമേ ശ്രീകുമാരിയെ ഇതിനുമുമ്പ് സുന്ദരേശൻ കണ്ടിട്ടുള്ളൂ. ചായക്കടയുടെ എതിർവശത്തെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുകയും വീടിന് തൊട്ടടുത്തുതന്നെയുള്ള അബ്ദുള്ളാക്കയുടെ പീടികയിൽനിന്ന് എന്തെങ്കിലും വാങ്ങിക്കൊണ്ട് വീട്ടിലേക്കുതന്നെ കയറിപ്പോവുകയും ചെയ്യാറുണ്ടായിരുന്ന ശ്രീകുമാരിയിൽ അസാധാരണമായി ഒന്നുമുണ്ടെന്ന് സുന്ദരേശന് അതുവരെ തോന്നിയിട്ടുമില്ല. അങ്ങനെ തോന്നിക്കാൻ മാത്രം ശ്രീകുമാരിയെ ഇതേവരെ പുറത്തൊന്നും കണ്ടതായിട്ടോ


ഏതെങ്കിലും ചെക്കന്മാരോട് വർത്തമാനം പറയുന്നതായിട്ടോ ശ്രദ്ധയിൽ പെട്ടിട്ടുമില്ല. ഒരുദിവസം രാവിലെ നേരത്തേ കണ്ടതുകൊണ്ടുമാത്രം ചിന്തകളിൽ ഒരു മഹാപ്രവാഹമായി നിറഞ്ഞുവരികയും ഓളംതല്ലിയൊഴുകുന്ന പുഴവെള്ളം പോലെ ചിന്തയിൽനിന്ന് ചിന്തയിലേക്കുമാത്രം ഒഴുകിനീങ്ങാൻ ശ്രീകുമാരി തന്നിൽ അവശേഷിപ്പിച്ചത് ഏതു സ്വപ്നമാണ്? സുന്ദരേശൻ വീണ്ടും വീണ്ടും സുന്ദരേശനെക്കുറിച്ചും ശ്രീകുമാരിയെക്കുറിച്ചും മാത്രം ചിന്തിച്ചു.
          ശ്രീകുമാരിയാവട്ടെ ഒരിക്കൽപ്പോലും സുന്ദരേശനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. ശ്രീകുമാരിയുടെ ചിന്തകളിൽ നിറംചാലിക്കാൻ മാത്രം പരിചയം സുന്ദരേശനെക്കുറിച്ച് ശ്രീകുമാരിക്കുണ്ടായിരുന്നില്ല. ശ്രീകുമാരി ശ്രീകുമാരിയുടെ അമ്മ വിശാലാക്ഷിയെക്കുറിച്ചും സൈക്കിൾമെക്കാനിക്കായ അച്ഛനെക്കുറിച്ചും അച്ഛന്റെ രണ്ടാംഭാര്യ സുഭാഷിണിയെക്കുറിച്ചും മാത്രം ചിന്തിച്ചു.
          ചിന്തകൾ ശ്രീകുമാരിയിലും സുന്ദരേശനിലും തപ്പിത്തപ്പി ഒരുപോലെ പടർന്നുകയറുമ്പോൾ  അവരണ്ടും സമാന്തരരേഖകൾ പോലെ മാത്രമായി നീങ്ങുകയായിരുന്നു. ശ്രീകുമാരിയുടെയും സുന്ദരേശന്റെയും ചിന്തകൾ ഒരിക്കലും ഒരിടത്തുംവെച്ച് കൂട്ടിമുട്ടിയില്ല. ശ്രീകുമാരി പുഴ പോലെയും സുന്ദരേശൻ കര പോലെയും തൊട്ടു/തൊട്ടില്ല എന്നമട്ടിൽ ഒഴുകിയും ഒഴുകാതെയും കിടന്നു.
          രാവിലെ നേരത്തേതന്നെ എവിടെയോ പോകാൻവേണ്ടി ഇറങ്ങിയ സുന്ദരേശൻ ലക്ഷ്യസ്ഥാനത്തെത്തിയെങ്കിലും ലക്ഷ്യം സാധിക്കാതെ മടങ്ങിവന്നത് ശ്രീകുമാരി കാരണമാണെന്ന് സുന്ദരേശൻ സുന്ദരേശനോടുതന്നെ പലതവണ വ്യക്തമാക്കിയതാണ്. വണ്ണാത്തിപ്പുള്ളുകൾ മണലിൽ എന്നതുപോലെയും ഒറ്റമൈനകൾ പുല്ലിൽ എന്നതുപോലെയും അലക്ഷ്യമായി ശ്രദ്ധയിൽ പെടുമ്പോൾ വിചാരിച്ചതൊന്നും നടക്കാതെവരും എന്ന കാരണവമൊഴിപോലെ സുന്ദരേശൻ ന്യായീകരണങ്ങൾക്ക് പാടുപെടുകയായിരുന്നു. എന്നിട്ടും സുന്ദരേശനിൽ അദൃശ്യമായ ഒരു കയർപോലെ പടർന്നുനിന്ന, കെട്ടിവരിഞ്ഞ ശ്രീകുമാരി എന്ന ശ്രീകുമാരി ഒരിക്കലും ഈ വിവരം മനസ്സിലാക്കിയില്ല.
          അങ്ങനെയിരിക്കെ ഒരുദിവസം സുന്ദരേശനും ശ്രീകുമാരിയും തമ്മിലുള്ള പ്രണയം നാട്ടിൽ പാട്ടായി. സുന്ദരേശന്റെ അമ്മ കാർത്യായനി ചൂലിന്റെ പിൻവശംകൊണ്ട് സുന്ദരേശന്റെ പുറത്തടിച്ചു. അച്ഛൻ ഭാർഗ്ഗവൻ പണിസ്ഥലത്തുനിന്നും വന്നയുടനെ സുന്ദരേശന്റെ ചെവിക്കല്ലുനോക്കി കൈകൊണ്ടടിച്ചു. പിന്നെ, കൈക്കോട്ടിന്റെ തായകൊണ്ട് സുന്ദരേശന്റെ കാല്പത്തിയിൽ കുത്തി. സുന്ദരേശന്റെ ചേട്ടനായ ഗോപാലൻ മുറ്റത്തു കിടന്ന നീണ്ട വടിയെടുത്ത് എറിഞ്ഞു. ഏറ് സുന്ദരേശന്റെ പുരികത്തിനു മുകളിലാണ് കൊണ്ടത്. കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊണ്ടു എന്നു പറഞ്ഞതുപോലെ. സുന്ദരേശന്റെ അനിയത്തിയാവട്ടെ പൊട്ടിക്കരഞ്ഞുകൊണ്ട് പാവാടത്തുമ്പുകൊണ്ട് മുഖം തുടച്ചു. പിന്നെ മൂക്കുപിഴിഞ്ഞു. പത്തുനാല്പതു കിലോമീറ്റർ ദൂരെയുള്ള ഭർതൃഗൃഹത്തിൽ നിന്ന് സുന്ദരേശന്റെ ചേച്ചി വിലാസിനി രണ്ടു മക്കളും ഭർത്താവുമായി വീട്ടിലെത്തി.
          'എന്നാലും സുന്ദരേശാ നീ ഞങ്ങളെ ഇങ്ങനെ അവമാനിക്കണ്ടാർന്നു. ഈ വെവരമറിഞ്ഞശേഷം ചേട്ടൻ രാത്രീല് മുഴുവൻ ഉറങ്ങീട്ടേയില്ല.'
          സുന്ദരേശൻ ആരോടും ഒന്നും മിണ്ടിയില്ല. ഒന്നും മിണ്ടാനാവാതെ ഓളംതല്ലുന്ന വെള്ളത്തിനടിയിലെ ശാന്തതപോലെ കോലായിലെ കട്ടിലിൽ മാനത്തുനോക്കി, പുളിമരത്തിൽ ഇരുന്ന് ചരിഞ്ഞ്‌നോക്കുന്ന കാക്കയെ നോക്കി സുന്ദരേശൻ അങ്ങനെയിരുന്നു.
          'ഇവനിപ്പോ ഒരു പെണ്ണു കണ്ടെത്താവ്വേണ്ടീട്ടുള്ള പ്രായായില്ലാലോ.'
          'ഇവന്റമ്മേനെക്കുറിച്ചുങ്കാണ്ട് ഓർത്തിട്ട്ണ്ടാർന്നെങ്കി ഇതിനൊക്കെ നിക്കുവാർന്നോ'
          'പണിക്ക് പോണട്‌ത്തൊക്കെ ഈ കൂട്ടത്തിന് സമാതാനം പറഞ്ഞ് പറഞ്ഞ് ഒര് പരുവവാവൂലോ തെയ്‌വങ്ങളേ...'
          'എങ്ങിനെയാണപ്പാ ഞാൻ സ്‌കോളിപ്പോവ്വാ'
          'നീയ്യ് പോകണ്ടാന്ന് വെക്കണം... അപ്പൻ പണിക്കും പോണ്ട. അമ്മേനെക്കുറിച്ചൊക്കെയങ്ങാണ്ട് മറന്നൂന്ന് കൂട്ടിക്കോ... പെണ്ണു കെട്ടാമ്പ്രായായില്ലാന്ന് നെനക്കാണ്ടീ ചേച്ചീ അറിയ്യാ...'
          ഒറ്റശ്വാസത്തിൽ എല്ലാവർക്കും അവരോഹണക്രമത്തിൽ മറുപടി കൊടുത്ത് വേലിക്കമ്പുകൾക്കിടയിൽ നിന്നും ഒരെണ്ണം വലിച്ചൂരി സുന്ദരേശൻ നടന്നു.
          നാട്ടുവെളിച്ചത്തിൽ സുന്ദരേശന്റെ മുഖം വല്ലാതെ ചുവന്നിരിക്കുന്നത് ആർക്കും കാണാൻ കഴിയുമായിരുന്നില്ല. എങ്കിലും എന്തോ ഒന്ന് സംഭവിക്കാനും സംഭവിപ്പിക്കാനും സുന്ദരേശൻ കാരണമായിത്തീരുമെന്ന് വിചാരിച്ചതിനാൽ എല്ലാവരും പുറകെയോടി.
          നാട്ടുവഴിയിൽ ഒന്നു രണ്ട് തെരുവുവിളക്കുകൾ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. ഗോതമ്പുമണികളുടെ വലിപ്പത്തിലുള്ള പ്രാണികൾ വെളിച്ചത്തിനുചുറ്റും വലംവെച്ചു. ഇടംവെച്ചു. ചിലത് സുന്ദരേശന്റെ കണ്ണിലേക്കും പാഞ്ഞുകയറി.
          ശ്രീകുമാരിയുടെ വീട്ടിലേക്കാണ് സുന്ദരേശൻ പോകുന്നതെങ്കിൽ ശ്രീകുമാരിയോട് രണ്ടു വർത്തമാനം പറയാൻ പാകത്തിൽ സുന്ദരേശന്റെ അച്ഛൻ വെട്ടുകത്തി കയ്യിലെടുത്തു.
          സുന്ദരേശൻ, സുന്ദരേശന്റെ അച്ഛൻ, സുന്ദരേശന്റെ ചേച്ചി, സുന്ദരേശന്റെ അമ്മ, സുന്ദരേശന്റെ അനിയത്തി ഈ ക്രമത്തിൽ അവർ നാട്ടുവഴിയിലൂടെ പാഞ്ഞുപോകുന്നത് തവളപിടിക്കാൻ പെട്രോമാക്‌സുമായി പോവുകയായിരുന്ന ആളുകൾ കണ്ടു. എന്താണ് സംഭവം എന്നറിയാത്തതുകൊണ്ട് അവർ കടന്നുപോയ ഉടനെ പെട്രോമാക്‌സുകാർ വെളിച്ചം ഉയർത്തിനോക്കി.
          സുന്ദരേശന്റെ അനിയത്തി, സുന്ദരേശന്റെ അമ്മ, സുന്ദരേശന്റെ ചേച്ചി, സുന്ദരേശന്റെ അച്ഛൻ, സുന്ദരേശൻ എന്നീ ക്രമത്തിൽ പിന്നിൽ നിന്നും അവരെല്ലാം കണ്ടു. അവരുടെ മുഖത്ത് ഒരു കുടുംബം മൊത്തം പ്രശ്‌നബാധിതമായ ഏതോ സ്ഥലം സന്ദർശിക്കാൻ പോവുകയായിരിക്കും എന്ന ഒരു ഭാവം ഉടലെടുത്തെങ്കിലും, ആപത്തുകാലത്ത് ഇല്ലാത്ത ചങ്ങാത്തം പറഞ്ഞ് കൂടിയാൽ വല്ലതും സഹായിക്കാം എന്ന തോന്നലായിരുന്നു.
          'എന്തായാലും അന്വേഷിക്കാണ്ടെ പോണത് ശരീല്ലല്ലോ. വരിൻടാ നമ്മക്കൊന്ന് നോക്കാം'           ചെല്ലൻ മാപ്പിള അങ്ങനെ പറഞ്ഞപ്പോൾ കൂട്ടരെല്ലാം അവരെ പിന്തുടർന്നു. പെട്രോമാക്‌സിന്റെ വെളിച്ചത്തിൽ വട്ടംചുറ്റിപ്പറന്ന പാറ്റകൾ അതിന്റെ വേഗത്തിലുള്ള സഞ്ചാരത്തിനൊപ്പം എത്താൻ കഴിയാതെ വിഷമിച്ചു. അവറ്റകൾ, റാന്തൽ തോളത്തു ചുമന്നിരുന്നവരുടെ ചെവിയിലും തലമുടിയിലും പുതിയ വെളിച്ചത്തിനുവേണ്ടി പരതി. പേടിച്ചോടുന്ന തവളക്കൂട്ടങ്ങളിൽനിന്നും ലക്ഷ്യം തെറ്റുന്നവയെ പിടികൂടാൻ കാത്തിരുന്ന പാമ്പുകൾ നിരാശരായി.
          'യെന്താണ് സംബവം?'
          'അവരിന്റെ ലബ്ബ് എല്ലാരുമറിഞ്ഞത്രേ...'
          'മെന്ങ്ങനെ നിക്ക്ണ കണ്ടപ്പം ങ്ങനെയൊക്കെയുണ്ടാവുംന്ന് തോന്നീലാ...'
          'ദെന്താപ്പോ കഥ. നെങ്ങൾന്നോടൊക്കെ പറഞ്ഞുങ്ങാണ്ട് പ്രേയ്മിക്കാൻ പറ്റുവോന്ന്.'
          'മെണ്ടാപ്പൂച്ച കലോടക്കുംന്ന് പറയ്ണത് വെർതെയല്ലാ കേട്ടാ.'
          'തെന്നെ... തെന്നെ...'
          'മിണ്ടാണ്ടിരിക്ക്ന്ന്... നോക്കട്ടെ.'
          കൂട്ടം തെറ്റി വഴിവക്കിൽ നിന്ന ഒരു പശുവിനെ ആരോ ഒന്നു തട്ടി. അതൊന്ന് കുതറി ഓടിയപ്പോൾ ആൾക്കൂട്ടം ചിതറി. അക്കൂട്ടത്തിൽ അക്ഷോഭ്യനായി നിന്ന ഒരേ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, സുന്ദരേശൻ.
          രണ്ടിലൊന്ന് ഇപ്പോൾ അറിയാമെന്നുള്ള ധാരണയിൽ ചിലരും, ഈ കഥ പെട്ടെന്നു തീർന്നാൽ രസച്ചരടു പൊട്ടുമെന്നും, എത്രയും പെട്ടെന്ന് തീർന്നെങ്കിൽ പോകാമായിരുന്നു എന്നും  ശ്രീകുമാരിയെ ഇതുവരെ പ്രേമിക്കുന്ന കാര്യം ഞാൻ ഓർത്തില്ലല്ലോ എന്നും, ഞാനായിരുന്നെങ്കിൽ ഈ വക കുണ്ടാമണ്ടികൾക്കു നിൽക്കില്ലായെന്നും നാനാവിധ വിചാരങ്ങളോടെ ആളുകൾ നിന്നു. മങ്ങിയ വെളിച്ചത്തിൽ പരസ്പരം കാണാൻ പ്രയാസമുണ്ടായിട്ടുകൂടി അവർ തിക്കിത്തിരക്കി.
          ശ്രീകുമാരിയുടേത് ചെറിയ ഒരു വീടാണ്. ചെറുതെന്നു വെച്ചാൽ വളരെ ചെറുതല്ല. ഓടിട്ടതും നിലത്തുനിന്ന് അഞ്ചടിയിലേറെ പൊക്കമുള്ളതും മൂന്നുനാലു മുറിയും മച്ചുള്ളതും. മച്ചിൽ ശ്രീകുമാരിയുടെ അച്ഛന്റെ അച്ഛൻ സ്ഥാപിച്ച ഒരു ഭഗവതിയുണ്ട്. ചുവന്ന പട്ടുടുപ്പിച്ച വട്ടത്തിലുള്ള ഒരു കല്ല്. ശ്രീകുമാരിയുടെ സ്വന്തം അമ്മ വിശാലാക്ഷിയും അതിനടുത്തുതന്നെ ഇരിക്കുന്നുണ്ട് എന്നാണ് ശ്രീകുമാരി വിചാരിക്കാറ്. അമ്മ മരിച്ചതും ഈ വീട്ടിൽവെച്ചുതന്നെ എന്നതുകൊണ്ട് വേറെയൊരിടത്തും പോയി ഒരുദിവസം പോലും താമസിക്കാൻ ശ്രീകുമാരിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. രണ്ടാനമ്മയായ സുഭാഷിണിയും ശ്രീകുമാരിക്ക് സ്വന്തം അമ്മയെപ്പോലെയാണ്. അവർ ഒരിക്കൽപ്പോലും ശ്രീകുമാരിയുടെ പത്താമത്തെ വയസ്സുമുതൽ ഇതേവരെ ഒരുവാക്കുപോലും പറഞ്ഞ് നോവിച്ചിട്ടില്ല.
          സൈക്കിൾമെക്കാനിക്കായ അച്ഛനാവട്ടെ, ജോലി കഴിഞ്ഞ് രാത്രി എട്ടുമണിയോടെയാണ് വീട്ടിലെത്തുക. പുറത്താരോടും സംസാരിക്കാൻ പോവാത്ത ശ്രീകുമാരിയുടെ അച്ഛൻ മച്ചിലെ ഭഗവതിയോടുമാത്രം എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാറുണ്ട്. അത്രമാത്രം.
          പുറത്ത്, ആൾക്കൂട്ടത്തിന്റെ ബഹളവും സുന്ദരേശന്റെ അച്ഛന്റെ ആക്രോശവും വർദ്ധിച്ചുവരുന്ന സമയത്ത് അടുക്കളയിൽ കഞ്ഞിവെയ്ക്കാൻ വേണ്ടി വിറകിനു തീ പിടിപ്പിക്കുകയായിരുന്നു ശ്രീകുമാരി. അമ്മ സുഭാഷിണി മുൻവശത്തെ ജന്നലഴികളിലൂടെ ആൾക്കൂട്ടത്തെ നോക്കി നിൽക്കുകയായിരുന്നു.
          അടുപ്പിൽ കനലെരിയുകയും വിറക് കത്തിപ്പിടിക്കുകയും ചെയ്തപ്പോൾ ശ്രീകുമാരി ഒരു വിറകിൻകൊള്ളിയെടുത്തു നന്നായി ഊതി തീ പടർത്തി. ശ്രീകുമാരിയുടെ മുഖം കനൽവെളിച്ചത്തിൽ ചുവന്നുതിളങ്ങി. നെറ്റിയിൽനിന്നും കഴുത്തിലൂടെയും വിയർപ്പുതുള്ളികൾ ഒഴുകിയിറങ്ങി.
          ഒരു കൈയിൽ കത്തുന്ന വിറകുകൊള്ളിയും മറുകൈയിൽ കറിക്കത്തിയുമായി വാതിൽ തുറന്ന് നിന്ന ശ്രീകുമാരിയെക്കണ്ട് ചിലർ ഭഗവതിയെ വിളിച്ചു.
          'അമ്മേ ഭഗവതീ...'
          'ഭഗവതിയേയ്...'
          'എന്താടാ നായിന്റെ മക്കളേ... എന്തുവേണം?'
          കാല് നിലത്താഞ്ഞുചവിട്ടി ശ്രീകുമാരി ഉറക്കെ ചോദിച്ചപ്പോൾ സുന്ദരേശന്റെ അച്ഛൻ ഞെട്ടി. സുന്ദരേശന്റെ അമ്മ പിന്നോക്കം പോയി. സുന്ദരേശന്റെ അനിയത്തിയും സുന്ദരേശന്റെ ചേച്ചിയും പരസ്പരം കൈകളിൽ പിടിച്ചു. നാട്ടുകാരൊക്കെ പരസ്പരം നോക്കി. ഉറഞ്ഞുതുള്ളുന്ന കാവിലമ്മയുടെ കൃപാകടാക്ഷത്തിനായി നിന്നവർ പിന്നാക്കം പോയി.
          സുന്ദരേശൻ മാത്രം ചെറിയ ചിരിയോടെയും ഇഷ്ടത്തോടെയും ശ്രീകുമാരിയെ നോക്കി. സുന്ദരേശന്റെയും ശ്രീകുമാരിയുടേയും കണ്ണുകൾ ഇടഞ്ഞു.
          സുന്ദരേശൻ ഉറക്കെ ചോദിച്ചു.
          'ശ്രീകുമാരീ, നമ്മൾ തമ്മില് പ്രേമത്തിലാണെന്ന് ഇവരൊക്കെ പറയുന്നു.'
          'അതെങ്ങനെ ഇവരൊക്കെയറിഞ്ഞു?'
          'ആവോ, എനിക്കറിയില്ല.'
          'എന്തായാലും ഇത്രയൊക്കെയായില്ലേ. ഈ സുന്ദരേശന്റെ കൂടെ വരുമോ. നമുക്കൊരുമിച്ചു ജീവിക്കാം. എനിക്കു ശ്രീകുമാരിയെ ഒരുപാടിഷ്ടമായി.'
          'രാവിലെയും ഉച്ചയ്ക്കും വൈകീട്ടും തിന്നാൻ തരാനും, ഉടുക്കാൻ വസ്ത്രം തരാനും, കിടന്നുറങ്ങാൻ കൂര തരാനും കഴിയുമോ സുന്ദരേശാ...'
          'കഴിയും, ശ്രീകുമാരീ... കഴിയും.'
          'എന്നാൽ ഞാൻ വരാം ചേട്ടാ...'
          'എങ്കിൽ വരൂ ശ്രീകുമാരീ'
          ശ്രീകുമാരി കൈയിലുണ്ടായിരുന്ന വിറകുകൊള്ളിയും കറിക്കത്തിയും താഴെവെച്ചു. ശ്രീകുമാരിയുടെ രണ്ടാനമ്മയായ സുഭാഷിണി കണ്ണുനീരൊപ്പി. ശ്രീകുമാരി വീട്ടിന്നകത്തേക്കുപോയി.
          സുന്ദരേശന്റെ ചേച്ചിയുടെ കൈയിലേക്ക് ആൾക്കൂട്ടത്തിൽനിന്നും ആരോ കൊടുത്ത മഞ്ഞൾ കെട്ടിയ മഞ്ഞച്ചരടെത്തി. സുന്ദരേശന്റെ അച്ഛൻ മഞ്ഞച്ചരട് കൈയിൽ വാങ്ങി സുന്ദരേശനെ ഏൽപ്പിച്ചു.
          ശ്രീകുമാരി ചെറിയൊരു നാണത്തോടെ മുറ്റത്തേക്ക് ഇറങ്ങിവന്നു. പെട്രോമാക്‌സുകാർ പെട്രോമാക്‌സുയർത്തി. ആ വെളിച്ചത്തെ സാക്ഷിനിർത്തി ശ്രീകുമാരിയുടെ ശംഖൊത്ത കഴുത്തിലേക്ക് സുന്ദരേശൻ മഞ്ഞച്ചരടുകെട്ടി. ആൾക്കൂട്ടം കൈയടിച്ചു.
          വലംകൈയിൽ വലംകൈ പിടിച്ച്  സുന്ദരേശനും ശ്രീകുമാരിയും നടക്കാൻ തുടങ്ങി. ആളുകൾ അനുഗമിക്കാനും.
          ശ്രീകുമാരിയുടെ അച്ഛൻ സൈക്കിളുന്തിക്കൊണ്ട് ദൂരെനിന്നു വരുന്നുണ്ടായിരുന്നു. വിവാഹസംഘം നിന്നു.
          'പോവുകാണോ മകളേ...'
          'പോട്ടെ അച്ഛാ...' ശ്രീകുമാരിയും സുന്ദരേശനും അച്ഛന്റെ കാൽക്കൽ വീണു.
          'നന്നായി വരും മക്കളേ...'
          അച്ഛൻ ശ്രീകുമാരിയെയും സുന്ദരേശനെയും പിടിച്ചെഴുന്നേൽപ്പിച്ചു. പുളിമരത്തിൽ ഇരുന്ന് ചരിഞ്ഞുനോക്കിയുറങ്ങിത്തുടങ്ങിയിരുന്ന രണ്ടുമൂന്നു കാക്കകൾ വെറുതെ ചിറകടിച്ചു പറന്നപ്പോൾ ഇലകൾ പൊഴിഞ്ഞ് താഴേയ്ക്കു വീണു. നേർത്ത മഞ്ഞു വീണു പുൽനാമ്പുകൾ നനഞ്ഞു തുടങ്ങിയിരുന്നു. ഇളംകുളിരിലെ അരണ്ടവെളിച്ചത്തിൽ സുന്ദരേശൻ ശ്രീകുമാരിയുടെ കൈത്തണ്ടയിലെ സ്വർണ്ണരോമങ്ങളിൽ പിടിച്ചു പതുക്കെ വലിച്ചു.
          'ഹൗ...'
                                          (ഉള്ളെഴുത്ത് മാസിക 2006)

2 comments:

Unknown said...

പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്ക് വായനക്കാരെ എത്തിക്കുന്ന അവസാനം.ഇവിടെ നാട്ടുകാർ അല്ലെ പുതിയബന്ധത്തിന് തുടക്കം കുറിച്ചത് എന്ന് തോന്നി. ആവശ്യമില്ലാത്തിടത്തു തലയിടുന്ന നാട്ടുകാർ അത് ഇന്നത്തെ സമൂഹത്തിലും കാണാം. എന്നാൽ ഇവിടെ നാട്ടുകാരെ കൊണ്ട് ഒരു ഉപകാരം ഉണ്ടായിരിക്കുന്നു.....

Unknown said...

പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്ക് വായനക്കാരെ എത്തിക്കുന്ന അവസാനം.ഇവിടെ നാട്ടുകാർ അല്ലെ പുതിയബന്ധത്തിന് തുടക്കം കുറിച്ചത് എന്ന് തോന്നി. ആവശ്യമില്ലാത്തിടത്തു തലയിടുന്ന നാട്ടുകാർ അത് ഇന്നത്തെ സമൂഹത്തിലും കാണാം. എന്നാൽ ഇവിടെ നാട്ടുകാരെ കൊണ്ട് ഒരു ഉപകാരം ഉണ്ടായിരിക്കുന്നു.....