Sunday, October 10, 2021

നൈതികത ടാറ്റയിലേക്ക് മാറുന്ന/മാറ്റുന്നതെങ്ങനെ?

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റൊഴിവാക്കുന്ന യൂണിയന്‍ ഗവണ്മെന്റ് നയത്തെ വിമര്‍ശിക്കുകയായിരുന്നു ഇതേവരെ മാധ്യമസ്ഥാപനങ്ങള്‍ ചെയ്തിരുന്നത് എന്നു വിചാരിക്കട്ടെ. നഷ്ടത്തിലാണ് കമ്പനികളെന്നാണ് പറച്ചില്‍. അതില്‍ യാഥാര്‍ത്ഥ്യമുണ്ടുതാനും. എന്നാല്‍ പൊതുമേഖലയെ ഇല്ലാതാക്കുന്നതിനു പുറകിലുള്ള ഗൂഢാലോചനയിലേക്കോ മറ്റോ എത്താവുന്ന ചര്‍ച്ചകളെ വഴിതിരിച്ചുവിടുന്നതില്‍ മാധ്യമങ്ങള്‍ കൂടി പങ്കുവഹിക്കുന്നുവെന്നുള്ളതാണ് ഖേദകരം. എയര്‍ ഇന്ത്യ നേരത്തേ ടാറ്റയുടേതായിരുന്നു. അത് നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുത്തതാണ്; നെഹ്റുവും ഇന്ദിരയുമൊക്കെ... ടാറ്റയോട് നീതികേട് കാണിച്ചു (ഇപ്പോഴത്തേത് കാലത്തിന്റെ കാവ്യനീതി!) തുടങ്ങിയവയ്ക്ക് ഹൈലൈറ്റ് നല്‍കി ടാറ്റയുടെ മധുരമനോഞ്ജമായ നടത്തിപ്പിനെ (മുമ്പുണ്ടായിരുന്നതും ഇനി വരാന്‍ പോകുന്നതും) എടുത്തുകാണിക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നതുകാണുമ്പോള്‍ ലജ്ജ തോന്നുന്നു. (ടാറ്റയുടെ സംഭാവനകളെയും പ്രവര്‍ത്തനങ്ങളെയും പ്രാധാന്യത്തെയും വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്.)

സമൂഹമാധ്യമങ്ങളുടെ ഭാഷയിലേക്കും സ്വഭാവത്തിലേക്കും മാധ്യമങ്ങള്‍ വന്നെത്തിയിട്ട് കാലം കുറച്ചായി. ’എട്ടിന്റെ പണി’യും ’പൊളിക്കലു’മൊക്കെ തുടങ്ങിയിട്ടും കുറച്ചേറെയായി. വാര്‍ത്തകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നതില്‍ സവിശേഷപരിപാടികള്‍ പോലെ വിശദീകരിച്ചു വിശദീകരിച്ച് വഷളാക്കുന്ന ഏര്‍പ്പാട് മാത്രമേയുള്ളൂ. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കാര്യങ്ങളറിയാനും പ്രേക്ഷകര്‍ക്ക് അവരവരുടെ  ജോലികളിലേക്ക് കടക്കാനും ഇപ്പോഴും ദൂരദര്‍ശനിലെ വാര്‍ത്താരീതി തന്നെയാണ് ഉത്തമം. അതിനുപകരം ഗ്രാഫിക്സ് ഗിമ്മിക്കുകളിലൂടെ വാര്‍ത്തകള്‍ കാണിക്കുകയും അവതാരകര്‍ നടന്നും ഓടിയും അവതരിപ്പിക്കുകയും ഒരേസമയം പല സ്ഥലങ്ങളിലെത്തുകയുമൊക്കെ ചെയ്യുന്നതില്‍ കാഴ്ചയിലെ പുതുമ മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ. 24 മണിക്കൂര്‍ തികയ്ക്കുകയെന്നതും ഒരഭ്യാസമാണല്ലോ! 

Saturday, October 02, 2021

വിവര്‍ത്തനം വെറുമൊരു പണിയല്ല

വിവര്‍ത്തനം പലപ്പോഴും അലോസരപ്പെടുത്താറുണ്ട്. ഫേസ്ബുക്ക് എന്ന പേരിനെ മുഖപുസ്തകം എന്നൊക്കെ വക്രീകരിക്കുന്നത് എന്തിനാണെന്നു മനസ്സിലായിട്ടില്ല. അങ്ങനെയെങ്കില്‍ നമ്മുടെയൊക്കെ പേര് ഓരോ ഭാഷയിലും വിവര്‍ത്തനം ചെയ്തു പറയേണ്ടിവരുമല്ലോ. (ദസ്തയേവ്സ്കിയോ ഡോസ്റ്റോവ്സ്കിയോ ഒക്കെ പ്രശ്നമാണ്. അതിനെയും തര്‍ജ്ജമ ചെയ്തിട്ടുണ്ടല്ലോ...) അത്തരത്തിലുള്ള ചില വിവര്‍ത്തനങ്ങളൊഴികെ സുന്ദരമാണ് തമിഴിലെ വിവര്‍ത്തനമെന്നു തോന്നി. ചില ഉദാഹരണങ്ങള്‍ (പുതിയത്) Online - ഇയങ്കലൈ Offline - മുടക്കലൈ Thumb drive എന്നാണ് കണ്ടത് - വിരലി-യെന്നു പ്രയോഗം GPS അത്ഭുതപ്പെടുത്തി - തടങ്കാട്ടി CCTV നോക്കണം - മറൈകാണി Charger - മിന്നൂക്കി Digital ഏറെ അര്‍ത്ഥവത്താണ് - എണ്‍മിന്‍ ഏറെക്കുറെ ആദ്യകാലം മുതലേ കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലുള്ളത് - അതിനുമൊരു വിവര്‍ത്തനം കണ്ടു - print screen (PrntScr) - തിരൈ പിടിപ്പ്. മലയാളത്തിലെ വിവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ അഭികലിത്ര(computer)വും switch-ഉം മറ്റും പുച്ഛരസത്തിലാണ് പലരും പറയാറുള്ളത്. അങ്ങനെ വിചാരിക്കുന്നവര്‍ മുഖവും നഖവും ഒക്കെ ഒഴിവാക്കേണ്ടതാണ്. (അതൊരു സ്വാഭാവഗുണമത്രേ... അങ്ങനെയേ വരൂ) (ഇക്കൂട്ടത്തില്‍ കണ്ട WhatsApp - പുലനം, Youtube - വലൈയൊളി തുടങ്ങിയവയോട് യോജിക്കാന്‍ തോന്നിയില്ല. നേരത്തേ പറഞ്ഞ പേര് എന്ന സംഗതി തന്നെ കാരണം. Instagram, WeChat, Twitter, Telegram, Skype ഒക്കെയുണ്ട്. സ്ഥലപരിമിതി മൂലം ഒഴിവാക്കുന്നു)