Thursday, April 22, 2021

വാര്‍ത്തകളിലെ മലയാളം

സ്വജനപക്ഷപാതവും ബന്ധുനിയമനവും നടത്തും മുന്‍പ് ഇനി മന്ത്രിമാര്‍ രണ്ടുവട്ടം ആലോചിക്കും എന്ന് വായിച്ചു, മനോരമ പത്രത്തില്‍. സ്വജനപക്ഷപാതം കാണിക്കുകയും ബന്ധുനിയമനം നടത്തുകയും ചെയ്യും മുമ്പ് എന്ന് വിശദമാക്കുന്നതിനുപകരം "നടത്തുക" എന്നതിനെ രണ്ട് കാര്യങ്ങളിലേക്ക് ചുരുക്കുകയാണ് ചെയ്തിട്ടുള്ളത്. സംഗതി എളുപ്പമായെങ്കിലും വായനയില്‍ തടസ്സമുണ്ടായി. കുറേനേരം പോയി.

ഇതേ വാര്‍ത്തയില്‍ത്തന്നെ...

സത്യം ആണെന്ന് ഉറപ്പുള്ള ഒരു കാര്യത്തിനുവേണ്ടി ഉറച്ചുനിന്നാല്‍ കാലതാമസമെടുത്തായാലും വിജയം ഉണ്ടാവും എന്നുറപ്പായി.  എന്തുമാത്രം ഉറപ്പുകള്‍. എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചരണവാചകത്തെ കളിയാക്കിയതാവാനാണ് സാധ്യത. അല്ലാതെന്തു പറയാന്‍!

24 മണിക്കൂര്‍ മാത്രം ആയുസ്സുള്ള വാര്‍ത്ത എന്നതൊക്കെ പഴഞ്ചന്‍ ഏര്‍പ്പാടാണ്. ഇപ്പോള്‍ത്തന്നെ 2018-ലെ കേസെന്തായിരുന്നു എന്നും മറ്റും ഒരിക്കല്‍ക്കൂടി പഴയ വാര്‍ത്തകളിലേക്കു പോയി, തിരികെ വന്നു. കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി. പഴയതിന്റെ ലിങ്കില്‍ നിന്ന് മറ്റു പല വാര്‍ത്തകളിലേക്കും വിശദാംശങ്ങളിലേക്കും പോയതിനുശേഷമാണ് വായിച്ചുകൊണ്ടിരുന്നതിലേക്ക് തിരിച്ചെത്തിയത്. മാത്രമല്ല, ടാഗു ചെയ്യുന്ന കാര്യങ്ങളില്‍ നിന്നോ ഗൂഗിളില്‍ നേരിട്ടു പോയോ മറ്റു വിവരങ്ങളും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കും. വിവിധ പത്രങ്ങള്‍, നിലപാടുകള്‍, വാര്‍ത്തയിലെ സത്യം എന്നിവയൊക്കെ തേടിപ്പോകാനും വായനക്കാരുടെ കമന്റുകള്‍ വായിക്കാനും അവസരമുണ്ട്. ആളുകള്‍ വാര്‍ത്തയോട് പ്രതികരിക്കുന്നതെങ്ങനെയെന്നും അതിനുള്ള മറുപടിയും മാത്രമല്ല, ഒറ്റനോട്ടത്തില്‍ പ്രതികരണമെന്തെന്നറിയാനുള്ള സംവിധാനവും നിലവിലുണ്ട്.



 

 

സംഗതി ഗംഭീരമായിട്ടുണ്ട്. ഇന്റര്‍വ്യൂവിന്റെ തുടക്കം. (ഇവിടെ നേരത്തേ സൂചിപ്പിച്ച വാര്‍ത്ത) അതില്‍ പരാമര്‍ശിച്ചിരിക്കുന്നവ ഫേസ് ബുക്കിലെ പോസ്റ്റുമായി ബന്ധപ്പെട്ടതാണ്. (സ്ക്രീന്‍ ഷോട്ട് കാണുക)

ഇതാണോ കമ്പനി കാണാനിരുന്ന യുദ്ധം? പ്രയോഗമൊക്കെ കൊള്ളാം! മറുപടിയും. രണ്ടുവര്‍ഷം മുമ്പത്തെ കുറിപ്പിന് മറുപടി നല്‍കി എന്നതാണ് വാര്‍ത്ത. വാര്‍ത്ത കണ്ടെത്തിയ രീതിയും വാര്‍ത്തയാക്കിത്തീര്‍ത്ത സംഭവവും വായനക്കാരെ ആകര്‍ഷിക്കും. അടുത്ത ഖണ്ഡികയാണ് പ്രശ്നം. ബന്ധുനിയമനത്തിനെതിരെ യൂത്ത് ലീഗ് നയിച്ച യുദ്ധത്തിന്റെ പരിസമാപ്തിയായിരുന്നു ജലീലിന്റെ രാജി. യുദ്ധം നയിച്ചത് ഫിറോസും. ഇത് വാര്‍ത്തയിലെ വരികളാണോ അതോ FB പോസ്റ്റിലെ വരികളോ? അവിടെയാണ് സംശയം തോന്നുന്നത്.

Thursday, April 08, 2021

ഫ്രീഡം അറ്റ് മിഡ്നൈറ്റ് ഈസ് നോട്ട് ദാറ്റ് മച്ച് ഫ്രീ!

ഒന്ന് ആഞ്ഞു പിടിച്ചാല്‍ ഇരുപത് എപ്പിസോഡെങ്കിലും ആക്കിത്തീര്‍ക്കാവുന്നൊരു സീരിയല്‍ കഥയ്ക്ക് ഉത്തമമായിരിക്കും "ഫ്രീഡം അറ്റ് മിഡ്നൈറ്റ്" എന്ന ഷോര്‍ട്ട് ഫിലിം. അമ്മാതിരി കുലസ്ത്രീ സങ്കല്പം പേറുന്നതിനാല്‍ ഇത് പലര്‍ക്കും ദഹിച്ചുകാണും. ഭയങ്കര റീച്ച് കിട്ടും എന്ന സംവിധായകന്റെ കണക്കുകൂട്ടല്‍ പിഴച്ചില്ല. മാര്‍ക്കറ്റ് ഇത്തരം ഉത്തമകുടുംബിനികള്‍ക്കുള്ളതാണല്ലോ... എന്തൊക്കെയോ തുറന്നു പറയുന്നു, എതിര്‍ക്കുന്നു, പുരോഗമിക്കുന്നു എന്നൊക്കെ തോന്നിക്കാന്‍ ശ്രമിച്ചെങ്കിലും സ്വയം റദ്ദായിപ്പോകുന്ന സംഭാഷണപ്രധാനമായ ആഖ്യാനം. പൊടിക്കൈകളൊക്കെ കൊള്ളാം. കൃത്യസമയത്ത് കുക്കറില്‍നിന്നുള്ള വിസില്‍, സേമിയയുടെ മൃദുവായ ഒഴുക്ക്, ഇസ്തിരിപ്പെട്ടിയില്‍നിന്നുള്ള ആവി, കരിയുന്ന ഭക്ഷണം... 

യാതൊരു കലാമൂല്യവും തോന്നിക്കാത്ത കഥാപരിസരവും കഥാഗതിയും. ഏറ്റവുമെളുപ്പത്തില്‍ ഓണ്‍ലൈനില്‍‍ ആളുകള്‍ പരസ്യപ്രചരണത്തിലൂടെ എത്തിയതാവാനാണ് വഴി. കൃത്രിമമായ ശൈലിയിലേക്ക്, എന്താണ് പറയുന്നതെന്ന് എടുത്തു കാണിക്കുന്നതിലേക്ക് മാത്രം നില്‍ക്കുന്നത്. 

ഇങ്ങനെയൊരു പടത്തിന് മാര്‍ക്കറ്റുണ്ടാവും. മലയാളസിനിമയുടെ ഒരു പ്രത്യേക പാറ്റേണ്‍ ഇതിനുണ്ട്. പ്രത്യേക രീതിയിലുള്ള അവതരണം ഇതിനെ സ്വാധീനിക്കുന്നു. വരേണ്യസങ്കല്‍പ്പങ്ങളെ ചേര്‍ത്തു നിര്‍ത്താനാഗ്രഹിക്കുന്ന ചരിത്രബോധം. 

എന്തായാലും ഓരോ ഭാഗമായി വികസിപ്പിച്ച് അടുത്തൊരു സീരിയിലിനുള്ള സാധ്യത കാണാവുന്നതാണ്.