Wednesday, January 20, 2021

ഗ്രേറ്റ് അടുക്കള ഗ്രേറ്റ് ഇന്ത്യന്‍ അടുക്കളയാകുന്നതെങ്ങനെ

ഉപരിപ്ലവചര്‍ച്ചകളില്‍ അഭിരമിക്കുകയും പെട്ടെന്നു തന്നെ തന്റെ സ്വകാര്യജീവിതത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. അത് ഡ്രാഗണ്‍ ഫ്രൂട്ടിന് കമലമെന്ന് പേരു നല്കുന്നതുപോലെയൊരു ഗിമ്മിക്കുമല്ല. യഥാര്‍ത്ഥ ഇന്ത്യനവസ്ഥയെ മറച്ചുവച്ച് മറ്റെന്തിനെയോ പൊലിപ്പിക്കുന്ന, പുറമേ ദൃശ്യമാകുന്ന കുടുംബമെന്ന കൂട്ടിക്കെട്ടിനകം എത്രത്തോളം ദുര്‍ബ്ബലവും ദുഷിച്ചതുമാണെന്നും വാഷ്ബേസിനു കീഴിലെ അഴുക്കുവെള്ളം പോലെ നേരില്‍ക്കണ്ടാലും ദൃശ്യമാകാത്തതാണെന്നും പറയുന്നതിനാലാണ് ഗ്രേറ്റ് അടുക്കളയെന്ന പേര് ഗ്രേറ്റ് ഇന്ത്യന്‍ അടുക്കളയാകുന്നത്. ദൃശ്യവിനിമയമെന്ന നിലയില്‍ അടുക്കളിയിലെ പൊട്ടും പൊടിയും വരെ സ്ത്രീയെ നിര്‍ണ്ണയിക്കുന്നതെങ്ങനെ എന്ന തലത്തിലേക്ക് വളരുന്ന സിനിമയാണത്. എണ്ണയില്‍ വേവുന്ന പലഹാരങ്ങളും കറിക്കത്തിയില്‍ നുറുങ്ങിത്തീരുന്ന പച്ചക്കറികളും ക്ലോസപ്പിലും നിശ്ചലമായ ക്യാമറാ ആംഗിളിലും പ്രേക്ഷകരെ പരീക്ഷിക്കുകയാണ്. ഗ്യാസടുപ്പിനൊപ്പം പുകയടുപ്പില്‍ വേവുന്ന ഭക്ഷണം രണ്ടു തലമുറയുടെ വീക്ഷണ വ്യത്യാസങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിക്കുകയും അതിലെ സ്വാസ്ഥ്യങ്ങളെ കുത്തിനോവിക്കുകയുമാണ്.