Monday, April 02, 2018

സോഷ്യൽമീഡിയയിലെ കളമെഴുത്തും തുള്ളലും

ഏറ്റവുമെളുപ്പത്തിൽ കൈയടി കിട്ടാനുള്ള സോഷ്യൽമീഡിയ തന്ത്രങ്ങളെയാണ് ജാതിരഹിതരായ ആളുകളെക്കുറിച്ചുള്ള പ്രസ്താവനയ്ക്കു നല്കിയ പ്രാധാന്യവും ചർച്ചയും ഓർമ്മിപ്പിക്കുന്നത്. സന്ദേശമെന്ന സിനിമയിലെ “അന്തർധാര സജീവമായിരുന്നു” എന്ന പ്രയോഗത്തെ കളിയാക്കി സോഷ്യൽമീഡിയ ഉപയോഗിച്ചപ്പോൾ, ചെറിയൊരു സംശയമുണ്ടായിപ്പോയി, വിപ്ലവപക്ഷത്തിന് – കടുപ്പിച്ചു കാര്യം പറഞ്ഞാൽ പുതിയ തലമുറയ്ക്ക് മനസ്സിലാകുന്നില്ലെന്നുണ്ടോ? പറഞ്ഞു പറഞ്ഞ് പലതും കാടുകയറിപ്പോയതാണെന്നും അതിനെക്കുറിച്ച് ചിന്തിക്കുകയും തിരുത്തുകയുമാണ് വേണ്ടതും എന്നല്ല, ഇനി നല്ലതൊന്നും പറയേണ്ട എന്ന നിലവാരത്തിലേക്ക് വന്നുപെടുകയായിരുന്നു അവർ.
  നല്ലതൊക്കെ ആളുകൾ കേട്ടിരിക്കും. മനസ്സിലായാലും, ഇല്ലെങ്കിലും – അക്കാദമിക് തലത്തിലേതാണെങ്കിൽ, വലിയ വലിയ കാര്യങ്ങളൊക്കെ ചർച്ച ചെയ്യുകയാണ് എന്നു വിലയിരുത്തുകയും മനസ്സിലാക്കാൻ ശ്രമിക്കുകയോ വിട്ടുകളയുകയോ ചെയ്യുകയുമാണ് സാധാരണക്കാർ ചെയ്യുക. തനിക്കു മനസ്സിലാകാത്തതൊക്കെ വെടക്കാണ് എന്ന സമീപനം പുലർത്തിയിരുന്നവർ അന്നും ഇന്നും ധാരാളമുണ്ട്. 
അത്തരം വാദങ്ങൾ അന്നു പ്രചരിച്ചിരുന്നില്ല, അഥവാ ചെറിയ സർക്കിളുകളിൽ വിവിധ സന്ദർഭങ്ങളിലേക്ക് ഒതുങ്ങി. ഇന്നത് അഭിപ്രായപ്രകടനമായി പ്രത്യക്ഷപ്പെടുന്നു. അതേയുള്ളൂ വ്യത്യാസം. ഇത് രൂപീകരിക്കുന്ന പൊതുബോധത്തെ തിരിച്ചറിയേണ്ടതുണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് ആഴത്തിലല്ലെങ്കിലും, കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നവർ കൂടിയിട്ടുണ്ടാവണം. പഠിക്കുന്നവരുടെയും മറ്റും എണ്ണത്തിലുള്ള വർദ്ധനയൊഴിച്ച്. ഞാൻ പഴയ പത്താം ക്ലാസ്സാ.. ഇന്നത്തെ എം.എ. – എന്ന നിലയിലുള്ള ഒരഭിമാനം ഒരിക്കൽ ഒരാളിൽ നിന്നു കേട്ടു. അങ്ങനെ ഓരോ കാലത്തും അഭിപ്രായപ്പെടുന്നവരുണ്ട്. അതിന് സോഷ്യൽ മീഡിയയൊന്നും വേണമെന്നില്ല. ഇന്നാവട്ടെ, ഏറ്റവുമെളുപ്പത്തിൽ സോഷ്യൽമീഡിയ അവരെപ്പോലെ അഭിപ്രായങ്ങൾ രൂപീകരിച്ചുകളയും. അതാണു ശരിയെന്നോ, അതിൽ ശരിയുണ്ടെന്നോ ആരും ഉറപ്പിക്കില്ല, എന്നാൽ പ്രചരിക്കുകയും ചെയ്യും.
  വികസനത്തിന് എതിരാണ് ഇടതരെന്നോരു ചിന്ത ഇത്തരക്കാരിലുണ്ട്. അവരെ തൃപ്തിപ്പെടുത്താനായി വയൽക്കിളികളെ അടിച്ചോടിക്കാൻ ശ്രമിച്ചാൽ നടക്കില്ല. കാരണം, അങ്ങനെ ചെയ്താൽ കൈയടി കിട്ടുമെന്ന് ധരിച്ച് ഇറങ്ങിപ്പുറപ്പെട്ടിട്ട് എന്തായി? നടന്നില്ല, മറ്റു പലതിനെയും അതോർമ്മിപ്പിക്കുകയും അഭിപ്രായങ്ങൾ രൂപപ്പെടുകയും ചെയ്തു. എന്തുകൊണ്ട് മെട്രോയ്ക്കെതിരെ എതിർപ്പുയർന്നില്ലെന്നും ബൈപ്പാസിനെതിരെ അതുയർന്നുവെന്നും മാത്രം ചിന്തിച്ചാൽ മതി. ഇതേസന്ദർഭത്തിൽ കുമ്മനടിയെന്ന പ്രയോഗം പ്രചരിക്കപ്പെട്ടതിന്റെ അടിസ്ഥാനം എന്തായിരിക്കുമെന്ന് വിലയിരുത്താൻ ആരും ശ്രമിച്ചില്ല. അതൊരു പ്രതിഷേധമായിരുന്നുവെന്നും ചിരിക്കാനുള്ള വക മാത്രമായിരുന്നില്ല അതിലെന്നും കരുതേണ്ടതുണ്ട്. സൊമാലിയൻ പ്രയോഗത്തിനെതിരെയുണ്ടായ പൊതുവികാരം ശരിയായിരുന്നുവെങ്കിലും വർണ്ണാധിഷ്ഠിതമായ ബോധം അതിനു പുറകിലുണ്ടായിരുന്നുവെന്നതിന് തെളിവുകളേറെയുണ്ട്. അതിനെയാണ് വിലയിരുത്തേണ്ടത്. അല്ലാതെ തൊലിപ്പുറമേയുള്ള ചികിത്സയിലല്ല. തികച്ചും ഉപരിപ്ലവമായ ചിന്തകളെ അടിസ്ഥാനമാക്കിയാണ് സൈബറിടം പലതിനോടും പ്രതികരിക്കുന്നത്. അതിനെ പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്നതു തന്നെ തെറ്റ്. അതുകൊണ്ടുതന്നെ സൈബർചിന്തകരിൽനിന്നും മാറി കൃത്യമായി വിലയിരുത്തുകയും ഇടപെടുകയുമാണ് വേണ്ടത്.
  തനിക്ക് പറയാനുള്ളത് ഓരോരുത്തർക്കും എഴുതി ഫലിപ്പിക്കാനുള്ള സ്പേസ് ഇന്നുണ്ട്. പണ്ടത് പറച്ചിൽമാത്രമായിത്തീർന്നിരുന്നുവെങ്കിൽ ഇന്ന് എഴുത്തും ചിത്രങ്ങളും കാർട്ടൂണുകളും വീഡിയോകളുമായി പ്രതികരണങ്ങളെ അവതരിപ്പിക്കാനാവും. മാറി മാറി വരുന്ന സാങ്കേതികവിദ്യകൾ അതിന് സഹായിക്കുന്നു. എന്നാലും ചിന്താഗതികളിൽ മാറ്റമൊന്നുമില്ല. ജാതിരഹിതരെക്കുറിച്ച് കോൾമയിർ കൊള്ളുമ്പോൾ, ജാതിയുപേക്ഷിക്കാൻ തയ്യാറാകുന്നവരെ ജാതിയുപേക്ഷിച്ച നമ്പുതിരിയെന്നോ, പുലയനെന്നോ മറ്റോ പറയുകയെന്നല്ലാതെ അടിവേരുകളിൽനിന്ന് അതില്ലാതാവുന്നില്ല. പണ്ട് മതം മാറിയവർ പുലയക്രിസ്ത്യാനി ആയതും നമ്പൂതിരിമാർ മതം മാറിയവരാണ് തങ്ങളെന്ന വാദവും ഒക്കെ അതു തന്നെ. നൂറ്റാണ്ടുകളായി എല്ലാ സാമൂഹികപരിഷ്കർത്താക്കളും പ്രവർത്തിച്ചത് ജാതിരഹിതരെ ഉണ്ടാക്കുന്നതിനാണ്. നടന്നിട്ടില്ല. അത്രമാത്രം വേരുകളിലുറച്ചുപോയ ഒന്നാണത്. അതിനൊപ്പം ചേർത്ത് ചിന്തിക്കാനുള്ള മാനസികനിലവാരമേ സ്വാഭാവികമായും ആളുകൾക്കുള്ളൂ. ഇതിൽനിന്നുകൊണ്ടുവേണം വിപ്ലവങ്ങൾ കൊണ്ടുവരാനും ശ്രമിക്കാനും.
    ശ്രീകൃഷ്ണജയന്തി നടത്തുന്നതുപോലെയുള്ള അന്തമില്ലായ്മകൾ കാട്ടിക്കൂട്ടാൻ മിടുക്കരായവരാണ് തലപ്പത്തുള്ളത്. മൂന്നാറിൽ ജെസിബിയിറങ്ങിയപ്പോൾ പൊല്ലാപ്പുണ്ടാക്കിയത് ഇതേ കൂട്ടരാണ്. അഭിനന്ദനീയമായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നവരെ ഒതുക്കിയതല്ലേ… കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിനുശേഷം ഭരണവിരുദ്ധവികാരം സംസ്ഥാനത്തുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം തന്നെ തെളിവ്. എന്നാൽ കൂടെ നിന്നവരിൽനിന്നാണ് ആ വികാരം ഉണ്ടായതെന്നെ കാര്യം സാക്ഷരകേരളം മറന്നിട്ടില്ല. ആദ്യഘട്ടത്തിൽ We Yes-നെ ഇലക്ഷനു മത്സരിപ്പിക്കാൻവരെ സോഷ്യൽ മീഡിയ ഇറങ്ങി. അത് ഫലം കാണുകയും ചെയ്തു. ഇത്തവണയാകട്ടെ അതേ ‘ക്രൗഡ് പുള്ളറെ’ മുന്നിൽനിർത്തി. പിന്നെ, മാറ്റി. അതിന്റെ കാരണങ്ങൾ തികച്ചും യുക്തിരഹിതമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ജനവികാരം എതിരായിട്ടും, ജനങ്ങൾ നിരാശരായിട്ടും ഇല്ലാത്ത അമിതമായ ആഗ്രഹങ്ങളുടെ പേരിലാണ് അദ്ദേഹം ഇടപെടുന്നത് എന്ന മട്ടിൽ ചർച്ചകൾ നടത്തി. ചന്ദ്രലേഖയുടെ കഥയിതാ സിനിമയാകുന്നു. പ്രതികാരബുദ്ധിയോടെയല്ല, വിവേകത്തോടെ കാര്യങ്ങളെ കാണുന്നിടത്താണ് ജനപക്ഷമുണ്ടാവുക.
  വൈകാരികമായി പ്രതികരിക്കുന്നവരാണ് സോഷ്യൽമീഡിയക്കാരെന്നതിൽ തർക്കമില്ല. ശ്രീജിത്തിന്റെ നിരാഹാരം കോളിളക്കമാക്കി മാറ്റിയതും പിന്നീട് നിശ്ശബ്ദമായതും സോഷ്യൽമീഡിയയിലൂടെത്തന്നെ. പ്രതികരിച്ചയാളെ തല്ലിയൊതുക്കിയ പ്രതിപക്ഷവും മോശമല്ല. അതിലെ ശരികളെ സ്വീകരിക്കുക. പൊതുവായി രൂപപ്പെടുന്നതിനെ വിലയിരുത്തി സ്വീകരിക്കുക. അതല്ലാതെ നേരത്തേ ഇവർ പ്രതികരിച്ചിരുന്നത് ഇങ്ങനെയാണ്. ഇത്തവണ കൈയടി നേടിക്കളയാം എന്നൊക്കെ കരുതുന്നത് മൗഢ്യമാണ്. ജാതിരഹിതരായ ലക്ഷക്കണക്കിന് ആളുകൾ, അതേപ്പറ്റി ചിന്തിക്കുകപോലും ചെയ്യാത്തവർ കേരളത്തിലുണ്ട്. അതാരും സർട്ടിഫിക്കറ്റാക്കി വെയ്ക്കുന്നൊന്നുമില്ല. കേരളത്തിന്റെ യഥാർത്ഥമനസ്സിലേക്ക്, സമൂഹത്തിലേക്ക്, ഗ്രാമങ്ങളിലേക്ക് ഇറങ്ങിവന്നാൽ ബോധ്യപ്പെടും. അങ്ങനെയല്ലാത്ത ലക്ഷങ്ങളുമിവിടെയുണ്ട്. മിശ്രവിവാഹങ്ങൾ ധാരാളം നടക്കുന്നുണ്ട്. എന്നാൽ, മിശ്രവിവാഹിതരെ പീഡിപ്പിക്കുന്നവരും കൊല്ലുന്നവരും ധാരാളമുണ്ട്. സമൂഹത്തിന്റെ പരിച്ഛേദമാണിതൊക്കെ. അതൊക്കെ കണക്കുകൾവച്ച്, കൈയടിവാങ്ങി മൂടിവയ്ക്കാം എന്നു കരുതുന്നതിലാണ് തെറ്റ്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു പറഞ്ഞ ഗുരുവിനെ അത് തങ്ങളെക്കുറിച്ചു മാത്രമാണ് എന്നു വ്യാഖ്യാനിക്കുന്നതുപോലെയിരിക്കും ഇത്. ഒടുവിൽ നമുക്കു ജാതിയില്ല എന്ന പ്രസ്താവന വരെ വേണ്ടിവന്ന ചരിത്രം സുവിദിതമാണല്ലോ.
      വിപ്ലവകരമായ തീരുമാനമെടുക്കാൻ കഴിയുക – അമ്പലത്തിൽ ദളിതന് പൂജ നടത്താൻ അവകാശമുണ്ടാക്കുന്നതിലല്ല, എയ്ഡഡ് സ്ഥാപനങ്ങളിൽ അവരുടെ സംവരണം ഉറപ്പുവരുത്തുമ്പോഴാണ്. വടയമ്പാടിയിലെ ജാതിമതിൽ പൊളിക്കാൻ മുന്നിട്ടിറങ്ങുമ്പോഴാണ്. മതസ്ഥാപനങ്ങളെ അംഗീകരിക്കുകയും അവർക്കനുസരിച്ച് കാര്യങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നതിലാണ് താല്പര്യം. അമ്പലം, ഉത്സവങ്ങൾ ഇതിലൊക്കെ ഇടപെടുന്ന വോട്ടുരാഷ്ട്രീയത്തിലേക്ക് വരികയും യഥാർത്ഥ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടുകയും ചെയ്യുന്ന “വർഗ”ബോധത്തെയാണ് ഉന്മൂലനം ചെയ്യേണ്ടത്. ഇത് ബോധത്തിലും അബോധത്തിലും നിറഞ്ഞുനിൽക്കുന്ന ഒരു സർക്കാരാണ് നമുക്കുള്ളതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന നിലപാടാണ് ജാതിരഹിതരുടെ എണ്ണവുമായി ബന്ധപ്പെട്ടതും. സോഫ്റ്റ്‌വേറിലെ പിഴവെന്ന ഫലിതമത്രേ പിന്നീട്. കുഞ്ചു നടന്നു എന്നു കുട്ടി ശരിയായി പറഞ്ഞിട്ടും അതിനെ നടന്നു കുഞ്ചു എന്ന് കവിതയിലെ വരിയാക്കി തിരുത്താൻ ശ്രമിച്ച അമ്മയെ സോഷ്യൽ മീഡിയ ആഘോഷിച്ചത് അതിലെ സരസത കൊണ്ടാണ്, വ്യാകരണപ്പിശകിനെക്കുറിച്ചുള്ള ആധികൊണ്ടല്ല.

No comments: