ജനപ്രിയത അത്ര മോശം പദമല്ല; ജനാധിപത്യം മഹത്തായ ഒന്നാകുന്നതുകൊണ്ടുതന്നെ. ധാരാളം പേര്‍ പിന്തുണയ്ക്കുന്നതും ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതുമായ അവസ്ഥയെയാണ് ജനപ്രിയത എന്നു നിര്‍വ്വചിക്കുന്നത്. എങ്കിലും ഇതിനെ സംശയദൃഷ്ടിയോടെ നോക്കുന്നവര്‍ ഏറെയുണ്ട്. ജനപ്രിയതയുള്ള പലതും അവ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളുടെ ആഴത്തിലുള്ള അന്വേഷണത്തിലേക്കെത്തുമ്പോള്‍ തെറ്റായ നിലപാടുകള്‍ പുലര്‍ത്തുന്നവെന്ന തിരിച്ചറിവാണ് ജനപ്രിയതയെ സംബന്ധിക്കുന്ന സംശയങ്ങള്‍ക്കു കാരണം. ആള്‍ക്കൂട്ട ഉന്മാദമുണ്ടാക്കുന്ന സിനിമകളാണ് യഥാര്‍ത്ഥത്തില്‍ ജനപ്രിയതയെ പ്രതിലോമകരമായ ഒന്നാണെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഭരിക്കുന്നതാണല്ലോ ജനാധിപത്യം. എങ്കിലും ഈ സംവിധാനത്തില്‍ ജനവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിന്‍റെ തീരുമാനം എപ്പോഴും ശരിയായിരിക്കും എന്നു പറയാനാവില്ല. എന്നാല്‍ ജനകീയത, ജനപ്രിയത തുടങ്ങിയവ നമുക്കെത്രമേല്‍ പ്രിയങ്കരമായിത്തീരുന്നുണ്ടെന്നും അതിനുള്ള കാരണങ്ങളെന്തായിരിക്കുമെന്നും ദിലീപെന്ന ജനപ്രിയനടനെ രൂപപ്പെടുത്തിയ ഘടകങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നുമുള്ള അന്വേഷണമാണ് ഈ ലേഖനം.