സൊമാലിയൻ പരാമർശത്തിനെതിരെ പ്രതികരിച്ചതൊക്കെ കൊള്ളാം. അതു വൈറലായതും കൊള്ളാം. ഒറ്റക്കെട്ടായി, ഉറക്കെപ്പറയാനും ഐക്യപ്പെടാനുമുള്ള താല്പര്യമാണിത്. സോഷ്യൽമീഡിയയിൽ പൊങ്കാലയെന്നു പറഞ്ഞ് അതേറ്റെടുക്കാൻ കൂടുതലാളുകളും തയ്യാറായി. ജനാധിപത്യമെന്നത് അങ്ങനെ വെറുതെ തട്ടിക്കളിക്കാനുള്ളതല്ലെന്നും അതുമായി ബന്ധപ്പെട്ടു പ്രസ്താവനകൾ നടത്തുമ്പോൾ കുറഞ്ഞപക്ഷം റിയാലിറ്റിയെക്കുറിച്ച് ചിന്തിക്കണമെന്നും ഏതു വലിയ നേതാവിനെയും ഓർമ്മപ്പെടുത്തുന്ന സംഭവമാണത്. എന്നാൽ, പ്രതികരണങ്ങളോരോന്നിലും നമ്മുടെയുള്ളിലുള്ള ശത്രു ശക്തനായി പ്രത്യക്ഷപ്പെട്ടുവെന്നതിൽ നാം ഭയക്കേണ്ടിയിരിക്കുന്നു. ഓരോ പ്രതികരണവും വെറും തമാശ പറച്ചിലിന്റേതായിരുന്നില്ല. ഹാസ്യം ഇകഴ്ത്തലിലൂടെയാണുണ്ടാവുകയെന്ന കാര്യത്തിൽ സംശയമേതുമില്ല. പക്ഷെ, പല ട്രോളുകളും വർണ്ണവെറിയുടേത് മാത്രമായി എന്ന തിരിച്ചറിവുണ്ടാകുന്നില്ലെങ്കിൽ ഒരു പക്ഷത്തിനും നമ്മെ രക്ഷിക്കാനാവില്ല, ലിംഗനീതിയെയും സമത്വത്തെയും വൈകാരികപ്രകടനങ്ങളോളം എത്തിച്ചവർ വിശാലചിന്താഗതിയുടെ വക്താക്കളായിരുന്നില്ല. അവരങ്ങനെയെങ്കിൽ ഞങ്ങളിങ്ങനെ-യെന്നാണെങ്കിൽ അവരും ഞങ്ങളും തമ്മിലെന്താണു വ്യത്യാസം?