Saturday, February 20, 2016

സിനിമയും മാധ്യമങ്ങളും ചെയ്യുന്നത്

          നിത്യജീവിതത്തിൽ മാധ്യമങ്ങളുടെ ഇടപെടലും അതിനെ സംബന്ധിച്ച അവബോധവും തികച്ചും സുതാര്യമായ ഒരു വിഷയമാണ്. ഈ സുതാര്യത വളരെയെളുപ്പം അപഗ്രഥിക്കുവാനും വിലയിരുത്തുവാനും കഴിയുന്നത് പ്രേക്ഷകന്റെ/വായനക്കാരന്റെ ഉയർന്ന മാധ്യമസാക്ഷരതയും അവബോധവും കൊണ്ടുതന്നെയാണ്. എന്താണ് കാണുന്നതെന്നും കേൾക്കുന്നതെന്നും വായിക്കുന്നതെന്നും കൃത്യമായി മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഓരോരുത്തരും മാധ്യമങ്ങളോട് ഇടപെട്ടുകൊണ്ടിരിക്കുന്നതും പ്രതികരിക്കുന്നതും, ചില സന്ദർഭങ്ങളിലെങ്കിലും ചർച്ചകളിൽ ഉൾപ്പെടുത്തുന്നതും. സംസ്‌കാരരൂപീകരണത്തിലും പ്രചരണത്തിലും അവ വഹിക്കുന്ന പങ്കിനെപ്പറ്റി ധാരണയുണ്ടുതാനും. വൈവിധ്യവും വൈശിഷ്ട്യവും ഉൾച്ചേർന്ന വ്യത്യസ്തങ്ങളായ മാധ്യമസമീപനങ്ങളും അവയുടെ സ്വാധീനവും വ്യക്തിയെയും സമൂഹത്തെയും വേറിട്ടു കാണുന്നില്ല. സാമൂഹികപ്രശ്‌നങ്ങളോടും അവയുടെ ജനകീയവൽക്കരണത്തോടും മാധ്യമങ്ങൾ എല്ലാക്കാലത്തും പുലർത്തുന്ന സമീപനം പുനരുത്ഥാരണത്തിന്റെയോ, നവോത്ഥാനത്തിന്റെയോ ചുവടുപിടിച്ചുകൊണ്ടല്ല. അതു കൃത്യമായും കച്ചവടത്തിന്റെയും ലാഭത്തിന്റെയും വിതരണത്തിന്റെയും തോതിനെ ആശ്രയിച്ചു കൊണ്ടാണ്.

ആവൂ... ആവോയ്... (കഥ)

അനന്തന് വയസ്സ് മുപ്പത്തഞ്ചായി. മുപ്പത്തഞ്ചായെന്നു പറഞ്ഞാൽ ആരുമങ്ങോട്ടു വിശ്വസിക്കുമെന്നു തോന്ന്ണില്ല. എങ്ങനെയാണ്ടവനെ വിശ്വസിക്കുക. എനിക്ക് ഓർമവച്ച കാലം മൊതലേ അനന്തൻ ട്രൗസറിട്ടിട്ടന്നെയാണ് നടക്കണത്. ട്രൗസറെന്നു പറഞ്ഞാൽ കാക്കി ട്രൗസർ. മുഷിഞ്ഞ് മൂട് ഓട്ടയായിട്ടുണ്ടാകും പലപ്പളും. ട്രൗസറിന്റെ വള്ളിക്കുപ്പായത്തിന്റെ പൊറത്തുകൂടെ ആദ്യമൊക്കെ ഇട്ടിട്ടുണ്ടാർന്നെങ്കിലും ഇപ്പളൊക്കെ അകത്തിക്കാക്കി.
കാര്യമെന്തൊക്കെയാണെങ്കിലും കീറട്രൗസറിന്റെ എടേക്കൂടെ ഒന്നും കാണില്ല...ഒന്നും...
അനന്തന് കോലൻ മുടിയാണ്. കോലൻമുടിയുള്ള തലയാകട്ടെ സാധാരണേക്കാട്ടിലും വലുതും. ത്രികോണം കമത്തിവച്ചതുപോലെ, ഈജിപ്റ്റിലെ പിരമിഡ് കമത്തിവച്ചപോലെ. വലിയ തല. വീട്ടീന്ന് ഞാൻ പൊറത്തേക്കെറങ്ങുമ്പളൊക്കെ അനന്തൻ ട്രൗസറിനേക്കാൾ വലിയ പോക്കറ്റിൽ ഒരു കൈയിട്ട്, മറ്റേക്കൈയിൽ നരച്ച ബാഗും തൂക്കി, തേഞ്ഞ വള്ളിച്ചെരുപ്പുമിട്ട് (കൂട്ടത്തിൽ രസമുള്ള ഒരു കാര്യം കൂടി പറഞ്ഞോട്ടെ. - വള്ളിച്ചെരുപ്പിന് അനന്തൻ വള്ളിച്ചപ്പൽ എന്നാണ് പറയാറ്. വേറൊന്നും ചപ്പാൻ കിട്ടാത്തേനെക്കൊണ്ടാണെന്ന് ടെയ്‌ലർ ഷാപ്പിന് മുമ്പിൽ

Tuesday, February 09, 2016

നേരത്തോടു നേരം കഴിഞ്ഞപ്പോൾ (കഥ)


പുലർച്ചെ, ഒരു പക്ഷേ വളരെ നേരത്തേ സൂര്യവെളിച്ചം കടന്നെത്തുന്നതിനും മുമ്പേ നാട്ടുവഴിയുടെ അരണ്ട വെളിച്ചത്തിലേക്ക് ഇറങ്ങിയപ്പോഴാണ് റോഡുവക്കത്തെ വീട്ടിനകത്തേക്ക് റോഡരികിൽത്തന്നെ ഇരിക്കുകയായിരുന്ന ശ്രീകുമാരി കയറിപ്പോകുന്നതു കണ്ടത്. ശ്രീകുമാരിയോടൊപ്പം അവളുടെ അഴിഞ്ഞുലഞ്ഞ സാരിയുടെ തുമ്പും വാതിലുകൾക്കിടയിലേക്ക് അപ്രത്യക്ഷമാകുന്നതു കണ്ടു. അപരിചിതമായ ഏതോ വിശുദ്ധസ്വപ്നം പോലെ ശ്രീകുമാരിയുടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകൽ ഒരുപാടു വിചാരവികാരങ്ങൾക്ക് തീപ്പിടിപ്പിച്ചുവെന്ന് സുന്ദരേശന് തോന്നി. രാവിലെ നാലേമുപ്പതിന് നഗരത്തിലേക്ക് പോകുന്ന ആദ്യബസ്സിൽ കയറേണ്ട ഒരാവശ്യം വന്നതുകൊണ്ട് മാത്രമാണ് മകരമാസത്തിലെ ആ കുളിർത്ത രാവിൽ സുന്ദരേശൻ ആദ്യമായി പുറത്തിറങ്ങിയത്.
          വൈകുന്നേരം ചായക്കടയിൽ ചിലവഴിക്കുന്ന സമയങ്ങളിൽ മാത്രമേ ശ്രീകുമാരിയെ ഇതിനുമുമ്പ് സുന്ദരേശൻ കണ്ടിട്ടുള്ളൂ. ചായക്കടയുടെ എതിർവശത്തെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുകയും വീടിന് തൊട്ടടുത്തുതന്നെയുള്ള അബ്ദുള്ളാക്കയുടെ പീടികയിൽനിന്ന് എന്തെങ്കിലും വാങ്ങിക്കൊണ്ട് വീട്ടിലേക്കുതന്നെ കയറിപ്പോവുകയും ചെയ്യാറുണ്ടായിരുന്ന ശ്രീകുമാരിയിൽ അസാധാരണമായി ഒന്നുമുണ്ടെന്ന് സുന്ദരേശന് അതുവരെ തോന്നിയിട്ടുമില്ല. അങ്ങനെ തോന്നിക്കാൻ മാത്രം ശ്രീകുമാരിയെ ഇതേവരെ പുറത്തൊന്നും കണ്ടതായിട്ടോ