അവളുടെ കണ്ണുകൾ മുറിയിലാകെ സഞ്ചരിക്കുകയാണ്. പരവതാനിയിൽ റെക്കോർഡുകൾ
ചിതറിക്കിടക്കുന്നു. മേശപ്പുറത്തു പുസ്തകങ്ങളുടെ കൂമ്പാരം. സ്റ്റാന്റിൽ ലെതർകെയ്‌സിൽ
പൊതിഞ്ഞ ക്യാമറ. ഗായകൻ ഗാനം ഉപസംഹരിക്കുകയാണ്. പുട്ട് യുവർ ഹെഡ് ഓൺ മൈ ഷോൾഡേഴ്‌സ്!
'എന്റെ ചുമലിൽ
നിന്റെ ശിരസ്സുചായ്ക്കൂ. നിന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളോടണയ്ക്കൂ.'
തടാകത്തിലെ കളിവള്ളത്തിലും പൈൻമരങ്ങളുടെ തണലുകളിലും 'പ്രേമത്തിന്റെ നടപ്പാത'യിലും മണിക്കൂറുകൾ സംസാരിച്ചതാണ്. വാക്കുകൾ കൊണ്ടു പൂമാലകൾ കോർക്കുന്ന അയാൾ
നിശ്ശബ്ദനായിരുന്നു. അവൾക്കൊന്നും പറയാനില്ല. തൊണ്ടയിൽ കനമുള്ള എന്തോ വസ്തു കുടുങ്ങിക്കിടക്കുന്നു.
റെക്കോർഡ് പ്ലെയറിന്റെ സൂചി കരകരശബ്ദത്തോടെ ചലനം നിർത്തിയപ്പോൾ മുറിയിലെ നിശ്ശബ്ദത
വിങ്ങിപ്പൊട്ടുന്നു.
അസഹ്യമായ നിശ്ശബ്ദത. പ്രയാസപ്പെട്ട് അയാൾ എന്തോ പറയുന്നു. അർഥശൂന്യമായ
വാക്കുകൾ. ധാരാളം അർഥം തോന്നുന്ന ശബ്ദങ്ങൾ. ശബ്ദം പരുപരുത്തതാണ്. അവൾ പ്രയാസപ്പെട്ടു
ചിരിച്ചു. ആ ചിരി സ്വന്തമല്ല.
അയാൾ മുമ്പിൽനിന്നു കൈനീട്ടി വിരൽ