വികസനം ആരുടെ അഭിമാനമാണ്?
പത്തുവര്‍ഷത്തെ ഭരണത്തോടെ സ്വാഭാവികമായി വന്നുചേര്‍ന്ന തോന്നലാണ് ഇതേ ഭരണം ഇനിയും തുടരും എന്നുള്ളത്. വോട്ടര്‍മാര്‍ക്ക് വിരോധം തോന്നിയാല്‍ ഇനി അധികാരത്തില്‍ വരില്ലെന്നും താല്പര്യമുണ്ടെങ്കില്‍ ഇനിയും വരുമെന്നും തോന്നിക്കുന്ന പ്രചാരണം. താല്പര്യമുണ്ടെന്നുറപ്പിക്കലാണ് ഗ്യാരണ്ടി പ്രയോഗം! പൊതുവെ ഉല്പന്നങ്ങള്‍ക്കാണ് ഗ്യാരണ്ടി നല്‍കുക. അതില്‍പ്പോലും വ്യവസ്ഥകളുണ്ടായിരിക്കും. അതൊരു വാഗ്ദാനമാണ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, പണം മുടക്കി നേടിയ ഉല്പന്നം സൗജന്യമായി ശരിയാക്കാമെന്നോ, മാറ്റി നല്‍കാമെന്നോ ഉറപ്പിക്കുന്ന രീതി. വാറന്റിയാണെങ്കില്‍ എഴുതിത്തയ്യാറാക്കിയ ഡോക്യുമെന്റായിരിക്കും. രണ്ടിലേതായാലും കണ്ടീഷനുകള്‍ നിറയെ ഉണ്ടായിരിക്കും. പലപ്പോഴും നിങ്ങള്‍ അതു പാലിക്കാത്തതിനാല്‍ ഈ പറഞ്ഞതിന് അര്‍ഹതയില്ല എന്നായിരിക്കും ഇന്‍ഷുറന്‍സ് കമ്പനികളെപ്പോലെ ഗ്യാരണ്ടിക്കാര്‍ പറയാന്‍ ശ്രമിക്കുക. പ്രൊഡക്ടിനോടുള്ള ഉത്തമബോധ്യം പല കമ്പനികളെയും ഗ്യാരണ്ടിയുടെ ആവശ്യമേയില്ല എന്ന് പറയിക്കും. (അവര്‍ക്ക് പരസ്യം ആവശ്യമില്ലെന്ന് ബോധ്യപ്പെടുത്തുന്ന പരസ്യങ്ങള്‍ ചെയ്യും.) മാത്രമല്ല, പലപ്പോഴും വാങ്ങിയവര്‍ ഗ്യാരണ്ടി പിരീഡ് കഴിയുന്നതോടെ പ്രൊഡക്ടിന് തകരാര്‍ സംഭവിക്കുമെന്ന വിശ്വാസക്കാരായിരിക്കുകയും ചെയ്യും! അതുകൊണ്ടുതന്നെ ഗ്യാരണ്ടിയെന്നൊക്കെ പറയുമ്പോള്‍ സ്വാഭാവികമായും അങ്ങനെ പലതും പറയും എന്ന തോന്നലേ പൊതുവേ ഉണ്ടാകുകയുള്ളൂ. ഭാഷ അങ്ങനെയാണല്ലോ. പ്രയോഗത്തിലൂടെയും ആവശ്യങ്ങളിലൂടെയുമാണല്ലോ അത് അര്‍ത്ഥത്തെ നിര്‍ണ്ണയിക്കുന്നത്. ആളുകള്‍ പൊതുവെ ഗ്യാരണ്ടിയൊന്നും വിശ്വസിക്കാത്തവരാണ്. ഒരു പദത്തിന് സന്ദര്‍ഭവും നിരന്തര ഉപയോഗവുമാണ് അര്‍ത്ഥം നിര്‍ണ്ണയിക്കുന്നത്. ആശയങ്ങള്‍ക്ക് അസ്തിത്വം ലഭിക്കുന്നത് മറ്റുള്ളതുമായുള്ള വ്യത്യസ്തതയിലത്രേ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കല്പിക്കപ്പെട്ടിട്ടുള്ള അര്‍ത്ഥത്തെയും കടന്നുനില്‍ക്കുന്ന അനുഭവങ്ങള്‍ ആ പ്രയോഗത്തോടുള്ള പ്രതിപത്തിയെ മറ്റൊന്നായി കാണാന്‍ പ്രേരിപ്പിക്കും. അതുകൊണ്ടുതന്നെ ഗ്യാരണ്ടി ആരോടെങ്കിലുമുള്ള പ്രതിപത്തിയാണോ നിര്‍ണ്ണയിക്കുന്നത്? ഈ പ്രചാരണത്തില്‍ എത്രത്തോളം സത്യസന്ധതയുണ്ടാകും തുടങ്ങിയ ചോദ്യങ്ങള്‍ക്കു പ്രസക്തിയുണ്ട്.