പതിവില്ലാത്ത രീതിയിൽ മഴ പെയ്യുമെന്നു തോന്നിക്കുന്ന ഒരന്തരീക്ഷമായിരുന്നു. പെട്ടെന്ന് അതിഭയങ്കരമായ ഇടിവെട്ടി. എന്തോ
കത്തിയമരുന്നതുപോലെയുള്ള കരകരശബ്ദവും പുകമണവും. അവസാനിക്കാത്ത ഒച്ചകൾ.
പുകപടലം കനത്ത മേഘങ്ങൾപോലെ അന്തരീക്ഷത്തിൽത്തങ്ങി അലിഞ്ഞുയർന്നുകൊണ്ടിരുന്നു. അപ്പോഴേയ്ക്കും ചെറിയ മഴ
തുടങ്ങി. ചാറ്റൽമഴയത്തും പനയുടെ പട്ടകൾ കത്തുന്നുണ്ടായിരുന്നു. തീ ചിലപ്പോഴൊക്കെ ആളിപ്പിടിക്കുകയും ചെറുങ്ങനെ
കെടാൻ ആയുകയുമായിരുന്നു. മഴ കനത്തതോടെ
തീയണഞ്ഞു. പട്ടകളെല്ലാം കത്തിയമർന്ന് ഓരോരോ കഷണങ്ങളായി
പതിച്ചുകൊണ്ടിരുന്നു. കറുത്ത പൊടി മഴവെള്ളത്തിൽ
കലർന്ന് പനന്തടിയിലൂടെ താഴേയ്ക്കൊഴുകി. പട്ടയില്ലാത്ത പന
നീളമുള്ള തടിയൻപേന പോലെ ആകാശത്ത് വരകളെഴുതിക്കൊണ്ട് കാറ്റത്തു നിന്നാടി.
ഗോപീ, കത്തുന്ന പനയിൽ നോക്കിനിൽക്കരുത്,
ദോഷം കിട്ടും.
സെറ്റുമുണ്ടിന്റെ തുമ്പ് തലയിലേക്കു വലിച്ചിട്ടിട്ട് മഴയിലേക്കിറങ്ങിനിന്ന് കണ്ണുകൾ ചുരുക്കി വെള്ളത്തുള്ളികൾ തെറിപ്പിച്ച് എന്നെത്തന്നെ നോക്കിക്കൊണ്ട് വീടിനടുത്തെ ശാന്തേടത്തി പറഞ്ഞു. മഴ കനത്തു
തുടങ്ങിയതിനാൽ ശരിക്കൊന്നും കേൾക്കാൻ വയ്യായിരുന്നു. എന്നിട്ടും വെള്ളമൊഴുകിയിറങ്ങുന്ന ചുണ്ടുകളിലെ വിറച്ചുതണുത്ത ചിരിയോടെ അവരെന്താണ് പറഞ്ഞതെന്ന് എനിക്കു മനസ്സിലായി.