Saturday, August 22, 2020

തെറ്റും ശരിയും

തെറ്റും ശരിയും എന്ന പേരിൽ ഭാഷയിൽ നിരന്തരം ഉപയോഗിക്കുന്ന പല വാക്കുകളെയും അവതരിപ്പിച്ചു കാണാറുണ്ട്. ഇങ്ങനെ എന്നതാണ് ശരി ഇങ്ങിനെ എന്നതല്ല തുടങ്ങി നിരവധി കാര്യങ്ങൾ. പലതും അർത്ഥപരമായി വ്യത്യാസങ്ങൾ വരുത്തുന്നവയല്ലെങ്കിലും അങ്ങനെ വരുന്നവയാണ് ഏറെ അപകടകാരികൾ. ഭാഷ ആശയവിനിമയത്തിനാണെന്നും കാര്യം മനസ്സിലായാൽപ്പോരേ എന്നും പറയുന്നവരുണ്ട്. അത് ശരിയുമാണ്. പ്രാദേശികഭേദങ്ങൾ നിലനില്ക്കുന്നത് അതുകൊണ്ടാണ്. എന്നാൽ ഉദ്ദേശം എന്നെഴുതേണ്ടിടത്ത് ഉദ്ദേശ്യം എന്നെഴുതുമ്പോൾ സംഭവിക്കുന്ന അപകടം വളരെ വലുതാണ്. ഉദ്ദേശം എന്നതിന് ഏകദേശം എന്ന അർത്ഥവും ഉദ്ദേശ്യം എന്നതിന് ലക്ഷ്യം എന്ന അർത്ഥവുമാണുള്ളത്. ഇവ പരസ്പരം മാറിപ്പോകുമ്പോൾ ഉദ്ദേശ്യം തെറ്റും. 

പ്രചരണം - പ്രചരിക്കൽ ആണ്. പ്രചാരണം, പ്രചരിപ്പിക്കൽ എന്നതും. രണ്ടിനും വ്യത്യാസമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി കൂട്ടിവായിക്കുമ്പോൾ അർത്ഥം മനസ്സിലാക്കുന്നതിന് പ്രയാസമുണ്ടാകില്ല.

Thursday, August 20, 2020

ഓൺലൈനിലെ സിനിമ

സിനിമ OTT (Over The Top) റിലീസിനെത്തുമ്പോൾ മാറുന്ന കാലത്തെ അടയാളപ്പെടുത്താനുള്ള അതിന്റെ ശേഷിയെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നു തോന്നുന്നു. ഏതാണ്ട് നൂറു വർഷത്തിലധികം പഴക്കമുള്ള സിനിമ പരമ്പരാഗതമായി തീയേറ്ററിൽ കാണുക എന്ന ശീലത്തിന് മാറ്റമുണ്ടാകുന്നത് മാറുന്ന കാലത്തിനൊത്ത് കോലം മാറുന്ന സിനിമയുടെ സ്വഭാവം കൊണ്ടു തന്നെയാണ്. സാങ്കേതികവിദ്യയാണ് സിനിമാസ്വാദനത്തിന് സഹായകമായി നിൽക്കുന്ന വിഷയം. അതിന്റെ കാഴ്ചയുടെ ലോകമാവട്ടെ, തിരശ്ശീലയിലേക്ക് നേരിട്ട് കാഴ്ചകളെ എത്തിക്കുക എന്നുള്ളതും. നാടകം പോലെയുള്ളവ കൃത്രിമമായി പശ്ചാത്തലമൊരുക്കുമ്പോൾ സിനിമ നേരിട്ട് കാണുന്ന അനുഭവമുണ്ടാക്കുന്ന രീതിയിൽ കൃത്രിമമായി അവയെ നേരിട്ടെത്തിക്കുന്നുവെന്നു മാത്രം. തികച്ചും ലളിതമായ ആസ്വാദനത്തിന് ഉതകുന്ന രീതിയിൽ നേരിട്ടു കഥ പറയുന്നതിനാൽ അത് പുതിയ പരിതസ്ഥിതിയിൽ അതായത് ഒ.ടി.ടി. പോലെയുള്ളവ വരുമ്പോൾ അതിന് യോജിക്കുന്ന രീതിയിലേക്കു മാറും.

Tuesday, August 18, 2020

പ്രാവ്

വിലാസിനി ടീച്ചറുടെ ഏഴാം ക്ലാസ്സിൽ മലയാളപാഠാവലി കേട്ടിരിക്കുന്ന സമയത്താണ് കേരളമെന്ന സംസ്ഥാനത്തിന്റെ വലിപ്പത്തെക്കുറിച്ച് എനിക്ക് ശരിയായ ബോധമുണ്ടായത്. മേശയ്ക്ക് പിന്നിലുള്ള  കസേരയിൽ ഇരുന്ന് ഹാജർ വിളിച്ചു കഴിഞ്ഞതിന് ശേഷം, പുസ്തകമെടുത്ത് കസേരയുടെ പുറകിൽ നിന്ന് കസേര മേശയോട് ചേർത്ത് ചരിച്ച് നിന്നിട്ടാണ് വിലാസിനി ടീച്ചർ ക്ലാസ്സെടുക്കുക. നല്ല രാജ്യം എന്ന കവിതയിൽ "കന്യാകുമാരിക്ഷിതിയാദിയായ് ഗോകർണ്ണാന്തമായ് തെക്ക് വടക്കുനീളെ അന്യോന്യമംബാശിവർ നീട്ടി വിട്ട കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം" എന്ന് പഠിപ്പിക്കുമ്പോൾ വീട്ടിൽ നിന്ന് സ്‌കൂളുവരെയുള്ള ദൂരത്തിനപ്പുറം കന്യാകുമാരിയും ഗോകർണ്ണവും ഉണ്ടെന്നും ചുറ്റുപാടും മലകൾ നിറഞ്ഞതിനാലാണ് അതൊന്നും കാണാൻ കഴിയാത്തതെന്നും രജിത്കുമാർ എന്ന എന്റെ സുഹൃത്തുമായി ഞാൻ ചർച്ച ചെയ്ത് കണ്ടെത്തി. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വീട്ടിൽ നിന്നും സിനിമ കാണാൻ വേണ്ടി പോകുന്നതും അങ്ങനെ കാണുന്ന സിനിമകളിലെ കാഴ്ചകൾ കേരളത്തിന്റെ വിശാലമായി ഭൂപടത്തിന്റെ ഒരംശം മാത്രമാണെന്നും രജിത്കുമാർ എന്റെ ചർച്ചകളെ ശരിവെച്ചു കൊണ്ട് പറഞ്ഞു. 

Monday, August 17, 2020

ആഖ്യാനശാസ്ത്രം - രണ്ടു ഭാഗങ്ങളിലായി ചർച്ച

കഥപറച്ചിലിലെ തന്ത്രങ്ങളെയും മാതൃകകളെയും കുറിച്ചുള്ള അന്വേഷണമാണ്‌ ആഖ്യാനത്തെക്കുറിച്ചുള്ള ചിന്തകളും ചര്‍ച്ചകളുമായി മാറിയത്‌. കഥ പറയുമ്പോള്‍ കഥാകൃത്ത്‌ ഉപയോഗിക്കുന്ന പ്രത്യേകസംവിധാനങ്ങള്‍, തെരഞ്ഞെടുക്കുന്ന പദങ്ങള്‍, സന്ദര്‍ഭാനുസരണം ആകാംക്ഷയും വൈകാരികതയും ജനിപ്പിക്കുന്നതിനു സന്നിവേശിപ്പിക്കുന്ന ഫലപ്രദമായ പ്രയോഗങ്ങള്‍ ഇവയെല്ലാം തന്നെ ആഖ്യാനപഠനത്തില്‍ പ്രസക്തമാണ്‌. ആഖ്യാനത്തിന്റെ ഘടനയും പ്രവര്‍ത്തനവും വിശദീകരിക്കുന്ന പഠനമേഖലയാണ്‌ ആഖ്യാനശാസ്‌ത്രം(narratology) എന്നു സാമാന്യമായി പറയാം. ഒരു പാഠം ക്രമാനുഗതമായ അനവധി സംഭവശ്രേണികളെ ഉള്‍ക്കൊള്ളുകയും അവയുടെ വിന്യാസത്തില്‍ സ്വീകരിച്ചിരിക്കുന്ന സവിശേഷതകളിലൂടെ അനുവാചകനില്‍ വികാരവിചാരങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ഭാഷകനും ശ്രോതാവിനും ഇടയ്‌ക്കു നിലനില്‍ക്കുന്ന സംവേദനമണ്‌ഡലത്തെ ആഖ്യാനം എന്നുവിളിക്കാം. ആശയക്കൈമാറ്റമാണ്‌ ഇവിടെ നടക്കുന്നത്‌. കൈമാറ്റം ചെയ്യപ്പെടുന്ന സംഭവങ്ങളുടെ സ്വഭാവവും രീതികളും ഇരുകൂട്ടര്‍ക്കുമിടയില്‍ സുശക്തമായ ആഖ്യാനതന്ത്രമായി മാറുന്നു. ആഖ്യാനതന്ത്രം എന്താണെന്നു വിശദീകരിക്കുകയാണ്‌ ആഖ്യാനശാസ്‌ത്രം ചെയ്യുന്നത്‌.

PART 1 - YouTube_link            PART 2 - YouTube_link

Sunday, August 16, 2020

ഓരോരോ വഴികൾ

👉നമുക്കു മുന്നിൽ നിരവധി സാധ്യതകളാണുള്ളത്. സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുകൊണ്ടോ പ്രകൃതിയുമായി ചേർന്നുനിന്നുകൊണ്ടോ അതു നടപ്പിലാക്കാനാവും. 👈പലതും നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ പലരും പ്രോത്സാഹിപ്പിക്കാനുണ്ടാകും. അതേപോലെ ആ നാണയത്തിന്റെ മറുവശവും. തള്ളിത്തള്ളി ഒരു പ്രത്യേക പോയന്റിലെത്തുമ്പോൾ കൈവിടും. അപ്പോൾ അത് താഴേക്കു പതിക്കും. ആ പതിക്കലിനെ ആഘോഷിക്കുന്നവർ ആദ്യമേ തന്നെ മൗനികളായിരിക്കും. അവർ ആ സന്ദർഭത്തിലാണ് രംഗപ്രവേശം ചെയ്യുക. ഇതെല്ലാം കരുതിവേണം ഒരാൾ ജീവിക്കാൻ. തന്റെ താല്പര്യങ്ങളും ആഗ്രഹങ്ങളും വീക്ഷണവും ഒക്കെ വെറുതെയാവരുത് എന്ന തോന്നൽ ഉറപ്പായിട്ടും ഉണ്ടെങ്കിൽ ഉള്ളിൽ ക്രിയേറ്റിവിറ്റി മാത്രം ഉണ്ടായാൽപ്പോരാ തീയുണ്ടാവണം. ആ തീ അണയാതെ സൂക്ഷിക്കാനുമാവണം. അണയാതെ സൂക്ഷിക്കണമെങ്കിൽ വ്യാജപ്രസ്താവങ്ങളെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അതിനെക്കുറിച്ചാണ് നേരത്തെ പറഞ്ഞുതീർത്തത്.