Thursday, April 22, 2021

വാര്‍ത്തകളിലെ മലയാളം

സ്വജനപക്ഷപാതവും ബന്ധുനിയമനവും നടത്തും മുന്‍പ് ഇനി മന്ത്രിമാര്‍ രണ്ടുവട്ടം ആലോചിക്കും എന്ന് വായിച്ചു, മനോരമ പത്രത്തില്‍. സ്വജനപക്ഷപാതം കാണിക്കുകയും ബന്ധുനിയമനം നടത്തുകയും ചെയ്യും മുമ്പ് എന്ന് വിശദമാക്കുന്നതിനുപകരം "നടത്തുക" എന്നതിനെ രണ്ട് കാര്യങ്ങളിലേക്ക് ചുരുക്കുകയാണ് ചെയ്തിട്ടുള്ളത്. സംഗതി എളുപ്പമായെങ്കിലും വായനയില്‍ തടസ്സമുണ്ടായി. കുറേനേരം പോയി.

ഇതേ വാര്‍ത്തയില്‍ത്തന്നെ...

സത്യം ആണെന്ന് ഉറപ്പുള്ള ഒരു കാര്യത്തിനുവേണ്ടി ഉറച്ചുനിന്നാല്‍ കാലതാമസമെടുത്തായാലും വിജയം ഉണ്ടാവും എന്നുറപ്പായി.  എന്തുമാത്രം ഉറപ്പുകള്‍. എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചരണവാചകത്തെ കളിയാക്കിയതാവാനാണ് സാധ്യത. അല്ലാതെന്തു പറയാന്‍!

24 മണിക്കൂര്‍ മാത്രം ആയുസ്സുള്ള വാര്‍ത്ത എന്നതൊക്കെ പഴഞ്ചന്‍ ഏര്‍പ്പാടാണ്. ഇപ്പോള്‍ത്തന്നെ 2018-ലെ കേസെന്തായിരുന്നു എന്നും മറ്റും ഒരിക്കല്‍ക്കൂടി പഴയ വാര്‍ത്തകളിലേക്കു പോയി, തിരികെ വന്നു. കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി. പഴയതിന്റെ ലിങ്കില്‍ നിന്ന് മറ്റു പല വാര്‍ത്തകളിലേക്കും വിശദാംശങ്ങളിലേക്കും പോയതിനുശേഷമാണ് വായിച്ചുകൊണ്ടിരുന്നതിലേക്ക് തിരിച്ചെത്തിയത്. മാത്രമല്ല, ടാഗു ചെയ്യുന്ന കാര്യങ്ങളില്‍ നിന്നോ ഗൂഗിളില്‍ നേരിട്ടു പോയോ മറ്റു വിവരങ്ങളും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കും. വിവിധ പത്രങ്ങള്‍, നിലപാടുകള്‍, വാര്‍ത്തയിലെ സത്യം എന്നിവയൊക്കെ തേടിപ്പോകാനും വായനക്കാരുടെ കമന്റുകള്‍ വായിക്കാനും അവസരമുണ്ട്. ആളുകള്‍ വാര്‍ത്തയോട് പ്രതികരിക്കുന്നതെങ്ങനെയെന്നും അതിനുള്ള മറുപടിയും മാത്രമല്ല, ഒറ്റനോട്ടത്തില്‍ പ്രതികരണമെന്തെന്നറിയാനുള്ള സംവിധാനവും നിലവിലുണ്ട്.



 

 

സംഗതി ഗംഭീരമായിട്ടുണ്ട്. ഇന്റര്‍വ്യൂവിന്റെ തുടക്കം. (ഇവിടെ നേരത്തേ സൂചിപ്പിച്ച വാര്‍ത്ത) അതില്‍ പരാമര്‍ശിച്ചിരിക്കുന്നവ ഫേസ് ബുക്കിലെ പോസ്റ്റുമായി ബന്ധപ്പെട്ടതാണ്. (സ്ക്രീന്‍ ഷോട്ട് കാണുക)

ഇതാണോ കമ്പനി കാണാനിരുന്ന യുദ്ധം? പ്രയോഗമൊക്കെ കൊള്ളാം! മറുപടിയും. രണ്ടുവര്‍ഷം മുമ്പത്തെ കുറിപ്പിന് മറുപടി നല്‍കി എന്നതാണ് വാര്‍ത്ത. വാര്‍ത്ത കണ്ടെത്തിയ രീതിയും വാര്‍ത്തയാക്കിത്തീര്‍ത്ത സംഭവവും വായനക്കാരെ ആകര്‍ഷിക്കും. അടുത്ത ഖണ്ഡികയാണ് പ്രശ്നം. ബന്ധുനിയമനത്തിനെതിരെ യൂത്ത് ലീഗ് നയിച്ച യുദ്ധത്തിന്റെ പരിസമാപ്തിയായിരുന്നു ജലീലിന്റെ രാജി. യുദ്ധം നയിച്ചത് ഫിറോസും. ഇത് വാര്‍ത്തയിലെ വരികളാണോ അതോ FB പോസ്റ്റിലെ വരികളോ? അവിടെയാണ് സംശയം തോന്നുന്നത്.

Thursday, April 08, 2021

ഫ്രീഡം അറ്റ് മിഡ്നൈറ്റ് ഈസ് നോട്ട് ദാറ്റ് മച്ച് ഫ്രീ!

ഒന്ന് ആഞ്ഞു പിടിച്ചാല്‍ ഇരുപത് എപ്പിസോഡെങ്കിലും ആക്കിത്തീര്‍ക്കാവുന്നൊരു സീരിയല്‍ കഥയ്ക്ക് ഉത്തമമായിരിക്കും "ഫ്രീഡം അറ്റ് മിഡ്നൈറ്റ്" എന്ന ഷോര്‍ട്ട് ഫിലിം. അമ്മാതിരി കുലസ്ത്രീ സങ്കല്പം പേറുന്നതിനാല്‍ ഇത് പലര്‍ക്കും ദഹിച്ചുകാണും. ഭയങ്കര റീച്ച് കിട്ടും എന്ന സംവിധായകന്റെ കണക്കുകൂട്ടല്‍ പിഴച്ചില്ല. മാര്‍ക്കറ്റ് ഇത്തരം ഉത്തമകുടുംബിനികള്‍ക്കുള്ളതാണല്ലോ... എന്തൊക്കെയോ തുറന്നു പറയുന്നു, എതിര്‍ക്കുന്നു, പുരോഗമിക്കുന്നു എന്നൊക്കെ തോന്നിക്കാന്‍ ശ്രമിച്ചെങ്കിലും സ്വയം റദ്ദായിപ്പോകുന്ന സംഭാഷണപ്രധാനമായ ആഖ്യാനം. പൊടിക്കൈകളൊക്കെ കൊള്ളാം. കൃത്യസമയത്ത് കുക്കറില്‍നിന്നുള്ള വിസില്‍, സേമിയയുടെ മൃദുവായ ഒഴുക്ക്, ഇസ്തിരിപ്പെട്ടിയില്‍നിന്നുള്ള ആവി, കരിയുന്ന ഭക്ഷണം... 

യാതൊരു കലാമൂല്യവും തോന്നിക്കാത്ത കഥാപരിസരവും കഥാഗതിയും. ഏറ്റവുമെളുപ്പത്തില്‍ ഓണ്‍ലൈനില്‍‍ ആളുകള്‍ പരസ്യപ്രചരണത്തിലൂടെ എത്തിയതാവാനാണ് വഴി. കൃത്രിമമായ ശൈലിയിലേക്ക്, എന്താണ് പറയുന്നതെന്ന് എടുത്തു കാണിക്കുന്നതിലേക്ക് മാത്രം നില്‍ക്കുന്നത്. 

ഇങ്ങനെയൊരു പടത്തിന് മാര്‍ക്കറ്റുണ്ടാവും. മലയാളസിനിമയുടെ ഒരു പ്രത്യേക പാറ്റേണ്‍ ഇതിനുണ്ട്. പ്രത്യേക രീതിയിലുള്ള അവതരണം ഇതിനെ സ്വാധീനിക്കുന്നു. വരേണ്യസങ്കല്‍പ്പങ്ങളെ ചേര്‍ത്തു നിര്‍ത്താനാഗ്രഹിക്കുന്ന ചരിത്രബോധം. 

എന്തായാലും ഓരോ ഭാഗമായി വികസിപ്പിച്ച് അടുത്തൊരു സീരിയിലിനുള്ള സാധ്യത കാണാവുന്നതാണ്.  


Thursday, March 11, 2021

നന്മ നിറഞ്ഞവനോ ശ്രീനിവാസന്‍

 (2008-2009 കാലത്ത് എഴുതിയതും പ്രസിദ്ധീകരിക്കാന്‍ സാധിക്കാതെ പോവുകയും പിന്നീട് മറന്നുപോയതുമായ ഈ ലേഖനത്തെക്കുറിച്ച് ഈയിടെ ഓര്‍ക്കേണ്ടിവന്നു. കമ്പ്യൂട്ടറിന്റെ മെമ്മറി ചതിക്കാതിരുന്നതുകൊണ്ട് തിരികെക്കിട്ടി. സമ്പത്തുള്ളവന്റെ കൈയില്‍ അധികാരം കിട്ടുന്നതിനെക്കുറിച്ചുള്ള പ്രസ്താവന, എത്രമാത്രം അരാഷ്ട്രീയമാണെന്ന് കാണുമ്പോള്‍ ഇതൊക്കെ അന്നേ വ്യക്തമായിരുന്നല്ലോ എന്ന വിചാരത്തോടെ വെബ് ലോകത്ത് പോസ്റ്റു ചെയ്യുന്നു.)
-ഇപ്പോള്‍ ഇതിനെന്തെങ്കിലും പ്രസക്തിയുണ്ടോ എന്നതിലല്ല, ഇങ്ങനെയും ചിന്തിച്ചിരുന്നുവെന്ന് പറയുകയാണ്...
 
 
You can’t get spoiled if you do your own ironing.
- Meryl Streep, Film Year Book 1985.
For years I’d been popular in America not because of my talent but because I was famous.
- Cher, Los Angeles Times, 5th December 1982.
 
            സിനിമ ഒരു ഭാഷയാകുന്നത് അതിന് ഉയര്‍ന്നതലത്തിലുള്ള സംവേദനശേഷി കൈവരുമ്പോഴാണ്. ഈ ഭാഷ സൈദ്ധാന്തികതലത്തില്‍ അപഗ്രഥിക്കുന്നതോടെയാണ് അതിന്റെ വിനിമയമൂല്യം വിലയിരുത്തപ്പെടുന്നത്. മലയാളസിനിമാവ്യവസായം തകര്‍ച്ചയുടെ വക്കിലെത്തുമ്പോഴും വിനിമയമൂല്യം കൊണ്ട് സിനിമയെ പിടിച്ചുനിര്‍ത്താനായ വ്യക്തിത്വമാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ മാര്‍ക്കറ്റില്‍ ഏറെ മൂല്യമുള്ളതും വിനിമയസാധ്യതകളുടെ ചെപ്പടിവിദ്യകള്‍ കൈവശമാക്കിയവയുമാണ്. സിനിമയിലുള്ള ശ്രീനിവാസന്റെ ഇടപെടലുകളെ അക്കമിട്ടു നിരത്തുകയാണെങ്കില്‍ താഴെപ്പറയുന്നവയായിരിക്കും അദ്ദേഹത്തിന്റെ സാധ്യതകളെന്ന് ഉറപ്പിക്കാവുന്നതാണ്. 
1. നര്‍മ്മഭാഷണത്തോടെ എന്തിനെയും നേരിടുന്ന രീതി.
2. വേഷഭൂഷാദികളിലോ, ആലങ്കാരികപ്രയോഗങ്ങളിലോ വിശ്വസിക്കാത്ത പ്രകൃതം.
3. പുത്തന്‍സാങ്കേതികവിദ്യകളുടെ പ്രയോഗവൈഭവങ്ങളില്ലാത്ത പ്രമേയാവതരണം.
4. സങ്കീര്‍ണ്ണമല്ലാത്ത പ്രമേയ പ്രശ്‌നപരിസരങ്ങള്‍.
5. യാന്ത്രികമല്ലാത്ത വിവരണരീതി.
6. സംഭാഷണങ്ങളില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ-സാമൂഹിക വിമര്‍ശനം.
7. ഏറ്റവും പുതിയ പ്രശ്‌നങ്ങളിലുള്ള ഇടപെടല്‍.
8. ഗുണപാഠമെന്നോണം പ്രേക്ഷകനെ ചിന്തിപ്പിക്കുന്നതിനുള്ള ശ്രമം.
            ഈ രീതിയില്‍ മലയാളസിനിമാരംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസനെ വിലയിരുത്തേണ്ടത് ഒരനിവാര്യതയായിരിക്കുന്നു. മേല്‍പ്പറഞ്ഞ മുദ്രകള്‍ക്കകത്ത് തെളിഞ്ഞു കാണാന്‍ കഴിയുന്ന ശ്രീനിവാസന്‍ മലയാളസിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിശോധിക്കുമ്പോള്‍ ഓജസ്സറ്റ, നിര്‍ജ്ജീവമായ ഒരു ചലച്ചിത്രരീതി തെളിഞ്ഞു വരുന്നതുകാണാം. മാത്രമല്ല, സിനിമാ ചരിത്രത്തിലേക്ക് മൂല്യനിര്‍ണ്ണയസ്വഭാവത്തോടെ പഠനവിധേയമാക്കേണ്ട എന്തെല്ലാം മാധ്യമക്കാഴ്ചകളാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്നു പരിശോധിക്കുമ്പോള്‍ ഇല്ലായ്മകള്‍ ഏറെക്കാണാം.

Wednesday, January 20, 2021

ഗ്രേറ്റ് അടുക്കള ഗ്രേറ്റ് ഇന്ത്യന്‍ അടുക്കളയാകുന്നതെങ്ങനെ

ഉപരിപ്ലവചര്‍ച്ചകളില്‍ അഭിരമിക്കുകയും പെട്ടെന്നു തന്നെ തന്റെ സ്വകാര്യജീവിതത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. അത് ഡ്രാഗണ്‍ ഫ്രൂട്ടിന് കമലമെന്ന് പേരു നല്കുന്നതുപോലെയൊരു ഗിമ്മിക്കുമല്ല. യഥാര്‍ത്ഥ ഇന്ത്യനവസ്ഥയെ മറച്ചുവച്ച് മറ്റെന്തിനെയോ പൊലിപ്പിക്കുന്ന, പുറമേ ദൃശ്യമാകുന്ന കുടുംബമെന്ന കൂട്ടിക്കെട്ടിനകം എത്രത്തോളം ദുര്‍ബ്ബലവും ദുഷിച്ചതുമാണെന്നും വാഷ്ബേസിനു കീഴിലെ അഴുക്കുവെള്ളം പോലെ നേരില്‍ക്കണ്ടാലും ദൃശ്യമാകാത്തതാണെന്നും പറയുന്നതിനാലാണ് ഗ്രേറ്റ് അടുക്കളയെന്ന പേര് ഗ്രേറ്റ് ഇന്ത്യന്‍ അടുക്കളയാകുന്നത്. ദൃശ്യവിനിമയമെന്ന നിലയില്‍ അടുക്കളിയിലെ പൊട്ടും പൊടിയും വരെ സ്ത്രീയെ നിര്‍ണ്ണയിക്കുന്നതെങ്ങനെ എന്ന തലത്തിലേക്ക് വളരുന്ന സിനിമയാണത്. എണ്ണയില്‍ വേവുന്ന പലഹാരങ്ങളും കറിക്കത്തിയില്‍ നുറുങ്ങിത്തീരുന്ന പച്ചക്കറികളും ക്ലോസപ്പിലും നിശ്ചലമായ ക്യാമറാ ആംഗിളിലും പ്രേക്ഷകരെ പരീക്ഷിക്കുകയാണ്. ഗ്യാസടുപ്പിനൊപ്പം പുകയടുപ്പില്‍ വേവുന്ന ഭക്ഷണം രണ്ടു തലമുറയുടെ വീക്ഷണ വ്യത്യാസങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിക്കുകയും അതിലെ സ്വാസ്ഥ്യങ്ങളെ കുത്തിനോവിക്കുകയുമാണ്.

Sunday, December 06, 2020

ഴാനറോ ജോണറോ ജാനറോ ഈ ജനുസ്സ്!

പദം genre എന്നാണ്. ഉച്ചാരണത്തിന്റെ കാര്യത്തിൽ പലതും കേൾക്കാറുണ്ട്. ഴാനറെന്ന് എഴുതുന്നവരും ജോണറിനെ സ്നേഹിക്കുന്നവരും ജാനറിനെ മാത്രം ഉച്ചരിക്കുന്നവരും - അങ്ങനെയേറെപ്പേർ. ആശയക്കുഴപ്പമൊന്നും ഇക്കാര്യത്തിലില്ല. ജനുസ്സെന്ന പ്രയോഗത്തിന് സ്പീഷിസുമായുള്ള ബന്ധം ആലോചിക്കുമ്പോൾ genre-നെ അങ്ങനെ തന്നെ കൈകാര്യം ചെയ്താൽ മതിയോ എന്നൊരു തോന്നൽ വന്നുചേരും. സാഹിത്യരൂപമെന്നും പ്രരൂപമെന്നും തനിമലയാളത്തിൽ എഴുതിക്കാണിക്കുന്നവരുമുണ്ട്. സാഹിത്യപ്രരൂപത്തെക്കുറിച്ചാവുമ്പോൾ അതിനെ മറ്റു മേഖലയുമായി ബന്ധിക്കാൻ പ്രയാസം തോന്നും. 
തിരച്ചിൽഫലംഫ്രഞ്ചുപദം സ്വീകരിക്കുമ്പോൾ ഫ്രഞ്ചിലെ ഉച്ചാരണം അതേപടി സ്വീകരിക്കണമെന്ന് നിർബന്ധമില്ലാത്തതുകൊണ്ട് ഇംഗ്ലീഷിൽ - ഇംഗ്ലീഷെന്നു പറയുമ്പോൾ അമേരിക്കൻ, ബ്രിട്ടീഷ്, ഇന്ത്യൻ തുടങ്ങി അനവധി ഭേദങ്ങളോടെ അത് ഉച്ചരിക്കപ്പെടുന്നുവെന്നുള്ള വസ്തുതയെ കാണണം. ഇന്റർനെറ്റിന്റെ കാലമായതുകൊണ്ട് അങ്ങനെയൊരു വഴി നോക്കുമ്പോൾ അതു തന്നെയാണ് കാണാനാവുക. ഒരു വഴിയടയുമ്പോൾ നിരവധി വഴികൾ തെളിയും എന്നൊക്കെയാണ് പറയാറ്. ഇവിടെയിപ്പോൾ ഒരു വഴിയേ ഉള്ളൂവെന്നല്ല, ആ ഒരു വഴി മാത്രമേ എളുപ്പത്തിൽ പ്രാപ്യമാക്കാറുള്ളൂ. ഓക്സ്ഫോർഡിന്റെ നിഘണ്ടുവോ വെബ്സ്റ്ററോ ഏതൊക്കെ നോക്കിയാലും ഉച്ചാരണകാര്യത്തിൽ ചില സാമ്പ്രദായികരീതികൾ പിന്തുടരുന്നതായും കാണാം. 

Friday, November 27, 2020

കുന്തളിപ്പും ചിന്തയും

നിവർ ചുഴലിക്കാറ്റ് തമിഴ്‌നാടിനെ ഞെട്ടിച്ചു. 24 മണിക്കൂർ ചാനലുകളിൽ വാർത്ത ആവർത്തിച്ചുകൊണ്ടേയിരുന്നു. കാറ്റ്, മഴ, വേഗത, കടൽ അങ്ങനെയങ്ങനെ. കൂട്ടത്തിൽ കൗതുകകരമായി ശ്രദ്ധിച്ച വാക്കാണ് കടൽ കുന്തളിച്ചു എന്നത്. ഒറ്റക്കേൾവിയിൽ കടൽ കൂന്തൽ അഴിച്ചിട്ടാടി എന്നുതോന്നി. മുടിയഴിച്ചാടുന്ന, കളംമായ്ച്ച്, തലയാട്ടി, മുടിയാട്ടി, വട്ടംചുറ്റിക്കുന്ന കാഴ്ച. വാക്കിനും ശബ്ദത്തിനുമപ്പുറം അർത്ഥത്തിന് അടരുകളേറെയുണ്ടെന്നു തോന്നിച്ച പ്രയോഗം. ഉല്പത്തിയെക്കുറിച്ചോ നിഷ്പത്തിയെക്കുറിച്ചോ ഒന്നുമോർക്കാനില്ല. ശരിതെറ്റുകളെക്കുറിച്ചും. വാക്ക്, അതങ്ങനെ ഭയാനകമായ ഒന്നായി മനസ്സിൽത്തങ്ങി. ഈ ശബ്ദത്തിന് മലയാളത്തിലും അർത്ഥമൊക്കെയുണ്ട്. നെഗളിക്കുക എന്നൊക്കെപ്പറയും. കാൽവിരലിൽക്കുത്തി നടക്കുകയെന്ന് ഒരർത്ഥവും കണ്ടു. കടൽ കുന്തളിക്കുക എന്ന് മലയാളത്തിൽ പറഞ്ഞു കേട്ടിട്ടില്ല. ഇനി ഉണ്ടോ എന്നറിയില്ല. എന്നാൽ അങ്ങനെയൊന്ന് കേൾക്കുമ്പോഴോ നാനാവിധ വ്യാഖ്യാനങ്ങൾ നൽകാനാവുന്ന പ്രയോഗമായി അത് മാറുന്നു.

Monday, November 16, 2020

കളങ്കഥ - ആഖ്യാനാനുഭവം

ചെസ് ബോർഡിലെ കരുക്കൾ കൊണ്ടൊരു മാസ്മരവിദ്യ, കൂടാതെ ഡ്രൈവിംഗ് സെറിമണി. വേഗതന്ത്രങ്ങളുടെ കരുക്കൾക്ക് യന്ത്രവിദ്യയുടെ മുന്നൊരുക്കം. ഫ്രാൻസിസ് നൊറോണയുടെ കളങ്കഥ എന്ന കഥ 2020 നവംബർ ലക്കം ഭാഷാപോഷിണിയിൽ… 64 കളങ്ങളിലെ കല കളങ്കഥയല്ലാതെ മറ്റെന്ത്? സത്യാനന്തരകാലത്തെ മനുഷ്യർ വസ്തുതകളേക്കാൾ വിവരണങ്ങളിലെ ആപേക്ഷികതകളിൽ മാത്രം ഊന്നുമെന്നതിന് ഇതിൽപ്പരമെന്തു തെളിവുവേണം. "സംശയിക്കേണ്ട നിങ്ങൾ ഉദ്ദേശിച്ചതുതന്നെയാണ് ഞാൻ ചെയ്തത്" എന്നൊരു പെരുമഴപ്പെയ്ത്തിൽ അതൊടുങ്ങുന്നു. 

കഥയെഴുത്ത് ഒരനുഭവത്തിന്റെ സാക്ഷാത്കാരമാണ്. ഒറ്റയനുഭവം. ഒറ്റവീർപ്പിൽ പറയാവുന്നത്. 

സന്ദർഭത്തെയും സംഭവത്തെയും ഒക്കെച്ചേർത്ത് പണ്ടേക്കുപണ്ടേ നിരൂപകർ കഥയെ നിർവചിച്ചിരുന്നു. കഥാപ്രപഞ്ചത്തിലെ വൈകാരികമുഹൂർത്തമെന്ന്. വൈകാരികാവസ്ഥയെ ഉണർത്തിവിടുന്ന സവിശേഷസന്ദർഭമായി കഥയെ കാണാനാവുമെന്നും മറ്റും. അങ്ങനെ ഒരവസ്ഥയെ പ്രാപിക്കുന്ന കഥകൾ ഏറെയൊന്നും കാണാനാവില്ല. കാണുന്നെങ്കിൽത്തന്നെ ഏറെയൊന്നും നിറഞ്ഞു നിൽക്കാറുമില്ല. കുറേയൊക്കെ, എഴുത്തിന്റെ നീളംകൊണ്ട് അവസാനിപ്പിക്കുന്നതെങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലേക്ക് മുറ്റിനിൽക്കും, വായനയിൽ എല്ലായിടത്തും. പലപ്പോഴും തീരുന്നതെപ്പോഴെന്ന് മറിച്ചുനോക്കിക്കൊണ്ടേയിരിക്കും. എന്നാൽ ചില

Saturday, October 24, 2020

പന കത്തുമ്പോൾ വിളക്കിൽ എരിഞ്ഞത് (കഥ)

            അങ്ങനെയിരിക്കെ ഒരുദിവസം വീടിന്റെ അടുത്തുള്ള നീളൻ പന നിന്നുകത്തി.
            പതിവില്ലാത്ത രീതിയിൽ മഴ പെയ്യുമെന്നു തോന്നിക്കുന്ന ഒരന്തരീക്ഷമായിരുന്നു. പെട്ടെന്ന് അതിഭയങ്കരമായ ഇടിവെട്ടി. എന്തോ കത്തിയമരുന്നതുപോലെയുള്ള കരകരശബ്ദവും പുകമണവും. അവസാനിക്കാത്ത ഒച്ചകൾ. പുകപടലം കനത്ത മേഘങ്ങൾപോലെ അന്തരീക്ഷത്തിൽത്തങ്ങി അലിഞ്ഞുയർന്നുകൊണ്ടിരുന്നു. അപ്പോഴേയ്ക്കും ചെറിയ മഴ തുടങ്ങി. ചാറ്റൽമഴയത്തും പനയുടെ പട്ടകൾ കത്തുന്നുണ്ടായിരുന്നു. തീ ചിലപ്പോഴൊക്കെ ആളിപ്പിടിക്കുകയും ചെറുങ്ങനെ കെടാൻ ആയുകയുമായിരുന്നു. മഴ കനത്തതോടെ തീയണഞ്ഞു. പട്ടകളെല്ലാം കത്തിയമർന്ന് ഓരോരോ കഷണങ്ങളായി പതിച്ചുകൊണ്ടിരുന്നു. കറുത്ത പൊടി മഴവെള്ളത്തിൽ കലർന്ന് പനന്തടിയിലൂടെ താഴേയ്ക്കൊഴുകി. പട്ടയില്ലാത്ത പന നീളമുള്ള തടിയൻപേന പോലെ ആകാശത്ത് വരകളെഴുതിക്കൊണ്ട് കാറ്റത്തു നിന്നാടി.
            ഗോപീ, കത്തുന്ന പനയിൽ നോക്കിനിൽക്കരുത്, ദോഷം കിട്ടും.
            സെറ്റുമുണ്ടിന്റെ തുമ്പ് തലയിലേക്കു വലിച്ചിട്ടിട്ട് മഴയിലേക്കിറങ്ങിനിന്ന് കണ്ണുകൾ ചുരുക്കി വെള്ളത്തുള്ളികൾ തെറിപ്പിച്ച് എന്നെത്തന്നെ നോക്കിക്കൊണ്ട് വീടിനടുത്തെ ശാന്തേടത്തി പറഞ്ഞു. മഴ കനത്തു തുടങ്ങിയതിനാൽ ശരിക്കൊന്നും കേൾക്കാൻ വയ്യായിരുന്നു. എന്നിട്ടും വെള്ളമൊഴുകിയിറങ്ങുന്ന ചുണ്ടുകളിലെ വിറച്ചുതണുത്ത ചിരിയോടെ അവരെന്താണ് പറഞ്ഞതെന്ന് എനിക്കു മനസ്സിലായി.

Saturday, September 05, 2020

ആപ്പും കോപ്പും

ആപ്പ് എന്നാൽ പെട്ടെന്ന് ഓർമ്മ വരിക മൊബൈൽ ആപ്പ് എന്ന നിത്യോപയോഗപ്രയോഗമത്രേ. യഥാർത്ഥത്തിൽ മലയാളത്തിൽ ആപ്പ് എന്നു പറയുന്നത് ചെത്തി ഷെയ്പാക്കിയെടുത്ത ഒരു മരക്കഷണത്തെയാണ്. മരക്കഷണം തന്നെ വേണമെന്നില്ല, തടി പിളർത്തുമ്പോൾ വിടവ് അടുത്തുപോകാതെ നിർത്താനോ, ലൂസായിരിക്കുന്നതിനെ ഉറപ്പിച്ചു നിർത്താനോ ഒക്കെയാണ് ഇതുപയോഗിക്കുക എന്നതുകൊണ്ട് ഏതെങ്കിലും ഒരു കഷണം വസ്തു (ബലമുള്ളത്) കിട്ടിയാൽ മതിയാകും. അതേയുള്ളൂ അതിന്റെ പ്രയോജനപ്രദമായ വശം. പിന്നെയൊന്ന് AAP ആണ്. സംഗതി പൊളിറ്റിക്കൽ പാർട്ടിയാണ്. ആപ്പാണ് എന്നു പറഞ്ഞാൽ അങ്ങനെയൊരു ചിന്തയും വന്നുചേരും. എന്നാൽ ഇന്ന് നിരന്തരം കേട്ടു കേട്ട് ആപ്പ് എന്ന അർത്ഥയുക്തമായ ശബ്ദം മൊബൈലോ കമ്പ്യൂട്ടറോ മറ്റോ ആയി മാത്രമേ കണക്ടാകുന്നുള്ളൂ. അതു മാറ്റിയെടുക്കാനുള്ള ശ്രമമാണ് ചിലരൊക്കെ നടത്തുന്നത്. അതിപ്പോൾ നിയമസഭയിലായാലും സെക്രട്ടേറിയറ്റിലെ തീയിലായാലും - ആപ്പു വയ്ക്കുക എന്നൊക്കെപ്പറയുമ്പോൾ ഓർമ്മയുണ്ടോ ഈ മുഖം എന്ന ചോദ്യവുമായി അതങ്ങനെ നിൽപ്പാണ്. 

Saturday, August 22, 2020

തെറ്റും ശരിയും

തെറ്റും ശരിയും എന്ന പേരിൽ ഭാഷയിൽ നിരന്തരം ഉപയോഗിക്കുന്ന പല വാക്കുകളെയും അവതരിപ്പിച്ചു കാണാറുണ്ട്. ഇങ്ങനെ എന്നതാണ് ശരി ഇങ്ങിനെ എന്നതല്ല തുടങ്ങി നിരവധി കാര്യങ്ങൾ. പലതും അർത്ഥപരമായി വ്യത്യാസങ്ങൾ വരുത്തുന്നവയല്ലെങ്കിലും അങ്ങനെ വരുന്നവയാണ് ഏറെ അപകടകാരികൾ. ഭാഷ ആശയവിനിമയത്തിനാണെന്നും കാര്യം മനസ്സിലായാൽപ്പോരേ എന്നും പറയുന്നവരുണ്ട്. അത് ശരിയുമാണ്. പ്രാദേശികഭേദങ്ങൾ നിലനില്ക്കുന്നത് അതുകൊണ്ടാണ്. എന്നാൽ ഉദ്ദേശം എന്നെഴുതേണ്ടിടത്ത് ഉദ്ദേശ്യം എന്നെഴുതുമ്പോൾ സംഭവിക്കുന്ന അപകടം വളരെ വലുതാണ്. ഉദ്ദേശം എന്നതിന് ഏകദേശം എന്ന അർത്ഥവും ഉദ്ദേശ്യം എന്നതിന് ലക്ഷ്യം എന്ന അർത്ഥവുമാണുള്ളത്. ഇവ പരസ്പരം മാറിപ്പോകുമ്പോൾ ഉദ്ദേശ്യം തെറ്റും. 

പ്രചരണം - പ്രചരിക്കൽ ആണ്. പ്രചാരണം, പ്രചരിപ്പിക്കൽ എന്നതും. രണ്ടിനും വ്യത്യാസമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി കൂട്ടിവായിക്കുമ്പോൾ അർത്ഥം മനസ്സിലാക്കുന്നതിന് പ്രയാസമുണ്ടാകില്ല.

Thursday, August 20, 2020

ഓൺലൈനിലെ സിനിമ

സിനിമ OTT (Over The Top) റിലീസിനെത്തുമ്പോൾ മാറുന്ന കാലത്തെ അടയാളപ്പെടുത്താനുള്ള അതിന്റെ ശേഷിയെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നു തോന്നുന്നു. ഏതാണ്ട് നൂറു വർഷത്തിലധികം പഴക്കമുള്ള സിനിമ പരമ്പരാഗതമായി തീയേറ്ററിൽ കാണുക എന്ന ശീലത്തിന് മാറ്റമുണ്ടാകുന്നത് മാറുന്ന കാലത്തിനൊത്ത് കോലം മാറുന്ന സിനിമയുടെ സ്വഭാവം കൊണ്ടു തന്നെയാണ്. സാങ്കേതികവിദ്യയാണ് സിനിമാസ്വാദനത്തിന് സഹായകമായി നിൽക്കുന്ന വിഷയം. അതിന്റെ കാഴ്ചയുടെ ലോകമാവട്ടെ, തിരശ്ശീലയിലേക്ക് നേരിട്ട് കാഴ്ചകളെ എത്തിക്കുക എന്നുള്ളതും. നാടകം പോലെയുള്ളവ കൃത്രിമമായി പശ്ചാത്തലമൊരുക്കുമ്പോൾ സിനിമ നേരിട്ട് കാണുന്ന അനുഭവമുണ്ടാക്കുന്ന രീതിയിൽ കൃത്രിമമായി അവയെ നേരിട്ടെത്തിക്കുന്നുവെന്നു മാത്രം. തികച്ചും ലളിതമായ ആസ്വാദനത്തിന് ഉതകുന്ന രീതിയിൽ നേരിട്ടു കഥ പറയുന്നതിനാൽ അത് പുതിയ പരിതസ്ഥിതിയിൽ അതായത് ഒ.ടി.ടി. പോലെയുള്ളവ വരുമ്പോൾ അതിന് യോജിക്കുന്ന രീതിയിലേക്കു മാറും.

Tuesday, August 18, 2020

പ്രാവ്

വിലാസിനി ടീച്ചറുടെ ഏഴാം ക്ലാസ്സിൽ മലയാളപാഠാവലി കേട്ടിരിക്കുന്ന സമയത്താണ് കേരളമെന്ന സംസ്ഥാനത്തിന്റെ വലിപ്പത്തെക്കുറിച്ച് എനിക്ക് ശരിയായ ബോധമുണ്ടായത്. മേശയ്ക്ക് പിന്നിലുള്ള  കസേരയിൽ ഇരുന്ന് ഹാജർ വിളിച്ചു കഴിഞ്ഞതിന് ശേഷം, പുസ്തകമെടുത്ത് കസേരയുടെ പുറകിൽ നിന്ന് കസേര മേശയോട് ചേർത്ത് ചരിച്ച് നിന്നിട്ടാണ് വിലാസിനി ടീച്ചർ ക്ലാസ്സെടുക്കുക. നല്ല രാജ്യം എന്ന കവിതയിൽ "കന്യാകുമാരിക്ഷിതിയാദിയായ് ഗോകർണ്ണാന്തമായ് തെക്ക് വടക്കുനീളെ അന്യോന്യമംബാശിവർ നീട്ടി വിട്ട കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം" എന്ന് പഠിപ്പിക്കുമ്പോൾ വീട്ടിൽ നിന്ന് സ്‌കൂളുവരെയുള്ള ദൂരത്തിനപ്പുറം കന്യാകുമാരിയും ഗോകർണ്ണവും ഉണ്ടെന്നും ചുറ്റുപാടും മലകൾ നിറഞ്ഞതിനാലാണ് അതൊന്നും കാണാൻ കഴിയാത്തതെന്നും രജിത്കുമാർ എന്ന എന്റെ സുഹൃത്തുമായി ഞാൻ ചർച്ച ചെയ്ത് കണ്ടെത്തി. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വീട്ടിൽ നിന്നും സിനിമ കാണാൻ വേണ്ടി പോകുന്നതും അങ്ങനെ കാണുന്ന സിനിമകളിലെ കാഴ്ചകൾ കേരളത്തിന്റെ വിശാലമായി ഭൂപടത്തിന്റെ ഒരംശം മാത്രമാണെന്നും രജിത്കുമാർ എന്റെ ചർച്ചകളെ ശരിവെച്ചു കൊണ്ട് പറഞ്ഞു. 

Monday, August 17, 2020

ആഖ്യാനശാസ്ത്രം - രണ്ടു ഭാഗങ്ങളിലായി ചർച്ച

കഥപറച്ചിലിലെ തന്ത്രങ്ങളെയും മാതൃകകളെയും കുറിച്ചുള്ള അന്വേഷണമാണ്‌ ആഖ്യാനത്തെക്കുറിച്ചുള്ള ചിന്തകളും ചര്‍ച്ചകളുമായി മാറിയത്‌. കഥ പറയുമ്പോള്‍ കഥാകൃത്ത്‌ ഉപയോഗിക്കുന്ന പ്രത്യേകസംവിധാനങ്ങള്‍, തെരഞ്ഞെടുക്കുന്ന പദങ്ങള്‍, സന്ദര്‍ഭാനുസരണം ആകാംക്ഷയും വൈകാരികതയും ജനിപ്പിക്കുന്നതിനു സന്നിവേശിപ്പിക്കുന്ന ഫലപ്രദമായ പ്രയോഗങ്ങള്‍ ഇവയെല്ലാം തന്നെ ആഖ്യാനപഠനത്തില്‍ പ്രസക്തമാണ്‌. ആഖ്യാനത്തിന്റെ ഘടനയും പ്രവര്‍ത്തനവും വിശദീകരിക്കുന്ന പഠനമേഖലയാണ്‌ ആഖ്യാനശാസ്‌ത്രം(narratology) എന്നു സാമാന്യമായി പറയാം. ഒരു പാഠം ക്രമാനുഗതമായ അനവധി സംഭവശ്രേണികളെ ഉള്‍ക്കൊള്ളുകയും അവയുടെ വിന്യാസത്തില്‍ സ്വീകരിച്ചിരിക്കുന്ന സവിശേഷതകളിലൂടെ അനുവാചകനില്‍ വികാരവിചാരങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ഭാഷകനും ശ്രോതാവിനും ഇടയ്‌ക്കു നിലനില്‍ക്കുന്ന സംവേദനമണ്‌ഡലത്തെ ആഖ്യാനം എന്നുവിളിക്കാം. ആശയക്കൈമാറ്റമാണ്‌ ഇവിടെ നടക്കുന്നത്‌. കൈമാറ്റം ചെയ്യപ്പെടുന്ന സംഭവങ്ങളുടെ സ്വഭാവവും രീതികളും ഇരുകൂട്ടര്‍ക്കുമിടയില്‍ സുശക്തമായ ആഖ്യാനതന്ത്രമായി മാറുന്നു. ആഖ്യാനതന്ത്രം എന്താണെന്നു വിശദീകരിക്കുകയാണ്‌ ആഖ്യാനശാസ്‌ത്രം ചെയ്യുന്നത്‌.

PART 1 - YouTube_link            PART 2 - YouTube_link

Sunday, August 16, 2020

ഓരോരോ വഴികൾ

👉നമുക്കു മുന്നിൽ നിരവധി സാധ്യതകളാണുള്ളത്. സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുകൊണ്ടോ പ്രകൃതിയുമായി ചേർന്നുനിന്നുകൊണ്ടോ അതു നടപ്പിലാക്കാനാവും. 👈പലതും നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ പലരും പ്രോത്സാഹിപ്പിക്കാനുണ്ടാകും. അതേപോലെ ആ നാണയത്തിന്റെ മറുവശവും. തള്ളിത്തള്ളി ഒരു പ്രത്യേക പോയന്റിലെത്തുമ്പോൾ കൈവിടും. അപ്പോൾ അത് താഴേക്കു പതിക്കും. ആ പതിക്കലിനെ ആഘോഷിക്കുന്നവർ ആദ്യമേ തന്നെ മൗനികളായിരിക്കും. അവർ ആ സന്ദർഭത്തിലാണ് രംഗപ്രവേശം ചെയ്യുക. ഇതെല്ലാം കരുതിവേണം ഒരാൾ ജീവിക്കാൻ. തന്റെ താല്പര്യങ്ങളും ആഗ്രഹങ്ങളും വീക്ഷണവും ഒക്കെ വെറുതെയാവരുത് എന്ന തോന്നൽ ഉറപ്പായിട്ടും ഉണ്ടെങ്കിൽ ഉള്ളിൽ ക്രിയേറ്റിവിറ്റി മാത്രം ഉണ്ടായാൽപ്പോരാ തീയുണ്ടാവണം. ആ തീ അണയാതെ സൂക്ഷിക്കാനുമാവണം. അണയാതെ സൂക്ഷിക്കണമെങ്കിൽ വ്യാജപ്രസ്താവങ്ങളെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അതിനെക്കുറിച്ചാണ് നേരത്തെ പറഞ്ഞുതീർത്തത്.

Saturday, July 11, 2020

ആഖ്യാനചാതുരിയും മാമ്പഴവും - ചെറുകുറിപ്പ്

അങ്കണത്തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ-
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരി കത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ളാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലേ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?
പൈതലിൻ ഭാവം മാറി, വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ