യാന്ത്രികതയും അതീന്ദ്രിയതയുമൊക്കെ വിട്ട് വരുംകാലത്തിന്റെ ചരിത്രത്തിലേക്കുള്ള നൂറുനൂറു പടവുകൾ കയറിപ്പോയ മൃദുലയാന്ത്രികതയിലെ ഏറ്റവും തിളക്കമുള്ള ഏടാണ് ഫെയ്സ്ബുക്കിന്റേത്. പുസ്തകത്തിനകത്തെ ഏടുതന്നെ പുസ്തകമായി മാറിയ അപൂർവ്വ കാഴ്ചയാണത്.
സങ്കേതനം ചെയ്യപ്പെട്ട സന്ദേശങ്ങൾ വക്താവിൽനിന്ന് ശ്രോതാവിലേക്ക് ഒരു മാധ്യമത്തിലൂടെ കടന്നുപോവുകയും (അവിടെനിന്ന് തിരിച്ചും) വിസങ്കേതനത്തിലൂടെ ആശയവിനിമയം നടത്തുകയും ചെയ്യുന്നു എന്ന അറിവിനെ നിരന്തരവിനിമയസാധ്യതയുള്ള അനവധി അടരുകളുള്ള സന്ദേശപ്പുസ്തകമാക്കി പരിവർത്തിപ്പിക്കുകയായിരുന്നു ഫെയ്സ്ബുക്ക്.
സ്വകാര്യമായ ഇടമല്ലെങ്കിലും സ്വകാര്യതയെക്കാൾ സ്വീകാര്യമായ മറ്റുചിലതൊക്കെയാണ് ഈ സാംഖ്യമാധ്യമത്തെ നയിക്കുന്നത്. മെച്ചപ്പെട്ട കച്ചവടസാധ്യതയുള്ള അതിന്റെ ചൂരും ചൂടും തിരിച്ചറിഞ്ഞ് യാന്ത്രിക ഉപഭോഗപരതയെ ആശ്ലേഷിക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് ഇതിലുള്ളത്. വ്യക്തിയേക്കാൾ, വ്യക്തിത്വമുള്ള അപരങ്ങളാണ് ഇതിന്റെ ഇടത്തെ സമ്പുഷ്ടമാക്കുന്നത്. വെറുതെ ചാറ്റുന്നവരും ഗൗരവത്തോടെ തിണ്ണമിടുക്ക് കാണിക്കുന്നവരും എന്നിങ്ങനെ രണ്ടുതരം കൂട്ടരാണ് ഇതിലുള്ളതെന്ന് പരക്കെ തോന്നുമെങ്കിലും അതിലപ്പുറമുള്ള പൊതുസ്വത്വത്തെ രൂപപ്പെടുത്താൻ ഫേസ്ബുക്കിനാവുന്നുണ്ട്. അതുകൊണ്ടാണ് രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിൽ ഫേസ്ബുക്ക് നിർണ്ണായകമാകുന്നത്. പലപ്പോഴും തോന്നാറുണ്ട്, സോഷ്യൽ മീഡിയയിലെ വ്യക്തികൾ അപരത്തെയാണ് അന്വേഷിക്കുന്നതെന്ന്. അപരനെയല്ല, അപരത്തെത്തന്നെ. തനിക്കിണങ്ങിയതോ, തന്നോടൊപ്പം ഇണങ്ങുന്നതോ, തന്റേതുതന്നെയോ ആയ പ്രതിച്ഛായകളെ സങ്കല്പിക്കാനും അവയെ അപരമായി കാണാനുമുള്ള പ്രവണതയാണിത്.








