Wednesday, January 01, 2020

മുകൾപ്പരപ്പിലൊതുങ്ങുന്ന ഫേസ്ബുക്ക്

(മധുപാലിന്റെ ഫേസ്ബുക്ക് എന്ന നോവൽ വായിക്കുമ്പോൾ)
യാന്ത്രികതയും അതീന്ദ്രിയതയുമൊക്കെ വിട്ട് വരുംകാലത്തിന്റെ ചരിത്രത്തിലേക്കുള്ള നൂറുനൂറു പടവുകൾ കയറിപ്പോയ മൃദുലയാന്ത്രികതയിലെ ഏറ്റവും തിളക്കമുള്ള ഏടാണ് ഫെയ്‌സ്ബുക്കിന്റേത്. പുസ്തകത്തിനകത്തെ ഏടുതന്നെ പുസ്തകമായി മാറിയ അപൂർവ്വ കാഴ്ചയാണത്.
സങ്കേതനം ചെയ്യപ്പെട്ട സന്ദേശങ്ങൾ വക്താവിൽനിന്ന് ശ്രോതാവിലേക്ക് ഒരു മാധ്യമത്തിലൂടെ കടന്നുപോവുകയും (അവിടെനിന്ന് തിരിച്ചും)  വിസങ്കേതനത്തിലൂടെ ആശയവിനിമയം നടത്തുകയും ചെയ്യുന്നു എന്ന അറിവിനെ നിരന്തരവിനിമയസാധ്യതയുള്ള അനവധി അടരുകളുള്ള സന്ദേശപ്പുസ്തകമാക്കി പരിവർത്തിപ്പിക്കുകയായിരുന്നു ഫെയ്‌സ്ബുക്ക്.
    സ്വകാര്യമായ ഇടമല്ലെങ്കിലും സ്വകാര്യതയെക്കാൾ സ്വീകാര്യമായ മറ്റുചിലതൊക്കെയാണ് ഈ സാംഖ്യമാധ്യമത്തെ നയിക്കുന്നത്. മെച്ചപ്പെട്ട കച്ചവടസാധ്യതയുള്ള  അതിന്റെ ചൂരും ചൂടും തിരിച്ചറിഞ്ഞ് യാന്ത്രിക ഉപഭോഗപരതയെ ആശ്ലേഷിക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് ഇതിലുള്ളത്. വ്യക്തിയേക്കാൾ, വ്യക്തിത്വമുള്ള അപരങ്ങളാണ് ഇതിന്റെ ഇടത്തെ സമ്പുഷ്ടമാക്കുന്നത്. വെറുതെ ചാറ്റുന്നവരും ഗൗരവത്തോടെ തിണ്ണമിടുക്ക് കാണിക്കുന്നവരും എന്നിങ്ങനെ രണ്ടുതരം കൂട്ടരാണ് ഇതിലുള്ളതെന്ന് പരക്കെ തോന്നുമെങ്കിലും അതിലപ്പുറമുള്ള പൊതുസ്വത്വത്തെ രൂപപ്പെടുത്താൻ ഫേസ്ബുക്കിനാവുന്നുണ്ട്. അതുകൊണ്ടാണ് രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിൽ ഫേസ്ബുക്ക് നിർണ്ണായകമാകുന്നത്. പലപ്പോഴും തോന്നാറുണ്ട്, സോഷ്യൽ മീഡിയയിലെ വ്യക്തികൾ അപരത്തെയാണ് അന്വേഷിക്കുന്നതെന്ന്. അപരനെയല്ല, അപരത്തെത്തന്നെ. തനിക്കിണങ്ങിയതോ, തന്നോടൊപ്പം ഇണങ്ങുന്നതോ, തന്റേതുതന്നെയോ ആയ പ്രതിച്ഛായകളെ സങ്കല്പിക്കാനും അവയെ അപരമായി കാണാനുമുള്ള പ്രവണതയാണിത്.
ആത്മസുഖമാണിതിന്റെ കാതൽ. ആത്മാന്വേഷണമല്ല. ഈയൊരു താല്പര്യത്തെ മറ്റുള്ളവരിൽ ആരോപിക്കുകയെന്ന വിചിത്രമായ രീതിയും ഇതിനുണ്ട്. അത് ലൈക്കുകളായും കമന്റുകളായും സ്‌മൈലികളായും ഒക്കെ വാളിൽ തെളിയും.

    പതിവുരീതികളെ നിരാകരിച്ചുകൊണ്ട് ഒരു കൃതിയുണ്ടാകുമ്പോൾ അതിൽ പുതുമയുണ്ടാകും. എന്നാൽ അതൊരു പ്രസ്ഥാനമായിത്തീരണമെങ്കിൽ പുതിയ ഘടനയെന്നതിലേറെ മറ്റു ധാരാളം സാധ്യതകൾ അതിലുണ്ടാവണം. ഫേസ്ബുക്കെന്ന ഒരിടം നിലനില്ക്കുന്നിടത്തോളം അതിനു സാധ്യതയില്ലതാനും. പിന്നെയന്താണ് ഈ നോവലിലെ പുതുമ. ഇതൊരിക്കലും ഒരു പ്രസ്ഥാനമാകാൻ പോകുന്നില്ല. നോവൽപ്രസ്ഥാനത്തിൽ ഒരു പ്രത്യേക ഴാനറായി അടയാളപ്പെടുകയുമില്ല. പിന്നെന്തുകൊണ്ട് ഇതിന്റെ ആഖ്യാനസവിശേഷതകൾ വിലയിരുത്തപ്പെടണം?
    മറുപടി ഈ ഫേസ്ബുക്കിൽത്തന്നെയുണ്ട്. ഫേസ്ബുക്ക് ഒരു സോഷ്യൽമീഡിയ ആണ്. അതിന് അതിന്റേതായ ലക്ഷ്യങ്ങളും പ്രത്യേകതകളുമുണ്ട്. അതിന്റെ ഘടനയിൽ നോവലിനോ, കഥയ്‌ക്കോ, കവിതയ്‌ക്കോ സാധ്യതയില്ല. ഇവയൊക്കെ സുഹൃത്തുക്കൾക്കോ ഗ്രൂപ്പുകൾക്കോ പങ്കുവയ്ക്കുന്നതിന് സാധ്യതയേറെയുണ്ട്. എന്നാൽ ഫേസ്ബുക്കിനെത്തന്നെ നോവലെന്ന ഘടനയുടെ അടിസ്ഥാനരൂപമാക്കിത്തീർത്തു എന്നതാണ് മധുപാലിന്റെ ഫേസ്ബുക്കിനുള്ള പ്രത്യേകതയെന്ന് പറയാനാവുമോ? ഒരിക്കലുമില്ല; കഥപറച്ചിലിന് അതിന്റേതായ രൂപവും സമ്പ്രദായവുമുള്ള സ്ഥിതിയ്ക്ക്, കഥാഘടനയുടെ നിലപാടുകളിൽനിന്നുകൊണ്ട് ഫേസ്ബുക്കെന്ന മാധ്യമസമ്പ്രദായത്തിലേക്ക് അതിനെ മാറ്റിത്തീർക്കുന്നിടത്താണ് നോവൽ വിജയിക്കുന്നത്. ഇക്കാര്യത്തിൽ മധുപാൽ പൂർണ്ണവിജയിയാണെന്നു പറയാനാവില്ല. മറ്റു സമാനതകളില്ലാത്തതിനാൽ താരതമ്യത്തിനും വകുപ്പില്ലാതെയായിത്തീർന്നു എന്നു വിചാരിക്കാം. 
    ഈ നോവലിൽ പ്രധാനമായും പങ്കെടുക്കുന്നവർ വീണാസുകുമാരൻ. നവീൻ ലോപ്പസ്, അനസൂയ വേണുഗോപാൽ, അനിൽ ആദിത്യൻ, അനിതകുമാരി, അനുപമ രാമകൃഷ്ണൻ, ഷൗക്കത്ത് തുടങ്ങിയവരാണ്. കമന്റുകളുമായി വരുന്ന ഒട്ടനവധി പേരുകളുണ്ട്. അവർക്കുള്ള മറുപടികളുമുണ്ട്. ഈ കഥാപാത്രങ്ങൾ തമ്മിൽ നേരിട്ടു ബന്ധമില്ല. അവർ സംവദിക്കുന്നത് വെർച്വൽലോകത്താണ്. പരസ്പരം കാണാനിടയില്ലാത്ത അവരോരോരുത്തരും അവരുടേതായ പ്രശ്‌നങ്ങളാണ് സംസാരിക്കുന്നത്. കൂട്ടിയിണക്കുന്നത് നോവലിസ്റ്റാണെന്നുമാത്രം. മരണവീട്ടിലെത്തിപ്പെടാത്ത, വിവാഹത്തിന് വരികയോ, അപകടസമയത്ത് സഹായമാവുകയോ ചെയ്യാത്ത സൗഹൃദങ്ങളാണ് ഫേസ്ബുക്കിലേത് എന്ന് പലരും എഴുതിക്കണ്ടിട്ടുണ്ട്. സുഹൃത്ബന്ധമെന്നത് ഇതൊക്കെ മാത്രമാണോ എന്നു ചോദിക്കാനാണ് പലപ്പോഴും തോന്നുക. മാനസികഭാവങ്ങളെ തീവ്രമായി അവതരിപ്പിക്കാൻ ശ്രമിച്ചാൽ കൂട്ടുകാരന്/കാരിക്ക് വട്ടാണെന്നു പറയും. അല്ലെങ്കിൽ ലോകവിവരമില്ലാഞ്ഞിട്ടാണെന്നു കൂടി പറഞ്ഞ് ഒതുക്കിക്കളയും. എന്നാൽ ഇവിടെ അങ്ങനെ തോന്നുന്നവർ ഉണ്ടായാലും ഒരേസമയം വികാരമാറ്റങ്ങളോട് ചേർന്ന് പരിഹാരമോ, ആശ്വാസമോ പകരുന്നവരും ഉണ്ടാകും. ഒരേസമയം വിവിധ തരത്തിലുള്ള മാറ്റങ്ങളെ അറിയാനും അതിലുള്ള തലങ്ങളെ താരതമ്യം ചെയ്യാനുമാവും. ഫ്രണ്ടിനെ അൺഫ്രണ്ട് ചെയ്യാനും റിക്വസ്റ്റയച്ച് ഫോളോ ചെയ്യാനുമാവുന്ന സവിശേഷത റിയൽഫ്രണ്ട്‌സിലേക്കാൾ വെർച്വൽഫ്രണ്ട്‌സിൽ ഏറെയുണ്ട്.
    റിയാലിറ്റി എന്നത് ആപേക്ഷികമല്ല. യഥാർത്ഥത്തിൽ നിലനില്ക്കുന്ന ഒന്നിനെക്കുറിച്ചാണത്.  കാണാനാവുന്നതോ, സങ്കല്പിക്കാനാവുന്നതോ എന്ന വേർതിരിവുമാത്രമേ അതിനുള്ളൂ. കാഴ്ചയുടെ അനന്തസാധ്യതകളിൽ കണ്ണാടികൾക്കപ്പുറത്ത് തെളിയുന്ന ചിത്രങ്ങൾപോലെ വസ്തുനിഷ്ഠതയെ സൂചിപ്പിച്ചുകൊണ്ടും എന്നാൽ അവാസ്തവമായും അത് നിലനില്ക്കും.
    ഒരു ആഖ്യാനത്തിന്റെ സവിശേഷഘടകങ്ങൾ പരിശോധിക്കുമ്പോൾ, ആശയവിനിമയമെന്ന പ്രക്രിയയുടെ അടിസ്ഥാന ഏകകങ്ങൾക്ക് അവിടെ വലിയ പ്രാധാന്യമുണ്ടെന്നു കാണാം. നോവലിനെ സംബന്ധിച്ചിടത്തോളം നോവൽഘടനയെന്നത് സുനിശ്ചിതമായ ഒന്നല്ല. എന്നാൽ കഥാപാത്രങ്ങളും അവർ തമ്മിൽ കാര്യ-കാരണസഹിതമുള്ള ബന്ധവും കാലികവും സ്ഥലികവുമായ നിർമ്മിതിയുമായിട്ടാണ് അത് നിലനില്ക്കുന്നത് എന്നതിൽ തർക്കമില്ല. പുതിയൊരു പശ്ചാത്തലത്തെ സ്വീകരിക്കുന്നിടത്ത് അതിന്റെ പ്രതിനിധാനമാണ് പ്രധാനപ്പെട്ടത് എന്നതിനാൽ എഴുത്തുകാരൻ കൂടുതൽ കൃത്രിമമായ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിവരും. ഇതിന്റെ അടിസ്ഥാനത്തിലാണ് നോവൽഘടന അനുവാചകനുമുന്നിൽ പ്രത്യക്ഷപ്പെടുക. ഫേസ്ബുക്ക് നോവലാകുമ്പോൾ അതിൽ മുൻനിശ്ചയിക്കപ്പെട്ട ചില കൗതുകങ്ങൾ ഉണ്ട്. ഫേസ്ബുക്കുമായി പരിചയമില്ലാത്തവർക്കുവരെ അതിന്റെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാവുകയും അതിനനുസരിച്ച് വായനയിൽ തടസ്സമില്ലാതിരിക്കുകയും വേണം. നവീൻലോപ്പസ് എഴുതുന്നതു പോലെയുള്ള ദീർഘങ്ങളായ വാൾപോസ്റ്റുകളുമായി സാധാരണ ഫേസ്ബുക്ക് ഉപയോക്താവിനുവരെ പരിചയമുണ്ടാകണമെന്നില്ല. എന്നാൽ ആഖ്യാനഘടനയ്ക്ക് ഫേസ്ബുക്ക് അടിസ്ഥാനമാക്കുന്നതിനാൽ വീണാസുകുമാരനോടും അനുപമ രാമകൃഷ്ണനോടും നടത്തുന്ന ചർച്ചകളും കുറിപ്പുകളും അവയുടെ മറുപടികളുമാണ് ഇവിടെയുള്ളത്. 
    വെർച്വൽ റിയാലിറ്റിയിൽ ഒരു വ്യക്തിയെ ശരിയായി അടയാളപ്പെടുത്താനാവില്ലെന്ന് പറയുന്നത് ശരിയാണെന്നിരിക്കേ, ഇവരോരോരുത്തരും അവരവരുടേതായി ബിൽഡ്അപ്പ് ചെയ്യുന്ന വ്യക്തിത്വത്തെയാണ് വായനക്കാർ കാണുന്നതും അറിയുന്നതും. അതിലേറെയും സരസമായ സംഭാഷണങ്ങളോ ട്രോളുകളോ ഒന്നുമല്ല, വളരെ സീരിയസായി എന്നാൽ കാല്പനികമായി ഓർമ്മകളെയും താല്പര്യങ്ങളെയും പങ്കുവെയ്ക്കുന്നവയാണ്. നവീൻ ലോപ്പസിന്റെ ഈ വാക്കുകൾ നോക്കുക: ആർക്കൊക്കെയോ വേണ്ടിയാണ് മനുഷ്യൻ ഓരോന്ന് ഉണ്ടാക്കുന്നത്. ഈ ഭൂമിയിലെ ഏറ്റവും ക്രൂരമായ ദുരന്തം രോഗവും ദാരിദ്ര്യവുമൊന്നുമല്ല. സ്‌നേഹരാഹിത്യവും അനുകമ്പയോടെ, ദയയോടെ, കാരുണ്യത്തോടെ മറ്റുള്ളവരെ കാണാനും കേൾക്കാനും ശ്രമിക്കാത്ത മനസ്സില്ലായ്മയും തിരസ്‌കരിക്കപ്പെടുന്ന ജീവിതവുമാണ്. ഈശ്വരവിശ്വാസമുള്ളവരും ദൈവസ്‌നേഹമുള്ളവരും എന്തിനാണ് വളരെ പെട്ടെന്ന് ഈ ഭൂമിയിൽനിന്നും ഇല്ലാതാവുന്നത്?
    കഥയുടെ സ്ഥലിയെന്തെന്ന വ്യക്തമായ ധാരണയെക്കൂടി അടയാളപ്പെടുത്താനുള്ള സന്ദേശങ്ങളും ഇതിലുണ്ട്. അതിന്റെ സാധ്യതകളെയും സംശയങ്ങളെയും ഇവിടെ പങ്കുവയ്ക്കുകയും ചെയ്യുന്നതായി കാണാം. അനസൂയാവേണുഗോപാലന്റെ സന്ദേശത്തിൽ നിന്ന്: എന്റെ കോളേജിൽ ഞാൻ പഠിപ്പിക്കുന്നത് കമ്പ്യൂട്ടർ സംബന്ധമായ വിഷയമാണ്. കമ്പ്യൂട്ടർ സ്‌ക്രീൻ ഒരു അനന്തസാധ്യതയാണെന്ന് എനിക്കു തോന്നാറുണ്ട്. ഭൂമി ഒരു വലയാൽ മൂടപ്പെട്ടിരിക്കുന്നു. മനുഷ്യരെല്ലാം ആ വലയുടെ കണ്ണികൾക്കുള്ളിലൂടെ കണ്ടും കാണാതെയും ബന്ധിക്കപ്പെടുന്നു. വിർച്വൽ റിയാലിറ്റി എന്നൊക്കെ പറയാറില്ലേ... യഥാർത്ഥ ലോകത്തിൽനിന്നും ഭിന്നമായ ഒരു സമാന്തരലോകം. അവിടെയുള്ള മനുഷ്യർ ജീവിക്കുന്നത് പിക്‌സെലുകളായിട്ടാണ്. അനേകം കണങ്ങളാൽ രചിക്കപ്പെട്ട ഒരു ചിത്രം. മനുഷ്യനെ ഞാൻ അങ്ങനെ കാണാൻ ശ്രമിച്ചിട്ടുണ്ട്. അപ്പോഴുണ്ടായ അരക്ഷിതാവസ്ഥയിൽനിന്നാണ് ഒരു നിത്യസൗഹൃദം വേണമെന്ന് തോന്നിയത്.

    ഇനി ഫേസ്ബുക്കിനെക്കുറിച്ചുള്ള വിചാരമാണ്. മറ്റൊരിടത്ത് നവീൻ ലോപ്പസിന്റെ വാളിൽ വിമലിന്റെ സന്ദേശമായി അതിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ഫേസ്ബുക്ക് ഒരുപാട് മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ടിപ്പോൾ. പലരും വരികയും പോവുകയും ചെയ്യുന്നത് അറിയുന്നേയില്ല. പല രാജ്യങ്ങളും ഇതിനെയിപ്പോൾ ബാൻ ചെയ്താലെന്തെന്നതിനെപ്പറ്റി ആലോചിക്കുന്നുപോലുമുണ്ടെന്ന് ചില കുറിപ്പുകൾ കാണുന്നു. പക്ഷേ, ഞാനിതിനെ വല്ലാതെ ഇഷ്ടപ്പെടുന്നു. ആർക്കും പരിചയമില്ലാത്ത, എന്നാൽ എല്ലാവരും ഒന്നാവുന്ന ഒരിടം, അതിലൂടെ ഒരുപാട് പുതിയ കാഴ്ചകൾ, ദർശനങ്ങൾ, സന്തോഷങ്ങൾ, സങ്കടങ്ങളിൽ ആശ്വാസവാക്കുകൾ, പ്രതീക്ഷകൾ.
    മാനുഷികമായ വികാരവിചാരങ്ങൾ, ടെക്‌നോളജിയുടെ വളർച്ച, സോഷ്യൽ മീഡിയയുടെ പൊതുസ്വഭാവം ഇത്തരത്തിൽ മൂന്നു നിലപാടുകൾ ഈ നോവലിൽ കണ്ടെത്താനാവുമെന്ന് സൂചിപ്പിക്കുന്നതിനാണ് മേൽപ്പറഞ്ഞ വരികൾ ഉദ്ധരിച്ചത്. ഈ പൊതുസ്വഭാവത്തിനകത്താണ് ഫേസ്ബുക്ക് എന്ന നോവൽ നിലനില്ക്കുന്നത്. ഫേസ്ബുക്കിന്റെ എഴുത്തുഘടനയെ മാത്രം സ്വീകരിച്ചുകൊണ്ടാണ് നോവൽ വികസിക്കുന്നത്. അതിലെ ചിത്രങ്ങളോ, ശബ്ദമോ, വീഡിയോകളോ ഒന്നും നോവൽഘടനയിൽ കടന്നുവരുന്നുമില്ല. എല്ലാത്തരം മീഡിയകളും ഒന്നായിത്തീരുന്ന ആധുനികകാലത്തിന്റെ സവിശേഷതയാണ് ഫേസ്ബുക്കിനുമുള്ളത്. നാടകത്തിലേക്ക് മൂവിയെ സമന്വയിപ്പിക്കുന്നതുപോലെയല്ല അത്. ആശയവിനിമയത്തിനുതകുന്ന വിവിധ മീഡിയകളെ ഒരിടത്തേക്ക് ഒതുക്കുന്ന ഒരു പ്ലാറ്റ്‌ഫോം. ഈ പ്ലാറ്റ്‌ഫോമിൽ നിരവധിപേരടങ്ങുന്ന ചങ്ങലകൾ. ചങ്ങലകളിലൂടെ മാത്രമായി അത് വിനിമയം ചെയ്യപ്പെടുന്നു. പരസ്പരബന്ധമില്ലെങ്കിൽക്കൂടി ഒരു പൊതു ഇടത്തിലേക്ക് അത് എത്തിച്ചേരുന്നു. ഫേസ്ബുക്ക് ഓരോരുത്തർക്കും ഓരോന്നാണ്. അത് വിനോദമോ, കച്ചവടമോ, ഇൻഫർമേഷനോ നല്കുന്ന ഇടമായിത്തീരും - ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച്. വിവാഹബ്രോക്കർക്ക് അത് വിവരങ്ങൾ കൈമാറുന്നതിനുള്ള ഇടമോ, അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിൽ വിഷയചർച്ചയ്ക്കുള്ള ഇടമോ, സുഹൃത്തുക്കൾക്ക് തങ്ങളുടെ സ്വകാര്യഇടമോ, സാമൂഹികവിഷയങ്ങളിൽ പ്രതികരിക്കുന്നവർക്ക് ചർച്ചാവേദിയോ ഒക്കെയായിത്തീരാനാണ് ഫേസ്ബുക്ക് ശ്രമിക്കുക.
    നവീൻ ലോപ്പസിന്റെ എഴുത്തുകൾ സിനിമാക്കാരനായ അയാൾക്ക് ഭാവിയിൽ വേണ്ട ചിലതിന്റെ സ്വരുക്കൂട്ടലുകളാണ്. അയാൾ എഴുത്തുനിർത്തിയാലും ഫേസ്ബുക്കെന്ന നോവൽ തുടരേണ്ടതുണ്ട്. അവിടെയാണ് എഴുത്തുകാരൻ നേരിടുന്ന വെല്ലുവിളിയുള്ളത്. അതുകൊണ്ടുമാത്രമാണ് ഈ നോവൽ നോവലാകുന്നത്. ഒരിടത്ത് അയാൾ ഇങ്ങനെ പറയുന്നു: എഴുതിയത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വായിച്ചു കഴിയുമ്പോൾ ഒരഭിപ്രായമുണ്ടാകുമല്ലോ. അതെന്തായാലും എനിക്കെഴുതൂ. അങ്ങനെ ലഭിക്കുന്ന പുതിയ കാഴ്ചയെയും കഥയെയുമാണ് നവീൻ ലോപ്പസ് ഉന്നംവയ്ക്കുന്നത്. ജീവിതത്തേക്കാൾ ഉയർന്നുനില്ക്കുന്ന കഥകളുടെ രൂപത്തെയാണ് നോവലിസ്റ്റും ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ വർത്തമാനകാലത്തെ സാധ്യതകളെ പ്രയോജനപ്പെടുത്തുക എന്നതിലുപരി വസ്തുനിഷ്ഠമായ ജീവിതത്തെയോ കാഴ്ചകളെയോ അതുപോലെ നോക്കിക്കാണാൻ ഇഷ്ടപ്പെടാത്ത, തീവ്രാഭിരതിയുള്ള ഫേസ്ബുക്കിനെപ്പോലെ ഈ നോവലും നിലനില്ക്കുന്നു. നോവലെന്ന അർത്ഥത്തിൽ ജീവിതാനുഭവങ്ങളെ നോക്കിക്കാണുന്ന ഒന്നായിട്ടല്ല, തനിക്കു തോന്നുന്നതിനെ സാമാന്യവല്ക്കരിക്കാനും അതിന്റെ ആഴങ്ങളിലേക്കുള്ള അന്വേഷണത്തെക്കുറിച്ച് കൂടുതലറിയാതെ അഭിരമിക്കാനുമുള്ള പ്രവണതയായിട്ടാണ് നോവൽ പ്രത്യക്ഷപ്പെടുന്നത്. ലളിതയുക്തികൾ കൊണ്ടു ജീവിതത്തെ അടയാളപ്പെടുത്തുന്ന, സാമാന്യവല്ക്കരിക്കുന്ന ചില സംഭവങ്ങൾ മാത്രമാണ് ഈ നോവലിന്റെ ആകെത്തുക. നോവൽസാഹിത്യത്തെ സംബന്ധിച്ചിടത്തോളം അത്രയൊന്നും അടയാളപ്പെടുത്തപ്പെടാതെ, സാധാരണനിലയിൽ തീർന്നുപോയേക്കാവുന്ന ഒന്ന്. വായിച്ചുതീർക്കേണ്ട ഒന്ന്. സൂര്യപ്രകാശത്തിന് കടന്നുചെല്ലാനാവാത്ത കടലിന്റെ അടിത്തട്ടുപോലെ, ഭാഷയുടെ അർത്ഥസാധ്യതകളുടെ ആഴങ്ങളിലേക്കു പോകാനാവാതെ മുകൾപ്പരപ്പിൽ പ്രകാശംപരത്തുന്ന ഒന്നായിത്തന്നെയാണ് ഫേസ്ബുക്ക് നില്ക്കുന്നത്. പുതിയ കാലത്തിന്റെ ഈ സവിശേഷതയെത്തന്നെയാണ് നോവൽ അടയാളപ്പെടുത്തുന്നതും, സ്വയം ആയിത്തീരുന്നതും.

No comments: