Wednesday, April 15, 2009

പൊരുൾ തേടുന്ന കവിതകൾ

          അച്ചടിച്ച അക്ഷരങ്ങളിലൂടെയല്ലാതെ കവിതകളുമായി മലയാളത്തിൽ കടന്നുവന്ന ഒട്ടുവളരെപ്പേരുണ്ട്. അവരൊക്കെ കവിതയുടെ പുതുവഴികൾകൊണ്ടും ആലാപനഭംഗി കൊണ്ടും ശ്രദ്ധേയരുമാണ്. ഇവിടെയിതാ മറ്റൊരാൾ. ഗണപൂജാരി. സി.ഡി.യിലെ കവിതകളുടെ പേര് യാചകൻ. രചനയും ആലാപനവും ഗണപൂജാരി തന്നെ. ഓർക്കസ്‌ട്രേഷൻ നൽകിയിരിക്കുന്നത് ബിനു ഷിർദ്ദിഖ്.

ഇതൊരു യാത്രയാണ്. പൊരുളിന്റെ പൊരുൾ തേടിയുള്ള യാത്ര
          ആദ്യകവിത യാചകൻ എന്ന പേരിൽത്തന്നെയാണ്. കവിത എന്നതിലുപരി സാന്ദ്രമായ സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ഒരു അനുഭവിപ്പിക്കലാണത്. കേട്ടുകഴിയുന്നതോടെ ജീവിതമെന്ന, നാമറിയാത്ത സംഗീതത്തിന്റെ പൊരുളുകളേതെന്ന അന്വേഷണമാണതെന്നും അതിൽ സ്വത്വാന്വേഷണമുണ്ടെന്നും തിരിച്ചറിയാനാവും. യുഗയുഗാന്തരങ്ങളായി
മനുഷ്യജന്മങ്ങൾ പുഴുക്കുത്തുകളേയും പൂവിന്റെ തലോടലുകളേയും നേരിട്ടും അല്ലാതെയും അനുഭവസാക്ഷ്യങ്ങളായി, വർത്തമാനകാലത്തിന്റെ വ്യഥകളായി അനുഭവിപ്പിച്ചുകൊണ്ടേയിരിക്കുന്നു എന്ന വാക്കുകളുടെ പൊരുളാണത്. തേടുന്നതും അറിയുന്നതും അനുഭവിക്കുന്നതും ജന്മങ്ങളോരോന്നിലും കൊഴിഞ്ഞുവീഴുന്നതുമായ വ്യഥകളുടെ ബാക്കിപത്രങ്ങൾ. കല്ലിനും മഞ്ഞുതുള്ളിക്കുമിടയിൽ ചേർന്നിരിക്കുന്ന വർണ്ണങ്ങളുടെ സാന്ദ്രത. അത് പ്രത്യക്ഷമാകുന്നത് സൂര്യന്റെ പ്രകാശവർണ്ണങ്ങളിലാണ്. ഏഴുനിറങ്ങൾ ചേർന്ന് വെളുപ്പുണ്ടാകുന്നതുപോല. വെളുപ്പിന് വെണ്മയേറ്റുന്ന നിറങ്ങളുടെ തെളിയാത്ത പുഞ്ചിരിപോലെ, കവിത അനുഭവമാകുന്നത് മുഴുവൻ കേൾക്കുന്നതോടെയാണ്. നേരിയ ഭയത്തോടെ കവിതയുടെ ലോകത്ത് കാലെടുത്തുവെയ്ക്കുകയാണ് എന്നാണ് ആമുഖമായി കവി പറയുന്നത്.
          ഞാനോ മറ്റൊരു ശീവേലി, കത്തിയമർന്നൊരു ശീവേലി. സ്വയം വെളിപ്പെടുത്തുകയാണിവിടെ കവി.                    
കണ്ഠം മുറ്റിക്കരയുമ്പോളതു മണ്ടത്തരമെന്നോർമ്മിച്ചു. വെളിപാടുകളുടെ പരിഹാസമുണ്ടിവിടെ.
          ഇനിയുമുണ്ടമ്മേ പറയുവാനൊത്തിരി ഇതുവഴി പോയ മരണങ്ങളെ നോക്കി. കവിയിവിടെ വേദാന്തസാരങ്ങളുടെയും നിഷ്ഠകളുടെയും പുറംപൂച്ചുകളെക്കുറിച്ച് വ്യാകുലപ്പെടുകയും മനുഷ്യന്റെ അല്പായുസ്സിനെക്കുറിച്ച് ചിന്തിക്കുകയുമാണ്. ശക്തമായ വാക്കുകളാണവ. വാക്കുകൾക്ക് വ്യാകുലപ്പെടാനാവാത്തതു കൊണ്ട് അവയുടെ ചേർച്ചകളിൽ ചേർത്തെടുക്കാൻ കഴിയുന്ന വ്യാകുലതകളെ നിവർത്തിപ്പിടിക്കാൻ കവിക്ക് കഴിയുന്നുണ്ട്.
          ഓരോ നിമിത്തവും ആയിരം നോമ്പു കൊണ്ടാനന്ദമാടിയ കാലം. എന്റെ ബാല്യമാം ബാന്ധവകാലം. എന്നു തുടങ്ങുന്ന രണ്ടാമത്തെ കവിതയുടെ പേര് ബാല്യകാലം എന്നാണ്. കെട്ട കരിന്തിരിനിറം കെട്ടുകാഴ്ചയ്ക്കു വെയ്ക്കുന്നു സന്ധ്യ. പേടിയാണന്നെനിക്കെല്ലാം പ്രേതക്കഥകളെയെല്ലാം.
          പൂക്കളെ സ്‌നേഹിച്ചിരുന്നു, ഭൂമിയെ പൂജിച്ചിരുന്നു. പുന്നെല്ലു പൂക്കും മനസ്സാണ്. ആ കാലമെന്നുകൂടി കവി കൂട്ടിച്ചേർക്കുന്നു.
          മൂന്നാമത്തെ കവിത ചെക്കന്റെ പാട്ട്. തെരുവുനീളെ കൊട്ടിപ്പാടുന്ന നാടോടിച്ചെക്കന്റെ പാട്ടാണിത്. എവിടെയോ നഷ്ടപ്പെട്ടുപോയ നമ്മുടെ മൂല്യങ്ങളുടെ നേർക്കൊരു കൊട്ടിപ്പാടലാണിത്. തുഞ്ചൻ പഠിപ്പിച്ച പാട്ടും കുഞ്ചന്റെ നർമ്മവും വഞ്ചിപ്പാട്ടും പുത്തരിയങ്കവും എല്ലാമെല്ലാം നിറയുന്ന നമ്മുടെ കാലത്തെയും നാടിനെയും ഓർമ്മിക്കുകയും അവിടെ നിറയുന്ന സ്വപ്നങ്ങളും അവയുടെ വസ്തുതകളും ആശങ്കയോടെ നോക്കിക്കാണുകയാണ് കവി. വേദനയോടെ തച്ചുകൊന്നില്ലേ, അച്ഛനെ ചുട്ടുകൊന്നില്ലേ... എന്നു മുറവിളി കൂട്ടുകയാണ് കവി. അറിവില്ലാത്ത എന്നെ അനാഥനാക്കിയതാരാണെന്നു കവി ചോദിക്കുകയാണ്.
          രാഷ്ട്രീയം എന്ന നാലാമത്തെ കവിതയാവട്ടെ, ചുടലവേഷങ്ങളേ നിങ്ങൾ കൊളുത്തിയ ചുടുനെടുവീർപ്പിന്റെ ശീൽക്കാരശയ്യയിൽ ഉറങ്ങിയുണർന്നൊരു പോരാളി ഞാൻ. ഉണരട്ടെ നീളെയീ മണ്ണിതിൽ നിത്യവും എന്ന ആർപ്പോടെ തുടങ്ങുകയാണ്. ചോരക്കളങ്ങളിലൂടെ പുലർന്ന ജാരസ്വരൂപങ്ങളുടെ അവകാശവാദങ്ങളെ പരിഹസിക്കുകയാണ് കവി.
          അഞ്ചാമത്തെ അറവുമാട് എന്ന പേരിലാണ്. താണ്ടുന്നു നാഴികക്കല്ലു ഞങ്ങൾ, തേങ്ങുന്നൊരുള്ളുമായി പോകുന്നു നാളെ പുലർച്ചെ മരിക്കുവാൻ എന്നു കവി പറയുമ്പോൾ വിധിയ്ക്കുമുന്നിൽ കീഴടങ്ങുന്നതിനായി ജനിച്ചു വീഴുന്നതിനെയാണ് കവി എടുത്തുപറയാൻ ആഗ്രഹിക്കുന്നത്. മണ്ണിൽ പിറക്കുന്നതോടെ മരണത്തെ വരിക്കാനുള്ള സമ്മതപത്രത്തിലൊപ്പുവെയ്ക്കുന്നുണ്ട് എല്ലാവരും. എങ്കിലും മരണത്തിലേക്കുമാത്രമായി വളർത്തിക്കൊണ്ടുവരുന്ന അറവുമാടുകളെക്കുറിച്ച് വേവലാതിപ്പെടുന്നത്, നമ്മുടെ സാംസ്‌കാരികമായ പൈതൃകത്തെത്തന്നെ ചോദ്യം ചെയ്യുന്ന നിലപാടുകളാണ്. കൃത്രിമമായ സാംസ്‌കാരിക പ്രതിക്രിയകൾ അപഹാസ്യമായ ഒരു കാലഘട്ടത്തെ നേരിട്ടു ചൂണ്ടിക്കാണിക്കുന്നു.
          അവസാനത്തെ കവിത ഹവനൻ, തഞ്ചാവൂരിലെ തമിഴൻ പയ്യനും രാജസ്ഥാനി പെൺകുട്ടിയും തമ്മിലുള്ള പ്രണയവും രതിയും വിഷയമാകുന്ന കവിതയാണിത്. ഒരൊറ്റ രാത്രിയോടുകൂടി വേർപിരിഞ്ഞു പോകേണ്ടി വന്ന അവരിൽ തമിഴൻ പയ്യന്റെ വികാരവൈവശ്യത്തെ നേരിട്ടു മനസ്സിലാക്കിയ കവിയുടെ വാക്കുകളാണിത്.


          മലയാളകവിതയുടെ പുതുയുഗപ്പിറവികളിൽ തീർച്ചയായും വ്യത്യസ്തമായ ഒരു സ്ഥാനം തന്നെ അർഹിക്കുന്നുണ്ട് ഗണപൂജാരിയെന്നു വെളിപ്പെടുത്തുന്നവയാണ് യാചകൻ എന്ന സമാഹാരത്തിലെ കവിതകൾ. കവിത ലോകത്തോടുള്ള നിലവിളിയും ആത്മവിലാപങ്ങളുമാണെങ്കിൽ അവ അനുഭവതീക്ഷ്ണവും വാക്കുകളുടെ അക്ഷയഖനിയും കൂടിയാണ്. ഗണപൂജാരി തെളിയിക്കുന്നത് അതാണ്. മനുഷ്യജീവിതത്തിലെ വ്യത്യസ്തമായ ഓരോ മേഖലകളെയും തിരിച്ചറിയുകയും അവിടെ തന്റേതായ ഒരിടം വരച്ചു ചേർക്കുകയുമാണ് കവി ചെയ്യുന്നത്. ഇഹലോകത്തിലും പരലോകത്തുമുള്ള ജീവിതപ്രശ്‌നങ്ങളെക്കുറിച്ച് അവതരിപ്പിച്ച ഓരോ വിജ്ഞാനവും കവി തിരിച്ചറിയുന്നു. അവയെ സമരസപ്പെടുത്താൻ ശ്രമിക്കുകയും സത്യാന്വേഷണത്തിലേക്ക് കവിതയെ വഴി തിരച്ചു വിടുകയും ചെയ്യുന്നു. തെളിനീരിൽ അലിയാതെ വേറിട്ടൊഴുകുന്ന കലക്കവെള്ളത്തെ കാണുകയാണ് കവി. ആ വറ്റാത്ത ആ ഉറവയിൽ നിന്നും ഇനിയുമിനിയും സാഹിത്യലോകത്തിന്റെ മുതൽക്കൂട്ടുകളാകുന്ന പുതിയ കവിതകൾ പിറക്കുമെന്ന പ്രതീക്ഷയോടെ മലയാളികൾക്കു കാത്തിരിക്കാം.

No comments: